Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരാശരി മലയാളി പൊങ്ങച്ച വീട്ടമ്മയുടെ എല്ലാ മര്യാദകേടുകളും എടുത്തണിഞ്ഞ അവതാരിക; ജിജ്ഞാസ ഉണർത്താൻ പാവപ്പെട്ടവരുടെ വിവരമില്ലായ്മയും സങ്കടങ്ങളും ഉപയോഗിക്കും; ശിവമണിയുടെ ഡ്രംമ്യൂസിക്കും കുടമാളൂർ അപ്പുക്കുട്ടന്മാരാരുടെ ചെണ്ടമേളവും അകമ്പടി: കഥയല്ലിത് ജീവിതവും ജീവിതം സാക്ഷിയും എന്തുകൊണ്ടാണഅ അപകടകാരികളാവുന്നത്?

ശരാശരി മലയാളി പൊങ്ങച്ച വീട്ടമ്മയുടെ എല്ലാ മര്യാദകേടുകളും എടുത്തണിഞ്ഞ അവതാരിക; ജിജ്ഞാസ ഉണർത്താൻ പാവപ്പെട്ടവരുടെ വിവരമില്ലായ്മയും സങ്കടങ്ങളും ഉപയോഗിക്കും; ശിവമണിയുടെ ഡ്രംമ്യൂസിക്കും കുടമാളൂർ  അപ്പുക്കുട്ടന്മാരാരുടെ ചെണ്ടമേളവും അകമ്പടി: കഥയല്ലിത് ജീവിതവും ജീവിതം സാക്ഷിയും എന്തുകൊണ്ടാണഅ അപകടകാരികളാവുന്നത്?

അഡ്വ. ശ്രീജിത്ത് പെരുമന

ഞ്ചു വർഷങ്ങൾക്കു മുൻപാണ് അമൃത ടി വി യിൽ സംപ്രേഷണം ചെയ്യുന്ന ക്രൂര വിനോദം കഥയല്ലിത് ജീവിതം എന്ന പരിപാടിക്കെതിരെ ഞാൻ കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പിന് പരാതി നൽകുന്നത്. എന്നാൽ കാര്യമായ നടപടികൾ കൈകൊള്ളാതെ എന്റെ വിശദീകരണം പോലുമെടുക്കാതെ പരാതി ചവറ്റു കോട്ടയിലേക്ക് തള്ളപ്പെടുകയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറവും ആ പരിപാടി പൂർവ്വാധികം പൊലിപ്പിച്ച് അവതരിപ്പിക്കപ്പെടുന്നുണ്ട് എന്ന മാത്രമല്ല മറ്റു ചാനലുകളും സമാന സ്വഭാവമുള്ള പരിപാടികൾ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.

ദമ്പദികളുടെ കുടുംബങ്ങളിലെ സ്വകാര്യ പ്രശ്നപരിഹാരത്തിന് എന്ന വ്യാജേനയാണ് അമൃത ടിവിയിലെ 'കഥയല്ലിത് ജീവിത'വും കൈരളിയിലെ 'ജീവിതം സാക്ഷി'യും പോലുള്ള പരിപാടികൾ നാട്ടിലെ പാവങ്ങളുടെയും ദരിദ്ര നാരായണന്മാരുടെയും സ്വകാര്യ പ്രശനങ്ങൾ വിറ്റു കാശാക്കുന്നത്. ജനനമോ മരണമോ ഉത്സവമോ എന്തുമാകട്ടെ എന്തിനും എല്ലായിടത്തും സിനിമാക്കാർ വേണം എന്ന മലയാളിയുടെ ഞരമ്പ് വികാരമാണ് സിനിമാക്കാരെ അവതാരകരാക്കി ഇത്തരം ആഭാസ പരിപാടികൾ നടത്താൻ ചാനലുകളെ പ്രേരിപ്പിക്കുന്നത്. മാത്രവുമല്ല മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും, ജീവിതത്തിലേക്കും ഒളിഞ്ഞു നോക്കുക ഗോസിപ്പുകളുണ്ടാകുക അങ്ങനെ ആത്മ നിർവൃതിയടയുക എന്നതാണല്ലോ നമ്മൾ മലയാളികളുടെ പ്രഖ്യാപിത ജീവിത ലക്ഷ്യം.

ശരാശരി മലയാളി പൊങ്ങച്ച വീട്ടമ്മയുടെ എല്ലാ മര്യാദകേടുകളും എടുത്തണിഞ്ഞ ഒരു മഹിളാരത്‌നം വിദ്യാഭ്യാസപരമായും, ബൗദ്ധികപരമായും ഒരുപാട് താഴ്ന്ന നിലയിൽ നിക്കുന്ന കുടുംബത്തിൽ പെട്ട ആണിനേയും പെണ്ണിനേയും ഇരുത്തി അവരുടെ വിവരമില്ലായ്മയും, സങ്കടങ്ങളും ശിവമണിയുടെ ഡ്രം മ്യൂസിക്കിന്റെയും കുടമാളൂർ അപ്പുക്കുട്ടന്മാരാരുടെ ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി അവതരിപ്പിച്ച് കാശുണ്ടാക്കുന്നു. പട്ടി കടിക്കാൻ ഓടിച്ചാലും 'ഓഹ്, മൈ അമ്മച്ച്യേ......' എന്നു മാത്രമേ വിളിക്കൂ എന്നു വാശിയുള്ളതുപോലെ കോട്ടും, ടൈയ്യുമിട്ട കുറേ തമ്പുരാക്കന്മാർ അവരുടെ സാമൂഹിക-സാംസ്‌കാരിക നിലവാരം കാണിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നു.പോരാഞ്ഞിട്ട് പുട്ടിനു പീര പോലെ ജാരക്കഥയും (വിത്ത് മ്യൂസിക്ക്....)...-!ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലായതു കൊണ്ട് നമ്മൾ കുറേപ്പേർ ഇതൊക്കെ കണ്ട് സായൂജ്യം കൊള്ളുന്നു. ആനന്ദലബ്ധിക്കിനിയെന്തു വേണം ?

യഥാർഥത്തിൽ എന്താണ് ഇതിന്റെയൊരു ലോജിക്?

കേരളാ ലീഗൽ സർവ്വീസസ് സൊസൈറ്റിയുടെ ആശീർവാദത്തോടു കൂടിയാണ് ബാക് ഗ്രൗണ്ട് മ്യൂസിക് കൊടുത്ത് നാട്ടുകാരന്റെ കുടുംബ ജീവിതത്തിൽ അവിഹിതം ആരോപിക്കുന്ന ഈ പരിപാടി അരങ്ങേറുന്നത്. ലോക് അദാലത്തുകൾക്കപ്പുറം സ്വാകാര്യ ചാനലുകൾക്ക് റേറ്റിങ് കൂട്ടാനും, കാശുണ്ടാക്കാനും നടത്തുന്ന കൂട്ടികൊടുപ്പിനു ഒത്താശ ചെയ്യാൻ കേരള ലീഗൽ സർവീസ് സൊസൈറ്റിക്ക് ആരാണ് അധികാരം കൊടുത്ത്? മലയാളികളുടെ ഒരു തലമുറയെ തന്നെ അവിഹിത സംസ്‌ക്കാരത്തിലേക്ക് തള്ളിവിട്ട സീരിയലുകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഇത്തരം പരിപാടികൾ അരങ്ങേറുന്നത്. ചാനൽ സ്റ്റുഡിയോകൾ സുപ്രീംകോടതിയെക്കാളും വലിയ കോടതിയാക്കി മാറ്റുന്നു. അവതാരിക ചീഫ് ജസ്റ്റിസിനും മേലെ അധികാരമുള്ള സൂപ്പർ ജസ്റ്റിസ് ചമഞ് സാധാരണക്കാരെ കുടുംബ സഹിതം പൊടിപ്പും തൊങ്ങലും വച്ച് പരസ്യ വിചാരണ ചെയ്യുന്നു. പലപ്പോഴും അധികാരത്തിന്റെയും ദാഷ്ട്യത്തിന്റെയും ശബ്ദമാണ് അവതാരകാരിൽ നിന്നും വരുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. രാജാവ് ചമഞ്ഞിരിക്കുന്ന അവതാരകർക്ക് ഒരു വശത്തായി അണിനിരത്തിയിട്ടുള്ള ജുഡീഷ്യൽ അധികാരങ്ങളുള്ള ആളുകളുടെ കാര്യമാണ് ഏറെ കഷ്ടം. രാജാക്കന്മാരുടെ ദർബാറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ പലപ്പോഴും അവതാരികമാർ നടത്തുന്ന കൽപ്പനകൾ ഏറാന്മൂളികളായി കേട്ട് തലയാട്ടേണ്ടി വരുന്ന ജുഡീഷ്യറിയിൽ ഉൾപ്പെടെ സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന മഹത് വ്യക്തിത്വങ്ങൾ നമ്മുടെ സമൂഹത്തിനു പൊതുവിലും അഭിഭാഷകൻ എന്ന നിലയിൽ എന്നെപ്പോലുള്ളവർക്കും അപമാനകരമാണെന്നും പറയാതെ വയ്യ. 'കാര്യങ്ങളെല്ലാം ഇവിടെ തുറന്നു പറയണം എന്നിട്ട് ഞങ്ങൾ തീരുമാനിക്കും എന്ത് ചെയ്യണം എന്ന് ' എന്ന് സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളോട് അവതാരികകളായ സിനിമാക്കാർ പറയുന്നിടത്ത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും, ഭരണഘടനാ പൗരന് നൽകുന്ന അടിസ്ഥാന അവകാശങ്ങളും ലംഘിക്കപ്പെടുകയാണ്.
നീ, നിങ്ങൾ, താൻ അവൻ അവൾ എന്നൊക്കെ സംബോധന ചെയ്തും, കരയിപ്പിച്ചതും പീഡിപ്പിച്ചും ആജ്ഞാപിച്ചും, ഭീഷണിപ്പെടുത്തിയുമൊക്കെ ഒരു വ്യക്തിയെ വൈകാരികമായി ബലാത്സംഗം ചെയ്യാൻ ചാനൽ അവതാരകർക്കും ചാനലിനും ആരാണ് അധികാരം കൊടുത്തിട്ടുള്ളത്? കേരള ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ പിൻബലമുണ്ടെങ്കിൽ ഇതൊക്കെ ആവാമെന്ന് ധരിച്ചുവച്ചിട്ടുള്ള അവതാരികമാർ വെല്ലുവിളിക്കുന്നതു നമ്മുടെ ഭരണഘടനാ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയുമാണ്. രാജ ഭരണത്തിൽ പ്രജകൾ രാജാവിനു മുൻപിൽ കുമ്പിട്ടു നിൽക്കുന്നത് പോലെ സാറേ എന്ന് വിളിച്ചു കുമ്പിട്ടു സിനിമാക്കാരുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കുന്ന നിയമവും അതിന്റെ നൂലാമാലകളും അറിയാത്ത സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾ ആ സമയങ്ങളിൽ മാനസായികമായി ഏറെ വിഷമതകൾ അനുഭവിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. പലപ്പോഴും ഭയത്താലാണ് പല സാധാരണക്കാരും ഈ പരിപാടികളിൽ എത്താറുള്ളത്.

പല കോണുകളിൽ ക്യാമറകൾ വച്ച് പാവങ്ങളുടെ കണ്ണീരും മുഖ-ശരീര ഭാവങ്ങളും ആത്മ സംഘർഷങ്ങളുമൊക്കെ എച്ച് ഡി ക്ലാരിറ്റിയോടെ പകർത്തി പരസ്യ കമ്പനികളിൽ നിന്നും കോടികൾ മേടിച്ചു നാട്ടുകാർക്കാരെ പ്രബുദ്ധരാക്കാൻ സംപ്രേഷണം ചെയ്യുന്നത് ശുദ്ധ അസംബന്ധമെന്നല്ലാതെ എന്താണ് പറയുക. സീരിയലുകളുടെ ശൈലിയിൽ അവിഹിത കഥകളും, ജാരക്കഥകളും പറഞ് ഒരു കണ്ണീർ ഷോട്ടോടെ സസ്പെൻസിലാണ് ഓരോ എപ്പിസോഡുകളും നിർത്തുക. മാത്രവുമല്ല അടുത്ത ദിവസത്തെ എപ്പിസോഡിലേക്ക് വികാര ജീവികളെ ആകർഷിക്കുന്നതിനായി ഒരു മസാലയോ, ഞെട്ടിക്കുന്ന ചോദ്യങ്ങളോ അടങ്ങിയ ട്രെയിലർ കാണിക്കുകയും ചെയ്യും. സിനിമകളെ വെല്ലുന്ന പശ്ചാത്തല സംഗീതത്തോടെയായിരിക്കും പലപ്പോഴും ഇവ കാണിക്കാറുള്ളത്. വികാര ജീവികളായിട്ടുള്ള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി വികാരപരമായുള്ള പല ഷോട്ടുകളും സ്ലോ മോഷനിൽ റിപ്പീറ്റ് ചെയ്യുന്നതും പതിവാണ്.

നിരവധിയായ പരാതികൾ ഇത്തരം പരിപാടികൾക്കെതിരെ ഉയരുന്നുണ്ടെങ്കിലും ചാനൽ മുതലാളിമാർ ശക്തരായതിനാൽ തന്നെ അടിച്ചമർത്തുകയാണ് പതിവ്. എന്നാൽ മൂന്നു വർഷങ്ങൾക്ക് മുൻപ് കൊല്ലം സ്വദേശിയായ ഒരാളുടെ പരിഹരിച്ച കുടുംബപ്രശ്നം ടി വി ഷോയിൽ കാണിച്ചത് വഴി നഷ്ടമായത് ഒരു മനുഷ്യജീവനാണ്. അമൃത ടി വിയിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയാണ് 70 വയസ്സുകാരനായ സദാശിവൻ എന്നയാളുടെ ജീവൻ അവസാനിക്കാൻ കാരണമായത്. ഇയാളുടെ മകളുടെ കുടുംബപ്രശ്നം അന്നത്തെ ദിവസങ്ങളിലായി അമൃത ടി വിയിലെ പരിപാടിയിൽ കാണിച്ചിരുന്നു.ഇത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന ആത്മഹത്യകളും പീഡനങ്ങളും ഏറെയാണ്. അമൃത ചാനൽ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചീഫ് എക്‌സിക്കുട്ടീവ് ഡയറക്ടർക്കും കെൽസയ്ക്കും നോട്ടസയാക്കുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നെങ്കിലും ഇത്തരം പരിപാടികൾ നിരപാതം തുടരുകയും കൂട്ടിക്കൊടുപ്പ് മാദ്ധ്യമ ധർമ്മം കൂടുതൽ ചാനലുകളിലേക്ക് വ്യാപിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.

സമാന രീതിയിൽ തമിഴിൽ സീ ടിവി യിൽ നടന്നുവന്ന 'സോൾവാതെല്ലാം ഉന്മെയ്' എന്ന പരിപാടിയിൽ തങ്ങളുടെ കുടുബ പ്രശ്ങ്ങൾ മോശമായ രീതിയിൽ സംപ്രേഷണം ചെയ്തതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപാണ് നാഗപ്പൻ എന്നയാൾ ചെന്നൈയിൽ ആത്മഹത്യ ചെയ്തത്. അപമാനിതനായി നാഗപ്പൻ ചാനൽ അധികൃതരോട് സംപ്രേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല എന്ന് നാഗപ്പന്റെ ബന്ധുക്കളും ആരോപിക്കുന്നു.

സിനിമാക്കാരായ അവതാരകരെപോലെ മുഖത്ത് മേക്കപ്പുമിട്ടു ഗ്ലിസറിനും തേച്ചു കരയുന്നവരല്ല മറിച്ച് ജീവിതത്തിന്റെ തീച്ചൂളയിൽ ഉരുകി നിത്യവൃത്തിക്കായി പോരാടുന്ന സാധാരണക്കാരാണ് ആരൊക്കെയോ ചേർന്ന് കൊടുക്കുന്ന പ്രതീക്ഷകളുടെ അടിസ്ഥാനത്തിൽ ഇത്തരം ചാനൽ ഫ്‌ലോറുകളിൽ എത്തിച്ചേരുന്നത്. അതിനാൽ തന്നെയാണ് പലപ്പോഴും പരിസരം പോലും മറന്നു ഇത്തരക്കാർ വികാരവിക്ഷോപങ്ങൾക്കു അടിമപ്പെട്ടുപോകുന്നത്. എന്നാൽ ഈ വികാരവിക്ഷോപങ്ങളെ മുതലെടുത്ത് കൃത്യമായി മാർക്കറ്റ് ചെയ്ത് കാശുണ്ടാക്കുക, റേറ്റിങ് കൂട്ടുക എന്നതാണ് ഇത്തരം കൂട്ടിക്കൊടുപ്പു പരിപാടികൾ നടത്തുന്ന ചാനലുകളുടെ മുഖ്യ ഉദ്ദേശം. ലോകത്തു ഏറ്റവും കൂടുതൽ ഗോസിപ്പുകൾ ഇറങ്ങുന്നതും അവിഹിത വാർത്തകൾ വരുന്നതും സിനിമാ വ്യവസായത്തിൽ നിന്നും സിനിമാക്കാരുടെ ഇടയിൽ നിന്നുമാണ്. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് സിനിമാക്കാരുടെ വിവാഹം കഴിക്കുന്നതും വിവാഹ മോചനം നടക്കുന്നതും. ഒന്നും രണ്ടും മൂന്നും വിവാഹങ്ങൾ കഴിക്കുന്നതും , സ്വത്തു തർക്കങ്ങളും, ജാരക്കഥകളും പത്രമാദ്ധ്യമങ്ങളുടെ മുൻപേജുകളിൽ വെണ്ടക്കാ അക്ഷരങ്ങളിൽ ദിവസേന നാം വായിക്കാറുള്ളതല്ലെ. എന്നാൽ അത്തരം ഒരു സിനിമാക്കാരുടെയോ, രാഷ്ട്രീയക്കാരന്റെയോ, എന്തിനു ഒരു പണക്കാരെനെയെങ്കിലും നിങ്ങളുടെ ഈ ചാനൽ കോടതിയിലേക്ക് വിളിച്ചു വരുത്തുകയോ വിചാരണ നടത്തുകയോ ചെയ്തിട്ടുണ്ടോ ? ഇല്ല എന്ന് പറയേണ്ടി വരും കാരണം മൃത്യുവിനും മുകളിലാണ് അഭിമാനം എന്ന് കരുതുന്നവരാണ് നാം മനുഷ്യർ ചാനലുകളുടെ പീഡിപ്പിക്കലും ഭീഷണിയൊന്നും അവരുടെ അടുത്ത് വിലപ്പോവില്ല. പാവങ്ങളാകുമ്പോൾ ഗതികേടുകൊണ്ട് അവർ നിങ്ങളെ വിശ്വസിക്കുകയാണ് എന്ന് മാത്രമേയുള്ളൂ.

ചാനൽ റേറ്റിങ്ങുകൾ കൂട്ടുന്നതിനും കാശുണ്ടാക്കുന്നതിനും ഏറ്റവും എളുപ്പമായ മാർഗ്ഗം ഇത്തരം കൂതറ പരിപാടികളാണ് എങ്കിൽ അവിഹിത കഥകളുടെ ഒരു റിയാലിറ്റി-സെലിബ്രിറ്റി ഷോകൾ ആക്കുന്നതായിരിക്കും ഉചിതം. ഒരു മെഗാ ഫിനാലെ വച്ചിട്ട് യേശുദാസിനെക്കൊണ്ട് ഒരു മതമൈത്രീ പ്രസംഗവും, ഏറ്റവും നല്ല നിലയിൽ കുടുംബ ബന്ധം തകർത്തവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കുന്ന തരത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഒരു ഡിക്ഷ്ണറിയും സംഭാവന കൊടുപ്പിക്കാം. ഇതൊന്നും പോരെങ്കിൽ കുടുംബം തകർത്ത 'അവതാരക അമ്മച്ചി'യെയും ടൈ കെട്ടിയ 'ഇങ്കിളീഷ് അപ്പുപ്പമ്മാരെ'യും സാക്ഷിയാക്കിക്കൊണ്ട് ഏറ്റവും നല്ല നിലയിൽ നാട്ടുകാരുടെ മുമ്പിൽ നാറി നാണം കെട്ടു പോയ ഏതെങ്കിലും പെൺകുട്ടിക്ക് 'അമ്മ' യെപ്പോലെയും ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരത്തിന്റെയും പേരിൽ ഒരു മുഴം കയറ് സംഭാവന ചെയ്ത് പരിപാടി അവസാനിപ്പിക്കാവുന്നതാണ്.

ആൺ പെൺ വ്യത്യാസമില്ലാതെ മാനസികമായി തളർന്ന ആളുകളെ വീണ്ടും വീണ്ടും പരസ്യമായി അധിക്ഷേപിക്കുന്ന കഥയല്ലിത് ജീവിതം, ജീവിതം സാക്ഷി പോലുള്ള പരിപാടികൾ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്. ഭരണഘടനാ നൽകുന്ന പൗരാവകാശങ്ങളുടെ നഗ്‌നമായ ലംഘനങ്ങളാണ് ഇത്തരം പരിപാടികളിൽ നടക്കുന്നത് എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. രാജ്യത്തെ ജനങ്ങൾക്ക് സാധാരണ കോടതിനടപടികളുടെ വേലിക്കെട്ടുകളില്ലാതെ നിയമ സഹായം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ട ലീഗൽ സർവീസ് സൊസൈറ്റി പോലൊരു ലീഗൽ സ്ഥാപനം ഇത്തരം നിയമ ലംഘനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും കുടപിടിക്കുന്നത് ആശാസ്യകരമല്ല എന്ന് മാത്രമല്ല നിയമവിരുദ്ധവുമാണ്.

സമയം ഇനിയും വൈകിയാൽ സമീപകാലത്തു നടന്നതുപോലെയുള്ള മരണങ്ങൾക്കും അപമാനപ്പെടലുകൾക്കും ചൂഷണങ്ങൾക്കും സാധാരണ മനുഷ്യർ വിധേയരായിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെ ഇത്തരം ക്രൂര വിനോദങ്ങൾ പരിഷ്‌കൃത സമൂഹത്തിൽ നിന്നും വേരോടെ മുറിച്ച് മാറ്റാൻ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. നാഷണൽ ലീഗൽ സർവീസ് സൊസൈറ്റിക്കും, കേന്ദ്ര ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും ബിസിസിസിയിലും പരാതി നല്കുന്നതിനോടൊപ്പം കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും വിശദമായ പരാതി നൽകി തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP