Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യസമാഗമത്തിൽ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരണ്ടില്ലെങ്കിൽ അവൾ പുറത്ത്; ഈ 'കന്യകാത്വപരീക്ഷ'യും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്; രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരത്തോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ; രജീഷ് പാലവിള എഴുതുന്നു

ആദ്യസമാഗമത്തിൽ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരണ്ടില്ലെങ്കിൽ അവൾ പുറത്ത്; ഈ 'കന്യകാത്വപരീക്ഷ'യും ഇന്ത്യയിൽ ഇപ്പോഴുമുണ്ട്; രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരത്തോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

നേകം നവോത്ഥാനങ്ങൾ നടന്നിട്ടുള്ളതും സാക്ഷരതാപരമായി മുന്നിൽ നിൽക്കുന്നതുമായ കേരളംപോലെയുള്ള ഒരു സംസ്ഥാനത്തുപോലും കോടതിവിധി ഊന്നൽ നൽകുന്ന ഭരണഘടനാപരമായ അവകാശത്തിനോ ലിംഗസമത്വത്തിനോ എതിരേ ആചാരത്തിന്റെ പേരിൽ ഉയർത്തുന്ന കോലാഹലങ്ങൾ ഈ നൂറ്റാണ്ടിലും ഇങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടി വരുന്നവർ നേരിടേണ്ടുന്ന പ്രതിബന്ധങ്ങൾ എന്തുമാത്രം ശ്രമകരമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇതാ നമ്മുടെ കണ്മുന്നിൽ ഒരു കൂട്ടം യുവാക്കൾ അത്തരത്തിൽ ആചാരത്തെ തൊട്ടുകളിച്ച് സമുദായത്തിന്മുന്നിൽ കുലദ്രോഹികളും കുറ്റവാളികളുമാകുകയാണ്.രക്തംചിന്തുന്ന പ്ലാനുകളുമായി നടക്കുന്ന അഭിനവ ആചാരസംരക്ഷകർ കണ്ടുപഠിക്കണം പ്രാകൃതഗോത്രാചാരങ്ങളോട് യുദ്ധം ചെയ്യുന്ന മഹാരാഷ്ട്രയിലെ ഈ യുവതീയുവാക്കളെ

നാം ജീവിക്കുന്നത് ഏത് അപരിഷ്‌കൃത ലോകത്താണ് 

ബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചുകൊണ്ടുള്ള പലതരം പടയൊരുക്കങ്ങൾ പലഭാഗത്തായി നടക്കുകയാണ് .ഇതിന്മേലുള്ള വിശ്വാസികളുടെ വികാരത്തെ രാഷ്ട്രീയമായും വർഗ്ഗീയമായും ഉപയോഗിക്കാനുള്ള അടവുകൾക്കായി ഓരോ നിമിഷവും ആളുകൾ പലകോണുകളിൽ തലപുകയ്ക്കുകയാണ്.ഒരു സാമൂഹികപ്രശ്‌നവും ഇന്നോളം ഉയർത്തിക്കൊണ്ടുവരാനോ സമൂഹത്തിന് ഉപയോഗപ്രദമായ എന്തെങ്കിലും ഇന്നോളം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ആളുകളും സംഘടനകളുമൊക്കെ മതവികാരം പൊട്ടിയ ആൾക്കൂട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാനുള്ള തത്രപ്പാടിലാണ്.വടക്കേയിന്ത്യൻ മോഡൽ അമ്പലവാദങ്ങളും രഥയാത്രകളും തുടങ്ങി മതധ്രുവീകരണത്തിന്റെ പതിനെട്ടടവുകളും പയറ്റുകയാണ്.മണ്ഡലകാലത്ത് യുവതികൾ വരാൻ ഇടയായാൽ ജീവൻ കൊടുത്തും തടയുമെന്നൊക്കെയാണ് പലരുടേയും വികാരനിർഭരമായ പ്രതികരണങ്ങൾ. ആചാരസംരക്ഷണത്തിന്റെ അറിഞ്ഞതും പറഞ്ഞതുമായ ''പ്ലാനുകൾക്ക്'' അപ്പുറം എന്തൊക്കെ കാണാനിരിക്കുന്നു!

ഏതായാലും ചരിത്രപരമായ ഈ വിധിയെ സ്വാഗതം ചെയ്യുവാൻ മാത്രമേ പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും സാധിക്കൂ.ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നും പ്രത്യേകപ്രായത്തിലുള്ളവർക്ക് മാത്രമാണ് വിലക്കെന്നും അത് കാലാകാലങ്ങളായുള്ള ആചാരമാണ് എന്നൊക്കെയുള്ള എല്ലാത്തരം ന്യായവാദങ്ങളും ആത്യന്തികമായി എത്തിനിൽക്കുന്നത് സ്ത്രീകളുടെ ആർത്തവത്തോടുള്ള പ്രാകൃതമായ അശുദ്ധിബോധത്തിലാണ്.സ്ത്രീവിരുദ്ധവുമായ വിവേചനം അതിലുണ്ട്.അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവും സാമൂഹികപ്രസക്തമാകുന്നതും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്‌നം എന്നതിനപ്പുറം അത് ചർച്ച ചെയ്യപ്പെടുന്നതും.ഏതൊരു ആരാധനാലയത്തെ സംബന്ധിച്ചായാലും ഈ വിധി അത്തരത്തിൽ മൗലികമാണ്.

അനേകം നവോത്ഥാനങ്ങൾ നടന്നിട്ടുള്ളതും സാക്ഷരതാപരമായി മുന്നിൽ നിൽക്കുന്നതുമായ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌പോലും കോടതി വിധി ഊന്നൽ നൽകുന്ന ഭരണഘടനാപരമായ അവകാശത്തിനോ ലിംഗസമത്വത്തിനോ എതിരേ ആചാരത്തിന്റെ പേരിൽ ഉയർത്തുന്ന കോലാഹലങ്ങൾ ഈ നൂറ്റാണ്ടിലും ഇങ്ങനെയാണെങ്കിൽ ഇന്ത്യയുടെ വിവിധ സമൂഹങ്ങളിൽ നിലനിൽക്കുന്ന വിവിധതരം അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെ പ്രവർത്തിക്കേണ്ടി വരുന്നവർ നേരിടേണ്ടുന്ന പ്രതിബന്ധങ്ങൾ എന്തുമാത്രം ശ്രമകരമായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?ഇതാ നമ്മുടെ കണ്മുന്നിൽ ഒരു കൂട്ടം യുവാക്കൾ അത്തരത്തിൽ ആചാരത്തെ തൊട്ടുകളിച്ച് സമുദായത്തിന്മുന്നിൽ കുലദ്രോഹികളും കുറ്റവാളികളുമാകുകയാണ്.ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇനിയും വണ്ടികിട്ടിയിട്ടില്ലാത്ത ഏതോ അപരിഷ്‌കൃതലോകത്തിലാണ് നമ്മളെന്ന് തോന്നിപ്പോകും.

സ്ത്രീയുടെ കന്യകാത്വം തെളിയിക്കേണ്ട ചടങ്ങ്!

നൂറ്റാണ്ടുകളായി നിലനിൽക്കുന്നത് എന്ന ന്യായത്തിലാണ് പല ആചാരങ്ങളും അതിനെ ചോദ്യം ചെയ്യുന്നവരെ വിരട്ടാൻ നിൽക്കുന്നത്.അത്തരത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ ഒരു പരമ്പരാഗത ആചാരത്തിനെതിരെ ഒരു കൂട്ടം യുവതിയുവാക്കൾ മഹാരാഷ്ട്രയിൽ നിയമപരമായി പോരാടാനൊരുങ്ങുകയാണ്.മഹാരാഷ്ട്രയിലെ കഞ്ചാർഭട്ട് (Kanjarbhat) എന്ന ഗോത്രസമൂഹത്തിൽ നൂറ്റാണ്ടുകളായി ആചാരമെന്ന നിലയിൽ നിലനിൽക്കുന്ന ഒന്നാണ് വിവാഹിതയാകുന്ന സ്ത്രീയുടെ കന്യകാത്വം തെളിയിക്കേണ്ടുന്ന ഗുൺ(Gun)എന്ന ചടങ്ങ് .അക്ഷരാർത്ഥത്തിൽ ഹീനമായ ഒരുതരം സദാചാരപൊലീസിങ്. ഇതിനെതിരെയാണ് അതേ ഗോത്രത്തിൽ നിന്നുതന്നെയുള്ള അഭ്യസ്തവിദ്യരായ ഒരുകൂട്ടം യുവതീയുവാക്കളുടെ നവോത്ഥാനശ്രമം.പണ്ടുകാലത്ത് ഇന്ത്യയിൽ ഉൾപ്പടെ പല സമൂഹങ്ങളിലും ഇത്തരം 'യോഗ്യതാ പരീക്ഷകൾ' നിലനിന്നിരുന്നുവെങ്കിലും വിദ്യാഭ്യാസപരമായ പുരോഗതിയും ബോധവൽക്കരണവുംകൊണ്ട് പലയിടത്തും ഇത്തരം ആചാരങ്ങൾ കാലക്രമേണ ഇല്ലാതെയായി.ഒരുപക്ഷെ എവിടെയെങ്കിലും ഇതുപോലെ പുറംലോകം അറിയാതെ തുടരുന്നുണ്ടാകും എന്നും ചിന്തിക്കണം!

മഹാരാഷ്ട്രയിലെ ജനസംഖ്യയിൽ ഏതാണ്ട് അമ്പതിനായിരത്തോളം വരുന്ന ഈ ഗോത്രവിഭാഗം രാജസ്ഥാനിൽ 'സാൻസി' എന്നപേരിലും ഗുജറാത്തിൽ 'ചര' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.ഈ ഗോത്രത്തിന്റെ സാമുദായികകോടതികളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരാചാരമാണ് ഈ കന്യകാത്വപരീക്ഷ! വിവാഹത്തിന്റെ ആദ്യരാത്രിയിൽ വധൂവരന്മാരെ മണിയറയിലേക്ക് അയയ്ക്കും.അവരുടെ കിടക്കയിൽ വെളുത്ത തുണിവിരിച്ചിരിക്കും.ആദ്യസമാഗമത്തിൽ സ്ത്രീയുടെ കന്യകാത്വം മുറിഞ്ഞ് കിടക്കയിലെ വെള്ളവിരിപ്പിൽ രക്തം പുരളണം.രക്തംപുരണ്ട പുതപ്പ് പെൺകുട്ടി കന്യകയായിരുന്നു എന്നതിന് തെളിവായി പിറ്റേ ദിവസം കൂടുന്ന ആൾക്കൂട്ടത്തിന്റെ മുന്നിൽ സമർപ്പിച്ച് വരൻ ബോധ്യപ്പെടുത്തണം.ജാതിപഞ്ചായത്തിലെ ആളുകൾ അങ്ങനെ അവരെ ആശിർവദിക്കുകയായി.ആദ്യത്തെ രാത്രിയിൽതന്നെ വധൂവരന്മാർ തമ്മിൽ ലൈംഗികബന്ധം നടന്നില്ലെങ്കിൽ ആദ്യദിവസം മുതൽ മൊത്തം മൂന്നുദിവസമാണ് അനുവദിക്കുക.ഇതിനുള്ളിൽ 'പരീക്ഷ' നടന്നിരിക്കണം!കന്യകാത്വത്തെക്കുറിച്ച് സാമാന്യബോധമുള്ളവർക്ക് ഇതൊക്കെ വിചിത്രമായി തോന്നാമെങ്കിലും വിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഈ ഗോത്രത്തിൽ ഇതൊരു അഗ്‌നിപരീക്ഷയാണ്.

നിർഭാഗ്യവശാൽ കന്യകാത്വം തെളിയിക്കാൻ കഴിയാതെ വന്നാൽ വിവാഹമോചനവും അപമാനവും തുടങ്ങി പലതരം സാമൂഹികവിലക്കുകളുമാണ് പെൺകുട്ടിയും അവളുടെ കുടുംബവും നേരിടേണ്ടത്.സ്ത്രീയുടെ 'വിശുദ്ധി' സമൂഹത്തെ ബോധിപ്പിക്കേണ്ട ഈ പുരുഷാധിപത്യതിട്ടൂരം നൂറ്റാണ്ടുകളായി ചോദ്യം ചെയ്യപ്പെടാതെ പോകുകയായിരുന്നു.

സമുദായത്തിന്റെ ഈ 'ധാർമ്മികനിയമത്തെ' ധീരമായി ചോദ്യം ചെയ്തുകൊണ്ട് ഏതാണ്ട് നാൽപ്പതോളം യുവതീയുവാക്കൾ ഇന്ന് ഇതിനെതിരെ പൊരുതുകയാണ്.ഒരുപക്ഷെ ഏതാണ്ട് ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷമാണ് കന്യകാത്വപരീക്ഷണത്തെ എതിർത്തുകൊണ്ടുള്ള ശബ്ദം ജാതികോടതികൾ ഇങ്ങനെ പരസ്യമായി കേൾക്കുന്നത്.1996ൽ കഞ്ചാർഭട്ട് ഗോത്രത്തിൽ ആദ്യമായി ഒരു യുവാവും യുവതിയും ഇത്തരം സാമുദായിക ആചാരങ്ങളെ ധിക്കരിച്ച് രജിസ്റ്റർ മാര്യേജ് ചെയ്തു.സമുദായനിന്ദയും ആചാരലംഘനങ്ങളും നടത്തിയ ആ ദമ്പതിമാരെ ജാതിക്കോടതി സമുദായത്തിൽനിന്നും പുറത്താക്കി.സ്വസമുദായത്തിലെ ആരുടേയും പിന്തുണയില്ലാതെ പൂർണ്ണമായും ഒറ്റപ്പെട്ടെങ്കിലും അവർ അതിനെയെല്ലാം ധീരമായി അതിജീവിച്ചു.ഇന്ന് മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ചാരിറ്റി കമ്മീഷന്റെ സാമ്പത്തികവിഭാഗം ഡയറക്ടർ പദവിയിൽ എത്തിച്ചേർന്ന കൃഷ്ണ ഇന്ദ്രേക്കർ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ആ ദമ്പതിമാർ.അവരുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് അനേകം യുവതീയുവാക്കൾ മുന്നോട്ടുവന്നു.ഹിന്ദുമതമൗലികവാദികളാൽ കൊല്ലപ്പെട്ട നരേന്ദ്ര ധാഭോൽക്കർ രൂപീകരിച്ച അന്ധവിശ്വാസ നിർമ്മാർജ്ജന സമിതിയിലെ പ്രവർത്തകരുടെ പൂർണ്ണമായ പിന്തുണയും പ്രചോദനവുമാണ് ഇത്തരത്തിൽ സംഘടിക്കാൻ യുവാക്കൾക്ക് മറ്റൊരു പ്രേരണ.

'കന്യകാത്വപരീക്ഷ'ക്കുവേണ്ടി സ്ത്രീകൾ തന്നെ രംഗത്ത്

ന്നാൽ ഇങ്ങനെ കുറച്ചുപേർ സംഘടിക്കുന്നതും ശബ്ദം ഉയർത്തുന്നതുംകണ്ട് പുരോഗമനപരമായി ചിന്തിക്കുവാനോ അവർക്ക് പിന്തുണ നൽകുവാനോ അവർ പറയുന്നതിൽ എന്തെങ്കിലും യുക്തിയുണ്ടോ എന്നന്വേഷിക്കുവാനോ പോലും ആ ഗോത്രത്തിലെ ബഹുഭൂരിപക്ഷവും തയ്യാറായില്ല.എന്നുമാത്രമല്ല നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ ആചാരങ്ങളും സംസ്‌കാരങ്ങളും തകർക്കുവാനുള്ള നിരീശ്വരവാദികളുടേയും അന്യഗോത്രങ്ങളുടേയും കുൽസിതശ്രമമാണ് ഇതെല്ലാം എന്ന ധാരണയിൽ ഈ യുവതീയുവാക്കളെ ശത്രുപക്ഷത്ത് നിർത്തി അവർ പ്രതിരോധിക്കുകയാണ് ചെയ്യുന്നത് .ജാതിക്കോടതിയാകട്ടെ അതിശക്തമായി ഇവർക്കെതിരെ ആഞ്ഞടിക്കുന്നു.ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ വിവിധ സമുദായങ്ങൾ ഇങ്ങനെയുള്ള ജാതിക്കോടതികളുടേയും ഖാപ്പ് പഞ്ചായത്തുകളുടേയും ശക്തമായ നിയന്ത്രണത്തിലാണ്.സാമുദായികമായ ഒരുപിന്തുണയും ഇല്ലാതെ സ്വസമൂഹത്തിൽ മാറ്റം കൊണ്ടുവരുവാനുള്ള ഈ ചെറുപ്പക്കാരുടെ പരിശ്രമം പരിഷ്‌കൃതസമൂഹം അഭിനന്ദനത്തോടെ ഏറ്റെടുത്തെങ്കിലും മാനസികമായി അവരെ എല്ലാവിധത്തിലും തളർത്തിക്കൊണ്ട് ജാതിഭൂതങ്ങൾ അവരുടെ ഗോത്രങ്ങളിൽ ഉറഞ്ഞുതുള്ളുകയാണ്. നവമാധ്യമങ്ങൾക്ക് മുന്നിൽ ഈ വിഷയം എത്തിച്ച യുവസംഘത്തെ തങ്ങളുടേതായ ഭരണഘടനയും ശിക്ഷാവിധികളുമുള്ള ഗോത്രങ്ങളുടെ സ്വന്തംകോടതികൾ സമുദായത്തെ അപമാനിക്കുന്നവരായി മുദ്രകുത്തുകയും അവർക്കെതിരെ സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.സ്ത്രീകൾ ഉൾപ്പെടുന്ന ഒരു വലിയവിഭാഗം ''കന്യകാത്വപരീക്ഷ'' സമുദായത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് നിലനിർത്തണമെന്നും ആവിശ്യപ്പെടുന്നു.ശബരിമല യുവതി പ്രവേശനത്തിനെ എതിർത്ത് സമരം ചെയ്യാനിറങ്ങിയ 'കുലസ്ത്രീകളെ' ഓർമ്മപ്പെടുത്തുന്നതാണ് ഈ സ്ത്രീസമൂഹവും.കന്യകാത്വം തെളിയിക്കാൻ കഴിയാത്തവരെയും താല്പര്യമില്ലാത്തവരേയും വേശ്യകൾ എന്ന് ഉറക്കെവിളിച്ച് പരിഹസിക്കാൻ ആചാരത്തിന്റെ പേരിലാണെങ്കിൽ ഈ ആൾക്കൂട്ടങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല.

ഏതായാലും സമുദായത്തിലെ 'പരമ്പരാഗത കന്യകാത്വപരീക്ഷണ' ആചാരത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്ന 'പരിഷ്‌കാരികളായ' യുവാക്കൾക്കെതിരെ സമുദായത്തെ അപമാനിക്കുന്നതിന് കേസ്‌കൊടുക്കാനൊരുങ്ങുകയാണ് ജാതിക്കോടതിയും.സമുദായത്തിനകത്ത് തന്നെ ശിക്ഷവിധിക്കാൻ അവർക്ക് മടിയില്ലെങ്കിലും ഇപ്പോൾ ഈ വിഷയം മാധ്യമങ്ങളുടേയും രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള സാമൂഹികപ്രവർത്തകരുടേയും ശ്രദ്ധയിൽപ്പെട്ടതും ചർച്ചയായതുമാണ് 'നിയമപരമായി ' നേരിടും എന്നൊക്കെയുള്ള മാന്യതകളിലേക്ക് ജാതിക്കോടതി എത്തിച്ചേർന്നത് .ലിംഗസമത്വങ്ങളും ജനാധിപത്യാവകാശങ്ങളും ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി അടുത്തകാലത്തായി നടത്തിയ ചരിത്രപരമായ വിധികൾ ലോകമെങ്ങും വർത്തയാകുമ്പോഴാണ് കന്യകാത്വ അഗ്‌നിപരീക്ഷണങ്ങൾ നേരിടാൻ പെൺകുട്ടികളെ നിർബന്ധിക്കുന്ന സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നു എന്നതും ശ്രദ്ധേയമാണ്.ഈ യുവതീയുവാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

മനുഷ്യൻ തന്റെ സാമൂഹികജീവിതം തുടങ്ങുകയും ജീവിതപരിണാമങ്ങളിൽ സ്ത്രീ കുഞ്ഞുങ്ങളേയും വീട്ടുകാര്യങ്ങളും നോക്കാൻ വിധിക്കപ്പെട്ടവളാവുകയും പുരുഷനും അവന്റെ സാമൂഹിക വ്യവസ്ഥകളും സ്ത്രീകളെ ക്രമേണ അടിമകൾ ആക്കുകയും ചെയ്തു.അവൻ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും നിയമങ്ങളെ പ്രമാണങ്ങളാക്കുകയും സ്ത്രീയെ ഉപഭോഗവസ്തുവും കൃഷിയിടവും അശുദ്ധികളുടെ വിളനിലമാക്കി ചിത്രീകരിക്കുകയും അങ്ങനെ ആചാരങ്ങളും സംസ്‌കാരങ്ങളുമായി അടിമത്തങ്ങൾ തുടരുകയും ചെയ്യുന്നു.തിരിച്ചറിവുള്ളവർ സ്ത്രീകളുടെ അന്തസ്സിനുവേണ്ടി നിലകൊള്ളുകയും പലതും തിരുത്തുകയും ചെയ്തു.ഇനിയും തിരുത്തുവാൻ ഏറെയുണ്ട് .. നവോത്ഥാനങ്ങൾ അങ്ങനെ അവസാനിക്കാത്ത ഒരു പ്രക്രിയയാണെന്ന് നാം തിരിച്ചറിയുകയും നാനാവിധങ്ങളായ അടിമത്തത്തെക്കുറിച്ച് ആളുകളെ നിരന്തരം ബോധവൽക്കരിക്കാൻ പരിശ്രമിക്കുകയും വേണം.അത് ഒരുദിവസംകൊണ്ട് മാറ്റിയെടുക്കാവുന്നതല്ല. പ്രാകൃതമായ മതബോധം അത്രമാത്രം നമ്മുടെ സമൂഹങ്ങളെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കുന്നു .അത് ക്ഷമയോടെ മെല്ലെ മെല്ലെ സുഖപ്പെടുത്തിയെടുക്കുകയേ മാർഗ്ഗമുള്ളൂ!നമ്മുടെ ഭരണഘടനയാണ് അതിനുള്ള ശക്തമായ ആയുധം.അത് സധൈര്യം കയ്യിലെടുത്തുകൊൾക!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP