Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അറിയിക്കാനുള്ള അവകാശം പോലെ തന്നെ അറിയാനുള്ള അവകാശവും ഹനിച്ചുകൂടാ; ബോധപൂർവം ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ആണയിടുന്ന പ്രസ്തുത ചാനൽ അവരുടെ റേറ്റിങ് ഉയർത്തിയ പ്രേക്ഷകരോടെങ്കിലും മാപ്പപേക്ഷക്കു പിന്നിലെ സത്യം വെളിപ്പെടുത്തേണ്ടതായിരുന്നു: നിർഭയം, നിരന്തരം... മാപ്പിരക്കുന്നവർ: ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വിവാദത്തിൽ ഡോ എസ് ശിവപ്രസാദ് എഴുതുന്നത്

അറിയിക്കാനുള്ള അവകാശം പോലെ തന്നെ അറിയാനുള്ള അവകാശവും ഹനിച്ചുകൂടാ; ബോധപൂർവം ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ആണയിടുന്ന പ്രസ്തുത ചാനൽ അവരുടെ റേറ്റിങ് ഉയർത്തിയ പ്രേക്ഷകരോടെങ്കിലും മാപ്പപേക്ഷക്കു പിന്നിലെ സത്യം വെളിപ്പെടുത്തേണ്ടതായിരുന്നു: നിർഭയം, നിരന്തരം... മാപ്പിരക്കുന്നവർ: ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് വിവാദത്തിൽ ഡോ എസ് ശിവപ്രസാദ് എഴുതുന്നത്

ഡോ എസ് ശിവപ്രസാദ്

തെറ്റ് ഏറ്റു പറച്ചിലും മാപ്പ് പറയുന്നതും അന്തസ്സാണ്. പക്ഷെ ചെയ്തത് ശരിയാണെന്ന് വീമ്പിളക്കുകയും രഹസ്യമായി മാപ്പെഴുതി നൽകുകയും ചെയ്താലോ? കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് മാർച്ച് 6 ന് 7.30 മുതൽ രണ്ട് മലയാള ചാനലുകളുടെ സംപ്രേഷണം വാർത്താ വിതരണ വകുപ്പ് നിർത്തലാക്കിയതിനെ തുടർന്ന് ഇരുട്ടിലായ മണിക്കൂറുകൾ... ഏതോ കൂട്ടിൽ കയറി നിന്ന് കുമ്പസരിച്ച് നേരം ഇരുട്ടിവെളുക്കും മുമ്പ് മലയാളികളുടെ മാനം തീറെഴുതി നൽകിയാകണം ഇതിൽ ഒരു ചാനൽ പൊതു സമൂഹത്തിനു മുമ്പിൽ വീണ്ടും സേവനത്തിനിറങ്ങി. ഇതിനു പിന്നിലെ സത്യം ചുരുങ്ങിയ പക്ഷം അവരുടെ പ്രേക്ഷകരെ അറിയിക്കാനെങ്കിലുമുള്ള ബാധ്യത മലയാളത്തിലെ പ്രഥമ സ്ഥാനം അവകാശപ്പെടുന്ന ഈ ചാനലിന് ഇല്ലേ. ഇതൊന്നും ചെയ്യാതെ മന്ത്രി പോലുമറിയാതെയാണ് വിലക്കേർപ്പെടുത്തിയതെന്നും ഇത്തരം പ്രവണതകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും മറ്റും ചാനൽ പ്രസംഗം നടത്തുമ്പോൾ രാജ്യത്തെ മറ്റ് മാധ്യമങ്ങൾക്കു മുമ്പിൽ അവർ പരിഹാസപാത്രമാകുന്നു എന്നു മാത്രമല്ല പരീക്ഷിക്കപ്പെടുന്നത് മലയാളിയുടെ സാമാന്യബോധം കൂടിയാണ്.

'മാധ്യമങ്ങൾക്ക് 48 മണിക്കൂർ സംപ്രേഷണ വിലക്ക് എർപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യൻ ജനാധിപത്യത്തിനും എതിരായ നടപടി എന്ന നിലയിൽ പൊതു സമൂഹം ഇടപെടേണ്ടതാണ്.' 'സ്വാഭാവിക നീതിയുടെ ലംഘനമാണിത്'. ഇങ്ങനെ പോകുന്നു ചാനലിന്റെ വിശദീകരണങ്ങൾ. ഒക്കെ നൂറു ശതമാനം ശരി. തടിയൂരിയതിനെപ്പറ്റി ഒരക്ഷരം ഉരിയാടാത്തതെന്തേ? വിലക്കിന്റെ 48 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല, ചോറ്റാനിക്കര മകം തൊഴൽ, ഗുരുവായൂർ ഉത്സവം എന്നിവയുടെ തത്സമയ സംപ്രേഷണം നടത്താൻ കഴിയാതെ വന്നാലുള്ള സാമ്പത്തിക നഷ്ടം കണക്കാക്കുമ്പോൾ മാപ്പ് ആദ്യവും മാനം രണ്ടാമതുമായതായിരിക്കാം.

അറിയിക്കാനുള്ള അവകാശം പോലെ തന്നെ അറിയാനുള്ള അവകാശവും ഹനിച്ചുകൂടാ. ബോധപൂർവം ഒരിക്കൽ പോലും നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ആണയിടുന്ന പ്രസ്തുത ചാനൽ അവരുടെ റേറ്റിങ് ഉയർത്തിയ പ്രേക്ഷകരോടെങ്കിലും മാപ്പപേക്ഷക്കു പിന്നിലെ സത്യം വെളിപ്പെടുത്തേണ്ടതായിരുന്നു. മാധ്യമ ധർമ്മം നിറവേറ്റുന്നതിനിടയിൽ വരുന്ന ശിക്ഷാ നടപടികളിൽ നിന്നൊഴിവാകാൻ മാപ്പപേക്ഷ നൽകുന്നത് മരണതുല്യമാണ്. സത്യം അറിയാനുള്ള പ്രേക്ഷകരുടെ അവകാശം അന്യമാകുന്നുവെങ്കിൽ ചാനൽ പടച്ചു വിടുന്ന ഒരു മണിക്കൂർ വാർത്താനേരം വെറും വാചികമായ വയറിളക്കമെന്നേ പറയാൻ കഴിയൂ.

കലാപം റിപ്പോർട്ട് ചെയ്തതിലെ ശരി തെറ്റുകളും പ്രസ്തുത വിഷയത്തിന്മേൽ ഷോക്കോസ് നോട്ടീസ് വന്നത് വാർത്തയ്‌ക്കോ ചർച്ചയ്‌ക്കോ സംവാദങ്ങൾക്കോ വഴിയൊരുക്കിയില്ല എന്നതുമൊക്കെ അവിടെ നിൽക്കട്ടെ. മാപ്പെഴുതിയല്ല; വിലക്ക് എർപ്പെടുത്തിയവർ സ്വമേധയാ പിൻവലിക്കുകയായിരുന്നുവെന്ന് വിലക്ക് നേരിട്ട രണ്ടാമത്തെ ചാനൽ തല ഉയർത്തി നിന്ന് അന്തസ്സോടെ വിശദീകരിച്ചു. മാത്രമല്ല ജനകീയ വിചാരണ ഭയന്ന് സംഭവിച്ച പിഴവ് ജനാധിപത്യപരമായ രീതിയിൽ പിൻവലിച്ച സർക്കാർ നടപടിയെ പ്രശംസിക്കാനും അവർ മറന്നില്ല. മാപ്പെഴുതി നൽകിയില്ലെങ്കിൽ അതാണ് അന്തസ്സ്.

കുറച്ചു ചരിത്രം. ആഭ്യന്തര ക്രമസമാധാനം അപകടത്തിൽ എന്ന വിചിത്ര ന്യായം പറഞ്ഞായിരുന്നു മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സമ്മർദ്ദത്തിനു വഴങ്ങി പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദ് 1975 ജൂൺ 25 അർദ്ധരാത്രിക്ക് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ബിൽ ഒപ്പിട്ടത്. ജൂൺ 26 ലെ പ്രഭാത വാർത്തയിൽ നിന്നാണ് കാബിനറ്റ് മന്ത്രിമാർ പോലും അടിയന്തരാവസ്ഥയുടെ വാർത്ത ശ്രവിച്ചത്.

അഭിപ്രായ - പൗര സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിട്ട കറുത്ത നാളുകളായ അടിയന്തരാവസ്ഥയുടെ ആരംഭം കുറിച്ചതിന്റെ തൊട്ടടുത്ത ദിനം 1975 ജൂൺ 27. 'ശൂന്യ മുഖപ്രസംഗം' അവതരിപ്പിച്ചു കൊണ്ടാണ് ഇന്ത്യൻ എക്സ്‌പ്രസ്സ് പത്രം പുറത്തിറങ്ങിയത്. വ്യവസായി ആയിരിക്കുമ്പോഴും വാർത്തയുടെ ഉള്ളടക്കത്തിനും, സത്യസന്ധതയ്ക്കും, കൃത്യതയ്ക്കും ലാഭത്തിലുമധികം വില കൽപിച്ചിരുന്ന രാമനാഥ് ഗോയങ്കെയുടെ ചങ്കുറപ്പാണ് ഓർമ്മ വരുന്നത്. മുഖപ്രസംഗ ഭാഗം ഒഴിച്ചിട്ടാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങളെ ഗോയങ്കെ എന്ന ധീര ദേശാഭിമാനി തീഷ്ണതയോടെ അന്ന് നേരിട്ടത്. മാപ്പപേക്ഷ എഴുതാൻ അറിയാഞ്ഞിട്ടല്ല.

തുടർന്നുള്ള ദിവസങ്ങളിൽ സ്റ്റേറ്റ്‌സ്മാനും ദീപിക, ദേശാഭിമാനി തുടങ്ങിയ മലയാള പത്രങ്ങളും മുൻപിൻ നോക്കാതെ അപകടകമായ ആ വഴി സ്വീകരിച്ചതും ചരിത്രം. വിള നശിപ്പിക്കുന്ന വെട്ടുകിളികളെക്കുറിച്ചോ, ഇന്ത്യയ്ക്ക് പുറത്തുള്ള രാഷ്ട്രങ്ങൾക്കു മേലുള്ള അമേരിക്കൻ ഇടപെടലുകളെക്കുറിച്ചോ മുഖപ്രസംഗമെഴുതി ആശ്രിതത്വം അരക്കിട്ടുറപ്പിച്ച് നട്ടുവളർത്തിയ ആലിന്റെ സുഖശീതളിമയിൽ രമിച്ച അന്നത്തെ ചിലർ ഇന്ന് ' മുൻനിര മാധ്യമങ്ങളായി' മാറി. ഇപ്പോൾ ആരോപണ വിധേയരായ ചാനലുകൾ പ്രസ്തുത വിഷയം രാത്രി ചർച്ചക്കെടുത്തപ്പോൾ വിധേയത്വം മറക്കാത്ത ആ 'പഴയ മുൻനിരക്കാർ ' ക്ക് ഇതിലും മുന്തിയ പല വിഷയങ്ങളുണ്ടായിരുന്നു ചർച്ചക്കെടുക്കാൻ.

ദൃശ്യമാധ്യമങ്ങളില്ലായിരുന്ന കാലത്താണ് മുഖപ്രസംഗങ്ങൾ ഒഴിച്ചിട്ട് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള നീക്കത്തെ പ്രതിരോധിച്ചത്. ഇന്ന് അതല്ല സ്ഥിതി. സത്യം പറയാനാകുന്നില്ലെങ്കിൽ ദുഃഖ സാന്ദ്രമായ സംഗീതത്തിന്റെ അകമ്പടിയോടെ ഒരു മെഴുക് തിരി മാത്രം കത്തിച്ചു വച്ച് രാത്രിയിലെ ഒരു മണിക്കൂർ വാർത്താനേരം പ്രതിഷേധ സൂചകമായി ആൾക്കാരിലെത്തിച്ചിരുന്നെങ്കിൽ ! പരസ്പരം കൈകോർക്കേണ്ടുന്ന സമയങ്ങളിൽ വെട്ടുകിളി മുഖപ്രസംഗവും അമേരിക്കൻ ഇടപെടലുകളും ചർച്ച ചെയ്ത പഴയ ധീര ദേശാഭിമാനികളിൽ ആർക്കെങ്കിലും നിലപാട് മാറ്റമുണ്ടായോ എന്നറിയാനെങ്കിലും ഈ മാർഗ്ഗം സഹായകരമായേനെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP