Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണക്കാരുടെ പരസ്യം പ്രസിദ്ധീകരിച്ച് കോടികൾ കീശയിലാക്കുന്ന ദേശീയ പത്രങ്ങളുടെ കേരളത്തിനോടുള്ള നിലപാട് എന്താണ്; കേരളം പ്രളയദുരിതത്തിൽ പകച്ചു പോയ സമയത്ത് പ്രളയം സ്വയംകൃതാനർത്ഥത്തിന്റെ പരിണതഫലം എന്ന് പരിഹസിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നടപടി വേശ്യയുടെ ചാരിത്രപ്രസംഗം പേലെയാണ്; ഇതാ പ്രളയകാലത്തെ ഒരു മാധ്യമ വിചാരം

കള്ളപ്പണക്കാരുടെ പരസ്യം പ്രസിദ്ധീകരിച്ച് കോടികൾ കീശയിലാക്കുന്ന ദേശീയ പത്രങ്ങളുടെ കേരളത്തിനോടുള്ള നിലപാട് എന്താണ്; കേരളം പ്രളയദുരിതത്തിൽ പകച്ചു പോയ സമയത്ത് പ്രളയം സ്വയംകൃതാനർത്ഥത്തിന്റെ പരിണതഫലം എന്ന് പരിഹസിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നടപടി വേശ്യയുടെ ചാരിത്രപ്രസംഗം പേലെയാണ്; ഇതാ പ്രളയകാലത്തെ ഒരു മാധ്യമ വിചാരം

വിൽസൺ കരിമ്പന്നൂർ

കേരളത്തിൽ പ്രളയം അതിന്റെ താണ്ഡവനൃത്തം ആടുന്നതിന്റെ നടുമുറിയിൽ കേരളത്തിനേയും കേരളത്തിന്റെ മുഖ്യമന്ത്രിയേയും പരിഹസിക്കുന്ന 'ടൈംസ് ഓഫ് ഇന്ത്യ'യുടെ കാർട്ടൂൺ ഒരു തരത്തിലും അംഗീകരിക്കുവാൻ സാധിക്കില്ല. സാധാരണ കാർട്ടൂണുകളിൽ കാണുന്ന ആക്ഷേപഹാസ്യത്തിന് പല അർഥതലങ്ങൾ ഉണ്ട്. പലപ്പോഴും അവ ഒരു നന്മയിലേക്കുള്ള വഴികാട്ടി ആയിരിക്കും.ചിലപ്പോൾ തങ്ങളുടെ പകപോക്കൽ ആയിരിക്കും. എന്ത് തന്നെയായാലും അത് പ്രസിദ്ധീകരിക്കുന്ന സമയത്തിന് വലിയ പ്രാധാന്യം ഉണ്ട്.

സമയം തെറ്റി വന്ന ഒരു കാർട്ടൂൺ ആണിതെന്നു നിസ്സംശയം പറയാം. ഒരു സംസ്ഥാനത്തെ മുഴുവൻ ജനം ഇതുവരെ നേരിട്ടില്ലാത്ത ഒരു പ്രതിസന്ധി നേരിടുമ്പോൾ, ആ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സഹായിക്കുവാൻ കടമയുള്ള ഒരു സ്ഥാപനം, ആ കടമ മറന്നു ആ സംസ്ഥാനത്തെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന നിലപാടുകൾ എടുക്കുമ്പോൾ, അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടി വരും.

കേരളത്തിന് നേരിട്ട ഈ പ്രതിസന്ധിക്ക് ഉത്തരവാദി കേരളം തന്നെയോ?

ഈ കാർട്ടൂണിലെ പരിഹാസവിഷയങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം.ഇതിലെ ഒന്നാമത്തെ പരിഹാസം കേരളത്തിന് നേരിട്ട ഈ പ്രതിസന്ധിക്ക് ഉത്തരവാദി കേരളം തന്നെയാണ് എന്നതാണ്.കേരളീയർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തതിന്റെ തിരിച്ചടിയാണ് ഈ ദുരന്തമെന്നത് തന്നെയാണ്. അതിന്റെ വിശദീകരണത്തിലേക്ക് ഇപ്പോൾ പ്രവേശിക്കുന്നില്ല. പിന്നാലെ വ്യക്തമാക്കാം. രണ്ടാമത്തെ പരിഹാസം, ഒരു കമ്മ്യൂണിസ്റ്റായ പിണറായി വിജയൻ ഒരു പ്രതിസന്ധിഘട്ടത്തിൽ ഈശ്വരവിശ്വാസിയായി മാറിയിരിക്കുന്നുവെന്നതാണ്. അദ്ദേഹം അദ്ദേഹം ഒരു ദൈവവിശ്വാസിയാണെന്നു സമ്മതിക്കുന്നതിന് തുല്യമാണല്ലോ ഈ പ്രാർത്ഥന. ൂന്നാമത്തെ പരിഹാസം, നാം വളരെ അഭിമാനത്തോടുകൂടി നമ്മുടെ ടൂറിസം പ്രമോട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന ആപ്തവാക്യത്തെ അങ്ങേയറ്റം നിരസിക്കുന്നതാണ് ഈ ഒരു കാർട്ടൂൺ.

പ്രസ്തുത കാർട്ടൂണിൽ നിന്ന് 'ടൈംസ് ഓഫ് ഇന്ത്യ' എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. എന്നാൽ അതിന്റെ പരിണിതഫലം, കേരളത്തിന് എതിരാണ് എന്നതിന് യാതൊരു സംശയവും ഇല്ല. പ്രത്യേകിച്ച്, ഈ പ്രളയകാലത്തിൽ അത് നമുക്ക് വളരെ ദോഷം ചെയ്യും. ഈ ദുരന്തം നാം വരുത്തി വച്ചതാണ് എന്ന് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഇംഗ്ലീഷ് പത്രം പറയുമ്പോൾ ഈ പ്രളയത്തിൽ നമ്മെ സഹായിക്കാൻ താൽപര്യപ്പെടുന്ന വ്യക്തികളെ അത് മാറിചിന്തിക്കുവാൻ പ്രേരിപ്പിക്കുമെന്നതിനു രണ്ടു പക്ഷമില്ല. പ്രത്യേകിച്ചു് നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്ന മലയാളികൾ അല്ലാത്ത ഇതരസംസ്ഥാനത്തുള്ളവരെ പിന്തിരിപ്പിക്കുവാൻ ഈ കാർട്ടൂൺ പ്രേരിപ്പിക്കും.കൂടാതെ, നമ്മുടെ ടൂറിസത്തിനെ അത് ദോഷമായി ബാധിക്കും. ഈ പ്രളയം ഒക്കെ അങ്ങ് മാറി, നാളെ പച്ചപ്പട്ട് പുതച്ച് സസ്സ്യശ്യാമള കോമളമായി കേരളം മാറുമ്പോൾ നാം നമ്മുടെ ടൂറിസത്തിനായി നമ്മുടെ ആപ്തവാക്യം 'ദൈവത്തിന്റെ സ്വന്തം നാട് പ്രയോഗിക്കുമ്പോൾ ഈ കാർട്ടൂൺ കണ്ടവരൊക്കെ പുച്ഛിച്ച് തള്ളുവാൻ കാരണമാകും. അത് തീർച്ചയായും നമ്മുടെ ടൂറിസത്തിന് ദോഷമായി ബാധിക്കും.

ഇനിയും കേരളീയർ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു എന്ന ആരോപണത്തിലേക്കു വരാം. അത് നിഷേധിച്ച് മലയാളികളെ വെള്ള പൂശുവാനൊന്നും ഞാൻ മുതിരുന്നില്ല. ഇവിടെ ഈ അടുത്ത കാലത്തു വളരെയധികം പ്രകൃതി വിരുദ്ധമായ നിലപാടുകൾ ഉണ്ടായിട്ടുണ്ട്. അനധികൃത കയ്യേറ്റം, വയലും മലയും നികത്തി റിയൽ എസ്റ്റേറ്റുകളും റിസോർട്ടുകളും പണിയുക, വൻകിട ക്വറികളും ഖനനവും അനധികൃതമായി നടത്തുക തുടങ്ങി പല രീതിയിലും പ്രകൃതിയെ വ്യഭിചരിച്ചിട്ടുണ്ട്. എന്നാൽ ഈ കൊടും പ്രളയത്തിന്റെ കാരണം അതാണ് എന്ന് തീർത്തു പറയുവാൻ നമുക്ക് കഴിയുമോ?

മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) എന്നറിയപ്പെടുന്ന മഴപ്പാത്തിയാണ് ഇവിടെ അതിവർഷം ഉണ്ടാക്കുന്നതെന്നാണ് പൊതുവെ ശാസ്ത്രമതം. അത് കൂടാതെ ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദമാണ് ഇത്രയും വലിയ പെരുമഴ കേരളത്തിൽ ഇപ്പോൾ പെയ്യിച്ചത്. ബംഗാൾ ഉൾക്കടലിലെ ന്യുനമർദം ആന്ധ്രയിലും , തമിഴ്‌നാട്ടിലും മഴ ചൊരിയാതെ കേരളത്തിൽ പെയ്തൊഴിഞ്ഞതു നമ്മുടെ ഉയർന്ന മലമ്പ്രദേശവും ശക്തമായ വൃക്ഷലതാദികളും കാരണമാണ്. സഹ്യപർവ്വതം എന്ന മഹാമേരുവാണ് നമ്മുടെ മഴയുടെ സംരക്ഷകൻ. അപ്പോൾ മഴ വരുന്നത് നാം പ്രകൃതിയിൽ ചെയ്ത പാതകം ഒന്നുകൊണ്ടും അല്ല. എന്നാൽ പ്രകൃതിമേൽ നാം നടത്തിയ പീഡനത്തിന്റെ പരിണിതഫലമാണ് ഇവിടെ വർധിച്ചു വരുന്ന ഉരുൾപൊട്ടൽ.അതിന്റെ ഉത്തരവാദിത്ത്വത്തിൽ നിന്നും നമുക്കൊഴിയാനാവില്ല.

ടൈംസ് ഓഫ് ഇന്ത്യയുടെത് വേശ്യയുടെ ചാരിത്ര പ്രസംഗം

അപ്പോൾ ഇവിടെ പേമാരി ചൊരിഞ്ഞ വിഷയത്തിൽ 'ടൈംസ് ഓഫ് ഇന്ത്യ' ആരോപിക്കുന്ന വസ്തുതകൾ ശരിയല്ല. തന്നെയുമല്ല, 'ടൈംസ് ഓഫ് ഇന്ത്യ' ക്ക് ഈ വിഷയത്തിൽ വിലപിക്കുവാൻ തക്ക യാതൊരു ധാർമ്മിക മൂല്യവും അവകാശപ്പെടുവാൻ ഇല്ല. കാരണം ഇന്ത്യയിൽ ഏറ്റവുമധികം അനധികൃത കെട്ടിട നിർമ്മാണം നടക്കുന്നത് മുംബൈ പോലുള്ള നഗരങ്ങളിൽ ആണ്, അവിടെ അനധികൃത കെട്ടിടനിർമ്മാണം നടത്തുന്ന വൻതോക്കുകളുടെ പരസ്യം വാങ്ങി കോടികൾ കീശയിലാക്കുന്നത് 'ടൈംസ് ഓഫ് ഇന്ത്യ'എന്ന ഈ കോർപറേറ്റ് പ്രസ്ഥാനമാണ്. അതിലൊന്നും യാതൊരു ഉളുമ്പ് ഇല്ലാതെ അവിടുത്തെ എല്ലാവിധ അനധികൃതനടപടികൾക്കും പരസ്യം വഴി ചൂട്ട് പിടിച്ചു കൊടുക്കുന്ന 'ടൈംസ് ഓഫ് ഇന്ത്യ' യുടെ കേരളത്തിനോടുള്ള നിലപാട് വേശ്യയുടെ സദാചാരപ്രസംഗം പോലെ നികൃഷ്ടമാണ്.

കച്ചവടലാഭത്തിനു വേണ്ടി 'ടൈംസ് ഓഫ് ഇന്ത്യ' പ്രസ്ഥാനം ഏതറ്റം വരെ പോകുമെന്നതിന്റെ ഏറ്റവും വലിയ ഒരു ഉദ്ദാഹരണമാണ് ഈ പ്രസ്ഥാനത്തിലെ ടി വി ചാനലുകളായ ടൈംസ് നൗവും മിറർ നൗവും കാട്ടിക്കൂട്ടുന്ന തരികിട കളി.

ടൈംസ് ഗ്രൂപ്പിന്റെ ഇംഗ്ലീഷ് ന്യൂസ് ചാനൽ ആയി 2006 -ൽ ആരംഭിച്ച ടൈംസ് നൗ തുടക്കത്തിൽ വലിയ രീതിയിലൊന്നും വളർന്നിരുന്നില്ല. എന്നാൽ ഒഴുക്കിനു അനുസരിച്ചു ഒഴുകുന്ന ഒരു സമീപനം കൈക്കൊണ്ട ടൈംസ് നൗ ഇന്ത്യയിൽ ബിജെപിയും സംഘപരിവാറും പിടിമുറുക്കുന്നത് മനസ്സിലാക്കി ആ പക്ഷത്തേക്ക് ചുവടുറപ്പിച്ചു. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ സംഘപരിവാർ പക്ഷക്കാരനായ ജേർണലിസ്റ്റായ അർണാബ് ഗോസാമിയെ മുമ്പിൽ നിർത്തി നടത്തിയ രാഷ്ട്രീയ പക്ഷപാത നിലപാടിലൂടെ റേറ്റിങ് ഉയർത്തി. അവിടെ നിന്ന് കിട്ടിയ ആവേശത്തിൽ ആണ് അർണാബ് ഗോസാമി റിപ്പപ്ലിക് ചാനലുമായി മുന്നോട്ടു പോയത്.

എന്നാൽ ബിജെപിയുടെയും സംഘപരിവാറിന്റെയും ശക്തി ഇതുപോലെ എന്നും നിലനിൽക്കില്ലായെന്നു മനസ്സിലാക്കിയ ടൈംസ് ഗ്രൂപ്പ് അതിനെതിരെ പോരാടുന്ന, ഇന്നത്തെ പ്രതിപക്ഷത്തെ പിന്തുണക്കുന്ന,പുതിയൊരു ടി വി ചാനൽ 2015 നവംബറിൽ ആരംഭിച്ചു. അതാണ് മിറർ നൗ. ഇപ്പോൾ ഒരേ മാനേജ്‌മെന്റിന്റെ രണ്ടു ചാനലുകൾ രണ്ടു പക്ഷത്തിനായി നിലകൊണ്ടു ബിസിനസ് കൊഴുപ്പിക്കുന്നു. ഇത്രയും തറകച്ചവടതന്ത്രം പയറ്റുന്ന മറ്റൊരു മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ വേറൊന്നും ഇല്ല.

ഹിന്ദുത്വ അജണ്ടക്കുവേണ്ടി മാധ്യമങ്ങൾ വിൽപ്പനക്ക്

ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിൽ കോബ്ര പോസ്റ്റ് നടത്തിയ അന്വേഷണം വ്യക്തമായി സ്ഥാപിക്കുന്നത് അവ മിക്കതും സ്വയം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്നാണ്. രാജ്യത്തെ വിഭജിക്കുന്നതോ, പൗരന്മാരെ കൊലയ്ക്കു കൊടുക്കുന്നതോ ആയ വിഷയങ്ങളിൽപോലും തങ്ങളുടെ കച്ചവടവും അതിലെ ലാഭവും മാത്രമാണ് അവരുടെ ആശങ്കാവിഷയമെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോബ്ര പോസ്റ്റ് നടത്തിയ ഒളികാമറ ഓപ്പറേഷനിൽ, 2019 തെരഞ്ഞെടുപ്പിനു മുന്നോടിയായി വിഭാഗീയമായ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് എളുപ്പത്തിൽ സമ്മതിക്കുന്ന മാധ്യമങ്ങളെയാണ് കണ്ടത്. ടൈംസ് ഓഫ് ഇന്ത്യ ഉടമ വിനീത് ജയിൻ ഇതിനായി ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. പിന്നീട് അദ്ദേഹമത് 500 കോടി രൂപയ്ക്ക് കച്ചവടമുറപ്പിക്കുന്നതും കണ്ടു. തങ്ങളുടെ പത്രങ്ങൾ, റേഡിയോ ചാനലുകൾ, ടിവി ചാനലുകൾ എന്നിവയിലൂടെ വർഗീയ അജണ്ടയുള്ള വാർത്തകളും പരിപാടികളും പ്രചരിപ്പിക്കാമെന്ന് വിനീത് ജയിൻ നേരിട്ട് സമ്മതിക്കുന്നത് ഈ വീഡിയോകളിലുണ്ട്. ഇന്ത്യ ടുഡേയുടെ ഉടമകളിലൊരാളായ കല്ലി പൂരി, ഹിന്ദുസ്ഥാൻ ടൈംസിന്റെ മുതിർന്ന ഉദ്യേഗസ്ഥർ, സൺ ടിവി ഉദ്യോഗസ്ഥർ തുടങ്ങി നമ്മളറിയുന്ന പ്രമുഖ മാധ്യമ ബ്രാൻഡുകളെയെല്ലാം ഇക്കൂട്ടത്തിൽ കാണാം.

നമ്മുടെ രാജ്യം കുട്ടിച്ചോറാക്കിയാലും വേണ്ടില്ല തങ്ങളുടെ പള്ള വീർപ്പിക്കണമെന്നു വിചാരിച്ചു നടക്കുന്ന പത്രമുതലാളിമാരുടെ സ്ഥാപനങ്ങൾ ആണ് കേരളത്തിനെ ചെളി വാരി അറിയുവാൻ നടക്കുന്നത്. ഉത്തരേന്ത്യൻ ഗോസാമിമാരുടെ അടുക്കളയിൽ പൂച്ച കയറി പാലു് കുടിക്കുന്നത് പോലും പ്രധാനവാർത്തയാക്കാൻ മടിക്കാത്ത ഇവർ കേരളത്തിലെ ദുരന്തം കണ്ടില്ലായെന്നു നടിച്ചതും പോരാഞ്ഞിട്ട് അതിന്റെ പേരിൽ അപമാനിക്കുവാൻ കൂടി ഇറങ്ങിപ്പുറപ്പെട്ടാൽ പ്രതികരിക്കാതിരിക്കുവാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP