Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകളോടൊപ്പം സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നത് എന്തിനാണ്? മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞതിന്റെ പൂർണ്ണരൂപം

മകളോടൊപ്പം സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുന്നത് എന്തിനാണ്? മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞതിന്റെ പൂർണ്ണരൂപം

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2015 ജൂൺ 28-ാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

ന്റെ പ്രിയപ്പെട്ട ദേശവാസികളേ......

നിങ്ങൾക്ക് എന്റെ നമസ്‌ക്കാരം. കഴിഞ്ഞ മൻ കി ബാത്തിൽ ഒഴിവുകാലത്ത് നിങ്ങൾ എവിടെയെങ്കിലും യാത്രയ്ക്കുപോകുമ്പോൾ അവിടെയുള്ള ഓർമ്മയിൽ തങ്ങിനിൽക്കുന്ന മുഹൂർത്തങ്ങൾ #കിരൃലറശയഹലകിറശമ ൽ പോസ്റ്റു ചെയ്യാൻ ഞാൻ നിങ്ങളോട് അപേക്ഷിച്ചിരുന്നു. ഞാനതു പറഞ്ഞപ്പോൾ ഇത്രയും നല്ല പ്രതികരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടെയും ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. ഞാൻ ഉറപ്പിച്ചു പറയുകയാണ് ഒന്നിനൊന്ന് മികച്ച ദൃശ്യങ്ങളാണ് എനിക്ക് കാണാൻ ലഭിച്ചത്. വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് ഭാരതം. കലകളും വാസ്തുശില്പങ്ങളും പ്രകൃതിയും പർവ്വതങ്ങളും അരുവികളും നദികളും സമുദ്രങ്ങളും ഒക്കെക്കൂടി വിനോദസഞ്ചാരത്തിന്റെ മേഖലയിൽ നിങ്ങൾ ചെയ്ത ഈ മഹത്തായ കാര്യങ്ങൾ, നിങ്ങൾക്കിങ്ങനെ ചെയ്യാൻ കഴിയുമെന്ന് ഭാരതസർക്കാർപോലും ചിന്തിച്ചിട്ടുണ്ടാവില്ല. ട്വിറ്ററിലൂടെ ഇത് വീണ്ടും പുനഃരവതരിപ്പിക്കുവാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. ഒരുപക്ഷേ, ആന്ധ്രാപ്രദേശിലെ ബേലം ഗുഹകളെക്കുറിച്ചുള്ള ചിത്രങ്ങൾ ചിലർ അയച്ചുതന്നില്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിലെ ഒട്ടനവധിപേർക്ക് ഇങ്ങനെ ഒരു പ്രദേശം ഉണ്ടെന്നറിയാൻ കഴിയുമായിരുന്നില്ല. മധ്യപ്രദേശിലെ ഓർഝായുടെ ചിത്രമാണെങ്കിലും ശരി. ജലക്ഷാമം നേരിടുന്ന ഒരു പ്രദേശമായിട്ടാണ് നാം പലപ്പോഴും രാജസ്ഥാനെ കാണുന്നത്. എന്നാൽ അവിടെ നിന്നാരെങ്കിലും മെനാലിലെ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ അയയ്ക്കുമ്പോൾ വളരെയധികം ആശ്ചര്യം തോന്നുകയാണ്. ശരിക്കും എന്നെ അതിശയിപ്പിക്കുന്നു. ഇതിനെ നമ്മൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ലോകമിത് കാണട്ടെ. നമ്മുടെ നാട്ടുകാർ കാണട്ടെ. നമ്മുടെ പുത്തൻ തലമുറയും കാണട്ടെ. എന്റെ പ്രിയമുള്ള ദേശവാസികളേ, നിങ്ങൾ എന്നെ പ്രധാനമന്ത്രിയാക്കി, ശരിതന്നെ. എന്റെ ഉള്ളിലുള്ള മനുഷ്യൻ ചിലപ്പോഴെങ്കിലും മറ്റെല്ലാ പദവികളും ബഹുമാന്യതയും ഉപേക്ഷിച്ച് എന്നിലേയ്ക്ക് ഉൾവലിയാറുണ്ട്.

അതുപോലെ ജൂൺ 21 അന്താരാഷ്ട്രാ യോഗാദിനം. എന്റെ മനസ്സിനെ ആവേശം കൊള്ളിച്ചു. യു.എൻ ൽ ഈ ആശയം ഞാൻ അവതരിപ്പിച്ചപ്പോൾ ഒരു കാര്യം പരിചയപ്പെടുത്തുന്നു എന്നു മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷേ, ജൂൺ 21 ലെ ദൃശ്യങ്ങൾ കണ്ടപ്പോൾ, സൂര്യനുദിച്ചിടത്തെല്ലാം, സൂര്യകിരണങ്ങൾ പതിഞ്ഞിടത്തെല്ലാം യോഗ. യോഗയിലൂടെ സൂര്യനെ സ്വാഗതം ചെയ്യാത്തതായി ലോകത്തിലെ ഒരു ഭൂവിഭാഗവും ഇല്ലെന്നായി. യോഗാഭ്യാസത്തിന്റെ ലോകത്ത് സൂര്യൻ ഒരിക്കലും അസ്തമിക്കില്ലായെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ലോകം യോഗയെ പരവതാനി വിരിച്ച് സ്വീകരിക്കുന്നത് കണ്ടപ്പോൾ, യോഗയെ ലോകം തോളിലേറ്റുന്നത് കണ്ടപ്പോൾ ഏത് ഇന്ത്യാക്കരന്റെ മനസ്സാണ് അഭിമാനം കൊള്ളാതിരുന്നത്? ഞാനും ആനന്ദപുളകിതനായി. എന്റെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി.

ഫ്രാൻസിലെ ജനങ്ങൾക്ക് സീൻ നദിയും ഈഫൽ ടവറും അഭിമാനത്തിന്റെ പ്രതീകങ്ങളാണ്. അവർ യോഗ ചെയ്യാൻ വേണ്ടി ആ സ്ഥലമാണ് തിരഞ്ഞെടുത്തത്. അവർ അത്രയ്ക്ക് തുല്യമായ പദവിയാണ് യോഗയ്ക്ക് നൽകിയത്. ന്യൂയോർക്കിലെ ജനങ്ങൾ ടൈം സ്‌ക്വയറിലാണ് യോഗ അനുഷ്ഠിച്ചത്. ആസ്‌ട്രേലിയയിലെ, സിഡ്‌നിയെക്കുറിച്ചോർക്കുമ്പോൾ ഓപ്പറാ ഹൗസിന്റെ ചിത്രമാണ് നമ്മുടെ മുന്നിൽ തെളിയുന്നത്. ആസ്‌ട്രേലിയക്കാർ ഓപ്പറാ ഹൗസിന് സമാനമായ പദവി യോഗയ്ക്ക് നൽകി. അവിടെയാണ് യോഗ അനുഷ്ഠിച്ചത്. വടക്കേ അമേരിക്കയാകട്ടെ സിലിക്കോൺ വാലി ആകട്ടെ, മിലാനിലെ ഡ്യൂമോ കത്തീഡ്രൽ ആകട്ടെ, ഇവയെല്ലാം അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ജൂൺ 21-ന് യു.എൻ. സെക്രട്ടറി ജനറൽ ബാൻ കി മൂൺ യു.എൻ. തലസ്ഥാനത്ത് യോഗ ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് എന്തുമാത്രം സന്തോഷമുണ്ടായെന്നോ? അതുപോലെ യു.എൻ. സമാധാനസേനയും മനോഹരമായ യോഗ പ്രദർശനം നടത്തി. ഭാരതത്തിലും സിയാച്ചിനിലെ വെളുത്ത മഞ്ഞുപരവതാനികളിൽ യോഗാഭ്യാസം നടത്തി, നമ്മുടെ സൈനികർ. അതേസമയം, സമുദ്രത്തിൽ എവിടെയൊക്കെയാണോ നമ്മുടെ നാവികസേനയുടെ കപ്പലുകൾ ഉണ്ടായിരുന്നത് അവിടെയൊക്കെ നമ്മുടെ നാവികസേന യോഗാഭ്യാസം നടത്തി.

ഡൽഹിയിലാകട്ടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്‌സിൽ അതിന്റെ സ്ഥാനം ഉറപ്പിച്ചു. രാജ്പഥ് യോഗവീഥിയായി മാറി. ഞാൻ ദേശത്തോടും ലോകത്തോടും ഹൃദയംകൊണ്ട് കടപ്പെട്ടിരിക്കുന്നു. ഇതൊരു ചടങ്ങിനുവേണ്ടി മാത്രമുള്ള പരിപാടിയായിരുന്നില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ലോകത്തിന്റെ മുക്കിലും മൂലയിലും ഒരു നവജിജ്ഞാസ, പുതുസന്തോഷം, ഒരു പുത്തൻ ആവേശം, ഒരു സംഘബോധം.... നടക്കുന്നതായി തോന്നി. ഏതാനും ദിവസങ്ങൾക്ക് മുൻപ് വിയറ്റ്‌നാമിലെ ഒരു കുടുംബത്തിലെ ഒരു ചെറിയ കുട്ടി യോഗ ചെയ്യുന്ന ചിത്രം ഞാൻ ട്വീറ്റ് ചെയ്തിരുന്നു. എത്ര ഓമനത്തം നിറഞ്ഞതായിരുന്നു ആ ചിത്രം. അത് ലോകം മുഴുവൻ പ്രചരിച്ചു. എല്ലാപേരും സ്ത്രീകളും പുരുഷന്മാരും ആബാലവയോധികം ഗ്രാമീണരും നഗരവാസികളും വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും എല്ലാവരും യോഗയ്ക്കുവേണ്ടി ഒന്നിച്ചു. ശരിക്കും ലോകത്തെ ഒരുമിപ്പിക്കുന്ന ഒരു കണ്ണിയായി അത് മാറി. ബുദ്ധിജീവികളും മറ്റുള്ളവരും ഇതിനെ എങ്ങിനെ വ്യാഖ്യാനം ചെയ്യുമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം ഞാൻ മനസ്സിലാക്കുന്നുണ്ട്, ലോകം, ഭാരതത്തെ അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാൻ വകനൽകുന്നതാണിത്. ഭാരതത്തെ അറിയാനുള്ള ജിജ്ഞാസ ഏറിവരികയാണ്. ഇവിടുത്തെ മൂല്യങ്ങളും പാരമ്പര്യങ്ങളും അറിയാൻ ലോകം കാതോർക്കുന്നു. ഈ പാരമ്പര്യത്തെ അമാന്തം കൂടാതെ ലോകത്തിന് കൈമാറേണ്ടുന്ന ഉത്തരവാദിത്വം നമ്മളിലാണ്. നമുക്ക് ഇത് ലോകത്തെ പരിചയപ്പെടുത്തേണ്ടതുണ്ട്. നാം നമ്മുടെ പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നുണ്ടെങ്കിൽ മാത്രമേ നമുക്കിത് നിറവേറ്റാൻ കഴിയൂ. ഇതിലൊക്കെ എന്തു പുതുമയാണുള്ളത് എന്ന് നമുക്ക് തോന്നിയേക്കാം. ഉദാഹരണത്തിന് നമ്മുടെ കുടുംബബന്ധങ്ങൾ. ഭാരതത്തിന്റെ കുടുംബവ്യവസ്ഥ ലോകർക്ക് എത്ര വിലപ്പെട്ടതാണെന്ന് നമ്മൾ തിരിച്ചറിയുന്നില്ല. എന്തുകൊണ്ട് നമ്മുടെ കുടുംബ വ്യവസ്ഥയും കുടുംബ മൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തിക്കൂടാ. ലോകം അതിശയിക്കും. നിശ്ചയമായും അവർ ആശ്ചര്യപ്പെടും. നമ്മുടെ പൂർവ്വികർ ഇത്തരം വിലമതിക്കാനാവാത്ത ഒരുപാടു കാര്യങ്ങൾ നമുക്ക് പകർന്നു നൽകിയിട്ടുണ്ട്. അവയിൽ ശ്രേഷ്ഠമായിട്ടുള്ളവ ലോകത്തിനുംകൂടി അവകാശപ്പെട്ടതാണ്. അന്താരാഷ്ട്രാ യോഗാദിനത്തിന്റെ വിജയം ആനന്ദത്തോടൊപ്പം ഒരു പുതിയ ഉത്തരവാദിത്വംകൂടി നൽകിയിരിക്കുന്നു. ലോകത്തിന് ഉത്തമമായ യോഗയിലുള്ള അറിവ് പകരേണ്ട ഉത്തരവാദിത്വം അതു നമ്മുടേതാണ്. യോഗയുടെ എല്ലാ തലങ്ങളേയും ലോകത്തിന് ഒരു വേദിയിൽ ഒന്നിച്ചുകാണാനുള്ള അവസരം. അത് ഒരുക്കേണ്ടുന്ന ഉത്തരവാദിത്വവും നമ്മുടേതാണ്. ദേശത്തെ യുവാക്കളോട് പ്രത്യേകിച്ചും ഐ.ടി. വിദഗ്ദ്ധരോട് ഒന്നിച്ചുച്ചേർന്ന് ഓൺലൈൻ യോഗ പരിശീലനത്തിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അതിൽ യോഗാ സ്ഥാപനങ്ങളെക്കുറിച്ചും യോഗാ ഗുരുക്കളെക്കുറിച്ചും യോഗയെക്കുറിച്ചും യോഗ എവിടെ പഠിക്കണമെന്നും യോഗാ പരിശീലകർ എവിടെ ലഭ്യമാകുമെന്നുമുള്ള വിവരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. എനിക്കുറപ്പുണ്ട് നിങ്ങൾക്കിത് ചെയ്യാൻ കഴിയുമെന്ന്.

അതെ, എവിടെ നിന്നെങ്കിലും തുടങ്ങേണ്ടേ? ഭാവിയിൽ അതൊരു ശക്തിയായി മാറും. ഇക്കഴിഞ്ഞ സംഭവങ്ങളെ മറ്റൊരു കോണിലൂടെ കാണാനും ഞാൻ ശ്രമിക്കുകയാണ്. പ്രവർത്തിക്കുന്ന സർക്കാർ കുതിക്കുന്ന സർക്കാർ ഒരു ലക്ഷ്യത്തിൽ മനസ്സുവച്ചാൽ അതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കണ്ടു. ചുറ്റും നിരാശ വ്യാപിച്ചിരുന്ന സമയത്ത്..... നമുക്ക് മറക്കാൻ കഴിയില്ല. ഒരു വർഷം മുൻപ് ഒരേയൊരു ജല്പനം മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. ഒന്നും നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല. സർക്കാരിന് ആയുഷ് എന്ന ഒരു വിഭാഗം ഉണ്ടായിരുന്നതായി നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ? ആരും തന്നെ അക്കൂട്ടരെ ശ്രദ്ധിച്ചിരുന്നില്ല. വല്ലപ്പോഴുമൊക്കെ പത്രങ്ങളിൽ ചെറുതോ വലുതോ ആയ വാർത്തകൾ വന്നാലായി വന്നില്ലെങ്കിലായി. എന്നാൽ യോഗ ദിനത്തെ നയിച്ചതവരാണ്. ഈ ചെറിയ വിഭാഗമാണ് ലോകത്തിനു മുൻപിൽ ഇത്രയും മഹത്തായ കാര്യം ആസൂത്രണം ചെയ്തു കാട്ടിയത്. ലക്ഷ്യം മുന്നിലുണ്ടെങ്കിൽ ഒരു ചെറിയ ഘടകത്തിനുപോലും എത്ര മഹത്തായ കാര്യവും ചെയ്യാൻ കഴിയുമെന്നതിന്റെ മാതൃകയാണിത്.

കഴിഞ്ഞ ദിവസങ്ങളിൽ ലോകം കണ്ടതാണ്, നമ്മൾ യമനിൽ അപകടത്തിൽപ്പെട്ടവരെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്ന്. മണിക്കൂറുകൾക്കകമാണ് നമ്മുടെ ആൾക്കാർ നേപ്പാളിൽ സഹായത്തിനായി ഓടിയെത്തിയത്. പ്രവർത്തിക്കുന്ന സർക്കാർ ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോൾ ബാങ്ക് ജീവനക്കാർ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിവന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് ആളുകളെയാണ് അവർ ബാങ്കുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15-ന് ചുവപ്പ്‌കോട്ടയിൽവച്ച് സ്‌കൂളുകളിൽ ശൗചാലയങ്ങൾ ഉണ്ടാക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്തിരുന്നുവല്ലോ. അടുത്ത ഓഗസ്റ്റ് 15-നകം നമ്മൾ ഇത് പൂർത്തിയാക്കണമെന്നും പറഞ്ഞിരുന്നു. 60 വർഷംകൊണ്ട് നടക്കാത്ത കാര്യം ഒരു വർഷംകൊണ്ട് സാധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുതന്നെ ഒരു സാഹസമാണ്. ഏകദേശം നാലര ലക്ഷം ശൗചാലയങ്ങൾ നിർമ്മിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് എനിക്ക് ആഹ്ലാദത്തോടെ പറയാൻ കഴിയും ഓഗസ്റ്റ് 15 വരാനിരിക്കുന്നതേയുള്ളൂ. പൂർണ്ണമായിട്ടില്ലെങ്കിലും ഏകദേശം എല്ലാ സ്‌ക്കൂളുകളിലും ശൗചാലയ നിർമ്മാണ പണികൾ ജനങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. അതായത്, സർക്കാരും ജനങ്ങളും സർക്കാർ സംവിധാനങ്ങളും ദേശത്തിനുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു. 'സർവ്വജനഹിതായ സർവ്വജനസുഖായ' എന്ന കാഴ്ചപ്പാടുമായി മുന്നോട്ടു പോകുമ്പോൾ സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് മുന്നേറും. എല്ലാ വിഭാഗം ജനങ്ങളും ഇതിനെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. ഞാൻ ഇത് കണ്ടതാണ്. ദേശത്തിന് മുന്നേറാനുള്ള യഥാർത്ഥ ഊർജ്ജവും ഇതു തന്നെയാണ്. കഴിഞ്ഞ മാസം സാമൂഹ്യസുരക്ഷയ്ക്കായുള്ള മൂന്നു പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. ഞാൻ കൊൽക്കത്തയിൽ നിന്നാണ് അത് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല പ്രതികരണമാണ് അതിന് ലഭിച്ചിട്ടുള്ളത്. ഭാരതത്തിൽ സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട വളരെ കുറച്ചു പ്രവർത്തനങ്ങളേ നടന്നിട്ടുള്ളൂ. എന്നാൽ, ഈ മൂന്നു പദ്ധതികളിലൂടെയും ഒരു കുതിപ്പാണ് നമ്മൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ പത്തുകോടിയിൽപ്പരം ജനങ്ങൾ ഏതെങ്കിലുമൊക്കെ വിധത്തിൽ ഈ പദ്ധതികളുമായി ബന്ധപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എനിയ്‌ക്കൊരുകാര്യം തോന്നുന്നു. അത് നിങ്ങളുടെ മുന്നിലവതരിപ്പിക്കുകയാണ്. ഓഗസ്റ്റ് മാസത്തിൽ രക്ഷാബന്ധൻ ആഘോഷിക്കുകയാണല്ലോ. നമുക്ക് എന്തുകൊണ്ട് രക്ഷാബന്ധനത്തിനു മുൻപായി ഒരു ജനമുന്നേറ്റം നടത്തിക്കൂടാ. എന്തുകൊണ്ട് ദേശത്തിലെ അമ്മമാർക്കും സഹോദരിമാർക്കും ജനസുരക്ഷാപദ്ധതികളുടെ നേട്ടങ്ങൾ എത്തിച്ചുകൂടാ. നമ്മുടെയൊക്കെ വീടുകളിൽ ആഹാരം പാചകം ചെയ്യുന്ന സഹോദരിമാരുണ്ടാകും. പാത്രം കഴുകുന്ന സഹോദരിമാരുണ്ടാകും. വയലുകളിൽ പണിയെടുക്കുന്ന സഹോദരിമാരുണ്ടാകും. നമ്മുടെ കുടുംബത്തിലെ സഹോദരിമാരുണ്ടാകും. നമുക്ക് എന്തുകൊണ്ട് രക്ഷാബന്ധൻ എന്ന പവിത്രമായ ഉത്സവത്തോടനുബന്ധിച്ച് പന്ത്രണ്ടുരൂപയ്ക്കുള്ളതോ മുന്നൂറ്റിമുപ്പതു രൂപയ്ക്കുള്ളതോ ആയ ജനസുരക്ഷാപദ്ധതികൾ സമ്മാനമായി നൽകി ജീവിതകാലം മുഴുവൻ അവരെ സുരക്ഷിതരാക്കിക്കൂടാ. ഇത് രക്ഷാബന്ധന് ഒരു സഹോദരൻ സഹോദരിക്ക് നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരിക്കും. രക്ഷാബന്ധൻ ഉത്സവത്തെ ലക്ഷ്യമാക്കിക്കൊണ്ട് രണ്ട് കോടിയോ അഞ്ചു കോടിയോ ഏഴു കോടിയോ പത്തു കോടിയോ.... നമുക്ക് ഇത് എത്രമാത്രം സഹോദരിമാർക്ക് പ്രയോജനപ്രദമാക്കിക്കൂടാ? വരൂ നമുക്ക് ഒരുമിച്ച് ഈ ലക്ഷ്യത്തെ പൂർത്തീകരിക്കാൻ ശ്രമിക്കാം.

ഞാൻ മൻ കി ബാത്ത് അവതരിപ്പിക്കുമ്പോൾ പലരും എനിക്ക് നിർദ്ദേശങ്ങൾ അയയ്ക്കാറുണ്ട്. ഇത്തവണ മഴക്കാലത്തെക്കുറിച്ച് പറയണമെന്ന് കുറച്ചുപേർ എന്നോട് നിർദ്ദേശിച്ചു. നാഗ്പൂരിലെ യോഗേഷ് ധാണ്ടേക്കർ, മൈസൂറിലെ ഹർഷവർധൻജി, പ്രവീൺ നട്ട്കർണിജി, ദിവ്യാംശു ഗുപ്താജി ഇവരൊക്കെ മഴക്കാലത്തെക്കുറിച്ച് തീർച്ചയായും മൻ കി ബാത്തിൽ പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നല്ല നിർദ്ദേശമാണ്. എന്തൊക്കെയായാലും മഴക്കാലം എല്ലാവരുടെയും മനസ്സിനെ ആനന്ദിപ്പിക്കുന്നതാണ്. പുതുമഴ എല്ലാപേർക്കും ഏതു പ്രായത്തിലുള്ളവർക്കും ആസ്വാദ്യകരമാണ്. മഴയത്ത് ചൂടു പലഹാരത്തോടും ബജിയോടും ചോളത്തോടുമൊപ്പം ചൂടു ചായ കുടിക്കുന്നതിന്റെ സുഖം നിങ്ങളും അനുഭവിച്ചിട്ടുണ്ടാവും. സൂര്യൻ നമുക്ക് ജീവൻ നൽകുന്നതുപോലെ മഴയും നമുക്ക് ഊർജ്ജം പ്രദാനം ചെയ്യുന്നു. ഓരോ തുള്ളി ജലവും അമൂല്യമാണ്. ഒരു പൗരനെന്ന നിലയിൽ സമൂഹത്തിനായി ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതുണ്ട്. ഗ്രാമത്തിലെ ജലം ഗ്രാമത്തിലും നഗരത്തിലെ ജലം നഗരത്തിലും തങ്ങിനിൽക്കണമെന്ന് നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. വെള്ളം തടഞ്ഞുനിർത്താൻ ശ്രമിയ്‌ക്കേണ്ടതുണ്ട്. മഴവെള്ളം കെട്ടിനിന്ന് അത് ഭൂമിയിലേയ്ക്ക് മടങ്ങിപ്പോയാൽ ഭൂമി റീചാർജ്ജ് ചെയ്യപ്പെടും. അങ്ങിനെ വർഷം മുഴുവനുമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. മഴവെള്ളസംഭരണം ഒരു പുതിയ സംരംഭമല്ല. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ് അത്. തടയണകളായാലും ശരി നീർത്തടവികസനമായാലും ശരി ചെറിയ കുളങ്ങളായാലും ശരി നിലങ്ങളായാലും ശരി നമുക്ക് ഓരോ തുള്ളിയും സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോർബന്തറിൽ മഹാത്മജിയുടെ വീടു കാണാൻ പോകുകയാണെങ്കിൽ ഇരുനൂറു വർഷം പഴക്കമുള്ള അദ്ദേഹത്തിന്റെ വീട്ടിനുള്ളിൽ ഒരു ഭൂഗർഭജലസംഭരണിയുണ്ട്. ഇതിൽ മഴവെള്ളം നേരിട്ടെത്താനുള്ള ഏർപ്പാടുണ്ടായിരുന്നു. ഇരുനൂറു വർഷങ്ങൾക്കുശേഷവും അത് പ്രവർത്തനക്ഷമമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല വേനൽക്കാലത്തുപോലും വെള്ളം കേടുവരുന്നില്ല. പോർബന്തർ സമുദ്രതീരത്താണ്. എങ്കിലും ശുദ്ധമായ ജലം. മഴവെള്ളം സംഭരിച്ച് ഓരോ വീട്ടിലും സൂക്ഷിക്കുമായിരുന്നു. നമുക്കും ഇത് ചെയ്യാം. ഇതൊരു ജനമുന്നേറ്റമായി മാറേണ്ടതുണ്ട്. ഓരോ ഗ്രാമത്തിലും ഇതിനുള്ള ഏർപ്പാടുണ്ടാകേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ കണ്ണുകൾക്ക് പ്രിയങ്കരമായ പച്ചപ്പ്. പച്ചപ്പുള്ള ജീവിതം എത്ര മനോഹരമാണ്. മരങ്ങളും ചെടികളും തോട്ടങ്ങളും ജീവിതത്തെ പച്ചപ്പുള്ളതാക്കി മാറ്റുന്നു. ഈ മഴക്കാലത്ത് മരം നട്ടു പിടിപ്പിക്കാനുള്ള ശ്രമം സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും യുവാക്കൾ മുഖേനയും ധാരാളം ഉണ്ടാകേണ്ടതുണ്ട്. എന്റെ അനുഭവത്തിൽനിന്ന് ഞാനൊരു നിർദ്ദേശം വയ്ക്കാം. ഒരു സാധാരണ ഗ്രാമീണ സാങ്കേതികവിദ്യയാണ്. നിങ്ങൾ ഒരു മരം നടുന്നതിനോടൊപ്പം മരത്തിന്റെ വശത്തായി ഒരു മൺകുടംകൂടി വയ്ക്കുക. അതിൽ വെള്ളം നിറയ്ക്കുക. മാസം രണ്ടു തവണ നിറച്ചാലും മതി. ആ ചെടി വളരെ പെട്ടെന്ന് തഴച്ചു വളരുന്നതു കാണാം. നിങ്ങളൊന്നു പരീക്ഷിച്ചുനോക്കൂ. പഴയ മൺകുടം കിട്ടുമല്ലോ. ഞാൻ കർഷകരോട്
പറയാറുണ്ട്. പാടത്ത് വരമ്പു നിർമ്മിക്കുന്നതിനു പകരം മരം നടണമെന്ന്. അത് നിങ്ങൾക്കൊരു സമ്പാദ്യമായി മാറും.

മഴ പ്രിയപ്പെട്ടതാണ്, ആഹ്ലാദകരമാണ്. കാര്യം ശരിയാണ്, പക്ഷേ, മഴക്കാലത്താണ് ധാരാളം രോഗങ്ങൾ കടന്നുവരുന്നത്. രോഗികളുടെ ആധിക്യം കാരണം ഡോക്ടർമാർക്ക് വിശ്രമിക്കാൻപോലും സമയം ലഭിക്കാറില്ല. മഴക്കാലത്ത് വെള്ളത്തിലൂടെ രോഗങ്ങൾ പകരുമെന്ന് നമുക്കറിയാം. അന്തരീക്ഷത്തിൽ ഈർപ്പമുള്ളതുകൊണ്ട് ബാക്ടീരിയ പെരുകും. അതുകൊണ്ടുതന്നെ ശുചിത്വം അത്യന്താപേക്ഷിതമാണ്. ശുദ്ധജലം കുടിക്കാനുള്ള ആഗ്രഹവും തീർച്ചയായും ഉണ്ടാകും. മിക്കവാറും ആൾക്കാർ അക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറുണ്ട്. അത് പ്രയോജനപ്രദവുമാണ്. നമ്മൾ ശ്രദ്ധിക്കുന്നിടത്തോളം രോഗം നമ്മളിൽനിന്ന് അകലം പാലിക്കും. നമുക്ക് വെള്ളവും വേണം, മഴയും വേണം. പക്ഷേ, രോഗത്തിൽ നിന്ന് മുക്തിയും വേണം.

എന്റെ ദേശവാസികളേ, ഇതുവരെ നമ്മൾ മൂന്നു പദ്ധതികൾക്ക് തുടക്കം കുറിച്ചു. പ്രത്യേകിച്ചും നഗരവാസികൾക്കായി. നമ്മുടെ രാജ്യത്ത് അഞ്ഞൂറോളം ചെറുതും വലുതുമായ നഗരങ്ങളുണ്ട്. പാഴ്‌വസ്തുക്കളിൽ നിന്ന് ധനമുണ്ടാക്കാം. ചപ്പുചവറുകൾക്കുള്ളിൽനിന്നുപോലും സമ്പത്തുണ്ടാക്കാം. വളം നിർമ്മിക്കാം, ഇഷ്ടിക നിർമ്മിക്കാം, വൈദ്യുതി നിർമ്മിക്കാം, മലിനജലം ശുദ്ധീകരിച്ച് കൃഷിക്കായി ഉപയോഗിക്കാം. ഈ പദ്ധതിയെ നമുക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അമൃത് പദ്ധതിയിലൂടെ നഗരങ്ങളെ വാസയോഗ്യമാക്കിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകത്തോട് കിടപിടിക്കാനുള്ള ശ്രമവും രാജ്യത്തിന് നടത്തേണ്ടതുണ്ട്. അങ്ങനെയുള്ള സ്മാർട്ട് സിറ്റികൾ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം രാജ്യത്തെ ഏറ്റവും ദരിദ്രനായ വ്യക്തിക്കുപോലും കയറിക്കിടക്കാൻ വീടുണ്ടാകേണ്ടതുണ്ട്. വീട്ടിൽ വെള്ളം വേണം, വെളിച്ചം വേണം, ശൗചാലയം വേണം. സമീപത്ത് വിദ്യാലയങ്ങൾ വേണം. 2022-ൽ ഭാരതസ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നമ്മൾ ദേശവാസികൾക്ക് വീടു നൽകാൻ ആഗ്രഹിക്കുന്നു. ഈ മൂന്നുകാര്യങ്ങളെ അടിസ്ഥാനമാക്കി നമ്മൾ വലിയ പദ്ധതികൾ ആരംഭിച്ചിരിക്കുന്നു. നഗരജീവിതത്തെ മാറ്റിമറിക്കാൻ ഈ പദ്ധതികൾ പ്രയോജനപ്പെടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഞാൻ സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി ബന്ധപ്പെടാറുണ്ടല്ലോ. ഒരുപാട് പുതിയ ആശയങ്ങൾ നിങ്ങളിൽനിന്ന് എനിക്കും കിട്ടാറുണ്ട്. സർക്കാറിനെ കുറിച്ചുള്ള നല്ലതും ചീത്തയുമായ റിപ്പോർട്ടുകളും ഞാൻ ശ്രദ്ധിച്ചുവരുന്നു.

പലപ്പോഴും വളരെ ദൂരെയുള്ള ഗ്രാമങ്ങളിലെ വ്യക്തികൾ ചെയ്യുന്ന നിസ്സാരകാര്യങ്ങൾപോലും നമ്മുടെ ഹൃദയത്തെ സ്പർശിക്കാറുണ്ട്. 'ബേട്ടീ ബചാവോ, ബേട്ടീ പഠാവോ' എന്ന സർക്കാരിന്റെ പരിപാടിയെ കുറിച്ച് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പക്ഷേ, സർക്കാരിന്റെ പദ്ധതി ഒരു വ്യക്തിയോ സമൂഹമോ ഗ്രാമമോ തങ്ങളുടേതാക്കി മാറ്റുമ്പോൾ അതിന് എത്രമാത്രം ശക്തി വർദ്ധിക്കുന്നുവെന്നോ! കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിലെ ബീബിപൂർ ഗ്രാമത്തിലെ സർപഞ്ച് ആയ ശ്രീമാൻ സുനിൽ ജഹ്‌ലാൻ എത്ര മഹത്തായ ഒരു ശ്രമമാണ് നടത്തിയത്. അദ്ദേഹം 'സെൽഫി വിത്ത് ഡോട്ടർ' അതായത് മകളോടൊപ്പം ഫോട്ടോയെടുക്കുക എന്ന ശ്രമത്തെ വ്യാപിപ്പിക്കാനായി ഗ്രാമത്തിൽ മഹത്തായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. ഓരോ അച്ഛനോടും മകളോടൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇടാൻ പ്രേരിപ്പിച്ചു. ഈ കാഴ്ചപ്പാട് എനിക്ക് ഇഷ്ടപ്പെട്ടു. അതിനു പിന്നിൽ ചില കാരണങ്ങളുമുണ്ട്. ഹരിയാനയിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളുടെ എണ്ണം വളരെ കുറവാണ്. രാജ്യത്തെ ഏകദേശം നൂറു ജില്ലകളിലെ ഈ അവസ്ഥ ആശങ്കാജനകമാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ. ഹരിയാനയിലെ ഒരു ചെറിയ ഗ്രാമത്തിലെ സർപാഞ്ച് 'ബേട്ടി ബച്ചാവോ' എന്ന പദ്ധതിയെ ഈ രീതിയിൽ ആവിഷ്‌ക്കരിച്ചപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. ഒരു പുത്തൻ പ്രതീക്ഷ തരുന്നു. ഇതിൽ ഞാനെന്റെ സന്തോഷം പങ്കുവെയ്ക്കുന്നു. അതോടൊപ്പം ഈ സംഭവത്തിൽനിന്നും എനിക്ക് പ്രേരണയും ലഭിച്ചു. അതുകൊണ്ടുതന്നെ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത് നിങ്ങളും നിങ്ങളുടെ മകളോടൊപ്പമുള്ള സെൽഫിയെടുത്ത്  selfie with daughter എന്ന് പോസ്റ്റുചെയ്യുക. അതോടൊപ്പം 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിക്ക് ശക്തി പകരുന്ന തലക്കെട്ടും എഴുതി അയയ്ക്കൂ. അനുയോജ്യമായ വരികൾ എഴുതി അയയ്ക്കൂ. അത് ഏതു ഭാഷയിലുമാകാം. ഇംഗ്ലീഷാകാം, ഹിന്ദിയാകാം നിങ്ങളുടെ മാതൃഭാഷയേതുമാകാം. അതിൽ ആകർഷകമായ തലക്കെട്ടുള്ള സെൽഫി നിങ്ങളുടെയും മകളുടെയും, ഞാൻ tweet ചെയ്യും. നമുക്ക് 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന പദ്ധതിയെ ഒരു ജനമുന്നേറ്റമായി മാറ്റാൻ കഴിയും. ഹരിയാനയിലെ ബീബിപൂർ ഗ്രാമത്തിൽ സുനിൽഭായ് തുടങ്ങിവച്ച പ്രവർത്തനങ്ങൾ നമുക്ക് ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാം. നിങ്ങൾ selfie with daughter തീർച്ചയായും പോസ്റ്റു ചെയ്യൂ. പെൺമക്കളുടെ മഹത്വം വർദ്ധിക്കുന്നതു കാണൂ. അഭിമാനം വർദ്ധിക്കുന്നതു കാണൂ. 'ബേട്ടീ ബച്ചാവോ' എന്ന പദ്ധതി എത്ര ഭാസുരമാകും. അതോടൊപ്പം നമ്മുടെമേൽ ചാർത്തപ്പെട്ട കളങ്കവും ഇല്ലാതാകും.

ശരി, ഈ മഴക്കാലത്ത് നിങ്ങൾക്കെന്റെ മംഗളാശംസകൾ. മഴ ആസ്വദിക്കൂ. നമ്മുടെ ദേശത്തെ ഹരിതാഭമാക്കി മാറ്റൂ. അന്താരാഷ്ട്രാ യോഗദിനം ദിനാചരണമാക്കാതെ നിങ്ങൾ യോഗ അഭ്യസിക്കൂ. നിങ്ങൾക്ക് അത് പ്രയോജനപ്പെടുന്നത് കാണാം. എന്റെ അനുഭവത്തിൽനിന്നാണ് ഞാനിത് തുടരാൻ പറയുന്നത്. നിങ്ങൾ ഇത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റൂ. അതോടൊപ്പം നിങ്ങൾ എവിടെ യാത്ര പോയാലും ശിരൃലറശയഹല കിറശമ യിലേക്ക് തീർച്ചയായും ഫോട്ടോ അയയ്ക്കുക. നമ്മുടെ ദേശത്തിന് എത്രമാത്രം വൈവിധ്യം ഉണ്ടെന്നുള്ള വസ്തുത രാജ്യവും ലോകവും അറിയട്ടെ. അതിൽ കരകൗശലവുമായി ബന്ധപ്പെട്ടിട്ടുള്ള വളരെ കുറച്ച് ചിത്രങ്ങളേ വന്നിട്ടുള്ളൂ. നിങ്ങൾ നിങ്ങളുടെ പ്രദേശത്തെ കരകൗശലവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പോസ്റ്റു ചെയ്യൂ. അങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ നിങ്ങളുടെ പ്രദേശത്തും ഉണ്ടായിരിക്കാം. അതിൽ പാവപ്പെട്ടവരും വൈദഗ്ധ്യമുള്ളവരും നിർമ്മിക്കുന്നുണ്ടാവാം. അവയൊക്കെ അയയ്ക്കൂ. ഭാരതത്തിന്റെ വൈദഗ്ധ്യം നമുക്ക് ലോകം മുഴുവൻ എത്തിയ്‌ക്കേണ്ടതുണ്ട്. അതിനുള്ള ഒരു എളുപ്പവഴിയും നമ്മുടെ പക്കലുണ്ട്. നമുക്ക് തീർച്ചയായും എത്തിക്കാം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഇത്രമാത്രം. അടുത്ത മൻ കി ബാത്തിനായി അടുത്ത പ്രാവശ്യം കാണാം. ചിലപ്പോഴൊക്കെ കുറച്ചുപേർക്കെങ്കിലും മൻ കി ബാത്തിൽ സർക്കാരിന്റെ വലിയവലിയ പദ്ധതികളാണ് ഞാൻ പ്രഖ്യാപിക്കുന്നതെന്ന് തോന്നുന്നുണ്ടാവും. അങ്ങനെയല്ല, അതിനായി ഞാൻ ദിനരാത്രങ്ങൾ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങളോട് കൊച്ചുകൊച്ചു രസകരമായ കാര്യങ്ങൾ സംസാരിക്കാം. അതുമതി. അതിലാണ് എനിക്കാനന്ദം. വളരെ വളരെ നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP