Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു പിന്നാലെ മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദർശനം; 'വിജയന്റെ മാളിക' കാണണമെന്നു പറഞ്ഞ് പിണറായിക്ക് കത്ത്; തന്റെ 'രമ്യഹർമ്യ'ത്തിലേക്ക് ആ കഥാകാരിയെ ക്ഷണിച്ച് പിണറായിയും; മഹാശ്വേതാ ദേവിയുടെ കത്തുകൾ പറഞ്ഞതെന്ത്?

ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനു പിന്നാലെ മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദർശനം; 'വിജയന്റെ മാളിക' കാണണമെന്നു പറഞ്ഞ് പിണറായിക്ക് കത്ത്; തന്റെ 'രമ്യഹർമ്യ'ത്തിലേക്ക് ആ കഥാകാരിയെ ക്ഷണിച്ച് പിണറായിയും; മഹാശ്വേതാ ദേവിയുടെ കത്തുകൾ പറഞ്ഞതെന്ത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്തസാഹിത്യകാരി മഹാശ്വേതാദേവി ഇന്ന് വിടപറയുമ്പോൾ കേരളം ഓർക്കുന്ന കാര്യങ്ങളിലൊന്ന ടിപി ചന്ദ്രശേഖരന്റെ വധത്തിന് പിന്നാലെ കേരളത്തിലെത്തിയ അവർ ഒഞ്ചിയത്തെ വീട്ടിലെത്തിയതും ടിപിയുടെ വിധവ രമയെ സന്ദർശിച്ചതുമെല്ലാമാണ്. ആ സന്ദർശനത്തിനു പിന്നാലെ അവർ പിണറായി വിജയന് കത്തയച്ചതും അതിന് പിണറായി മറുപടി നൽകിയതുമെല്ലാം കേരളത്തിൽ വലിയ ചർച്ചയായി. ഈ പശ്ചാത്തലത്തിൽ 2012 ഓഗസ്റ്റ് നാലിന് ചിന്ത വാരികയിൽ തോമസ് ഐസക് എഴുതിയ ലേഖനം ഇവിടെ വായിക്കാം.

മഹാശ്വേതാ ദേവിയുടെ കത്തുകൾ പറഞ്ഞതെന്ത്?

സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടൽ നടത്തുന്ന എഴുത്തുകാരിൽ പ്രമുഖയാണ് മഹാശ്വേതാ ദേവി. ബംഗാളിലെയും ഝാർഖണ്ഡിലെയും ആദിവാസി മേഖലകളിലെ ഇടപെടലും ഇന്ത്യയിലെമ്പാടുമുള്ള ആദിവാസികളുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവരെ വ്യത്യസ്തയായ എഴുത്തുകാരിയാക്കുന്നുണ്ട്. തന്റെ സാഹിത്യലോകത്തിൽ പാവങ്ങളുടെയും അശരണരുടെയും നിന്ദിതരുടെയും പീഡിതരുടെയും പക്ഷം പിടിച്ച ഒരു പുരോഗമന സാഹിത്യകാരി ആണ് മഹാശ്വേതാ ദേവിയെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.

150 നോവലുകൾ, 350 കഥകൾ, നാടകങ്ങൾ, മറ്റു രചനകൾ ഒക്കെ ചേരുന്ന അവരുടെ വിപുലമായ സാഹിത്യജീവിതം അതിന് തെളിവാണ്. പക്ഷേ, ഇപ്പറഞ്ഞതൊന്നും ബംഗാളിലെ രാഷ്ട്രീയപ്രശ്‌നങ്ങളിൽ അവരെടുത്ത നിരുത്തരവാദപരമായ നിലപാടുകളെ വിമർശിക്കാതിരിക്കുന്നതിനുള്ള കാരണങ്ങളല്ല. സ്വതവേ ഇടതുപക്ഷ തീവ്രനിലപാടുകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന മഹാശ്വേതാ ദേവി നന്ദിഗ്രാമിലെ നിർഭാഗ്യകരമായ സംഭവങ്ങളെ തുടർന്നാണ് സിപിഐഎമ്മിനോട് കടുത്ത ശത്രുത പുലർത്താൻ ആരംഭിച്ചത്. മമതാ ബാനർജിയോടൊപ്പം തിരഞ്ഞെടുപ്പു പ്രവർത്തനത്തിനും അവർ ഇറങ്ങി. മാത്രമല്ല, ബംഗാളിലെ എഴുത്തുകാരെയും കലാകാരന്മാരെയും കലാകാരികളെയും ഇടതുപക്ഷത്തിനെതിരെ നയിക്കാനും മഹാശ്വേതാ ദേവി മുന്നിലുണ്ടായിരുന്നു. ബംഗാളിലെ മമതാ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മറ്റു ബുദ്ധിജീവികൾക്കൊപ്പം അവരും ഖേദിക്കുന്നുണ്ടാവും എന്നാണു ഞാൻ കരുതുന്നത്.

മഹാശ്വേതാദേവിയുടെ ഒഞ്ചിയം സന്ദർശനം

അവർ ഇടയ്ക്കിടെ കേരളം സന്ദർശിക്കുകയും രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. കേരളത്തിൽ വന്ന് അവർ നടത്തിയ പല അഭിപ്രായപ്രകടനങ്ങൾക്കും സുകുമാർ അഴീക്കോട്, എം മുകുന്ദൻ തുടങ്ങിയവർ മറുപടിയും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ കേരളത്തിലെ എഴുത്തുകാർ വേണ്ടത്ര പ്രതികരിക്കുന്നില്ല എന്ന ഖേദം ഒരിക്കൽ അവർ പ്രകടിപ്പിച്ചിരുന്നു. ഇവിടത്തെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രതികരിക്കാനും തങ്ങൾക്ക് അറിയാം എന്ന ഉചിതമായ മറുപടിയാണ് കേരളത്തിലെ എഴുത്തുകാർ അന്ന് അവർക്കുനൽകിയത്. തകഴി ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ മെയ്‌ 10ന് കേരളത്തിലെത്തിയ മഹാശ്വേതാ ദേവി 12 ന് ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ ഭാര്യ രമയെ സന്ദർശിച്ചു. കോഴിക്കോട് നടന്ന ഒരു യോഗത്തിൽ സംസാരിക്കുകയും ചെയ്തു. സിപിഐഎമ്മിനെതിരായി അതിരൂക്ഷമായ വിമർശനമാണ് ഇവിടെയൊക്കെ മഹാശ്വേതാ ദേവി നടത്തിയത്. സിപിഐഎമ്മിനെ കേരളത്തിൽ നിന്ന് തൂത്തെറിയണമെന്നുവരെ അവർ പറഞ്ഞു എന്നാണ് ഒരു പത്രം എഴുതിയത്! എത്ര മഹനീയവും ലളിതവുമായ ഒരു ആഹ്വാനം! എത്ര വലിയ എഴുത്തുകാരി പറഞ്ഞാലും ആ പ്രസ്താവനയിൽ നിഴലിക്കുന്നത് തികഞ്ഞ ജനാധിപത്യവിരുദ്ധതയാണെന്ന് പറയാതെ വയ്യ. അവിടം കൊണ്ടും നിർത്താൻ അവർ തയ്യാറായില്ല. കൊൽക്കത്തയിൽ തിരിച്ചെത്തിയപാടേ അവർ പിണറായി വിജയന് ഒരു തുറന്ന കത്തയച്ചു. അതിൽ പറയുന്നു:

'എല്ലാ തുറയിലും പെട്ടവർ എന്നെവന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവർ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേയ്ക്കുപോലും കേരളത്തിലെ ആർക്കും പോകാൻ സാധിക്കില്ലത്രേ!' ഏതു തുറയിൽ പെട്ടയാൾ ഓതിക്കൊടുത്തതായാലും ഈ പരാമർശനം വസ്തുതാവിരുദ്ധമാണ്. പിണറായി വിജയന്നും സിപിഐ എമ്മിനുമെതിരെ മഹാശ്വേതാദേവിയുടെ പ്രതികരണം നിർമ്മിക്കാൻ ഒരു ഉത്സാഹക്കമ്മിറ്റി ഓവർടൈം പണിയെടുക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ഈ പരാമർശം. ആ കത്ത് ഇങ്ങനെ തുടർന്നു:

'വിജയൻ! എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവൻ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്‌നനേത്രങ്ങൾക്ക് മുമ്പിൽ കാട്ടിക്കൊടുക്കാൻ അതിനരികിലേക്ക് അയാൾ കൂട്ടിക്കൊണ്ടുപോകാൻ ധൈര്യം കാട്ടി എന്നതാണ് എന്നവർ പറയുമ്പോൾ, എന്റെയുള്ളിൽ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകൾ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാൻ സാധിക്കില്ല';. ചുറ്റും കൂടിയ അപവാദനിർമ്മാതാക്കളുടെ നുണക്കഥകൾ കേട്ട് മഹാശ്വേതാദേവിയുടെ ഉള്ളിൽ ഭയം പൊന്തിവരുന്നതിന് സിപിഐഎമ്മിന്റെ കൈവശം ചികിത്സയൊന്നുമില്ല. നിന്ദാസ്തുതിയാണെങ്കിലും എന്റെ കണ്ണുകൾ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാൻ സാധിക്കില്ല എന്ന മഹാശ്വേതാദേവിയുടെ സമീപനത്തിൽ യുക്തിയുണ്ട്. നിർഭാഗ്യവശാൽ സിപിഐഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ ഇതേ യുക്തിബോധത്തോടെ സമീപിക്കാൻ അവർ തയ്യാറാവുന്നില്ല. അതിനു തയ്യാറായാൽ ഇന്നവർ തുടരുന്ന മാർക്‌സിസ്റ്റ് വിരുദ്ധതയ്ക്ക് അൽപം ശമനമുണ്ടാകും.

പിണറായിയുടെ പ്രതികരണം

വീടു പ്രശ്‌നത്തിൽ മഹാശ്വേതാദേവി മുന്നോട്ടു വച്ച യുക്തിബോധത്തെ തികഞ്ഞ ബഹുമാനത്തോടെ തന്നെ പിണറായി വിജയനും സ്വാഗതം ചെയ്തു. മഹാശ്വേതാ ദേവിയോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി അദ്ദേഹം അവരുടെ കത്തിനോടുള്ള വിയോജിപ്പുകൾ മറുപടിക്കത്തായി പ്രസിദ്ധീകരിച്ചു. അദ്ദേഹം പറഞ്ഞു: ''എനിക്കയച്ച തുറന്ന കത്ത് പത്രങ്ങളിൽ വായിച്ചു. ഏറെക്കാലമായി ധാരാളംപേർ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തുപോരുന്ന സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമാണ് നിങ്ങൾ. അത്തരത്തിലുള്ള ഒരാൾക്ക് അടുത്ത കാലത്തായി ഉണ്ടായ മാറ്റം എന്നെ കുറച്ചൊന്നുമല്ല വിസ്മയിപ്പിച്ചിട്ടുള്ളത്. തെറ്റിദ്ധാരണകളാവാം ഈ മാറ്റത്തിനു പിന്നിൽ എന്നേ ഞാൻ ധരിച്ചിട്ടുള്ളൂ. ഈ ധാരണ ദൃഢീകരിക്കുന്നതാണ് നിങ്ങൾ വെള്ളിയാഴ്ച മാദ്ധ്യമങ്ങൾക്ക് നൽകിയ കത്തിലെ ഉള്ളടക്കവും. എഴുത്തുകാർ പൊതുവെ ലോലഹൃദയരാണെന്നും അവരെ വേഗത്തിൽ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാമെന്നും കരുതുന്നവരുണ്ട്. തങ്ങൾ നേരിട്ടു പറയുന്നതിനേക്കാൾ സമൂഹത്തിൽ വിലപ്പോകുന്നത് എഴുത്തുകാർ പറയുന്നതാകയാൽ തങ്ങൾക്ക് പറയാനുള്ളത് അവരെക്കൊണ്ട് പറയിച്ച് തങ്ങളുടെ താൽപ്പര്യം നിറവേറ്റിയെടുക്കാമെന്ന് കരുതുന്നവരുമുണ്ട്. അത്തരക്കാരാരെങ്കിലുമാവണം കേരളത്തിലെ സമീപകാല കാര്യങ്ങളെക്കുറിച്ച് നിങ്ങളെ തുടരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവർ തന്നെയാണ് കണ്ണൂർ ജില്ലയിലുള്ള എന്റെ വീട് രമ്യഹർമ്യമാണ് എന്ന് നിങ്ങളോട് പറഞ്ഞതും എന്നു കരുതാനേ എനിക്ക് നിവൃത്തിയുള്ളൂ.

ഏതായാലും നിങ്ങളെ ചൂഴ്ന്നുനിൽക്കുന്നവർ പറഞ്ഞ തരത്തിലുള്ള ഒന്നാണോ എന്റെ വീട് എന്ന് നേരിട്ടുകണ്ട് മനസ്സിലാക്കാൻ സ്‌നേഹാദരങ്ങളോടെ നിങ്ങളെ ആ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. ഈ ക്ഷണം നിരസിക്കില്ല എന്നു കരുതട്ടെ. നിങ്ങൾക്ക് സൗകര്യമുള്ള ഏതു ദിവസവും അവിടേക്ക് വരാവുന്നതാണ്. വീടിന്റെ വാതിലുകൾ തുറന്നുതന്നെയിരിക്കും....... നേരത്തെയുണ്ടായിരുന്ന വീട് പുതുക്കിയെടുക്കുക മാത്രമാണ് ഞാൻ ചെയ്തിട്ടുള്ളത്. വീട് നിൽക്കുന്ന പ്രദേശത്തെ പാർട്ടിയുടെ അറിവോടെയാണത്. അത് മണിമാളികയോ രമ്യഹർമ്യമോ ഒന്നുമല്ല. അതു കണ്ടാൽ ഒരാൾക്കും പാർട്ടിയെക്കുറിച്ചുള്ള മതിപ്പിൽ ഇടിവു വരികയുമില്ല. കണക്കുകൾ അടക്കം അതുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമാണുതാനും. ഇതാണ് സത്യമെന്നനിലയ്ക്ക് ആ വീട് കാണുന്നതിൽനിന്ന് ആരെയും വിലക്കേണ്ട കാര്യമേ ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിച്ച് നിങ്ങൾ പറയുന്ന മറ്റു കാര്യങ്ങളുടെ പ്രശ്‌നമേ ഉദിക്കുന്നില്ല.

കടലുകൾക്കപ്പുറമുള്ള ഏതോ വിദൂരദ്വീപിലൊന്നുമല്ല, പാർട്ടി പ്രവർത്തിക്കുന്ന ഈ കേരളത്തിലെ എന്റെ സ്വന്തം ഗ്രാമത്തിൽ തന്നെയാണ് ആ വീട് സ്ഥിതി ചെയ്യുന്നത് എന്നതെങ്കിലും ഓർമ്മിച്ചാലും. സത്യം നേരിൽ കാണാനാണ് ഞാൻ നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. സിപിഐ (എം) നെക്കുറിച്ച് നിങ്ങളെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്നവരെ തിരിച്ചറിയാൻ കൂടി ഇത് സഹായകമാവും.''

സുതാര്യമായ ഈ നിലപാടിനു മുന്നിൽ മഹാശ്വേതാ ദേവി നിരായുധയായി. താൻ പിണറായിയുടെ വീടിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുന്നുവെന്നും പറഞ്ഞുപോയതിൽ ഖേദമുണ്ടെന്നും മാദ്ധ്യമങ്ങളോടു തുറന്നു പറയാൻ അവർ തയ്യാറായി. നിലപാടുകൾ തകിടം മറിഞ്ഞതെങ്ങനെ? എന്നാൽ കഥ അവിടം കൊണ്ടു തീർന്നില്ല. മഹാശ്വേതാ ദേവിയുടെ പിന്നിൽ ഒരുപജാപ സംഘമുണ്ട് എന്നതിന്റെ തെളിവുകൾ തൊട്ടുപിന്നാലെ പുറത്തുവന്നു.

പിണറായി വിജയന്റെ കത്തിനെത്തുടർന്ന് തന്റെ പരാമർശങ്ങൾ പിൻവലിക്കുന്നുവെന്നു പറഞ്ഞ മഹാശ്വേതാ ദേവിയുടെ നിലപാട് മിനിട്ടുകൾക്കുള്ളിൽ തലകീഴായി മറിഞ്ഞു. പിണറായി വിജയനെയും സിപിഐഎമ്മിനെയും ആക്രമിച്ചുകൊണ്ട് അവർ വീണ്ടും ഒരു തുറന്ന കത്തെഴുതി. ആ കത്തിൽ എല്ലാം പൊളിഞ്ഞു വീണു. കെ രാമചന്ദ്രൻ എന്നൊരാളിന്റെ ബ്‌ളോഗിൽ നിന്ന് പാരഗ്രാഫുകൾ തന്നെ കോപ്പിയടിച്ചാണ് അവരുടെ കത്തു തയ്യാറാക്കിയിരിക്കുന്നത് എന്ന വിവരം പുറത്തുവന്നു. മഹാശ്വേതാ ദേവിയുടെ പേരിൽ പിണറായിക്ക് മറുപടിയായി പ്രത്യക്ഷപ്പെട്ട കത്ത്, ആ ആണവവിരുദ്ധ പ്രബന്ധം കുത്തും കോമയും അക്ഷരത്തെറ്റുമടക്കം കോപ്പിയടിച്ച് സൃഷ്ടിച്ചതായിരുന്നു. ഒപ്പം, പിണറായി വിജയൻ കൂടംകുളം സന്ദർശിക്കുമോ എന്ന ഇടിവെട്ടു ചോദ്യവും. ഒരു കത്തോ ആണവവിരുദ്ധ പ്രബന്ധമോ സ്വന്തമായി തയ്യാറാക്കാൻ കഴിയാത്ത ആളല്ല മഹാശ്വേതാ ദേവി. സ്വന്തം നിലപാടിനു വേണ്ടി അവർക്കാരെയും പകർത്തി വെയ്‌ക്കേണ്ട ആവശ്യവുമില്ല. അപ്പോഴാണ് ഒരു ചോദ്യം പ്രസക്തമാകുന്നത്.

പിണറായിക്കുള്ള മറുപടിയിൽ ആ ആണവവിരുദ്ധ മോഷണ നിലപാട് എങ്ങനെ വന്നു? അതിനൊരുത്തരമേയുള്ളൂ. പിണറായി വിജയനുള്ള മറുപടി മറ്റാരോ തയ്യാറാക്കിയതാണ്. മഹാശ്വേതാ ദേവിക്ക് സ്വന്തമെന്നു പറയാൻ ആ കത്തിലുണ്ടായിരുന്നത് അവരുടെ ഒപ്പു മാത്രം. മനുഷ്യൻ പ്രവേശിക്കാൻ ഭയക്കുന്ന ഡ്രാക്കുളാക്കോട്ടയാണ് പിണറായി വിജയന്റെ വീടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചവർ തന്നെയാണ് ഈ അഭ്യാസവും ചെയ്തത്. പത്രങ്ങളിലും ചാനലുകളിലും സോഷ്യൽ നെറ്റുവർക്ക് സൈറ്റുകളിലും ഇക്കാര്യം ചർച്ചയായതോടെ മഹാശ്വേതാദേവി പിന്മാറി. സക്കറിയയുടെ പയ്യന്നൂർ പകയും സിപിഐഎമ്മിന്റെ പ്രസക്തിയും മഹാശ്വേതാദേവിക്കു പറ്റിയ പറ്റിൽ എനിക്കു സഹതാപമുണ്ട്. പക്ഷേ, സാഹിത്യകാരൻ സക്കറിയയുടെ നിലപാട് എന്നെ തികച്ചും അമ്പരപ്പിച്ചു.

കേരളത്തിലെ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്ന പ്രതിലോമപരമായ നിലപാടുകളെക്കുറിച്ച് ഭയലേശമന്യേ വിമർശനം തൊടുത്തുവിടുന്നയാളാണ് സക്കറിയ. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളേക്കാളും ശക്തവും ദുഷ്ടവുമാണ് മാദ്ധ്യമങ്ങളെന്നുമൊക്കെ അതിരൂക്ഷമായ വിമർശനം അദ്ദേഹം ഉന്നയിച്ചു കണ്ടിട്ടുണ്ട്. ആ സക്കറിയയ്ക്ക് എങ്ങനെയാണ് മാദ്ധ്യമങ്ങളുടെ സംഘടിതമായ മസ്തിഷ്‌ക പ്രക്ഷാളനത്തിന് കൈയാളായി നിന്നുകൊടുക്കാനാവുക? അതോ അദ്ദേഹം സിപിഐഎമ്മിനോട് പയ്യന്നൂർ പക തീർക്കുകയാണോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുകാലരതിയെക്കുറിച്ച് പയ്യന്നൂരിൽ സക്കറിയ നടത്തിയ പരാമർശം അനുചിതമായിരുന്നു. പക്ഷേ, അവിടെയുണ്ടായ പ്രതികരണം അതിനേക്കാളേറെ അനുചിതമായിരുന്നു. വിയോജിപ്പുകൾ ആ യോഗത്തിൽ തന്നെ പറയുകയോ മറ്റൊരു യോഗം വിളിച്ച് സക്കറിയയുടെ ആശയങ്ങൾക്ക് ശക്തമായ മറുപടി നൽകുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അതാണ് ജനാധിപത്യപരമായ പ്രതികരണശൈലി. അംഗീകരിക്കാനാവാത്ത പ്രതികരണമാണ് പയ്യന്നൂരിൽ സക്കറിയയ്ക്കു നേരിടേണ്ടി വന്നത് എന്നത് സമ്മതിക്കുന്നു. പക്ഷേ, വിവേകശൂന്യമായ ആ പ്രവൃത്തിയാൽ മേൽകീഴ്മറിയേണ്ടതാണോ സക്കറിയയുടെ ആശയലോകം?

സിപിഐഎമ്മിന്റെ സോഷ്യലിസ്റ്റ് ലക്ഷ്യങ്ങൾ ഏതെങ്കിലും കാലത്ത് സക്കറിയയെ ആവേശം കൊള്ളിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, കേരളത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ സിപിഐഎമ്മിനുള്ള സ്ഥാനം അദ്ദേഹം എന്നും അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ മതനിരപേക്ഷതയുടെ അടിസ്ഥാനം ശ്രീനാരായണ പ്രസ്ഥാനം അടക്കമുള്ള കേരളീയ നവോത്ഥാനമാണ്. ഈ മതനിരപേക്ഷ പൈതൃകത്തെ മുന്നോട്ടു കൊണ്ടുപോയതിൽ നിർണായകമായ പങ്ക് എന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിർവഹിച്ചിട്ടുണ്ട്. ഇന്നും നിർവഹിക്കുന്നുമുണ്ട്. എന്നാൽ ചന്ദ്രശേഖരൻ വധത്തോടെ അദ്ദേഹത്തിന്റെ ഈ നിലപാടുകളെല്ലാം കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്. വർഗീയതയ്ക്കും ഫാസിസത്തിനും എതിരായ ചെറുത്തുനിൽപിൽ സിപിഐഎമ്മിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന സക്കറിയയെ വേറൊരിടത്തു നമുക്കു കാണാൻ കഴിയുന്നുണ്ട് എന്നത് സമാശ്വാസകരമാണ്. ഡൽഹി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിൽ എഴുതിയ ഒരു ലേഖനം സക്കറിയ അവസാനിപ്പിക്കുന്നത് സിപിഐഎമ്മിന്റെ ആ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ്.

സിപിഐഎം എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയപ്രസക്തി അറിയുന്ന സാംസ്കാരിക വിമർശകൻ തന്നെയാണ് സക്കറിയ. പക്ഷേ, മാദ്ധ്യമങ്ങൾ സ്വരുക്കൂട്ടിയ ആയുധങ്ങളെടുത്ത് സിപിഐഎമ്മിനെ ആക്രമിക്കാനും അതേ സക്കറിയ മുന്നോട്ടു വരുന്നു. വിരലിലെണ്ണാവുന്ന ചിലരുടെ തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു പ്രതികരണത്തിന്റെ പേരിൽ സിപിഐഎമ്മിനെതിരെയുള്ള പക ഇനിയും തുടരരുത് എന്നാണ് എനിക്ക് സക്കറിയയോട് അഭ്യർത്ഥിക്കാനുള്ളത്. പ്രഭാവർമ്മയുടെ കവിതയ്ക്ക് നിരോധനം സിപിഐഎമ്മിന് ജനാധിപത്യമില്ലെന്ന് വലിയവായിൽ കവലപ്രസംഗം നടത്തുന്നവർ തികഞ്ഞ ഫാസിസ്റ്റുകളാണെന്നും ഈ വിവാദം വ്യക്തമാക്കി.

അതിന്റെ ഉത്തമോദാഹരണമാണ് സമകാലിക മലയാളം വാരിക പ്രഭാവർമ്മയുടെ കവിത പാതിവഴിക്കു നിരോധിച്ചത്. ചന്ദ്രശേഖരൻ വധത്തെ പ്രഭാവർമ്മ ന്യായീകരിച്ചു എന്ന വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ കവിതയുടെ ശിരസ് ഛേദിച്ചത്. പ്രഭാവർമ്മയെന്നല്ല ആരും ചന്ദ്രശേഖരൻ വധത്തെ ന്യായീകരിച്ചിട്ടില്ല. ആ വധത്തെ അതിശക്തമായ ഭാഷയിൽ അപലപിക്കുന്നവർ തന്നെ, ഈ സംഭവത്തെ മുൻനിർത്തി സിപിഐഎമ്മിനെ വേട്ടയാടുന്നതിനെ എതിർക്കുന്നുണ്ട്. അവരിലൊരാളാണ് പ്രഭാവർമ്മയും. മാദ്ധ്യമങ്ങൾ സിപിഐഎമ്മിനെതിരെ നടത്തുന്ന വാസ്തവവിരുദ്ധമായ പ്രചരണത്തെ തുറന്നു കാണിക്കാനുള്ള ജനാധിപത്യാവകാശം പ്രഭാവർമ്മയ്ക്കുണ്ട്. സിപിഐഎമ്മിനെ നിശിതമായി വിമർശിക്കുന്നവർ അനുഭവിക്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം, സിപിഐഎമ്മിനെ വേട്ടയാടുന്നതിനെതിരെ നിലയുറപ്പിക്കുന്നവർക്കുമുണ്ട്. യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത രൂക്ഷവും ക്രൂരവുമായ വിമർശനം സിപിഐഎമ്മിനെതിരെ തൊടുത്തുവിടുന്നവരൊന്നടങ്കം പ്രഭാവർമ്മ നേരിട്ട ജനാധിപത്യവിരുദ്ധതയ്ക്കു കുടപിടിക്കാനെത്തി.

തങ്ങൾക്കിഷ്ടമില്ലാത്ത പ്രതികരണം നടത്തിയാൽ കവിത പ്രസിദ്ധീകരിക്കുകയില്ല എന്ന ധാർഷ്ട്യം മുഴങ്ങിയത് സിപിഐഎമ്മിനെതിരെ ആയിരുന്നതു കൊണ്ട് അതും വലിയ ആഘോഷമായി. ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്? ഇവയിൽ നിന്ന് നാമെന്താണ് മനസിലാക്കേണ്ടത്? സിപിഐഎമ്മിനെതിരെയുള്ള പൊതുബോധം നിർമ്മിക്കാൻ അത്യധ്വാനം ചെയ്യുന്ന ഒരു സംഘം നമുക്കിടയിലുണ്ട്. ഔന്നത്യമുള്ള എഴുത്തുകാരെ തെറ്റിദ്ധരിപ്പിച്ച് അവർ സിപിഐഎമ്മിനെതിരെ പ്രതികരണങ്ങൾ സംഘടിപ്പിക്കുന്നു. സിപിഐഎം അനുഭാവികളായ എഴുത്തുകാർക്കു മേൽ സമ്മർദ്ദം ചെലുത്തി നിശ്ശബ്ദരാക്കാൻ വേറൊരു അടവ്. സിപിഐഎം വിരുദ്ധ കൂട്ടായ്മയിൽ പങ്കെടുത്തില്ലെങ്കിൽ സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിന് പ്രയാസം നേരിടും എന്നൊരു വാരിക ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. ആ നിലപാടിന്റെ തുടർച്ചയായി വേണം സമകാലിക മലയാളം പ്രഭാവർമ്മയോടു ചെയ്ത സമാനതകളില്ലാത്ത അനീതിയെ മനസിലാക്കേണ്ടത്.

പലതരം വേട്ടകളാണ് സിപിഐഎമ്മിനെതിരെ സംവിധാനം ചെയ്യപ്പെടുന്നത്. ജനകീയാസൂത്രണവിവാദകാലത്ത് എന്നെ വിദേശ ചാരനെന്ന് മുദ്രകുത്താൻ നമ്മുടെ മാദ്ധ്യമങ്ങൾക്ക് ഒരു കൈയറപ്പുമുണ്ടായില്ല. ലാവ്‌ലിൻ വിവാദകാലത്ത് പിണറായി വിജയനെതിരെ ഇതേ മാദ്ധ്യമങ്ങൾ എത്രയോ ഇല്ലാക്കഥകൾ പടച്ചുവിട്ടു. സിപിഐഎം നേതാക്കളുടെ കുടുംബങ്ങളെപ്പോലും വെറുതേവിടുന്നില്ല. കവിയൂർ കേസിൽ സിപിഐഎം നേതാക്കൾക്കെതിരെ മൊഴി കൊടുക്കാൻ ഒരു കോടി രൂപയുടെ പ്രലോഭനമുണ്ടായിരുന്നുവെന്ന് കോടതിയിൽ സിബിഐ തുറന്നു പറയുന്നതും നാം കേട്ടു. തേജോവധത്തിന്റെ പതിനെട്ടടവുകളും പയറ്റി പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം നശിപ്പിക്കാൻ സംഘടിതമായ പ്രവർത്തനങ്ങൾ നിർബാധം തുടരുകയാണ്.

കടപ്പാട്: ഡോ. ടി.എം തോമസ് ഐസക്, ചിന്ത 04 ഓഗസ്റ്റ് 2012.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP