Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു

പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ; പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്; ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും; എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി! അമീറ ഐഷബീഗം എഴുതുന്നു

തിവ് പോലെ പ്രണയികളെ തിരഞ്ഞു ഇറങ്ങിയിട്ടുണ്ട് സ്വയം പ്രഖ്യാപിത സദാചാര കാവലാളുകൾ. ഭാരതീയ സംസ്‌കാരത്തിന്റെ പതാക വാഹകർ.അടുക്കളയിലും തീന്മേശയിലും ജ്ഞാനോത്പാദന ഇടങ്ങളിലുമെല്ലാം കേറി ഇറങ്ങി മതിയായില്ല പോലും. സിനിമ തീയേറ്ററിലും പബ്ബിലും പാർക്കിലും ബീച്ചിലും ഒക്കെ അവരുണ്ടാകുമെന്ന്. പബ്ലിക് ആയി പ്രണയം ആഘോഷിച്ചാൽ ഫ്രീ ആയി കല്യാണം എന്ന ഭീഷണി ഓഫർ കൂടെ ഉണ്ട്. ലൗ ജിഹാദികളുടെ കയ്യിൽ പെടാതെ ഒളിച്ചിരിക്കാനുള്ള ഉപദേശവും ഇടമുറിയാതെ എത്തുന്നുണ്ട്.

എല്ലാം ഭാരതീയ സംസ്‌കാരത്തിന് വേണ്ടി!

ശരിയാണ് ഭാരതീയ സംസ്‌കാരത്തിൽ വാലൻന്റൈൻ ആഘോഷമുണ്ടായിരുന്നില്ല. എന്നാൽ
ഭാരതീയ സംസ്‌കാരത്തിൽ പ്രണയമുണ്ടായിരുന്നു എന്നത് നിഷേധിക്കാനാവാത്ത ഒരു സത്യം മാത്രമാണ്. എത്ര കൊത്തിയരിയാൻ നോക്കിയാലും, അനേകം മിത്തുകളും ഐതീഹ്യങ്ങളും
കഥകളും ഉപകഥകളുമായി പടർന്നു പന്തലിച്ചു നിൽക്കുന്ന
ചരിത്ര മുത്തശ്ശിക്ക് പറയാനുള്ളത് പ്രണയത്തിന്റെ ഒട്ടേറെ മനോഹരമായ കഥകളാണ്.
ആ തണലിൽ ഇരുന്നു കഥ കേട്ടവർ അനവധി...
ഇനി കേൾക്കാനുള്ളവരും... ഒരായുസ്സിന്റെ പ്രണയാമൃതം നുകർന്ന് അവർ യാത്ര തുടരുമ്പോൾ സംസ്‌കാരത്തെ ചൊല്ലി പോര്വിളികൾ മുഴക്കിയവർ തടഞ്ഞു വീഴും. അവർ വിരിച്ച വിദ്വേഷത്തിന്റെ മുള്ളുകളിൽ സ്വയം ഉടക്കി...
...

ചില കഥകൾ കേൾക്കണം... ഓർക്കണം...പ്രണയത്തിനു വേണ്ടി ജാതി മത മതിലുകൾ തകർത്തെറിഞ്ഞവരെ നെഞ്ചേറ്റിയ ഒരു ജനതയായിരുന്നു നാം...
അവരുടെ കഥകൾ പാടി നടന്നവരും ...
അവരുടെ സ്‌നേഹ ഗാഥകൾ കൂടെ ചേർത്തു നെയ്‌തെടുത്തതാണ് ഇന്നും നിറം മങ്ങാത്ത നമ്മുടെ കഥകളുടെ പട്ടു വിരികൾ...

സിറിയയും ആട് മേക്കലും എല്ലാം നമ്മുടെ പൊതുബോധത്തിൽ ഭീതിയുടെ വിത്തുകൾ വിതക്കുന്നതിനു മുൻപ് ...

ഇവിടെ ...
റാണി രൂപമതിയും സുൽതാൻ ബാസ് ബഹദൂറും ഉണ്ടായിരുന്നു. സംഗീത പ്രേമിയായിരുന്ന മുസ്ലിം സുൽത്താൻ ബാസ് ബഹാദൂർ രൂപമതിയെന്ന ഹിന്ദു ഗായികയുടെ രൂപത്തിലും പാട്ടിലും മയങ്ങിയതും ഹിന്ദു മുസ്ലിം ആചാരങ്ങൾ പ്രകാരം വിവാഹം കഴിച്ചു അവരെ മാൽവയുടെ രാജ്ഞിയാക്കിയതും ചരിത്രത്തിന്റെ ഭാഗം. സുൽത്താന് രാജ്ഞിയോടുണ്ടായിരുന്ന പ്രണയത്തിന്റെ സ്മാരകമായി രേവാകുന്ദും റാണി രൂപമതി പാവലിയനും ഇന്നും പ്രണയികളെ വിസ്മയിപ്പിക്കുന്നു.

സാസ്സി - പുന്നൂ എന്ന പേരിൽ പ്രസിദ്ധമായ അനശ്വര പ്രണയ കഥ പറയുന്നതും ഹിന്ദു മുസ്ലിം ട്രൈബുകളിലെ അനന്തരാവകാശികളുടെ പ്രണയവും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ്. വിവാഹിതരായിട്ട് പോലും ബന്ധുക്കളുടെ ഉപജാപങ്ങളും കുതന്ത്രങ്ങളും പരസ്പരം അകറ്റിയപ്പോൾ മരണത്തിൽ ഒന്നിച്ച അവരുടെ ശവകുടീരം ഇന്നും തീർത്ഥാടന കേന്ദ്രമാണ്.

പഞ്ചാബിൽ നിന്ന് തന്നെയുള്ള മറ്റൊരു ദുരന്ത പ്രണയകാവ്യമാണ് സോണി -മഹിവാൾ... കുംഭാര കുടുംബത്തിലെ സുന്ദരിയായ സോണിയും അവളെ സ്‌നേഹിച്ചു അവളുടെ സാമീപ്യത്തിനായി അവളുടെ വീട്ടിലെ വേലക്കാരനായി പോലും വേഷം കെട്ടിയ ധനികനായ കച്ചവടക്കാരൻ ഷഹ്സാദ ഇസത് ബെയ്ജിന്റെയും( മഹിവാൾ) പ്രണയവും ഒരുമിച്ചുള്ള മരണത്തെ പുല്കലും ഒരു ജനതയെ ഇന്നും പുളകം കൊള്ളിക്കുന്നു എന്നതിന് സാക്ഷ്യം ഇപ്പോഴും സോണിയുടെ ശവകുടീരത്തിലേക്കെത്തുന്നതീർത്ഥാടകർ തന്നെ.

ഗോൽകൊണ്ടയിലെ ഖുതബ് ഷാഹി ഡയനാസ്റ്റിയിലെ അഞ്ചാമത്തെ ഭരണാധികാരിയും ഹൈദരാബാദ് നഗരത്തിന്റെ ശില്പിയുമായ ഖുലി ഖുതബ് ഷായുടെ ഹിന്ദു പ്രണയിനി ഭാഗ്മതീക്കു വിവാഹ ശേഷം നൽകപ്പെട്ട ഹൈദർ മഹൽ എന്ന പേരിലാണ് ആ നഗരം അറിയപ്പെടുന്നത്.

ജോധ്പുർ രജപുത്ര രാജകുമാരിയെ മുഗൾ ചക്രവർത്തിക്ക് കൈ പിടിച്ചേല്പിച്ചത് അവരുടെ പിതാവ് രാജ ബിഹാരി മാൽ ആണ്.

പേഷ്വാ ബാജിറാവുന്റെ മുസ്ലിം വേരുകളുള്ള പ്രണയിനി മസ്താനിയെയാണ് ലോകം അറിഞ്ഞതും സ്‌നേഹിച്ചതും

ജാതി മത ലെന്‌സിലൂടെ നോക്കിയല്ല ഈ പ്രണയകഥകളൊന്നും നമ്മൾ തലമുറകളായി കൈമാറിയത്. നമ്മുടെ പ്രണയ സങ്കല്പങ്ങളെ ജ്വലിപ്പിച്ച ഈ കഥകൾ എല്ലാം തന്നെ പൈതൃകാഹങ്കാരമാക്കി കൊണ്ട് നടന്നത് ഇവിടത്തെ ഹിന്ദുവും മുസ്ലിമും അല്ല ഭാരതീയർ ആണ്.

ഷാജഹാനെയും മുംതാസിനെയും ...
അനാർക്കലിയെയും സലിം രാജകുമാരനെയും...
പൃഥ്വിരാജ് ചൗഹാനെയും സംയുക്തയെയും ...
നൂർജഹാനെയും ജഹാൻഗീറിനെയും ...
ബാപ്പാദിത്യയെയും സോളങ്കിയെയും ...
അമ്രപാലിയേയും ബിംബിസാരയെയും ...
മുമലിനെയും മഹേന്ദ്രയെയും ...
എല്ലാം നമ്മൾ ഇന്നുംഓർക്കുന്നത് അവരുടെ നിസ്വാർത്ഥ പ്രണയത്തിന്റെ പേരിൽ തന്നെയാണ്.

പ്രണയ കുടീരമായ താജ്മഹൽ ശിവക്ഷേത്രമെന്നു പറയിക്കുന്നതിൽ ഒരുപക്ഷെ ചരിത്രത്തെ അപഹസിച്ചു ശീലിച്ചവർ വിജയിച്ചേക്കാം...
ചരിത്ര സ്മരണകളെ കുഴി കുത്തി മൂടാൻ യത്‌നിക്കുന്നവർ നാളെ ഓരോ പ്രണയസ്മാരകങ്ങളും തച്ചുടച്ചേക്കാം...
വൈരികൾ പ്രണയ കഥകളും ഗീതങ്ങളും അഗ്‌നിക്കിരയാക്കിയേക്കാം...

ലഖ്നൗ സർവകലാശാലകളെ പോലെയുള്ള വിദ്യാകേന്ദ്രങ്ങളെ കൊണ്ട് പ്രണയദിനം ആഘോഷിക്കാൻ പാടില്ലെന്ന് ഉത്തരവ് ഇറക്കിക്കുന്നതിൽ വരെ വിജയിച്ചിട്ടുണ്ടാകാം ചിലർ ...

എങ്കിലും ഈ ദിനവും ഈ ലോകവും പ്രണയിക്കുന്നവരുടേതായി തന്നെ നിലനിൽക്കും

കാരണം റൂമി പറഞ്ഞത് പോലെ ' സ്‌നേഹമാണ് നിങ്ങൾക്കും മറ്റെല്ലാത്തിനുമിടയിലുള്ള പാലം'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP