Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി; 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടു വന്ന നിയമം; ഗുജറാത്തിൽ കോളറെ നിയന്ത്രിച്ചതും 2015 ൽ ചണ്ഡീഗഡിൽ ഡെങ്കിപ്പനിയും മലേറിയയും ചെറുത്തതും ഈ നിയമത്തിലൂടെ; കോവിഡ് കാലത്ത് നിയമ ലംഘകർക്ക് എന്ത് സംഭവിക്കും: അഡ്വ സുനിൽ സുരേഷ് എഴുതുന്നു

മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി; 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർ കൊണ്ടു വന്ന നിയമം; ഗുജറാത്തിൽ കോളറെ നിയന്ത്രിച്ചതും 2015 ൽ ചണ്ഡീഗഡിൽ ഡെങ്കിപ്പനിയും മലേറിയയും ചെറുത്തതും ഈ നിയമത്തിലൂടെ; കോവിഡ് കാലത്ത് നിയമ ലംഘകർക്ക് എന്ത് സംഭവിക്കും: അഡ്വ സുനിൽ സുരേഷ് എഴുതുന്നു

അഡ്വ സുനിൽ സുരേഷ്‌

1897 ൽ ബ്രിട്ടീഷ് ഭരണകാലത്ത് പാസാക്കിയ ഒരു നിയമം ആണ് പകർച്ചവ്യാധി നിയമം. നൂറും ഇരുന്നൂറും വകുപ്പുകൾ ഉള്ള നിയമങ്ങളെ അപേക്ഷിച്ചു വെറും നാല് വകുപ്പുകൾ മാത്രമാണ് ഈ നിയമത്തിൽ ഉള്ളത്. പകർച്ചവ്യാധികളും മറ്റും പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ അവയുടെ വ്യാപനം തടയുന്നതും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വിശാല അധികാരം നൽകുന്ന ഒരു നിയമമാണിത്. മുഖ്യലക്ഷ്യം പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുക എന്നത് തന്നെ.

ഈ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശങ്ങൾക്കും സംസ്ഥാന ഗവൺമെന്റ്കൾക്കും പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ നിർദ്ദേശങ്ങൾ നൽകുന്നതിനോ അധികാരം ഉണ്ടായിരിക്കുന്നതാണ്. നിയമത്തിന്റെ 2A വകുപ്പ് പ്രകാരം ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും പുറപ്പെടുന്നതോ എത്തിച്ചേരുന്നതോ ആയ കപ്പലുകളോ മറ്റ് യാനങ്ങളോ പരിശോധിക്കുന്നതിനും അവയുടെ യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ഗവൺമെന്റ് അധികാരപ്പെട്ടിരിക്കുന്നു. ഇന്ത്യയിലേക്കോ ഇന്ത്യയ്ക്ക് വെളിയിലേക്കോ സഞ്ചരിക്കുന്ന യാത്രികർക്ക് മേൽ ഏർപ്പെടുത്താവുന്ന നിയന്ത്രണങ്ങളും, നൽകാവുന്ന നിർദ്ദേശങ്ങളും നിയമം വിഭാവനം ചെയ്യുന്നു.

പകർച്ചവ്യാധി നിയമപ്രകാരമുള്ള ഉത്തരവ് ലംഘിക്കുന്ന ഏതൊരാളും ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 188 പ്രകാരം 'ഒരു പൊതു സേവകൻ പുറപ്പെടുവിക്കുന്ന ഉത്തരവ് പാലിക്കാതിരിക്കുക' എന്ന കുറ്റത്തിന് ആറ് മാസം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കുന്നതിന് ബാധ്യസ്ഥൻ ആയിരിക്കുന്നതാണ്. പൊതു സേവകരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുക, പൊതുശല്യം ആവുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യുക എന്നിവയ്ക്ക് ഒരു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. ഇനി കാര്യമാത്രപ്രസക്തമായ നാശനഷ്ടങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കിയിട്ടില്ലെങ്കിൽകൂടി ഔദ്യോഗിക ഉത്തരവ് ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ മാത്രം 188 പ്രകാരം കേസെടുക്കാവുന്നതാണ്. പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്നതും എന്നാൽ ജാമ്യം ലഭിക്കാവുന്നതുമായ കുറ്റങ്ങളാണ് ഈ നിയമത്തിൽ ഉള്ളത്.

നിലവിൽ മറ്റു നിയമങ്ങൾ ഉണ്ടെങ്കിൽ കൂടി അവ പര്യാപ്തമല്ലാതെ വരുന്ന സാഹചര്യത്തിലാണ് പകർച്ചവ്യാധി നിയമത്തിന്റെ പ്രസക്തി. 1890 കാലഘട്ടത്തിൽ ബോംബെ പ്രസിഡൻസിയെ ഒന്നാകെ ബാധിച്ച പ്ലേഗ് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷുകാർ ഈ നിയമം നടപ്പിലാക്കിയത്. 2018 ൽ ഗുജറാത്തിലെ ചില ഭാഗങ്ങളിൽ കോളറ പടർന്നു പിടിച്ചപ്പോഴും 2015 ൽ ചണ്ഡീഗഡിലെ ചിലഭാഗങ്ങളിൽ ഡെങ്കിപ്പനിയും മലേറിയയും പിടിമുറുക്കിയപ്പോഴും പകർച്ചവ്യാധി നിയമം പ്രയോഗിച്ചിരുന്നു.

നിലവിലെ സാഹചര്യം കുറേക്കൂടി ശക്തമായി നേരിടാൻ പകർച്ചവ്യാധി ഓർഡിനൻസും ഗവർണർ പുറപ്പെടുവിച്ചിട്ടുണ്ട്. (കേരള എപ്പിഡർമിക് ഡിസീസസ് ഓർഡിനൻസ് 2020 ) ഇത് പ്രകാരം കേരള സംസ്ഥാനത്തേക്ക് കര കടൽ ആകാശ മാർഗ്ഗങ്ങളിലൂടെ എത്തിച്ചേരുന്ന വ്യക്തികളെ പരിശോധിക്കുവാനും അവരുടെ സഞ്ചാരത്തിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. പകർച്ചവ്യാധി നിയന്ത്രണ വുമായി ബന്ധപ്പെട്ട ന്യായയുക്തമായ ഏതു നടപടികളും ഓർഡിനൻസ് പ്രകാരം ന്യായീകരിക്ക പെട്ടിരിക്കുന്നു. ഗതാഗതം, സാമൂഹികമായ ഒത്തുചേരലുകൾ, സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് മേലുള്ള കൃത്യമായ നിയന്ത്രണങ്ങൾ ഓർഡിനൻസ് പ്രകാരം ഏർപ്പെടുത്താം. നിയമ ലംഘനം നടത്തുന്നവർക്ക് രണ്ടു വർഷം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കാവുന്നതാണ്.

നിലവിൽ പ്രത്യേക നിയമമായ പകർച്ചവ്യാധി നിയമം ഉള്ളപ്പോൾത്തന്നെ രണ്ടാമതൊരു ഓർഡിനൻസിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടിരുന്നു. മുൻപ് ആറ് മാസം തടവും ആയിരം രൂപ പിഴയും എന്നത്, രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയും എന്നതിലേക്ക് കടുപ്പിച്ചതിലൂടെ നടന്നുവരുന്ന നിയമലംഘനങ്ങൾ പരമാവധി കുറയ്ക്കുക എന്നതാണ് ഉദ്ദേശം.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ പതിനാലാം അധ്യായത്തിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ജീവന് ഭീഷണി ആയേക്കാവുന്ന രോഗങ്ങൾ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്ന രീതിയിൽ അലക്ഷ്യമായി കാര്യങ്ങൾ ചെയ്താൽആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. അത്തരം കാര്യങ്ങൾ മനപ്പൂർവം ചെയ്യുന്നത് രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനിടയാക്കും.

ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 188, 269, 270 വകുപ്പുകൾ പ്രകാരം കേസ് എടുക്കാവുന്നതും ആറ് മാസം മുതൽ രണ്ടു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP