Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ കൊലപാതകങ്ങളെ കടത്തനാടിന്റെ വീരപാരമ്പര്യവുമായി ചേർത്തിണക്കി കണ്ണൂരിന്റെ പാരമ്പര്യം ആക്കാൻ ശ്രമിക്കുന്നവരെ തെരണ്ടിവാലു കൊണ്ട് അടിക്കണം; പൊലീസുകാർക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ അക്രമങ്ങൾ അവസാനിപ്പിക്കാം: കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് അഡ്വ. ജയശങ്കറിനു പറയാനുള്ളത്

രാഷ്ട്രീയ കൊലപാതകങ്ങളെ കടത്തനാടിന്റെ വീരപാരമ്പര്യവുമായി ചേർത്തിണക്കി കണ്ണൂരിന്റെ പാരമ്പര്യം ആക്കാൻ ശ്രമിക്കുന്നവരെ തെരണ്ടിവാലു കൊണ്ട് അടിക്കണം; പൊലീസുകാർക്കു പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ അക്രമങ്ങൾ അവസാനിപ്പിക്കാം: കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് അഡ്വ. ജയശങ്കറിനു പറയാനുള്ളത്

ണ്ണൂരിനെ സംബന്ധിച്ചിടത്തോളം അക്രമരാഷ്ട്രീയം ഇന്നോ-ഇന്നലെയോ തുടങ്ങിയതല്ല. അത് നാളെയോ-മാറ്റന്നാളോ തീരാനുള്ളതോ അല്ല. അവിടെ ഓരോ രാഷ്ട്രീയ പാർട്ടിയും അവരുടെ യഥാശക്തിയിൽ ബലപ്രയോഗം നടത്താനും മറ്റുള്ളവരെ അടിച്ചമർത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഈ കലാപരിപാടിയിൽ ആദ്യ കാലത്തു കോൺഗ്രസുകാർ ഉണ്ടായിരുന്നു, പക്ഷെ മേലു നോവുന്ന പരിപാടി അവർക്കു പറ്റുകയില്ല എന്ന് മനസിലായപ്പോൾ രഘുപതി രാഘവ രാജാറാം പാടി  പിൽക്കാലത്തു  അവർ പിന്മാറുകയും ചെയ്തു.

കരുണാകരൻ മുഖ്യമന്ത്രിയായും എൻ രാമകൃഷ്ണൻ ഡിസിഐ പ്രസിഡന്റ് ആയുമിരിക്കുമ്പോൾ അവർക്കു കഴിയാവുന്ന രീതിയിൽ ഇത്തരത്തിലുള്ള സഹായങ്ങൾ അന്ന് ചെയ്തിരുന്നു. പിന്നീട് കെ സുധാകരൻ വന്നപ്പോഴും  അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു പരിശ്രമംകൂടി  നടത്തിയെങ്കിലും അത് അത്രകണ്ട് ആരോഗ്യകരമല്ല എന്ന് സുധാകരനു തന്നെ  തോന്നിയതുകൊണ്ട് അദ്ദേഹം കായികമായി കലാപരിപാടികൾ നിർത്തുകയും അദ്ദേഹത്തിന്റെ വായ്പാട്ടുകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാണ് ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാരണം കോൺഗ്രസ്സുകാർക്ക് പാർട്ടിയിൽ നിന്നും യാതൊരു സഹായവും കിടയുകയില്ല എന്നതുകൊണ്ടും കോൺഗ്രസ് കലാപരിപാടികൾ കണ്ണൂരിൽ വളരെ കുറവാണ് എന്ന് പറയാം.

ലീഗുകാരും ശാരീരികമായ കലാപരിപാടികൾ മുൻപും, ഇടക്കാലത്തും, ഇപ്പോഴും കണ്ണൂരിൽ നടത്തുന്നവരാണ് പക്ഷെ വളരെക്കാലം ഇവിടെ പിടിച്ചുനില്ക്കാനുള്ള സാമഗ്രികൾ ഇല്ലാത്തതുമൂലം ലീഗുകാർ ഇവരുടെ ആക്രമണങ്ങൾ നാദാപുരം, കുറ്റ്യാടി പ്രദേശത്തേക്ക് മാറ്റി അതുകൊണ്ടു വലിയ കലാപരിപാടികൾ നടക്കുന്നില്ല. എന്നാൽ ഇരിക്കൂർ, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ ഇവർക്ക് അക്രമം നടത്താൻ കഴിയുന്ന സ്ഥലവുമാണ്. ഒപ്പം അക്രമങ്ങൾ നടത്താൻ മടിയില്ലാത്തവരുമാണ് ഇവിടുത്തെ ലീഗുകാർ. കണ്ണൂരിൽ അക്രമത്തിനു പോവാത്ത ഒരു പാർട്ടി സിപിഐ ആണെന്ന് വേണമെങ്കിൽ പറയാം.

ആർഎസ്എസ്-മാർക്‌സിസ്റ്റു സംഘർഷങ്ങളുടെ കാര്യം പറഞ്ഞാൽ  ഇ.എം.എസ്. മന്ത്രിസഭയുടെ അവസാനകാലത്ത് 1969 ൽ ഏപ്രിൽ 27 ന്നാണ് തലശേരി വാടിക്കൽ പ്രദേശത്തു ജനസംഘം പ്രവർത്തകൻ ആയിരുന്ന രാമകൃഷ്ണനെ പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരു മാർക്‌സിസ്റ്റു വിപ്ലവസംഘം മഴുകൊണ്ട് വെട്ടിക്കൊന്നു എന്നാണ് ചരിത്രം. അതൊരു തുടക്കമായിരുന്നു പിന്നീട് ഇത് നാടിന്റെ നാനാഭാഗത്തേക്കും വ്യാപിച്ചു. 1969 ൽ സെപ്റ്റംബറിൽ കോട്ടയം പൊൻകുന്നത്ത് ജനസംഘം പ്രവർത്തകനെയും  1970 പറവൂരിൽ കൈത്താരത്തു ആർഎസ്എസ്   പ്രവർത്തകനേയും വെട്ടിക്കൊന്നു. അതിനുശേമാണ് വിഖ്യാതമായ തലശേരി കലാപം നടക്കുന്നത്.

തലശേരി കലാപം

1971 -ൽ അച്യുത മേനോൻ മന്ത്രിസഭയിൽ കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോൾ ഡിസംബർ 28-ാം തീയതിയാണ് വിഖ്യാതമായ തലശേരി കലാപ ത്തിനുള്ള പ്രകോപനം  ഉണ്ടാകുന്നത്.  തലശേരി ടൗണിലൂടെ  മേലൂട് മുത്തപ്പന്റെ കലശഘോഷയാത്രക്കിടയിലേക്കു നിർജഹാൻ ഹോട്ടലിൽ നിന്ന് ആരോ ചെരുപ്പ് വലിച്ചെറിഞ്ഞു ഇതിൽ പ്രകോപിതരായ മുത്തപ്പൻ ഭക്തന്മാർ കട അടിച്ചു തകർക്കുകയും, അടുത്തുള്ള പള്ളിയിൽ ഉറങ്ങിക്കിടന്ന രണ്ടു പേരെ കഠിനമായി ആക്രമിക്കുകയും ചെയ്തു. ഈ സംഭവം   പിന്നീട് അടുത്തുള്ള നല്ലവരായ  മുസ്ലിം ലീഗുകാരും ആർഎസ്എസുകാരും ഏറ്റെടുക്കുകയും വലിയ ഒരു കലാപവുമായി വളർത്തി എടുക്കുകയും ചെയ്തു . ആഭ്യന്തരമന്ത്രി കരുണാകരനും ബാലറാം അടക്കമുള്ള സിപിഐ നേതാക്കളും  മറ്റും അന്ന്  ആരോപിച്ചതു ഈ അക്രമത്തിന്റെ പിന്നിൽ മാർക്‌സിസ്റ്റുകാരാണ് എന്നാണ്. എന്നാൽ അവർ സമാധാന പാലകർ ആയിരുന്നു എന്നായിരുന്നു മാർക്‌സിസ്റ്റു വാദം, പക്ഷെ ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ജേക്കബ് വിതയത്തിൽ (പിൽക്കാലത്തു കർദിനാളായ മാർ വർക്കി വിതയത്തിലിന്റെ പിതാവ്) റിപ്പോർട്ടിലും മാർക്‌സിസ്റ്റുകാർ ചരിത്രപരമായ പങ്ക്  അതിൽ നിറവേറ്റി എന്നതാണ്. വിതയത്തിൽ റിപ്പോർട്ടിൽ മാർക്‌സിസ്റ്റുകാർക്കു പങ്കുള്ള പരാമർശങ്ങൾ ഉണ്ട്. കമ്മ്യൂണിസ്റ്റു പാർട്ടി നടത്തിയ കടുത്ത ലീഗ് വിരുദ്ധപ്രചാരണം മുസ്ലിം പ്രതിരോധത്തിന് ഇടയാക്കിയെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മാർസിസ്റ്റു പാർട്ടി കമ്മിഷനെ ആണ് ബഹിഷ്‌കരിക്കുയാണ് ഉണ്ടായത്.

കർശനമായ രീതിയിൽ കൈകാര്യം ചെയ്തു കരുണാകരൻ സ്ഥിതി ശാന്തമാക്കി. പി ജെക്കബ് തോമസ് എന്ന പൊലീസ് സൂപ്രണ്ട് കരുണാകരന്റെ ആശിർവാദത്തോടെ കമ്മ്യൂണിസ്റ്റുക്കാരെ അടിച്ചു ഇല്ലാതാക്കുകയും എംവി രാഘവനെ ഇല്ല കസേരയിൽ തിരുത്തുക വരെ ചെയ്തു. ആ ഭരണകാലത്താണ് പിണറായി വിജയന്റെ അടിച്ചു മുട്ടുകാൽ  ഒടിച്ചതും.

ആർഎസ്എസ് മാർക്‌സിസ്റ്റ് ഭായി ഭായി

പിന്നീട് കുറെ കാലം സമാധാനം ആയിരുന്നു. പിൽക്കാലത്തു 1977 ജനുവരിയിൽ  അടിയന്തരാവസ്ഥ കഴിഞ്ഞു. അത് ഇളവ് വരുത്തി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ  ആർഎസ്എസും മാർക്‌സിസ്റ്റും ഭായി-ഭായിയായി. അന്ന് മാർക്‌സിസ്റ്റു പാർട്ടി നയിച്ച ജനത പാർട്ടി മുന്നണിയിൽ  ജനസംഘം, സഘടനാ കോൺഗ്രസ്, സോഷ്യലിസ്റ്റു പാർട്ടിയും ഉണ്ടായിരുന്നു. അന്ന് കുത്തുപറമ്പിൽ സഖാവ് പിണറായി വിജയനും, പയ്യന്നൂരിൽ എംവി രാഘവനും, ഉദുമയിൽ കെജി മാരാരും അന്ന് സ്ഥാനാർത്ഥികളായി.

അമ്പത്തേഴിൽ ഇഎംഎസ്, അറുപത്തേഴിൽ ഇഎംഎസ്, എഴുപത്തേഴിൽ ഇഎംഎസ് എന്ന് ആർഎസ്എസുകാരും, ജനത ഭരിക്കും ഇടതു ജയിക്കും ജനാധിപത്യം സംരക്ഷിക്കുമെന്നു മാർക്‌സിസ്റ്റുകാരും ഒരേ വാശിയോട് കൂടി ഏറ്റു വിളിച്ചു. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായി എന്നാലും പിണറായി വിജയനും, എം വി രാഘവനും ജയിച്ചു. സ്ഥിരം സീറ്റായ പട്ടാമ്പിയിൽ നിന്നും ആലത്തൂർക്കു മാറിയ ഇഎംഎസും കഷ്ടിച്ച് ജയിച്ചു എങ്കിലും ജനസംഘത്തിലെ  ആരും ജയിച്ചില്ല.

78ൽ വീണ്ടും അടി, സ്‌കോർ ബോർഡ് വച്ച് വെട്ടിക്കൊല്ലൽ

തിരഞ്ഞെടുപ്പിന് ശേഷം ഇവർ തമ്മിൽ വീണ്ടും അക്രമ ബന്ധം പുനഃസ്ഥാപിച്ചു. വെട്ട്, കുത്ത് , ആക്രമണം സ്ഥിര സംഭവങ്ങളായി. തലശേരി ആയിരുന്നു പ്രഭവ കേന്ദ്രം. അന്നാണ് സ്‌കോർ ബോർഡ് വച്ച് പരസ്പ്പരം വെട്ടിക്കൊല്ലാൻ തുടങ്ങിയത്. എന്റെ ഓർമ്മ ശരിയാണെക്കിൽ തലശേരിയിലെ മുകുന്ദ് തിയേറ്ററിന്റെ മുൻപിലായിരുന്നു സ്‌കോർ ബോർഡ് വച്ചിരുന്നത്. രാഘവൻ ആയിരുന്നു മാർക്‌സിസ്റ്റു കാരുടെ നേതാവ്. അന്ന് ആദ്യം മുഖ്യമന്ത്രി ആയിരുന്ന കരുണാകരൻ രാജൻ കേസിൽ പെട്ട് രാജിവച്ചു. ആന്റണി മുഖ്യമന്ത്രിയായി. പിന്നീട്  പികെവി യും മുഖ്യമന്ത്രിയായി. ആന്റണിയുടെയും പികെവി യുടെയും കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്. കെഎം മാണി ആയിരുന്നു അന്ന് ആഭ്യന്തരമന്ത്രി. അധികം വൈകാതെ സിഎച്ച് മുഹമ്മദ് കോയയ്ക്കു ജനതാ പാർട്ടി പിന്തുണ കൊടുത്തു. ഞങ്ങളാണ് സിഎച്ചിനെ മുഖ്യമന്ത്രി ആക്കിയതെന്നു അന്ന് ജനസംഘക്കാർ  പറഞ്ഞു നടന്നു.

ജനസംഘം ആർഎസ്എസിൽ ലയിച്ചു

1980 ൽ ഏപ്രിൽ മാസത്തിൽ ജനസംഘക്കാർ ബിജെപി ആയപ്പോൾ ഇവിടെ നായനാർ മന്ത്രിസഭയായിരുന്നു. അതുകൊണ്ടു തന്നെ മാർക്‌സിസ്റ്റുകാർക് ആത്മവിശ്വാസം വർദ്ധിച്ചു. പിന്നെയും  വെട്ടും കുത്തും  കണ്ണൂരിൽ നിത്യ സംഭവങ്ങളായി മാറി. എന്ന് മാത്രമല്ല മാർക്‌സിസ്റ്റുകാരെ തോൽപ്പിക്കുന്ന രീതിയിൽ ആർഎസ്എസ് തിരിച്ചും അക്രമം അഴിച്ചുവിട്ടു. ദിനേശ് ബീഡി തെറുക്കുന്ന യൂണിറ്റുകൾ ഒരേ ദിവസം ആക്രമിക്കപ്പെട്ടു. നാടൻ ബോംബ് വലിച്ചെറിഞ്ഞു ഭിതി പരത്തി കണ്ണിൽ കണ്ടവരേയൊക്കെ വെട്ടി ഞങ്ങൾക്കും ആക്രമണങ്ങൾ ആവാമെന്നു അവരും തെളിയിച്ചു. അന്നത്തെ ആർഎസ്എസ്-മാർക്‌സിസ്റ്റ് സംഘട്ടനങ്ങൾ കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. പിന്നീട് നായനാർ മന്ത്രിസഭ വീണു ഗവർണർ ഭരണം നടക്കുമ്പോഴും പിന്നീട് കരുണാകരന്റെ  മന്ത്രിസഭ വന്നപ്പോഴും ഇവിടെ ആക്രമണങ്ങൾ കുറഞ്ഞില്ല. ഇത് അതിർത്തികൾ ഭേദിച്ചു. ബലിദാനികൾ -രക്തസാക്ഷികൾ കൂടി. കരുണാകരൻ പൊലീസ് കുറച്ചു പ്രതിരോധിച്ചു എങ്കിലും വീണ്ടും വന്ന നായനാർ സർക്കാർ വന്നപ്പോൾ ഇത് കൂടി. എന്നാൽ സ്‌കോർ ബോർഡ് വച്ച് കൊലപ്പെടുത്തുന്ന ഏർപ്പാട് ഉണ്ടായിരുന്നില്ല. ആളുമാറി കൊല സഭവങ്ങളും ഒരുപാടു  ഈ സമയത്തു അരങ്ങേറിയിട്ടുണ്ട്.

കൂത്തുപറമ്പ്

1986 കാലത്താണ് എംവി രാഘവൻ പാർട്ടി വിടുന്നത് പിന്നീട് എംവി രാഘവനും, കരുണാകരനും, സുധാകരനും കുടി മാർക്‌സിസ്റ്റുകാർക്കെതിരെ ഒന്നിച്ചു നിന്ന് എതിർത്തു എങ്കിലും അതൊന്നും ഫലവത്തായില്ല. പാർട്ടി വിട്ടുപോയ എംവി രാഘവനെ പഴയ ശിഷ്യന്മാരായ കോടിയേരി ബാലകൃഷ്ണനും, സിജെ അഞ്ജലോസ്, ഗോപി കോട്ടമുറിക്കാൻ തുടങ്ങിയവർ നിയമസഭയിൽ ഇട്ടു തല്ലി. എംവിആർ പാർട്ടിക്ക് ബദ്ധ ശത്രുവായി മാറിയപ്പോൾ പ്രതിരോധങ്ങൾ കൂടി. അങ്ങനെയാണ് കുത്തുപറമ്പ് വെടിവെപ്പ് ഉണ്ടാവുന്നത്.

1995 ലാണ് കുത്തുപറമ്പിൽ വെടിവെപ്പ് നടക്കുന്നത്. അതിനുശേഷം കണ്ണൂർ കത്തി. 1995 നവംബർ 25നു എംവി രാഘവൻ കുത്തുപറമ്പു സഹകരണ ബാങ്കിന്റെ സായാഹ്‌ന ശാഖയുടെ ഉത്ഘാടനത്തിനു എത്തിയപ്പോൾ അത് തടയാനായി എത്തിയ മാർക്‌സിസ്റ്റുകാരും,  ഡിവൈഎഫ്‌ഐക്കാരും പൊലീസിനെ കല്ലെറിയുകയും ഇത് തടയാൻ എത്തിയ ഡിവൈഎസ്‌പി  ഹക്കിം ബത്തേരിയുടെ പൊലീസ് വെടിവെക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്തു. വലിയ അക്രമങ്ങൾ ആണ് നടന്നത്. എംവിആറിന്റെ പാപ്പിനിശ്ശേരിയിലെ തറവാട് വീട് അക്രമികൾ മണ്ണെണ്ണ ഒഴിച്ചു തീയിട്ടു. ലെനിന്റെയും, ഇഎംഎസിന്റെയും പുസ്തകങ്ങൾ വരെ സഖാക്കൾ കത്തിച്ചു. പഴശനികടവിൽ സർപ്പ ഉദ്യാനം വരെ ആക്രമിക്കപ്പെട്ടു

ജയകൃഷ്ണൻ വധം

1999  ഡിസംബർ ഒന്നാം തിയതിയാണ് കെ ടി ജയകൃഷ്ണൻ വധം നടക്കുന്നത്.  വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് അദ്ധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററേ  വെട്ടിക്കൊന്ന സംഭവം കണ്ണൂരിനേ വീണ്ടും കലുഷിതമാക്കിയ സംഭവം ആയി മാറി. കേസിലെ 7 പ്രതികളിൽ ഒരാളുടെ ശിക്ഷ ആർഎസ്എസുകാർ തന്നെ നടപ്പാക്കി. ബാക്കി 6 ൽ അഞ്ചും വാടക പ്രതികൾ ആയിരുന്നു. അവരിൽ ഒരാൾ വധശിക്ഷയിലേക്കു പോകും എന്ന ഘട്ടം വന്നപ്പോൾ തീവണ്ടിക്ക് മുൻപിൽ ചാടി മരിച്ചു. മറ്റു അഞ്ചുപേർക്കും തലശേരി കോടതി വധശിക്ഷ വിധിച്ചു. വിധി പ്രസ്താവിച്ച  ജഡ്ജിക്ക് ഗൺമാനേ വയ്ക്കുകവരെ ചെയ്തു.  ഇത് ഹൈക്കോടതി വിധി ശരി വച്ചു, തുടർന്ന് അഞ്ചുപേരെയും കണ്ണൂർ ജയിലിൽ ഏകാന്ത തടവിലിട്ടു. പിന്നീട് സുപ്രിംകോടതി ഒന്നാം പ്രതിയായ പ്രദിപന്റെ വധശിക്ഷ ജീവപര്യന്തം ആക്കുകയും ബാക്കിയുള്ള പ്രതികളെ വെറുതെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കുകയും  ചെയ്തു. പ്രദീപൻ അതെ മൊകേരി സ്‌കൂളിലെ രക്ഷാകർത്തൃ സമിതിയുടെ പ്രസിഡന്റ് ആയി എന്നാണ് നമ്മൾ അവസാനം കേട്ട വാർത്ത. ജയിലിൽ കിടക്കുമ്പോൾ ഇയാൾ കവിതയും എഴുതി പ്രസിദ്ധികരിച്ചു.

കണ്ണൂരിലെ കൊലപാതക പ്രൊഫഷൻ, ഉമ്മൻ ചെയ്തതും പിണറായി അറിയേണ്ടതും

നേതാക്കന്മാരുടെ അറിവും ഒത്താശയോടും കൂടിയാണ് കണ്ണൂരിൽ പല അക്രങ്ങളും നടക്കുന്നത്. നേതാക്കളോ യഥാർത്ഥ പ്രതികളോ ആവില്ല അവസാനം പ്രതികൾ ആവുന്നത്. ഇവർ പാർട്ടി ഓഫീസിൽ നിന്ന് പൊലീസിന് ഒരു ലിസ്റ്റ് കൊടുക്കും അങ്ങനെ വരുമ്പോൾ  അത് പൊലീസിനും പണി  എളുപ്പമാണ് ഇതാണ് എല്ല പാർട്ടികളും സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്നത്. കരുണാകരന്റെ കാലത്തും, നയനാരുടെ കാലത്തും, ആന്റണിയുടെ ഭരണകാലത്തും ഒക്കെ ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇതിനു ഒരു മാറ്റം വന്നു യഥാർത്ഥ പ്രതികളെ പിടിക്കുന്നത് തിരുവഞ്ചൂരിന്റെ കാലത്താണ്. ടിപി വധത്തിലെ പ്രതികളെ പിടിച്ചുകൊണ്ടാണ് അത് സംഭവിക്കുന്നത്.

പാർട്ടി അധികാരത്തിൽ വരുമ്പോഴാണ് ആക്രമണങ്ങൾ സഭവിക്കുന്നത്. കൊല്ലുന്നത് വേറെ ഒരാൾ, പ്രതി മറ്റൊരാൾ പിന്നെ കേസ് നടത്താൻ കോർപറേറ്റ് ഫണ്ടും പ്രതികൾക്കു ഒളിവിൽ  പോകുവാനും സംവിധാനമുണ്ട് . അറസ്റ്റു വരിക്കുന്ന പ്രതികളുടെ വീട്ടിലെ ചെലവ് നടത്താനും,     
സാക്ഷികളെ സ്വാധിനിക്കാനും സംവിധാനമുണ്ട് അങ്ങനെ കൊലപാതക രാഷ്ട്രീയം പ്രൊഫഷൻ ആയി.  ഇതിനു ഒരു വിരാമം ഇട്ടതു തിരുവഞ്ചൂരിന്റെ കാലത്താണ് എന്ന് പറയാം. പാർട്ടി കൊടുത്ത ലിസ്റ്റ് ഗൗനിക്കാതെയാണ് പൊലീസ് പ്രതികളെ പിടിച്ചത്. അത് മാത്രമല്ല നേതാക്കന്മാരെയും അന്ന്. പ്രതികളാക്കി. അടുത്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യുഎപിഎ ചുമത്തി കതിരൂർ മനോജ് കേസിൽ  നേതാക്കൾക്ക് ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടാക്കി.  നേതാക്കന്മാർ ജയിലിൽ പോയാൽ അക്രമങ്ങൾ ഉണ്ടാവില്ല അതുപോലെ  യഥാർത്ഥ പ്രതികളെ പൊലീസ് പിടിച്ചാലും അക്രമങ്ങൾ ഉണ്ടാവില്ല.

ഇതുപോലെയുള്ള രാഷ്ട്രീയകൊലപാതകങ്ങളെ കുറിച്ച് ചില സാംസ്‌കാരിക നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്ന ചില അല്പന്മാർ ഇത് കടത്തനാടന്റെ വീര പാരമ്പര്യവുമായി ചേർത്തിണക്കി കണ്ണൂരിന്റെ പാരമ്പര്യം ആകാൻ ശ്രമിക്കുന്നുണ്ട്. സത്യത്തിൽ ഇവരെയൊക്കെ നല്ല തെരണ്ടി വാലുകൊണ്ട് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അക്രമത്തെ അക്രമമായി കാണുകയും, അതിനേ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം സാംസ്‌കാരിക നായകന്മാർ ഇവിടുത്തെ ആർഎസ്എസുകാരും, മാർസിസ്റ്റുകാരും അങ്ക ചേകവന്മാരുടെ പിൻതലമുറക്കാരാണ് എന്ന് പറയുന്ന രീതി നിർത്തണം. ഇത് തല്ലുകൊള്ളിത്തരമാണ്, പോഷ്‌ക്കാണ്. ക്രമസമാധാന പരിപാലനമാണ് സർക്കാരിന്റെ ആദ്യ ലക്ഷ്യം, ഉമ്മൻ ചാണ്ടി സർക്കാർ വിജയിച്ച ഏക കാര്യവും ഇത് തന്നെയാണ്. ഉമ്മൻ ചാണ്ടി ഇത് ജനങ്ങളോട് പറയാൻ മറന്നു പോയി. പക്ഷെ പിണറായി വിജയൻ വന്നപ്പോൾ നമുക്കത് ഓർമ വന്നു.  പൊലീസുകാർക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ പ്രതികൾ രക്ഷപെടില്ല അക്രമങ്ങൾ അവസാനിപ്പിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP