Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നും ഇടതു പക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്നു; അക്കാദമിക കാര്യങ്ങളിലും അദ്ധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന വ്യക്തിത്വം; ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങളോട് താൽപ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റ്; വി സി ഹാരിസിനെതിരായ വേട്ടക്കെതിരെ ഇടപെടാൻ വിദ്യാഭ്യാസ മന്ത്രി ഇനിയും വൈകരുത്: കെ പി റഷീദ് എഴുതുന്നു

എന്നും ഇടതു പക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്നു; അക്കാദമിക കാര്യങ്ങളിലും അദ്ധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന വ്യക്തിത്വം; ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങളോട് താൽപ്പര്യമില്ലാത്ത കമ്മ്യൂണിസ്റ്റ്; വി സി ഹാരിസിനെതിരായ വേട്ടക്കെതിരെ ഇടപെടാൻ വിദ്യാഭ്യാസ മന്ത്രി ഇനിയും വൈകരുത്: കെ പി റഷീദ് എഴുതുന്നു

കെ പി റഷീദ്

പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രീ, 

വിസി ഹാരിസിനെതിരായ വേട്ടക്കെതിരെ
ഇടപെടാൻ ഇനിയും വൈകരുത്

പതിനേഴ് വർഷങ്ങൾക്ക് മുമ്പ്, എം.ജി യൂനിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ പഠിക്കുമ്പോൾ, ജയനുമൊത്ത് Kp Jayakumar കുങ്കുമം വാരികയിൽ എഴുതിയ, യൂനിവേഴ്സിറ്റി അഴിമതികളെക്കുറിച്ചുള്ള കവർ സ്റ്റോറി അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു: ആർക്കു വേണ്ടിയാണ് ഈ സർവകലാശാലകൾ? ജീവനക്കാരെ നിയമിക്കാനോ? കുറേ പേർക്ക് അധികാര സ്ഥാനത്തിരിക്കാനുള്ള ഇടം തീർക്കാനോ? രാഷ്ട്രീയ സ്വാധീനത്തിലൂടെ ചിലർക്ക് വിസിയും പിവിസിയും രജിസ്ട്രാറുമൊക്കെ ആവാനോ? അതോ കോടികളുടെ കെട്ടിടങ്ങൾ പണിതുയർത്താനോ? ഇതിനൊന്നുമല്ല എന്ന് എല്ലാവർക്കുമറിയാം. അക്കാദമിക് ആവശ്യങ്ങൾക്ക് വേണ്ടിയാണ് സർവകലാശാലകൾ. അതിന്റെ ഉടമകൾ വിദ്യാർത്ഥികളാണ്. അവർക്കു വേണ്ടിയാണ് ഈ സിസ്റ്റം. അവർക്ക് വേണ്ട സൗകര്യങ്ങൾ നൽകാൻ മാത്രമാണ് അധികാരികളും കെട്ടിടങ്ങളുമെല്ലാം.

അവരെ സഹായിക്കാൻ വേണ്ടിയാണ് ജീവനക്കാർ. എന്നാൽ, ഈ സർവകലാശാലയിൽ എന്താണ് അവസ്ഥ? ഇവിടെ വിദ്യാർത്ഥികൾ പുറത്താണ്. അവർ ഈ സംവിധാനം നിലനിർത്താനുള്ള ടൂളുകൾ മാത്രമാണ്. എല്ലാം സഹിച്ച് ഓച്ഛാനിച്ച് നിൽക്കേണ്ടവരാണ് അവർ. പരീക്ഷകൾ നേരാം വണ്ണം നടത്താനോ പഠന സംവിധാനങ്ങൾ വളർത്താനോ, അക്കാദമിക ആവശ്യങ്ങൾ നടത്താനോ ഒന്നുമല്ല ഈ സർവകലാശാലയ്ക്ക് താൽപ്പര്യം. തട്ടുകടകൾ പോലെ ഓഫ് കാമ്പസുകൾ അനുവദിച്ച് കച്ചവടം നടത്താനും കോടികളുടെ കെട്ടിടക്കൃഷി നടത്താനുമുള്ള തിരക്കിനിടെ അധികാരികൾക്ക് എന്ത് വിദ്യാർത്ഥികൾ? ഈ അവസ്ഥയാണ് മാറേണ്ടത്. സർവകലാശാലയുടെ ഫോക്കസ് വിദ്യാർത്ഥികളിലേക്ക് മാറണം. അക്കാദമിക് കാര്യങ്ങളിലേക്ക് മാറണം. വിദ്യാർത്ഥികളുടെ വീക്ഷണകോണിലൂടെ കാര്യങ്ങൾ മാറ്റാൻ സർവകലാശാലാ അധികാരികൾ തയ്യാറാവണം. ഓരോ ചെറിയ ആവശ്യവും അവകാശവും വിദ്യാർത്ഥികൾ തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ച് നേടിയെടുക്കേണ്ട അവസ്ഥ മാറണം.'

അതു കഴിഞ്ഞ് ഇത്രയും വർഷങ്ങൾ. ഇപ്പോഴും അവസ്ഥ അതു തന്നെ. കെട്ടിടക്കൃഷി. അതിൽനിന്നുള്ള ലാഭം പറ്റൽ. അതിന്റെ ആനുകൂല്യം പറ്റൽ. പഠനവും വിദ്യാർത്ഥികളും അദ്ധ്യാപകരും അക്കാദമിക്ക് ആവശ്യങ്ങളുമെല്ലാം ഇപ്പോഴും പടിക്കു പുറത്ത്. അധികാരികളൊക്കെ മാറി. ഭരണകൂടവും മാറി. എന്നിട്ടും വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമുള്ള നിലപാട് ഒന്നു തന്നെ. അതിന്റെ കൃത്യമായ തെളിവാണ്, സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയരക്ടറായ ഡോ. വിസി ഹാരിസിനോട് 'കടക്ക് പുറത്ത്' എന്നു പറയുന്ന ഇടതുപക്ഷ സിൻഡിക്കേറ്റിന്റെ നിലപാട്. കെട്ടിച്ചമച്ച കള്ളപ്പരാതികൾ മാത്രം മതി ഒരു ഡിപ്പാർട്ട്മെന്റ് ഡയരക്ടറെ നീക്കം ചെയ്യാൻ എന്ന വ്യക്തമായ സന്ദേശമാണിത്. അതിന് അന്വേഷണം വേണ്ട. അന്വേഷണത്തിൽ, പരാതികൾ ശരിയാണെന്ന് തെളിയണ്ട. ഒറ്റയടിക്ക് ആരെയും പിഴുതെറിയാം. താന്തോന്നിത്തം കാണിക്കാം. പഠനമെന്ന പ്രാഥമിക ആവശ്യത്തിൽനിന്നും വിദ്യാർത്ഥികളെ തടഞ്ഞ് തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും വലിച്ചെറിയാം.

കോൺഗ്രസ് ഭരണകാലങ്ങളിൽ യൂനിവേഴ്സിറ്റിയിലെ കുത്തഴിഞ്ഞ അവസ്ഥകൾക്കെതിരെ വിദ്യാർത്ഥികൾക്കൊപ്പം പോരാടിയ പൊതുപ്രവർത്തകരും ഇടതുപക്ഷ നേതാക്കളും തന്നെയാണ് അധികാരം കിട്ടിയപ്പോൾ, മുമ്പ് അവർ എതിർത്ത അതേ ധാർഷ്ഠ്യത്തിന്റെ വെളിച്ചപ്പാടുകൾ ആയി മാറുന്നത്. മുമ്പ് അവർ പൊരുതിയ അതേ അഴിമതിയുടെ ആളുകളാവുന്നത്. അന്നവർക്കൊപ്പം പ്രതിഷേധിക്കാൻ നെഞ്ചുറപ്പോടെ നിന്ന വിസി ഹാരിസിനെപ്പോലെ ഒരാളെ തങ്ങളുടെ നെറികേടുകൾ നടത്തുന്നതിലുള്ള കരടായി കാണുന്നത്. പണ്ട് തങ്ങൾ എതിർത്ത അതേ നെറികേടുകൾ കുലചിഹ്നമായി കൊണ്ടുനടന്ന്, അതേ ഹാരിസിനെ വലിച്ചു പുറത്തിടുന്നത്. ഈ ഇടതുപക്ഷ സിൻഡിക്കേറ്റ് ഇടതു കേരളത്തിന് അപമാനമാണ്. വെറുമൊരു മാനേജർ മാത്രമായി തുടരുന്ന വിസിയുടെ അതേ മാതൃക തുടരുന്നത് ഇടതുപക്ഷ ബോധം ഇപ്പോഴും പറയുന്ന അതേ നാവുകൾ ആണെന്നത് അപമാനമാണ്. സർവകലാശാലാ കാമ്പസിലെ എസ് എഫ് ഐ ഈ നെറികേടുകൾക്കെതിരെ ഹാരിസ് സാറിനൊപ്പം നിൽക്കുന്നത് ഈ ബോധ്യത്തിന്റെ പുറത്തുതന്നെയാണ്. ഈ സന്ദേശം തിരിച്ചറിയേണ്ടത് സർക്കാരാണ്. ഇടതുപക്ഷക്കാരനായ വിദ്യാഭ്യാസ മന്ത്രിയാണ്. തെറ്റു തിരുത്താൻ നടപടി എടുക്കേണ്ടത് ഇടതുപക്ഷ നേതൃത്വമാണ്. വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തേണ്ട സാഹചര്യം ഇല്ലാതെ, പ്രശ്നം പരിഹരിക്കേണ്ടത്, വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൂടെ പൊതുരംഗത്തുവന്ന സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണകൂടമാണ്.

പിണറായി വിജയൻ എന്നെഴുതുമ്പോൾ ഓർമ്മയിൽ വരുന്നത് ഹാരിസ് സാർ പണ്ട് സംവാദം മാസികയിൽ എഴുതിയ ആത്മകഥയിലുള്ള ആ പരാമർശമാണ്. 'ഞാനാദ്യത്തെ ശമ്പളം വാങ്ങിയത് പിണറായി വിജയന്റെ കൈയിൽനിന്നാണ്. കോളജ് പഠനം കഴിഞ്ഞ സമയത്ത് പിണറായി അധ്യക്ഷനായ സഹകരണ സംഘത്തിന്റെ സ്ഥാപനത്തിലാണ് പഠിപ്പിച്ചിരുന്നത്. പിണറായിയുടെ കൈയിൽ നിന്നാണ് ഞാനാദ്യ ശമ്പളം വാങ്ങിയത്'. അതേ കുറിപ്പിൽ, തന്റെ പഠന കാലത്തെക്കുറിച്ച് പറയുന്നുണ്ട് ഹാരിസ് സർ. മുടി നീട്ടിയ ചെറുപ്പക്കാരെയെല്ലാം വേട്ടയാടിയിരുന്ന പൊലീസുകാരുടെ കാലം. ഇടതുപക്ഷ ചിന്തയുള്ള ചെറുപ്പക്കാരെയെല്ലാം വേട്ടയാടിയ കാലം. മുടി നീട്ടിയാൽ നക്സലൈറ്റാവുമെന്ന തോന്നലിൽ, സാക്ഷൽ പുലിക്കോടൻ നാരായണനടക്കമുള്ളവർ വിദ്യാർത്ഥികളെ പിടികൂടി മുടി വെട്ടിപ്പിക്കുന്ന കാലം. ആ കാലത്തെയൊക്കെ മറി കടന്നാണ് വിസി ഹാരിസ് ഇന്നത്തെ അവസ്ഥയിൽ എത്തിയത് എന്ന് സിൻഡിക്കേറ്റിലെ ഇസ്തിരിയിട്ടു മിനുക്കിയ കുപ്പായങ്ങൾ ഓർക്കുന്നത് നന്ന്. സർവകലാശാലാ അദ്ധ്യാപകന്റെ സുരക്ഷിതത്വമുള്ള, സൗകര്യമുള്ള കസേരയിൽ ആസ്വദിച്ച് ഇരുന്നിരുന്ന ഒരാളായിരുന്നില്ല ഹാരിസ്. മികച്ച അദ്ധ്യാപകനായിരിക്കുമ്പോഴും അദ്ദേഹം സാമൂഹ്യമായ മുന്നേറ്റങ്ങളുടെയെല്ലാം ഭാഗമായിരുന്നു. കേരളത്തിലെ ദലിത്, സ്ത്രീ സമരങ്ങൾക്കെല്ലാമൊപ്പം ആ മനുഷ്യൻ സജീവമായി ഉണ്ടായിരുന്നു. ഇടതു പക്ഷ മുന്നേറ്റങ്ങൾക്കൊപ്പം നിന്നിരുന്നു. എം.ജി സർവകലാശാലാ അധികൃതരുടെ തോന്ന്യാസങ്ങൾക്കെതിരെ തെരുവിലിറങ്ങിയ ഇടതുപക്ഷ അദ്ധ്യാപക സംഘടനാ പ്രവർത്തനത്തിലും അദ്ദേഹമുണ്ടായിരുന്നു. അക്കാദമിക കാര്യങ്ങളിലും അദ്ധ്യാപനത്തിലും എഴുത്തിലുമെല്ലാം സജീവമായി ഇടപെടുന്ന അതേ സമയത്തു തന്നെയായിരുന്നു ഇതും.

ഈയൊരു മനുഷ്യനെയാണ് നിങ്ങൾ ഭയക്കുന്നത്. അതിനു കാരണം, നിങ്ങൾക്ക് ഹാരിസ് എന്ന മനുഷ്യനെ അറിയാം എന്നതു തന്നെയാണ്. ഹാരിസ് സാറിനെപ്പോലെ ഒരാളെ മുന്നിൽ നിർത്തി നിങ്ങൾക്ക് കോടികളുടെ കച്ചവടം എളുപ്പത്തിൽ നടത്താനാവില്ല. 'നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ ചെയ്യാമോ' എന്ന് അദ്ദേഹം നിങ്ങളുടെ മുഖത്തുനോക്കി ചോദിക്കുമ്പോൾ സ്വന്തം ഭൂതകാലത്തെ ഓർത്ത് സ്വയം ചൂളി നിൽക്കാതിരിക്കാൻ നിങ്ങൾക്കാവില്ല. അധികാരം കാണിച്ചോ പ്രീണിപ്പിച്ചോ ഈ മനുഷ്യനെ അടിമയാക്കി നിർത്താനാവില്ല എന്നും നിങ്ങൾക്ക് അറിയാവുന്നതാണ്. അതു തന്നെയാണ് കടക്കു പുറത്ത് എന്ന് അദ്ദേഹത്തോട് പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്. സ്്വന്തം മനസാക്ഷിയെ അഭിമുഖീകരിക്കാനുള്ള മടിയും ഉള്ള കാലം കൊണ്ട് നാലു കാശ് വരാനുള്ള ആർത്തിയുമെല്ലാം ചേർന്നുള്ള സങ്കീർണ്ണമായ നിങ്ങളുടെ മാനസികാവസ്ഥകളുടെ പ്രതിഫലനം മാത്രമാണത്.

അദ്ധ്യാപകൻ എന്ന നിലയിൽ, വെറുമൊരു ക്ലാസെടുക്കൽ തൊഴിലാളി ആയിരുന്നില്ല അദ്ദേഹമെന്ന് ആ ക്ലാസുകളിൽ ഇരുന്ന, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ, ഒരാൾ എന്ന നിലയ്ക്ക് നിസ്സംശയം പറയാനാവും. സിലബസ് തയ്യാറാക്കുന്നതിലും അതിന്റെ സ്വഭാവം നിർണയിക്കുന്നതിലും പരീക്ഷകൾ കൃത്യസമയത്ത് നടത്തുന്നതിലും അക്കാദമികമല്ലാത്ത പരിപാടികൾ കുട്ടികൾക്കൊപ്പം നടത്തുന്നതിലുമെല്ലാം സഹപ്രവർത്തകർക്കൊപ്പം നേതൃപരമായ പങ്കു വഹിച്ചിരുന്നു ഹാരിസ് സർ. പാഠഭാഗങ്ങൾ എടുത്തു തീർക്കുക എന്ന കലാപരിപാടിയേക്കാൾ, വിദ്യാർത്ഥികളിലുള്ള ഉൾക്കാഴ്ചകളെ ഊതിത്തെളിയിക്കാനായിരുന്നു അദ്ദേഹത്തിന് താൽപ്പര്യം. മറ്റാരും കാണുന്നത് പോലെയല്ലാതെ ലോകത്തെ കാണാൻ, ജീവിതത്തെ വ്യത്യസ്തമായി അറിയാനുള്ള മനസ്സാണ് അദ്ദേഹമുണ്ടാക്കിയത്. അദ്ധ്യാപകൻ എന്ന മസിലുപിടിച്ചു ചെയ്യാവുന്ന പണിയെ, കുട്ടികളുമായുള്ള ആഴത്തിലുള്ള സംവേദനങ്ങളിലൂടെ, തോളിൽ കൈയിട്ട് നടക്കാവുന്ന സൗഹൃദത്തിലൂടെ, പുതിയ വഴികൾ തുറക്കാൻ പ്രേരിപ്പിക്കുന്ന ചിന്തകളിലൂടെ, രാപ്പകലില്ലാത്ത ചർച്ചകളിലൂടെ മാറ്റിമറിക്കുകയായിരുന്നു അദ്ദേഹം. ഞാനടക്കമുള്ള അനേകം പേരുടെ അനുഭവം എനിക്ക് പറയാനാവും. സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ പോയില്ലായിരുന്നുവെങ്കിൽ, നരേന്ദ്ര പ്രസാദ് സാറിനെപ്പോലെ, ഡി വിനയചന്ദ്രൻ മാഷിനെപ്പോലെ, ഹാരിസ് സാറിനെപ്പോലെ, പിപി രവീന്ദ്രൻ സാറിനെപ്പോലെ, കൃഷ്ണൻ സാറിനെപ്പോലെ, ബാലേട്ടനെപ്പോലെ, ഉമർ സാറിനെപ്പോലെ, വി ആർ പ്രബോധചന്ദ്രൻ നായർ സാറിനെപ്പോലെയുള്ള പല നിലപാടുകളുള്ള, പല തലങ്ങളിൽ പ്രവർത്തിക്കുന്നഅദ്ധ്യാപകരുടെ സാമീപ്യവും ഇടപെടലുകളും ഇല്ലായിരുന്നുവെങ്കിൽ, ഉറപ്പായും ഇങ്ങനെയാവില്ലായിരുന്നു ഞങ്ങളാരും. പോയ ആളുകളായിരുന്നില്ല സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങിയത്. അത്രയ്ക്ക് വിദ്യാർത്ഥികളെ മാറ്റിമറിക്കാൻ പര്യാപ്തമായിരുന്നു ലെറ്റേഴ്സിലെയും കാമ്പസിലെയും അന്നത്തെ അന്തരീക്ഷം.

പഞ്ഞു വന്നത് ഹാരിസ് സാറിനെ കുറിച്ചാണ്. വെറുമൊരു അദ്ധ്യാപകൻ മാത്രമായിരുന്നില്ല ഒരിക്കലും അദ്ദേഹം. സാഹിത്യ വായനയുടെ അകംപുറം മാറ്റിമറിച്ച നിരൂപകൻ, ആക്ടിവിസ്റ്റ്, നടൻ, സംവിധായകൻ, ഒറേറ്റർ, സംഘാടകൻ, അക്കാദമിക് പണ്ഡിതൻ അങ്ങനെയങ്ങിനെ എന്തൊക്കെ വഴികൾ. ഐഎഫ്എഎഫ്കെയുടെ തുടക്കം മുതൽ അതിന്റെ മുന്നണിയിലുണ്ടായിരുന്ന ഹാരിസ് സാർ അതിന്റെ സ്വഭാവവും ദിശയും എന്താവണമെന്ന് നിശ്ചയിക്കുന്ന പ്രാരംഭ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കാണ് വഹിച്ചത്. പിൽക്കാലത്ത് നിറം കെട്ടുപോവുകയും പിന്നീടില്ലാതാവുകയും ചെയ്ത മേളയിലെ ഓപ്പൺ ഫോറത്തിന്റെ ജീവാത്മാവായും അദ്ദേഹം പ്രവർത്തിച്ചു. ജർമനിയിലെ സർവകലാശാലയിൽ അദ്ധ്യാപകനായി പോയ കുറച്ചു നാളുകൾക്കു ശേഷം ഹാരിസ് സാർ തിരിച്ചെത്തിയത് പഴയ ജർമൻ സിനിമകളിൽ സജീവമായി നിന്നിരുന്ന ഇന്ത്യൻ കഥകളെക്കുറിച്ചുള്ള അതുവരെ കേൾക്കാത്ത ഉൾക്കാഴ്ചകളുമായാണ്. മലയാളത്തിന് അപരിചിതമായ ദലിത് അവസ്ഥകൾ പകർത്തിയ സി അയ്യപ്പന്റെ 'പ്രേതഭാഷണം' എന്ന കഥയ്ക്ക് അദ്ദേഹമെഴുതിയ തിരക്കഥ സിനിമയായി മാറാത്തത് മലയാളത്തിന്റെ നഷ്ടം തന്നെയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ടി.കെ രാജീവ് കുമാറിന്റെ 'ജലമർമ്മരം' എന്ന സിനിമയിലെ നായകൻ എന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാലേട്ടന്റെ സവിശേഷമായ നാടകങ്ങളിലെ അഭിനേതാവായും സംവിധായകനായുമെല്ലാം ഹാരിസ് സാറുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ, കാൾ മാർക്സിന്റെ ജീവിതം പറയുന്ന നാടകത്തിൽ മാർക്സ് ആയിരുന്നു ആ മനുഷ്യൻ.

സത്യമാണ്, മനുഷ്യർക്കിടയിലായിരുന്നു എന്നും അദ്ദേഹം. സ്വന്തം വിദ്യാർത്ഥികളെ സുഹൃത്തുക്കളെ പോലെ സമീപിച്ച ഒരാൾ. അവരുടെ പ്രശ്നങ്ങളിൽ ഒപ്പം നിന്നൊരാൾ. പുതിയ വഴികൾ കാട്ടിക്കൊടുത്ത ഒരാൾ. ബഷീറിനെതിരായ എൻ എസ് മാധവന്റെ കുറിപ്പ് വന്നപ്പോൾ 'മുറ്റു പാർട്ടീസ്' എന്നു പറഞ്ഞ് അദ്ദേഹം മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ മറുകുറിപ്പ് അന്നത്തെ വലിയ ചർച്ചാ വിഷയമായിരുന്നു. എം ടി അൻസാരിയുടെ എൻ എസ് മാധവൻ കുറിപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഇടപെടലുകൾ പിൽക്കാലത്ത് മലയാളം ഏറെ ചർച്ച ചെയ്ത പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറെ പ്രധാനമായിരുന്നു. സംവാദം മാസികയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച 'ആത്മകഥ' മലയാളത്തിലെ ആത്മകഥാ സാഹിത്യ ശാഖയിൽ സമാനതകളില്ലാത്ത ഒന്നായിരുന്നു.

ഇത്തരം ഒരാളെയാണ്, ഇടതുപക്ഷ പ്രവർത്തകരുടെ മുൻകൈയിലുള്ള സിൻഡിക്കേറ്റ് ഇപ്പോൾ വേട്ടയാടുന്നത്. ഇല്ലാത്ത കഥകൾ പറഞ്ഞ്, കള്ളപ്പരാതികൾ ഉണ്ടാക്കി, അസംബന്ധ നാടകങ്ങളിലൂടെ പുറത്തിറക്കുന്നത്. നോക്കൂ, ഇനി ഒരു വർഷം മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ സർവീസ്. ഈ വർഷമാദ്യമാണ് റൊട്ടേഷൻ വ്യവസ്ഥ പ്രകാരം അദ്ദേഹം ഡയരക്ടറായത്. ഇത്രയും ഉൾക്കാഴ്ചയുള്ള, നിലപാടുള്ള, സംഘാടന ചാതുരിയുള്ള, അക്കാദമിക് ധാരണകളുള്ള ഒരു അദ്ധ്യാപകന് ആ സ്ഥാനത്തിരുന്ന് ഏറെ ചെയ്യാനാവും. വിദ്യാഭ്യാസ കച്ചവടത്തിന്റെ പുതിയ കാലത്ത്, ഫാഷിസത്തിന്റെ പലമാതിരി വരവുകൾ ആശങ്ക ഉള്ളിൽ തീ പടർത്തുന്ന ഇക്കാലത്ത്, ഡോ. ഹാരിസിനെപ്പോലുള്ള ഒരാളെ ഈ വിധത്തിൽ കൈകാര്യം ചെയ്യുന്നത് ജനാധിപത്യ കേരളത്തിന് തന്നെയാണ് അപമാനം. ഈ തിരിച്ചറിവിലാണ് അവിടത്തെ വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങുന്നത്. ഇടതുപക്ഷ സിൻഡിക്കേറ്റിനെതിരെ എസ് എഫ് ഐ രംഗത്തിറങ്ങുന്നത്. ഇത് തിരിച്ചറിയേണ്ടത് വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. അടിയന്തിരമായി ഈ തീരുമാനം പിൻവലിച്ചേ മതിയാവൂ. അതിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിൽ ഒപ്പം നിൽക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയായി മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇങ്ങനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കപ്പെടേണ്ട ഒരാളല്ല ഡോ. വിസി ഹാരിസ്. നമ്മൾ ഒപ്പം നിൽക്കേണ്ടതുണ്ട്.

ഡയരക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയ നടപടിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആദ്യ കമന്റിൽ.
ചിത്രം: മാർക്സ് നാടകത്തിൽ മാർക്സ് ആയി ഹാരിസ്

( മാധ്യമപ്രവർത്തകനായ കെ പി റഷീദ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ പോസ്റ്റ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP