Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോജി റോയിയുടെ മരണം കേരളത്തിൽ ഒരു തുടർക്കഥ

റോജി റോയിയുടെ മരണം കേരളത്തിൽ ഒരു തുടർക്കഥ

സന്തോഷ് പവിത്രമംഗലം

ദൈവത്തിന്റെ സ്വന്തം നാടെന്ന് മലയാളികൾ ഊറ്റം കൊള്ളുമ്പോൾ, ആരെങ്കിലും ചിന്തിക്കുന്നുണ്ടോ മാംസഭോജികളായ വന്യമ്യഗങ്ങൾപോലും അതിന്റെ വർഗത്തിൽപ്പെട്ട ജന്തുക്കളോട് മാന്യത പുലർത്താറുണ്ട് എന്നുള്ളവസ്തുത. എന്നാൽ കേരളത്തിലെ ചിലരിൽ നിന്നും മാന്യതയും സദാചാരവും എന്നേ നഷ്ടപ്പെട്ടു. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകമില്ലാത്ത വന്യജീവിയായിമാറുന്നു നമ്മളിൽ പലരും. കാമാസക്തി തീർക്കുവാൻ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും പിച്ചിചീന്തുന്നവർ. റോജി റോയിയുടെ മരണം ഇവിടുത്തെ ഒരു വിഭാഗം മനുഷ്യസ്‌നേഹികളുടെ മനഃസാക്ഷിയെ വേദനിപ്പിച്ച ഒരു സംഭവമാണ്.

പൊലീസിന്റെ കേസ് ഡയറിയിൽ ഒരു അദ്ധ്യായംകൂടി എഴുതിചേർക്കപ്പെട്ടു. സമാനമായ സംഭവങ്ങൾ മുമ്പും ഇവിടെ ധാരാളമായി നടന്നിട്ടുണ്ട്. ആ കുറച്ചു ദിവസത്തേക്ക് ചില മാദ്ധ്യമങ്ങൾ അത് ഏറ്റെടുക്കുകയും സ്ഥാപനങ്ങളുടെ സ്വാധീനം അനുസരിച്ച് നാമമാത്രമായ ഒരു അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കുന്ന ഒരു സ്ഥിതിയാണ് നമ്മുടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങൾ എന്തുകൊണ്ട് വീണ്ടും ആവർത്തിക്കുന്നു, എങ്ങനെ ഇതിനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം എന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുവാൻ അധികാരകേന്ദ്രങ്ങൾക്കോ, തൊട്ടതിനൊക്കെയും വിദ്യാർത്ഥിസമരം നടത്തി പൊതുമുതൽ നശിപ്പിക്കുന്നവർക്കോ കഴിയുന്നില്ല. കോളേജിൽ അപമര്യാദയായി പെരുമാറുന്ന പണക്കാരുടെ മക്കളെ പുറത്താക്കിയാൽ അതിനെ ചോദ്യം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾ കാട്ടുന്ന ഉത്‌സാഹം പാവപ്പെട്ട കുടുംബളിലെ മാതാപിതാക്കളുടെ പ്രതീക്ഷയായി സമർത്ഥമായി പഠിച്ചുവരുന്ന കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞാലും ലഭ്യമാകുന്നില്ല.

സദാചാര പൊലീസിന്റെ ഗുണ്ടായുസത്തിനെതിരെ കൊച്ചിയിലെ യുവതിയുവാക്കൾ സംഘടിച്ചപ്പോൾ കെ എസ് യു പോലുള്ളസംഘടനകൾ ശക്തമായി അതിനെ എതിർത്തുകൊണ്ട് രംഗത്തുവന്നത് ജനങ്ങൾ കണ്ടതാണ്. ചുംബന സമരത്തോട് പൂർണ്ണമായി യോജിക്കുന്നില്ലെങ്കിലും സമൂഹത്തോട് നീതി പുലർത്തേണ്ട ഉത്തരവാദിത്വം ഇവിടുത്തെ എല്ലാരാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. റോജി റോയിയുടെ മരണം ഇവിടുത്തെ രാഷ്ട്രീയ സഘടനകളും പ്രമുഖ മാദ്ധ്യമങ്ങളും ശരിയായവിധം ഏറ്റെടുത്തിട്ടില്ല. ഇവരുടെ താത്പര്യങ്ങൾ മറ്റുപലതിലുമാണ്. പാവപ്പെട്ടവനെ സംരക്ഷിക്കുവാനും അവന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുവാനും നിർഭാഗ്യവശാൽ ഇവിടെ ആരുംതന്നെയില്ല. നേഴ്‌സിങ്ങ് തൊഴിൽ പഠിച്ച്, ഏതെങ്കിലും സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചാലും ഈക്കൂട്ടരുടെ അവസ്ഥ പരിതാപകരമാണ്. അമിത ജോലിഭാരവും, ശരിയായവേതനം ലഭിക്കാതെയും പീഡനങ്ങൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ ദുരാവസ്ഥയ്ക്ക് ശരിയായവിധം പരിഹാരം കാണുവാൻ ഒരുസർക്കാരിനും കഴിയുന്നില്ല. സ്വകാര്യമേഖലയിൽ പ്രൊഫഷണൽ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങളിലെ മേലധികാരികളുടെ പീഡനത്തിന് ഇരയായി ജീവൻ പൊലിഞ്ഞിട്ടുള്ള നമ്മുടെ സഹോദരീസഹോദരങ്ങൾ അനേകമാണ്. അതിനെക്കാൾ എത്രയോ അധികമായിരിക്കും അവിടുത്തെ പീഡനങ്ങൾ സഹിക്കവയ്യാതെ പഠിപ്പ് ഉപേക്ഷിച്ചവരും മാനസികനില തകർന്നവരും. ആത്മഹത്യയുടെ കണക്കുകൾ മാത്രമെ ഇന്ന് പുറംലോകം അറിയുന്നുള്ളൂ. ഇതുപോലെയുള്ള സംഭവങ്ങൾ ശരിയായവിധം ജനങ്ങളിൽ എത്തിക്കുവാൻ ഇവിടുത്തെ മുൻനിരമാദ്ധ്യമങ്ങൾക്ക് കഴിയുന്നതുമില്ല. അഥവാ ഈ വിഷയം ചൂടേറിയ ഒരു ചർച്ചയാകുമ്പോൾ, ഇത് പ്രസ്ഥാനത്തെ തകർക്കുവാൻ ഉള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണ് എന്ന് പറയുവാൻ ഒരു വാർത്താസമ്മേളനം നടത്തി സ്ഥാപനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർ തലയൂരുന്നു. അതോടുകൂടി എല്ലാ പ്രതിഷേധങ്ങളും അവസാനിക്കുന്നു. ഇതുപോലെയുള്ള സംഭവങ്ങളിൽ ഏതെങ്കിലും കേസുകളിൽ കുറ്റവാളികൾ ശരിയായവിധം മാത്യകാപരമായി ശിക്ഷയ്ക്കപ്പെട്ടിരുന്നെങ്കിൽ വീണ്ടും ഇവിടെ റോജിമാരുടെ ജീവൻ പൊലിയുകയില്ലായിരുന്നു. ആർക്കും ഇവിടെ പഠിപ്പ് അവസാനിപ്പിയ്‌ക്കേണ്ടിവരില്ലായിരുന്നു.

പണക്കൊഴുപ്പിൽ എന്തും ആകാമെന്ന് ഒരു സ്വകാര്യസ്ഥാപകനും അഹങ്കരിക്കില്ലായിരുന്നു. കിംസ് ആശുപത്രി ലോകത്തിന്റെ നാനാഭാഗത്തുള്ള രോഗികൾക്ക് നല്കുന്ന സേവനത്തെ വിസ്മരിക്കുന്നില്ല. അവരുടെ സേവനങ്ങൾ പ്രശംസനീയമാണ്. എന്നാൽ ഇതുപോലെയുള്ള സ്ഥാപനങ്ങൾക്ക് കളങ്കം ചാർത്താൻ അധികാരസ്ഥാനത്ത് നുഴഞ്ഞുകയറുന്ന ഇത്തിൾകണ്ണികളെ മാനേജ്‌മെന്റുകൾ തിരിച്ചറിയണം. ഇവർ നിങ്ങളുടെയും സമൂഹത്തിന്റെയും അഭ്യൂദയകാംക്ഷികളല്ല. ഇങ്ങനെയുള്ളവർ സമൂഹത്തിന്റെ വിപത്താണ്. അവരെ നിയമത്തിന്റെ മുമ്പിൽ എത്തിച്ചാൽ ഒരിക്കലും ആ സ്ഥാപനത്തിന്റെ മൂല്യം ഇടിയുകയില്ല, പകരം സമൂഹത്തിൽ അവരുടെ മാന്യതവർദ്ധിക്കുകയേയുള്ളൂ. എന്നാൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാനും ഇടയാകരുത്. സ്വകാര്യസ്ഥാപനത്തിൽ പഠിച്ചതിന്റെയും ജോലി ചെയ്യുന്നതിന്റെയും പേരിൽ ഒരു മനുഷ്യ ജീവൻപോലും അകാലത്തിൽ പൊലിയരുതേ എന്ന് ആശിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP