Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേപ്പാളിന്റെ ദുഃഖം ഇന്ത്യയുടേയും; പ്രധാനമന്ത്രിയുടെ ആകാശവാണി പ്രസംഗത്തിന്റെ പൂർണ്ണരൂപം

നേപ്പാളിന്റെ ദുഃഖം ഇന്ത്യയുടേയും; പ്രധാനമന്ത്രിയുടെ ആകാശവാണി പ്രസംഗത്തിന്റെ പൂർണ്ണരൂപം

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഏപ്രിൽ 26-ാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

ന്റെ പ്രിയപ്പെട്ട ദേശവാസികളേ,

എല്ലാവർക്കും എന്റെ നമസ്‌ക്കാരം.
ഇന്ന് 'മൻ കി ബാത്' പരിപാടിയിൽ സംസാരിക്കുന്നതിനുള്ള മന:ശക്തി എനിക്ക് ഇല്ല. കാരണം മനസ്സിൽ വല്ലാത്ത ഒരു ഭാരം അനുഭവപ്പെടുന്നു, മനസ്സിൽ വേദന അനുഭവപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി, അപ്രതീക്ഷിതമായ മഴ, കൃഷിനാശം എന്നിവയെപ്പറ്റിയാണ് കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബീഹാറിൽ അപ്രതീക്ഷിതമായി ശക്തമായ കാറ്റ് വീശുകയും കുറേപേർ മരിക്കുകയും ചെയ്തു. കൂടാതെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ശനിയാഴ്ചത്തെ ഭയാനകമായ ഭൂകമ്പം ലോകത്തെ മുഴുവൻ നടുക്കി. പ്രകൃതിക്ഷോഭങ്ങളുടെ തുടർച്ചയായ ഒരു കാലമാണോ ഇതെന്ന് തോന്നുന്നു.

നേപ്പാളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ അനുരണനം ഭാരതത്തിന്റെ പല സംസ്ഥാനങ്ങളിലും ഉണ്ടായി. ആളുകളുടെ ജീവനും സ്വത്തിനും വൻനാശങ്ങളുണ്ടായി. എന്നാൽ നേപ്പാളിലുണ്ടായിരിക്കുന്ന നഷ്ടം വളരെ വലുതാണ്. 2001 ജനുവരി 26ന് ഗുജറാത്തിലെ കച്ചിൽ ഭൂകമ്പ ദുരന്തം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ ദുരന്തം എത്രമാത്രം ഭയാനകമാണെന്ന് ഞാൻ നല്ലതുപോലെ മനസ്സിലാക്കുന്നു. നേപ്പാളിലെന്താണ് സംഭവിച്ചത്? നേപ്പാളിലെ കുടുംബങ്ങൾക്ക് എന്തെല്ലാം സഹിക്കേണ്ടിവന്നുകാണും. ഇതിനെപ്പറ്റിയെല്ലാം എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. എന്നാൽ, എന്റെ പ്രിയപ്പെട്ട നേപ്പാളിലെ സഹോദരന്മാരെ, സഹോദരിമാരേ, ഭാരതീയർ നിങ്ങളുടെ ദുഃഖത്തിൽ നിങ്ങളോടൊപ്പമുണ്ട്. ഭാരതത്തിലെയും നേപ്പാളിലെയും ദുരന്ത പ്രശ്‌നഭരിതമേഖലകളിൽ അടിയന്തിര സഹായത്തിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

ഏറ്റവും ആദ്യത്തെ ജോലിയാണ്, ജീവൻ പണയം വച്ചുള്ള രക്ഷാപ്രവർത്തനം. എന്തെന്നാൽ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുറച്ചു ആളുകൾ ജീവൻ ഉള്ളവരാണ്. അവരെ ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തേക്ക് കൊണ്ടുവരേണ്ടതാണ്. അതിവിദഗ്ദ്ധന്മാരുടെ ഒരു ടീമിനെതന്നെ അതിനായി അയച്ചിട്ടുണ്ട്. മാത്രവുമല്ല, അയച്ചിട്ടുള്ള ഈ ടീം അംഗങ്ങളെല്ലാംതന്നെ വളരെ പ്രത്യേകമായ പരിശീലനം സിദ്ധിച്ചിട്ടുള്ളവരും ആണ്. ഇപ്രകാരം പരിശീലനം നൽകിയ, മണം തിരിച്ചറിഞ്ഞ് രക്ഷാപ്രവർത്തനം നടത്താൻ കഴിവുള്ള സ്‌നിഫർ നായ്ക്കളെയും അങ്ങോട്ട് അയച്ചിട്ടുണ്ട്. ഈ സ്‌നിഫർ നായ്ക്കൾക്ക് ഭൂകമ്പ അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും ജീവനോടെ ഉണ്ടോയെന്ന് കണ്ടെത്താനാകും. നമ്മുടെ ഏറ്റവും വലിയ പരിശ്രമം പരമാവധി ആളുകളെ ജീവനോടെ രക്ഷപ്പെടുത്തുക എന്നുള്ളതാണ്. ജീവൻ പണയംവച്ചുള്ള രക്ഷാപ്രവർത്തനത്തിന് ശേഷം ദുരിതാശ്വാസപ്രവർത്തങ്ങളുടെ കാര്യവും ചെയ്യേണ്ടതുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളും വളരെ വിപുലമായി നടത്തുക. എന്നാൽ മനുഷ്യസമൂഹത്തിന് ഇതിൽ മുഖ്യമായ ഒരു പങ്കുണ്ട്. ഭാരതത്തിലെ 125 കോടി ദേശവാസികളെ സംബന്ധിച്ചിടത്തോളം നേപ്പാൾ എന്ന രാജ്യവും ജനങ്ങളും നമ്മുടെ സ്വന്തക്കാരാണ്. നേപ്പാളിലെ ജനങ്ങളുടെ ദുഃഖം നമ്മുടെയും ദുഃഖമാണ്. അവരുടെ ദുഃഖനിവാരണത്തിനായി ഭാരതം പൂർണ്ണമായും പരിശ്രമിക്കും.

ഈ ആപത്‌സന്ധിയിൽ എല്ലാ നേപ്പാളികളുടെയും കണ്ണീരൊപ്പാൻ ഭാരതം കൂടെയുണ്ടാകും. അവരുടെ കൈപിടിച്ച് എന്നും അവരുടെ സുഹൃത്തായിത്തന്നെ കൂടെയുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ യെമനിൽ നമ്മുടെ ആയിരക്കണക്കിന് ഭാരതീയരായ സഹോദരീസഹോദരന്മാരുടെ കണ്ണീർ വീണിട്ടുണ്ട്. യുദ്ധത്തിന്റെ ഭയാനകമായ കെടുതികളിൽനിന്ന് ബോംബുകളുടെയും ആയുധങ്ങളുടെയും സംഘർഷഭരിതമായ അവസ്ഥയിൽനിന്ന് ഭാരതവാസികളുടെ കണ്ണീർ ഒപ്പി അവരെ ജീവനോടെ ഭാരതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് വളരെ കഠിനമായ ഒരു ജോലിയായിരുന്നു. എന്നാൽ നമ്മൾ അത് ചെയ്തു. ഇതുമാത്രമല്ല, ഒരാഴ്ചമാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെകൂടി ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. മനുഷ്യശക്തി എത്രമാത്രം വലുതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയും. ബോംബ്‌സ്‌ഫോടനവും മരണവും സംഭവിക്കുന്നതിനിടയിൽ ഒരാഴ്ചമാത്രം പ്രായമായ പെൺകുഞ്ഞിന്റെ ജീവൻ തിരികെ ലഭിക്കാൻ സാധിച്ചു. അത് നമുക്ക് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ വിദേശപര്യടനവേളയിൽ ഇക്കാര്യത്തിൽ ധാരാളം അനുമോദനം ലഭിക്കുകയുണ്ടായി. കാരണം, യെമനിൽനിന്ന് ഏകദേശം 48 രാജ്യങ്ങളിലെ പൗരന്മാരെ നാം രക്ഷിക്കുകയുണ്ടായി. അത് ഫ്രാൻസുകാരാകട്ടെ, ജർമ്മൻകാരാകട്ടെ, ജപ്പാൻകാരാകട്ടെ എല്ലാ രാജ്യത്തെയും ജനങ്ങളെ നമ്മൾ സഹായിച്ചു. ഭാരതത്തിന്റെ ഈ സേവനമനോഭാവം ലോകം തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വളരെ ഉത്തരവാദിത്വത്തോടെയും ധീരതയോടുംകൂടിത്തന്നെയാണ് നമ്മുടെ വിദേശമന്ത്രാലയവും വായുസേനയും ഈ ദൗത്യം ഏറ്റെടുത്തത്. ഒരിക്കലും മായാത്ത മുദ്രയായി വരുംദിനങ്ങളിൽ ലോകത്ത് ഇത് അവശേഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത്, യാതൊരു പ്രയാസവും കൂടാതെ എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയെന്നതാണ്. ഇതാണ് ഭാരതത്തിന്റെ മഹിമ. എന്തുകൊണ്ടെന്നാൽ ഭാരതസംസ്‌കാരം വളരെയേറെ പുരാതനമായ ഒരു സംസ്‌കാരമാണ്. ഈയിടെ ഞാൻ ഫ്രാൻസിൽ പോയിരുന്നു. അവിടെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ചിട്ടുള്ള ഒരു സ്മാരകം സന്ദർശിക്കാനിടയായി. അതിനുള്ള പ്രധാനകാരണം ഒന്നാം ലോകമഹായുദ്ധം നടന്നതിന്റെ ശതാബ്ദി വർഷമാണിത്. അതോടൊപ്പം ഭാരതത്തിലെ ധീരയോദ്ധാക്കളുടെ പോരാട്ടവീര്യത്തിന്റെയും, ആത്മബലിയുടെയും ശതാബ്ദികൂടിയാണിത്. അതുപോലെ മാതൃരാജ്യത്തിനുവേണ്ടിയുള്ള സേവനമാണ് ജീവിതത്തിന്റെ പരമമായ ധർമ്മം.

മഹത്തായ ഭാരതീയ ആദർശത്തെ മഹനീയമാക്കി മുന്നേറുന്ന ഭാരതത്തിന്റെ ആദർശപരമായ ഒരു ഉണർവ്വിന്റെയും ഒരു ശതാബ്ദവർഷമാണ് ഈ സന്ദർഭം. അതുകൊണ്ടുതന്നെയാണ് ഞാൻ ഇക്കാര്യം ഇവിടെ പരാമർശിക്കുന്നത്. അതെന്തെന്നാൽ 1914 മുതൽ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം 15 ലക്ഷത്തോളം ഭാരതീയ സൈനികർ ജീവന്മരണ പോരാട്ടം നടത്തുകയുണ്ടായി എന്ന സത്യം വളരെ കുറച്ചു ആളുകൾക്ക് മാത്രം അറിയാവുന്ന ഒരു വസ്തുതയാണ്. ഭാരതത്തിലെ ഈ യോദ്ധാക്കൾ തങ്ങൾക്കുവേണ്ടിയോ മറ്റ് ഭൂവിഭാഗങ്ങൾ കീഴടക്കാൻ വേണ്ടിയോ ആണ് പ്രാണത്യാഗം ചെയ്തത്. അവർ ഹിന്ദുസ്ഥാനത്തെ മറ്റൊരു രാജ്യത്തിനു മുന്നിലും അടിയറവു വച്ചിട്ടില്ല. ഭാരതീയർക്ക് ആരുടെയും ഭൂമി ആവശ്യമായിരുന്നില്ല. എന്നാൽ, ഭാരതീയർ അത്ഭുതകരമായ ആക്രമണോത്സുകത കാഴ്ചവയ്ക്കുകയുണ്ടായി. ഒന്നാം ലോകമഹായുദ്ധത്തിൽ ഏകദേശം 74,000 ജവാന്മാർക്ക് രക്തസാക്ഷികളാകേണ്ടി വന്നു എന്നത് വളരെ കുറച്ചുപേർക്കുമാത്രമേ അറിയുകയുള്ളൂ. ഇതിൽതന്നെ 9,200 സൈനികരെ ഗ്യാലണ്ടറി അവാർഡ് നൽകി ആദരിച്ചു എന്നത് വളരെ അഭിമാനം ഉളവാക്കുന്ന കാര്യമാണ്. ഇതിനുപരിയായി 11 പേർക്ക് സർവ്വശ്രേഷ്ഠ ബഹുമതിയായ വിക്‌ടോറിയക്രോസ്സും ലഭിക്കുകയുണ്ടായി. പ്രത്യേകിച്ച് ഫ്രാൻസിൽ 1915 മാർച്ചിലെ യുദ്ധത്തിൽ ഏകദേശം 4,700 ഭാരതീയർ മരിക്കുകയുണ്ടായി. അവരെ ആദരിച്ചുകൊണ്ട് ഫ്രാൻസിൽ ഒരു സ്മാരകം പണിതിട്ടുണ്ട്. അവിടെ പ്രണാമം അർപ്പിക്കാൻ കഴിഞ്ഞു. നമ്മുടെ പൂർവ്വികരുടെ ധീരമായ പ്രവൃത്തിയെ ആദരിക്കാനും കഴിഞ്ഞു.

ലോകത്ത് ഇന്ന് നടന്നുവരുന്ന പല സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ നമുക്ക് മറ്റുള്ളവരോട് പറയാൻ കഴിയും നമ്മുടെ രാജ്യം ലോകശാന്തിക്കും സുഖത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഭാരതം ലോകമംഗളമാണ് കാംക്ഷിക്കുന്നത്. അതിനുവേണ്ടി ചിന്തിക്കുകമാത്രമല്ല ആകാവുന്നത് ചെയ്യുകയുമാണ്. ആവശ്യമെങ്കിൽ ജീവൻ പണയംവെയ്ക്കുവാനും ഒരുക്കമാണ്. ഐക്യരാഷ്ട്രസംഘടനയുടെ സമാധാനസേനയിൽ ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഭാരതത്തിന്റെ സ്ഥാനം ഒന്നാമതാണ്. ഇത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് മഹത്തായ കാര്യം ചെയ്യുവാനുള്ള അവസരം കൈവന്നു.

നാം ഭരണഘടനാ ശില്പിയായ ഡോ. ബാബാ സാഹിബ് അംബേദ്കറുടെ 125-ാം ജയന്തി ആഘോഷിക്കുകയാണ്. വർഷങ്ങളായി മുംബൈയിൽ അംബേദ്ക്കർ സ്മാരക നിർമ്മാണത്തിനാവശ്യമായ സ്ഥലത്തെ സംബന്ധിച്ച വിവാദം നടക്കുകയായിരുന്നു. എന്നാൽ, വളരെ സന്തോഷകരമായ ഒരു നടപടിയാണ് ഭാരതസർക്കാർ കൈക്കൊണ്ടിട്ടുള്ളത്. ആ സ്ഥലത്തുതന്നെ അംബേദ്ക്കറുടെ സ്മാരകം നിർമ്മിക്കാനുള്ള തീരുമാനം ഭാരതസർക്കാർ ഏറ്റെടുത്തത്. ഇതുപോലെ ഡൽഹിയിലും ബാബാ സാഹിബ് അംബേദ്ക്കറുടെ പേരിൽ അന്തർദേശീയ കേന്ദ്രം ഉണ്ടാക്കുവാൻ പോകുകയാണ്. ലോകം മുഴുവനും അംബേദ്ക്കറെ അറിയുവാനും അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങൾക്കായി ഒരു അന്തർദേശീയ കേന്ദ്രമെന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. അത്തരത്തിലുള്ള ആഗ്രഹത്തിന്റെ സാഫല്യമാണ് ഈ സ്മാരകം. സ്മാരകത്തിന്റെ ശിലാസ്ഥാപനം ഇതിനകം നടന്നുകഴിഞ്ഞു. 20 വർഷംകൊണ്ട് സാധിക്കാത്തത് 20 മാസംകൊണ്ട് നടപ്പിലാക്കണമെന്ന നിശ്ചയദാർഢ്യമാണ് ഇതിനുപിന്നിൽ. ഇതോടൊപ്പം എന്റെ മനസ്സിൽവന്ന മറ്റൊരു കാര്യംകൂടി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്നും നമ്മുടെ രാജ്യത്തെ കുറച്ചു കുടുംബങ്ങൾക്ക് മനുഷ്യവിസർജ്ജ്യം തലയിലേറ്റേണ്ടതായി വരുന്ന ദുരിതജീവിതം നയിക്കേണ്ടിവരുന്നു. ഇത് നമ്മുടെ രാജ്യത്തിനുതന്നെ തീരാ കളങ്കമല്ലേ സമ്മാനിക്കുന്നത്.

ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവർഷത്തിൽ ഈ കളങ്കത്തിൽനിന്ന് രാജ്യത്തെ മുക്തമാക്കുവാൻ ഭാരത സർക്കാർ ആഗ്രഹിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യത്തെ വളരെ കുറച്ചു കുടുംബങ്ങൾ മാത്രമാണ് മനുഷ്യ വിസർജ്ജ്യം തലയിൽ ചുമന്നുമാറ്റുന്ന ജോലി ചെയ്യുന്നത്. ഈ അവസ്ഥ നമുക്ക് സഹിക്കാൻ കഴിയുന്നതല്ല. സമൂഹത്തെ അവർക്കൊപ്പം നിർത്താനാവണം. സർക്കാരിന്റെ ഉത്തരവാദിത്വം നടപ്പിൽ വരുത്തണം. അതിന് ജനങ്ങളുടെ സഹകരണമാണ് ആവശ്യം. ഇക്കാര്യത്തിന്റെ സാക്ഷാത്ക്കാരമാണ് സർക്കാരിന്റെ ലക്ഷ്യം. ബാബാ സാഹിബ് അംബേദ്ക്കർ ജീവിതം മുഴുവൻ പറഞ്ഞത് വിദ്യാഭ്യാസം നേടുകയെന്നാണ്. ഇന്ന് നമ്മുടെ നാട്ടിലെ വളരെയേറെ ദളിതരും ചൂഷിതരും സാധാരണക്കാരുമായ ജനവിഭാഗത്തിന്റെയിടയിൽ വിദ്യാഭ്യാസം ശരിയാംവണ്ണം എത്തിയിട്ടില്ല. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് ഒരു കിട്ടാക്കനിയായിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ബാബാ സാഹിബ് അംബേദ്ക്കറുടെ 125-ാം ജയന്തിവർഷത്തിൽ നമുക്ക് ഈ തീരുമാനമെടുക്കാം, നമ്മുടെ ഗ്രാമത്തിലോ, പട്ടണത്തിലോ, തെരുവുകളിലോ ആൺകുട്ടികളോ, പെൺകുട്ടികളോ വിദ്യാഭ്യാസമില്ലാത്തവരായി ആരുമുണ്ടാകരുത്. നമ്മുടെ സർക്കാർ ആ മഹത്തായ കർത്തവ്യം ഏറ്റെടുക്കുകയാണ്. സമൂഹത്തിന്റെ സഹകരണവും ഇതിനാവശ്യമാണ്. ആ സന്തോഷത്തിൽ നമുക്കേവർക്കും പങ്കാളികളാകാം.

ഭാരതത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലെത്തിച്ച രണ്ടു പുത്രിമാരുടെ പേരെടുത്തു പറയുന്നതിൽ എനിക്കഭിമാനമുണ്ട്, അതിലൊരാൾ സൈനാ നെഹ്‌വാളാണ്. ബാഡ്മിന്റനിൽ ലോകത്ത് ഒന്നാം സ്ഥാനമെന്ന നേട്ടത്തിനുടമയാണവൾ. ടെന്നീസ് ഡബിൾസിൽ ലോകത്ത് ഒന്നാം സ്ഥാനക്കാരിയായ സാനിയ മിർസയാണ് മറ്റൊരാൾ. ദേശത്തിന്റെ യശ:സ്സുയർത്തിയ രണ്ടു പുത്രിമാർക്കുമൊപ്പം ഭാരതത്തിന്റെ അഭിമാനോജ്ജ്വലങ്ങളായ എല്ലാ പുത്രിമാർക്കും എന്റെ സ്‌നേഹാശംസകൾ.

ഇത്തരത്തിൽ നമ്മുടെ അഭിമാനതാരങ്ങളായ നിരവധി പുരുഷന്മാരുമുണ്ട്. അവരുടെ പരിശ്രമങ്ങളിൽ രാഷ്ട്രം അഭിമാനം കൊള്ളുകയാണ്. എന്നാൽ, ചില സാഹചര്യങ്ങളിൽ നാം അത് മറന്നുപോകാറുണ്ട്. ലോകകപ്പ്ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ആസ്‌ട്രേലിയയോട് നാം പരാജയപ്പെട്ടു. എന്നാൽ, ചിലർ ക്രിക്കറ്റ്ക്കളിക്കാരോട് അരുതാത്ത ചില വാക്കുകൾ ഉപയോഗിച്ചുകണ്ടു, അരുതാത്ത പ്രവൃത്തികളും അവരോട് കാണിക്കുകയുണ്ടായി. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, അതു നല്ലതല്ല. എത്ര നന്നായി കളിച്ചാലും ചിലപ്പോൾ തോറ്റെന്നുവരാം. ജയാപചയങ്ങൾ ജീവിതത്തിന്റെതന്നെ ഭാഗമല്ലേ? ഒരുപക്ഷേ, നമ്മുടെ കളിക്കാർ നമ്മളെക്കാളും സങ്കടത്തിൽപ്പെടുന്ന സാഹചര്യമാകാമത്. അത്തരത്തിലൊരു സാഹചര്യത്തിൽ അവർക്ക് ആവേശവും ധൈര്യവും പകരുകയല്ലേ വേണ്ടത്? പരാജയത്തിൽ നിന്ന് നമുക്ക് പലതും പഠിക്കാനാവുമെന്നതിൽ പൂർണ്ണവിശ്വാസം എനിക്കുണ്ട്. രാഷ്ട്രത്തിന്റെ അഭിമാനത്തോടൊപ്പം ഏതെല്ലാം കാര്യങ്ങളാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഒരു നിമിഷത്തിനിടയിൽ നാം പലതും മറന്ന് നടത്തുന്ന പ്രതികരണം മറ്റാരുടെയും ആത്മവീര്യത്തെ നഷ്ടപ്പെടുത്തുന്നതാകരുത്. ഇക്കാര്യം എന്നെ ഏറെ വേദനിപ്പിക്കുന്നു. ആളുകളുടെ വൻതിരക്കിനിടയിൽ ചില ആകസ്മിക സംഭവങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുവിധത്തിലുമുള്ള അപകടങ്ങൾക്ക് ഇവ ഇടവരുത്തരുത്. ഇത്തരം ചില സംഭവങ്ങൾ നാം ടി.വിയിലൂടെ കണ്ടതാണ്. ചിലയിടങ്ങളിൽ വാഹനങ്ങൾ കത്തിക്കുന്ന സംഭവങ്ങൾപോലും ഉണ്ടായിട്ടുണ്ട്. ഇത്തരം ആവേശപ്രകടനങ്ങളിൽ നിന്ന് നാം ഒഴിഞ്ഞുതന്നെ നിൽക്കണം. സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

എന്റെ പ്രിയജനങ്ങളേ............., നിങ്ങൾ പറഞ്ഞാലും................. ഇപ്രകാരമുള്ള ദേഷ്യപ്രകടനങ്ങൾക്ക് വേണ്ടി നമ്മൾ വാഹനങ്ങൾ കത്തിക്കുന്നു, എന്നാലോ....... ? മരിച്ചുപോയവർ മടങ്ങിവരില്ല. എന്താ.... നമുക്ക് നമ്മുടെ മനസ്സിലെ ഭാവങ്ങളെ സന്തുലിതമാക്കി നിലനിർത്തിക്കൊണ്ട് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിട്ടുകൂടേ? നമ്മൾ ഇപ്രകാരം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഇന്ന് എന്റെ മനസ്സ് ഈ കാരണങ്ങളെല്ലാം കൊംണ്ടുതന്നെ വളരെ വിഷമത്തിലാണ്. വിശേഷിച്ചും പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ. എന്നാൽ ഇതിനൊക്കെയിടയിലും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടതുണ്ട്. ഈ രാജ്യത്തിലെ ഏതൊരു വ്യക്തിയുംതന്നെ, ഒരുപക്ഷേ ദളിതനായിരുന്നാലും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നാലും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആളായിരുന്നാലും ചതിവിൽപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയായാലും ആദിവാസി സമൂഹത്തിൽപ്പെട്ട ആളായാലും ഗ്രാമീണനായാലും ദരിദ്രനായാലും കൃഷിക്കാരനായാലും ചെറുകിട കച്ചവടക്കാരനായിരുന്നാലും...... ഒരുപക്ഷേ, ആരുംതന്നെയായിക്കൊള്ളട്ടെ ഇവർ ഓരോരുത്തരുടെയും ക്ഷേമത്തിനായുള്ള ഈ യുദ്ധത്തിൽ നമ്മൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകുകതന്നെ ചെയ്യും.

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദത്തിനും വിരാമമായിതീർന്നിരിക്കുകയാണ്. വിശേഷിച്ചും 10-ാം ക്ലാസ്സിലെയും 12-ാം ക്ലാസ്സിലെയും വിദ്യാർത്ഥികൾ ഇപ്പോൾ മധ്യവേനൽ അവധി ആഘോഷിച്ചുകൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണിത്. ഞാൻ, നിങ്ങൾ ഓരോരുത്തർക്കും മംഗളകരമായ ഒരു ഭാവി നേരുന്നു. അതുപോലെ നിങ്ങളുടെ അവധിക്കാലം വളരെ നല്ല ദിനങ്ങളായിത്തീരട്ടേ...... എന്നും ആശംസിക്കുന്നു. ജീവിതത്തിൽ ഒരുപാടു പുതിയ കാര്യങ്ങൾ പഠിക്കുവാനും ഒട്ടനവധി പുതിയ കാര്യങ്ങൾ അറിയുവാനും ഉള്ള അവസരം നിങ്ങൾക്ക് ലഭിക്കാൻ ഇടവരട്ടെ എന്നും ആശംസിക്കുന്നു. അതുപോലെ ഒരു വർഷം നീണ്ട കഠിനപരിശ്രമത്തിന്‌ശേഷം ഒരു നിമിഷം നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഉത്സാഹത്തോടെയും ഉല്ലാസത്തോടെയും കഴിയാൻ നിങ്ങൾക്ക് കഴിയട്ടെയെന്നും ആശംസിക്കുന്നു. ഇതെല്ലാംതന്നെയാണ് നിങ്ങൾക്കായുള്ള എന്റെ മംഗളാശംസകൾ....... ! നിങ്ങൾ ഓരോരുത്തർക്കും എന്റെ നമസ്‌കാരം........ ! നന്ദി.........!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP