Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..

വിവാഹ ധൂർത്തിനെതിരെ മുസ്ലിംലീഗ് ഉണരുമ്പോൾ..

വിവാഹ ധൂർത്തിനും ആഢംബരത്തിനുമെതിരെ രംഗത്തിരങ്ങാനുള്ള മുസ്ലിംലീഗ് പ്രമേയം മുസ്ലിം സമുദായത്തിനകത്തും പുറത്തും ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണല്ലോ. പണമുള്ളവനും ഇടത്തരക്കാരനും പാവപ്പെട്ടവനും വിവാഹത്തിനു വേണ്ടി പൊടിക്കുന്ന ലക്ഷങ്ങൾക്ക് കയ്യും കണക്കുമില്ല. സ്ത്രീധന ത്തിൽ നിന്ന് തന്നെ ഇത് വരെ മോചനം നേടാത്ത സമൂഹത്തിലാണ് വിവാഹ ത്തോടനുബന്ധിച്ചുള്ള ധൂർത്തും അരങ്ങേറുന്നത്. വിവാഹ ധൂർത്തും ആഡംബരവും ഒന്നും മുസ്ലിംലീഗിൽ തുടങ്ങി മുസ്ലിംലീഗിൽ അവസാനിക്കുന്ന കാര്യമല്ല. മുസ്ലിം സമുദായത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന ദുരവസ്ഥയാണ്. മുസ്ലിംലീഗ് ഒരു പ്രമേയം പാസ്സാക്കിയത് കൊണ്ട് പിറ്റേന്ന് മുതൽ തന്നെ ഇതൊക്കെ ഇല്ലാതാകുന്ന കാര്യവുമല്ല. കാലങ്ങളായി മത നേതൃത്വവും രാഷ്ട്രീയ നേതൃത്വം കാണിച്ച അനാസ്ഥയാണ് കാര്യങ്ങൾ ഇത്ര വഷളാക്കിയത്. പക്ഷെ ഇനിയും മൗനം പാലിക്കാൻ ഉത്തരവാദിത്വപ്പെട്ട ഒരു സാമുഹിക പ്രസ്ഥാനത്തിന് സാധിക്കില്ല. അത് കൊണ്ടാണ് ഇപ്പോഴെങ്കിലും മുസ്ലിംലീഗ് ഇടപെടാൻ തീരുമാനിച്ചത്. പാണക്കാട് കുടുംബത്തിനും മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനിടയിലുള്ള വലിയ സ്വാധീനം കൊണ്ട് തന്നെ ലീഗിന്റെ ഇപ്പോഴത്തെ ഇടപെടൽ വലിയ സാമുഹിക മാറ്റ ത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു ദിവസത്തെ ചെറിയൊരു ചടങ്ങ് കൊണ്ട് തീർന്നിരുന്ന കല്യാണ ങ്ങൾ ഒരു പതിറ്റാണ്ട് അധ്വാനിച്ചാലും തീരാത്ത കടം ഉണ്ടാക്കുന്ന മാമൂലുകളുടെ യും കോപ്രായങ്ങളുടെയും കളിയരങ്ങായി ഇന്ന് മാറിയിരിക്കുന്നു പണമുള്ളവന് ഉണ്ടാകുന്ന ആചാരങ്ങൾ , മാമൂലുകൾ അത് ഏറ്റു പിടിക്കാൻ നിർബന്തിനാകുന്ന ഇടത്തരക്കാരനും പാവപ്പെട്ടവനും. പാവപ്പെട്ടവർക്ക് നാല് ഭാഗത്ത് നിന്നും സഹായങ്ങൾ ലഭിക്കുകയെങ്കിലും ചെയ്യും. എന്നാൽ ഇടത്തരക്കാരനോ അതുമില്ല. മാമൂലുകൾ നടത്തിയാണ് ഒരു മുസ്ലിം ഇടത്തരക്കാരന്റെ ജീവിതം തന്നെ തീരുന്നത്. ഇന്നലെ ചെയ്‌തൊരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമാകാം എന്ന് കവി പാടിയതിന് സമാനമായ അവസ്ഥ യാണ് മുസ്ലിം സമുദായത്തിൽ നടന്നു കൊണ്ടിരിക്കുന്നത് .

ധൂർത്ത് ഇല്ലാതാക്കാൻ സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും . തങ്ങളുടെ മക്കളുടെ കല്യാണങ്ങൾ ലക്ഷങ്ങൾ പൊടിച്ച് ധൂർത്തിൽ നടത്തുകയും അയലത്തെ പാവപ്പെട്ടവരുടെ കല്യാണ ത്തിനു ആയിരം രൂപ സഹായവും കൊടുത്താൽ പൂർത്തിയാകുന്നതല്ല സമ്പന്ന ന്റെ സാമുദായിക ബാധ്യത. സമ്പത്ത് അല്ലാഹു നൽകുന്ന അനുഗ്രഹം മാത്രമല്ല , വലിയ ഉത്തരവാദിത്വവും കൂടിയാണ്. ആരുടെ യും കഴിവ് കൊണ്ടല്ല ഒരാൾ സമ്പന്നൻ ആകുന്നത് . സമ്പത്തിന്റെ ഉറവിടം അല്ലാഹു മാത്രമാണ് . അവൻ ആർക്കെങ്കിലും സമ്പാദ്യം നൽകിയിട്ടുണ്ടെങ്കിൽ അത്രത്തോളം ഉത്തരവാദിത്തവും നൽകിയിട്ടുണ്ട് . അത് കൊണ്ട് തന്നെ' എന്റെ പണം കൊണ്ട് ഞാൻ എങ്ങനെ എങ്കിലും കല്യാണം നടത്തുന്നതിൽ മറ്റുള്ളവർക്കെന്താ' എന്ന ചോദ്യങ്ങൾ അല്ലാഹുവിനെ തന്നെ ധിക്കരിക്കുന്നതിനു സമാനമാണ് . മിതവ്യയവും ലാളിത്യവുമാണ് ഇസ്ലാം കല്പിക്കുന്നത് . അത് പിന്തുടരാൻ സാമ്പത്തിക ശേഷി ഉള്ളവർ തയ്യാറാകേണ്ടതുണ്ട്. ഞാൻ വലിയ സമ്പന്നൻ , പ്രമാണി , നേതാവ് പിന്നെങ്ങനെ കല്യാണങ്ങൾ ലളിത മായി നടത്താൻ സാധിക്കും എന്ന ചിന്ത അലട്ടുന്നവർ പ്രവാചകർ (സ ) മക്കളുടെ കല്യാണങ്ങൾ എത്ര ലളിത മായി നടത്തിയെന്ന് അന്വേഷിക്കുന്നത് നല്ലതാകും . മുഹമ്മദ് നബി ( സ ) യോളം വലിയൊരു നേതാവല്ലല്ലോ ആരും .സമ്പത്തിന്റെ അഹങ്കാരത്തിൽ സമുദായത്തിലെക്ക് നിക്ഷേപിക്കുന്ന പല മാമൂലുകളും അവരുടെ വ്യക്തിപരമായ കാര്യമായി മാത്രം അവശേഷിക്കുകയല്ല മറിച്ച് , ഇടത്തരക്കാരനും പാവപ്പെട്ടവനും ഏറ്റെടുക്കേണ്ട വിധത്തിൽ ആചാരമായി മാറുന്നെന്നും പല വിധ കുറ്റ കൃത്യങ്ങളിൽ മുസ്ലിം യുവാക്കളുടെ എണ്ണം കൂടി കൂടി വരുന്നതിനു പോലും അതൊരു ഘടകമായി മാറുന്നെന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട് . കുറ്റ കൃത്യങ്ങളിൽ മുസ്ലിം നാമധാരികളുടെ എണ്ണം കൂടി വരുന്നതിനെ സൂക്ഷമമായി നിരീക്ഷിച്ചാൽ സമ്പന്നൻ കാട്ടി കൂട്ടുന്നത് പോലെ ആകാനുള്ള ത്വര യാണ് അടിസ്ഥാനപരമായി പ്രവർത്തിച്ചത് എന്ന് മനസിലാക്കാൻ സാധിക്കും .

കല്യാണ കാര്യം വരുമ്പോൾ നാട്ടുകാർ എന്ത് പറയും എന്ന ചിന്താഗതി ആദ്യം തന്നെ ഇടത്തരക്കാരൻ മാറ്റി വെക്കട്ടെ . അവനവന്റെ സാമ്പത്തിക സ്ഥിതി യോട് കൂറ് പുലർത്തിക്കൊണ്ട് ചടങ്ങുകൾ ഉണ്ടാക്കുക . മാമൂലുകൾ ക്കല്ല പ്രാധ്യാന്യം കൊടുക്കേണ്ടത് . ഇസ്ലാമിക വിശ്വാസങ്ങൾക്കാണ്. പത്താളുകൾ വേണ്ട എന്ന് വച്ചാൽ തീരുന്നതെ ഉള്ളൂ ഈ മാമൂലുകൾ . അതിലൊരാൾ ആകാൻ നിങ്ങളും മുന്നോട്ടു വരിക. ഒരു ദിവസത്തെ ചടങ്ങ് നടത്താൻ ഒരു പതിറ്റാണ്ട് കാലം അധ്വാനിച്ചാലും തീരാത്ത കടക്കാരനായി താൻ മാറണോ എന്ന് അവനവനോട് തന്നെ ചോദ്യങ്ങൾ ഉയരട്ടെ . വിവാഹ ധൂർത്തിനേക്കാൾ ചർച്ച ചെയ്യപ്പെടെണ്ടത് സ്ത്രീധനം തന്നെയാണ . അതിന്റെ ഏറ്റവും വലിയ ഇരകൾ ഇടത്തരം ദാരിദ്ര്യ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളാണല്ലോ. കിടപ്പാടം വിറ്റും , കടം വാങ്ങിയും,ജീവിത കാലം മുഴുവൻ സമ്പാദിച്ചത് നൽകിയും നടത്തപ്പെടുന്ന കല്യാണങ്ങളുടെ അണിയറയിൽ ആരും കാണാതെ കരയുന്ന ഉപ്പമാരുടെയും, ഉമ്മമാരുടെയും കണ്ണീർ സമുദായം ഉയർത്തിയ മണി മാളികകളെയും ,സമ്മേളന മാമാങ്കങ്ങളെയും നോക്കി പരിഹസിക്കുന്നില്ലേ? എണ്ണ പണത്തിന്റെ സമൃദ്ധിയിൽ വിരാചിക്കുന്ന ഗൾഫ് നാടുകളിലെ മുസ്ലിം തൊട്ടു ദാരിദ്ര്യത്തിന്റെ പരകോടിയിൽ കഴിയുന്ന ആഫ്രിക്കയിലെ ഉൾനാടുകളിലെ മുസ്ലിം സമൂഹത്തിൽ വരെ ഇന്നും മഹർ സമ്പ്രദായം മാത്രമാണ് നില കൊള്ളുന്നത് . വലിയൊരു ഇസ്ലാമിക പാരമ്പര്യം അവകാശപ്പെടാനുള്ള കേരളീയ മുസ്ലിം മറ്റു സമുദായത്തിൽ നിന്ന് കയറി കൂടിയ സ്ത്രീധനം എന്ന ഈ കണ്ണീർ ധനത്തിനെതിരെ അതി ശക്തമായി രംഗത്തിറങ്ങാൻ മടി കാണിക്കുന്നു . സ്ത്രീധനത്തിന്റെ സാങ്കേതികത്തിൽ തൂങ്ങിയുള്ള ചർച്ചകൾക്ക് മാത്രമാണ് ബഹു ഭൂരിപക്ഷത്തിനും താല്പര്യം . നാട്ടിലെ റിലീഫ് കമ്മിറ്റികൾ തങ്ങളുടെ ഫണ്ടിന്റെ വലിയൊരു ഭാഗവും ചിലവഴിക്കുന്നത് പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്താൻ വേണ്ടിയാണ് . കല്യാണ സഹായം എന്ന് പറഞ്ഞാൽ സ്ത്രീധനം നൽകാനുള്ള സഹായങ്ങൾ . ഇത്തരം കമ്മിറ്റികൾ ഒരു ഭാഗത്ത് സഹായം നൽകുമ്പോൾ തന്നെ മറു ഭാഗത്ത് സ്ത്രീധന ത്തിനും ധൂർത്തിനും എതിരെയുള്ള പ്രചാരണ ങ്ങളും നടത്തേണ്ടതുണ്ട് . അല്ലെങ്കിൽ ഒരു സാമുഹിക ജീർണ്ണത എല്ലാ കാലത്തും നില നിർത്താൻ മാത്രമാകും ഇത്തരം കല്യാണ സഹായങ്ങൾ.

ഒരു മാറ്റം അനിവാര്യമാണ് . ആരാന്റെ ചെലവിലെ പുരോഗമാനമാണ് എല്ലാവര്ക്കും ആവശ്യം . അവരവരുടെ ചെലവിലെ മാതൃകകളാണ് സമുദായ നേത്രത്വത്തിൽ നിന്ന് അടക്കം ഉണ്ടാകേണ്ടത്. മാറ്റം ഉണ്ടാക്കാൻ ഇനിയൊരു പ്രവാചകൻ മുസ്ലിം സമുദായത്തിലെക്ക് വരാനില്ല . ഒരു സമൂഹവും മാറുകയില്ല , അവർ സ്വയം മാറണമെന്ന് ചിന്തിക്കുന്നത് വരെ എന്ന ഖുർആൻ വചനം മുസ്ലിം സമുദായത്തെ ചിന്തിപ്പിക്കണം . മുസ്ലിം യുവത്വം എവിടെയാണ്? ശശികല ടീച്ചറുടെ വർഗീയ പ്രസംഗം കേൾക്കുമ്പോഴും , നസ്രിയ യോ അന്‌സിബയോ തട്ടമിട്ടിരുന്നോ ഇല്ലെയോ എന്ന് അന്വേഷിക്കുംബോഴും , ആർ എസ് എസ് കാരന്റെ കൂടെ ആരെങ്കിലും ഒളിച്ചോടി പോയോ എന്ന് ആശങ്ക പ്പെടുമ്പോഴും, പച്ചത്തുള്ള നിൽ അല്ലാഹുവിന്റെ പേർ കാണുമ്പോഴും മാത്രം ഉണരേണ്ട ഒന്നല്ല മത വികാരം . സമുദായത്തിന്റെ ജീർണ്ണത കളോട് കലഹിക്കാനും ആ വികാരം ഉണരേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP