Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്പർ 10 ജൻപഥിനു മുന്നിൽ കാവൽ കിടക്കുന്ന കോൺഗ്രസുകാരേ... ഓർമയുണ്ടോ ഈ മുഖം! ചേറ്റൂർ ശങ്കരൻ നായരുടെ ജന്മവാർഷികം എല്ലാവരും മറന്നു

നമ്പർ 10 ജൻപഥിനു മുന്നിൽ കാവൽ കിടക്കുന്ന  കോൺഗ്രസുകാരേ... ഓർമയുണ്ടോ ഈ മുഖം! ചേറ്റൂർ ശങ്കരൻ നായരുടെ ജന്മവാർഷികം എല്ലാവരും മറന്നു

പാലക്കാട്: തട്ടിപ്പുകേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വെക്കണമോയെന്ന് ആരാഞ്ഞ് നമ്പർ 10 ജൻപഥിലെ സോണിയാ ഗാന്ധിയുടെ വസതിക്കു മുന്നിൽ കാവൽ കിടക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഈ മനുഷ്യനെ ഓർമയുണ്ടാവില്ല. ഓർമയുള്ളവർക്കു തന്നെ ഓർമിക്കാൻ സമയവുമില്ല. എന്നാൽ, കോൺഗ്രസിന്റെയും ഇന്ത്യയുടെയും ചരിത്രം പഠിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പേരാണത് - ചേറ്റൂർ ശങ്കരൻനായർ. ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിൽ മലയാളിയായ ഏക എ.ഐ.സി.സി പ്രസിഡന്റ്! ഇന്നലെ അദ്ദേഹത്തിന്റെ 156-ാം ജന്മവാർഷികമായിരുന്നു. ആരും അറിഞ്ഞില്ല, ആരും ഓർത്തില്ല.

1897ൽ മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന 13-ാം കോൺഗ്രസ് സമ്മേളനത്തിലാണ് അന്നു 39 വയസു മാത്രമുണ്ടായിരുന്ന ചേറ്റൂരിനെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കുന്നത്. ഒരു പ്രക്ഷുബ്ധകാലത്ത് കോൺഗ്രസിനെ കൈപിടിച്ചു നടത്തിയ ധിഷണാശാലിയായിരുന്നു ഈ അഭിഭാഷകൻ.

അലിഗഡ്, ബനാറസ്, ഡാക്കാ സർവകലാശാലകൾ സ്ഥാപിക്കാൻ മുൻകൈയെടുത്ത ചേറ്റൂർ 1915-ൽ വൈസ്രോയിയുശട എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായി. ജാലിയൻവാലാ ബാഗ് വെടിവെപ്പിൽ പ്രതിഷേധിച്ച് അംഗത്വം രാജി വച്ച ചേറ്റൂരിന് വേനൽക്കാല തലസ്ഥാനമായ സിംല മുതൽ ഡൽഹി വരെയും അവിടെ നിന്നു മദ്രാസ് വരെയും രാജകീയ സ്വീകരണം ലഭിച്ചു.

'ഇന്ത്യ മുഴുവൻ അങ്ങേക്കു പിന്നിൽന' എന്ന സന്ദേശമയച്ചാണ് മോട്ടിലാൽ നെഹ്‌റു ഈയവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചത്. 50 വർഷക്കാലം ഇന്ത്യൻ പൊതുജീവിതത്തിൽ നിറഞ്ഞു നിന്ന ചേറ്റൂർ ശങ്കരൻനായർ താൻ ജീവിച്ചിരുന്ന കാലത്തെ ഏറ്റവും പ്രശസ്തനായ മലയാളിയായിരുന്നു.
എന്നാൽ, മരണശേഷം അതിക്രൂരമായാണ് അദ്ദേഹം അവഗണിക്കപ്പെട്ടത്. എ.ഐ.സി.സിയുടെയോ കെ.പി.സി.സിയുടെയോ ഓഫീസിൽ ഇദ്ദേഹത്തിന്റെയൊരു ചിത്രമില്ല.

ഒറ്റപ്പാലംകാരനായ ചേറ്റൂരിന്റെ ഒരു ചിത്രം പാലക്കാട് ഡി.സി.സിയിൽ പോലുമില്ലെന്നതാണ് സത്യം.
ജൂലൈ 11 വ്യാഴാഴ്ച അദ്ദേഹത്തിന്റെ 156-ാം ജന്മവാർഷികമായിരുന്നു. ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചു കൊണ്ടു പ്രാദേശിക കമ്മിറ്റി പോലും ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായില്ല. ചേറ്റൂരിന്റെ പേരിൽ കേരളത്തിലെവിടെയും സ്മാരകങ്ങളോ പ്രതിമകളോ ഇല്ല.

ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുമ്പ് ഒന്നു കൂടി പറഞ്ഞാലേ പൂർണമാകൂ. കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ അഖിലേന്ത്യാ സമ്മേളനം 1924ൽ ഒറ്റപ്പാലത്തു നടന്നത് ചേറ്റൂരിന്റെ മുൻകൈയിലാണ്. ആ സമ്മേളനം നടന്നിടത്ത് ഇന്നൊരു പഞ്ചനക്ഷത്ര കള്ളുഷാപ്പാണ് - അരമന ബാർ! ഇനി കൂടുതലായി എന്തെങ്കിലും പറയണോ!!!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP