Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനസ്സു പറയുന്നത്- മോദിയുടെ ആകാശ വാണി പ്രസംഗത്തിന്റെ മലയാള പരിഭാഷ

മനസ്സു പറയുന്നത്- മോദിയുടെ ആകാശ വാണി പ്രസംഗത്തിന്റെ മലയാള പരിഭാഷ

ന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഏകദേശം ഒരു മാസത്തിനുശേഷം ഞാൻ വീണ്ടും നിങ്ങളുടെ മുന്നിൽ നിൽക്കുകയാണ്. ഒരു മാസമെന്നത് വളരെ വലിയ ഒരു കാലയളവാണ്. വളരെയേറെ സംഭവങ്ങൾ രാജ്യത്തും ലോകത്തും നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളെല്ലാവരും ആഹ്ലാദത്തോടും ഉത്സാഹത്തോടും ദീപാവലി ആഘോഷിച്ചുകഴിഞ്ഞു. സമയാസമയങ്ങളിൽ ജീവിതത്തിൽ, സന്തോഷം നിറച്ചുകൊണ്ടിരിക്കുന്നത് ഉത്സവങ്ങൾ തന്നെയാണ്. ദരിദ്രനായാലും, ധനവാനായാലും, ഗ്രാമവാസിയായാലും, നഗരവാസിയായാലും ഉത്സവത്തിന് തനതു മഹത്വമുണ്ട്. ദീപാവലിക്കുശേഷം ഇന്നു ഞാൻ ആദ്യമായി നിങ്ങളെ അഭിമുഖീകരിക്കുകയാണ്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. കഴിഞ്ഞ പ്രാവശ്യം ഞാൻ എന്താണോ പറഞ്ഞിരുന്നത് അതിനുശേഷം എനിക്ക് പുതിയൊരു തിരിച്ചറിവുണ്ടായി പുതിയ ഒരു അനുഭൂതിയുണ്ടായി. വിട്ടുകള, നാട്ടുകാരെകൊണ്ട് ഒന്നിനും കൊള്ളില്ല. അവർക്കൊന്നും ചെയ്യാനുമില്ല എന്നു നമ്മൾ പലപ്പോഴും വിചാരിക്കാറുണ്ട്. നമ്മുടെ രാജ്യം തന്നെ അങ്ങനെയാണ്. കഴിഞ്ഞ പ്രാവശ്യം എനിക്ക് മനസ്സിൽ തോന്നിയ കാര്യം ഞാൻ ഇന്ന് പറയുന്നു. ഈ വിചാരം മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ രാജ്യം അങ്ങനെയല്ല. നമ്മുടെ നാട്ടുകാരും അങ്ങനെയല്ല. എനിക്ക് പലപ്പോഴും തോന്നുന്നത് രാജ്യം വളരെ മുന്നിലാണ്.

ഭരണകൂടങ്ങൾ വളരെ പിന്നിലും. ഭരണകൂടങ്ങളും തങ്ങളുടെ ഇത്തരം ചിന്തകളെ മാറ്റേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഇപ്പോൾ ഞാൻ എന്റെ അനുഭവത്തിൽ നിന്നും പറയുന്നു. ഭാരതത്തിന്റെ യുവത്വം പ്രത്യേകിച്ച് എന്തെങ്കിലും ഒക്കെ ചെയ്യാനായി പ്രതിജ്ഞാബദ്ധരും ഉത്സാഹിതരുമാണ്. അവസരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവരവരുടെ നിലയ്ക്ക് അവർ ചെയ്യുന്നുമുണ്ട്. ഇത് ഞാൻ തിരിച്ചറിയുന്നുമുണ്ട്. അതുകൊണ്ടാണ് ഞാൻ പറയുന്നത്, കഴിഞ്ഞ പ്രാവശ്യം കുറഞ്ഞത് ഒരു ഖാദി വസ്ത്രമെങ്കിലും വാങ്ങിക്കാൻ. ആരെയെങ്കിലും ഖദർധാരികളാക്കാനല്ല ഞാൻ അതു പറഞ്ഞത്. എന്നാൽ എനിക്ക് ഖാദിമിൽ ഉടമകളിൽ നിന്നും ആഴ്ചയിൽ ഏകദേശം 125% വിൽപ്പനയിൽ വർദ്ധനവുണ്ടായി എന്ന വിവരം ലഭിച്ചു. ഒരു തരത്തിൽ പറഞ്ഞാൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഒക്‌ടോബർ 2 മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിൽ കൂടുതൽ ഖാദിയുടെ വിൽപ്പന നടന്നു. ഇതിനർത്ഥം രാജ്യത്തെ ജനങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും എത്രയോ മുന്നിലാണ്.

ഞാൻ ഭാരതവാസികളെ നമിക്കുന്നു. ശുചീകരണം ഇത്തരത്തിലുള്ള ജനമുന്നേറ്റമായി മാറുമെന്ന് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ? പ്രതീക്ഷകൾ വളരെയേറെയാണ്. അത് അങ്ങനെയാവുകയും വേണം. ഇതിന്റെ ഒരു നല്ല ഫലം എനിക്ക് കാണാൻ കഴിയുന്നുണ്ട്. ശുചിത്വം ഇപ്പോൾ നമുക്ക് രണ്ട് തരത്തിൽ കാണാൻ കഴിയുന്നു. ഒന്ന്, പഴയ മാലിന്യങ്ങൾ, അത് മാലിന്യക്കൂമ്പാരമാണ്. അതിന് ഭരണകൂടവും ഭരണാധികാരികളും എന്തുപായം ചെയ്യും? ഇത് വലിയ ഒരു വെല്ലുവിളിയാണ്. എന്നാൽ ഇപ്പോൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. എല്ലാ ഭരണകൂടങ്ങൾക്കും എല്ലാ മുനിസിപ്പാലിറ്റികൾക്കും ഈ ഉത്തരവാദിത്വം നിറവേറ്റാനായി മുന്നോട്ടു വരേണ്ടി വരും. കാരണം ജനങ്ങളുടെ സമ്മർദ്ദം വർദ്ധിക്കുകയാണ്. മാദ്ധ്യമങ്ങളും വളരെ നല്ല രീതിയിൽ തങ്ങളുടെ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇതിന്റെ മറുവശം വളരെ പ്രതീക്ഷയുള്ളതാണ്. സന്തോഷദായകമാണ്. മനസ്സിനും സന്തോഷം നല്കുന്നതാണ്.നമുക്ക് പഴയ കാര്യങ്ങളൊക്കെ കളയാം. ഇനി മുതൽ മാലിന്യം ഉണ്ടാക്കില്ലെന്നും പുതിയ മാലിന്യത്തിൽ വർദ്ധനവുണ്ടാക്കില്ലെന്നും സാധാരണക്കാരന് തോന്നിത്തുടങ്ങി.

മധ്യപ്രദേശിലെ സ്തനായിൽ നിന്ന് ശ്രീ. ഭരത്ഗുപ്ത എന്നൊരാൾ എനിക്ക് My gov- യിൽ മെയിൽ അയച്ചു. അദ്ദേഹം ട്രെയിൻ യാത്ര ചെയ്ത സമയത്ത് ഉണ്ടായ ഒരനുഭവമാണ് പറഞ്ഞത്. കത്ത് ഇതായിരുന്നു. സർ ഞാൻ മുമ്പും ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്. സാധാരണയായി യാത്രക്കാർ തിന്നുകയും കുടിക്കുകയും ചെയ്യുന്ന 'പേപ്പർ കീപ്പർ' എല്ലാം അങ്ങുമിങ്ങും വലിച്ചെറിയുമായിരുന്നു. എന്നാൽ ഇപ്രാവശ്യം ട്രെയിൻ യാത്രയിൽ ആരും അങ്ങനെ ചെയ്തുകണ്ടില്ല. മാത്രവുമല്ല, കമ്പാർട്ടുമെന്റിൽ ചവറുകുട്ടയുണ്ടോ എന്ന് അന്വേഷിക്കുന്നുമുണ്ടായിരുന്നു. ചപ്പുചവറുകൾ അതിലിടാം എന്ന ചിന്തയായിരുന്നു. എന്നാൽ ട്രെയിനിൻ ആ സംവിധാനം ഇല്ലായിരുന്നു. അതുകൊണ്ട് ഒരു മൂലയ്ക്കായി എല്ലാവരും തങ്ങളുടെ ചപ്പുചവറുകൾ കൂട്ടിയിട്ടു. ഇത് എനിക്ക് വളരെ സുഖകരമായ ഒരു അനുഭവമായി തോന്നി എന്നാണ് പറഞ്ഞത്. ഈ അറിവ് എനിക്ക് എത്തിച്ചു തന്നതിന് ഞാൻ ഭരത്ജിയോട് നന്ദിയുള്ളവാണ്. എന്നാൽ, ഏറ്റവും കൂടുതൽ സ്വാധീനിച്ചിതുകൊച്ചുകുട്ടികളെയാണെന്ന് ഞാൻ തിരിച്ചറിയുന്നു. നൂറുകണക്കിന് വീട്ടുകാർ സംസ്സാരിക്കുന്നുണ്ട്. ഇപ്പോൾ ചോക്ലേറ്റ് തിന്നു കഴിഞ്ഞാൽ കുട്ടികൾ അതിന്റെ കവർ പെട്ടെന്ന് കയ്യിലെടുക്കുന്നു. വലിച്ചെറിയുന്നില്ല. ഇപ്പോൾ ഒരു സോഷ്യൽ മീഡിയയിൽ ആരോ എഴുതിയിരുന്നു. 'ഇന്നത്തെ ഹീറോ' എന്ന തലക്കെട്ടിൽ ഇന്നത്തെ എന്റെ ഹീറോ എന്ന് പറഞ്ഞ് ഒരു കുട്ടിയുടെ ഫോട്ടോ കൊടുത്തിരുന്നു. എന്നിട്ട് പറഞ്ഞത്, ആ കുട്ടി ഇപ്പോൾ എവിടെ ചവറ് കണ്ടാലും എടുത്തു കളയുന്നു. സ്‌കൂളിൽ പോകുമ്പോഴും ഇത് ചെയ്യുന്നു. അവൻ സ്വയമാണിത് ചെയ്യുന്നത്. താങ്കൾ കണ്ടാലും, നമ്മുടെ നാട് നമ്മൾ വൃത്തി കേടാക്കില്ല എന്ന് എല്ലാവർക്കും തോന്നാൽ തുടങ്ങിയിട്ടുണ്ട്. നമ്മൾ മാലിന്യക്കൂമ്പാരമുണ്ടാക്കില്ല. അങ്ങനെ ചെയ്യുന്നവർക്ക് ലജ്ജ തോന്നുന്നു. ഉടൻ തന്നെ അവരെ തടയുന്ന ആരെങ്കിലും ഉണ്ടാകും. ഇതിനെ ഞാൻ നല്ല സൂചനയായി കാണുന്നു.

മറ്റൊരു നല്ല കാര്യം കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നെ കാണാൻ സമൂഹത്തിലെ എല്ലാതരത്തിലുമുള്ള ആളുകൾ വരാറുണ്ട്. സർക്കാർ ഉദ്യോഗസ്ഥരാകട്ടെ, കായികമേഖലയിലെ ആൾക്കാരാകട്ടെ, സിനിമാലോകത്തെ ആളുകൾ ആകട്ടെ, വ്യവസായികൾ ആകട്ടെ, ശാസ്ത്രഞന്മാരാകട്ടെ ഈ ദിവസങ്ങളിൽ അവർ എന്നോട് സംസാരിക്കുമ്പോൾ 10 മിനിട്ടിലെ സംസാരത്തിൽ 5 മിനിട്ട് സാമൂഹ്യ വിഷയങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. ചിലർ ശുചീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. ചിലർ വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്നു. ചിലർ സാമൂഹ്യ പരിഷ്‌ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നു. ചിലർ നമ്മുടെ കുടുംബബന്ധങ്ങൾ ശിഥിലമാകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു.

ഇതിനുമുമ്പ് കൂടിക്കാഴ്ചയ്ക്ക് വരുന്ന വാപാരിവ്യാവസായികൾ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി മാത്രമായിരുന്നു സംസാരിച്ചിരുന്നത് എന്ന് ഞാൻ മനസ്സിലാക്കി. എന്നാൽ ഇപ്പോൾ വലിയൊരു മാറ്റം ഞാൻ കാണുന്നു.ഇപ്പോൾ അവർ സ്വന്തം താല്പര്യങ്ങളേക്കാൾ ഏറെ സംസാരിക്കുന്നത് സാമൂഹ്യഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചാണ്. ഈ വസ്തുകളെല്ലാം ചേർത്തുവായിക്കുമ്പോൾ ഒരു നല്ല ദിശയിലേക്കാണ് നമ്മുടെ മുന്നേറ്റം എന്ന് എനിക്ക് ബോധ്യമാകുന്നു. മാലിന്യത്തിൽ നിന്നും അസുഖങ്ങൾ വരുന്നു എന്ന വസ്തുത സത്യമാണ്. എന്നാൽ രോഗങ്ങൾ എവിടെയാണ് വരുന്നത്? ധനവാന്റെ വീട്ടിലാണോ രോഗങ്ങൾ വരുന്നത്? രോഗം എന്നും ആദ്യം മുട്ടിവിളിച്ചിരുന്നത് ദരിദ്രന്റെ വീട്ടിൽ തന്നെയാണ്. നമ്മൾ ശുചീകരണം നടത്തുമ്പോൾ ഫലത്തിൽ നമ്മൾ സഹായിക്കുന്നത് ദരിദ്രനെയാണ്. എന്റെ ഏതെങ്കിലും ഒരു ദരിദ്രകുടുംബം രോഗികൾ ആയില്ലായെങ്കിൽ അവരുടെ ജീവിതത്തിൽ സാമ്പത്തികബുദ്ധിമുട്ടും ഉണ്ടാകില്ല. ആരോഗ്യവാനായിരുന്നാൽ അവർ അധ്വാനിക്കും, സമ്പാദിക്കും, കുടുംബം സംരക്ഷിക്കും. അതുകൊണ്ടുതന്നെ എന്റെ ശുചീകരണപ്രവർത്തനങ്ങൾ എന്റെ ദരിദ്രരായ സഹോദരീ സഹോദരന്മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കന്നു. നമുക്ക് ദരിദ്രരെ ഇതിലേറെ നന്നായി സേവിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും നമ്മൾ മാലിന്യം ഉണ്ടാക്കില്ലെന്നാലും ദരിദ്രന്മാർക്കാണ് നല്ലതു വരുന്നത്. ഇതിനെ ഇത്തരത്തിൽ തന്നെ കാണുന്നതാണ് നല്ലത്.

എനിക്ക് വളരെയേറെ കത്തുകൾ വരാറുണ്ട്. പലതരത്തിലുള്ള കത്തുകൾ. എന്നാൽ നമ്മുടെ അംഗപരിമിതിയുള്ള കുട്ടികളെക്കുറിച്ച് കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നില്ലേ, ദൈവമവർക്ക് എന്തൊക്കെയൊ കുറവുകൾ നൽകിയിട്ടുണ്ട്. ശാരീരിക വൈകല്യങ്ങൾ നൽകിയിട്ടുണ്ട്. അവരെക്കുറിച്ച് ഞാൻ എന്റെ സങ്കൽപ്പങ്ങൾ നിങ്ങളുടെ മുന്നിൽ വച്ചിരുന്നു. ആ വിഷയത്തിലും എനിക്ക് കാണാൻ കഴിഞ്ഞത് ആ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെല്ലാം തന്നെ അവരവരുടെ വിജയഗാഥകൾ എനിക്ക് അയച്ചതാണ്. എന്നാൽ രണ്ടു കാര്യങ്ങൾ എന്റെ ഗവൺമെന്റിൽ നിന്ന് അറിയാൻ കഴിഞ്ഞു. എന്റെ അഭിപ്രായം കേട്ടതിനുശേഷം എന്റെ മാനവശേഷിവികസന മന്ത്രാലയത്തിന്റെ ഓഫീസർമാർക്ക് എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായി. അവരെല്ലാവരും ചേർന്ന് ഒരു പദ്ധതിയുണ്ടാക്കി. നോക്കൂ, ഗവൺമെന്റിനുപോലും എങ്ങനെ മാറ്റം വരുന്നുണ്ട് എന്നതിന് തെളിവാണിത്. അവർ ഒന്ന് തീരുമാനിച്ചത് അംഗപരിമിതിയുള്ള ഏതെങ്കിലും കുട്ടികൾ സാങ്കേതിക വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള ആയിരം കുട്ടികളെ കണ്ടുപിടിച്ച് അവർക്ക് പ്രത്യേക സ്‌കോളർഷിപ്പ് നൽകാനാണ്.

ഇത്തരത്തിൽ ചിന്തിച്ച ആ വിഭാഗത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. മറ്റൊരു പ്രധാനകാര്യം അവർ ചെയ്തത് എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും എല്ലാ കേന്ദ്രീയ സർവ്വകലാശാലകളിലും അംഗപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭൗതികസാഹചര്യം ഒരുക്കാനാണ്. അവർക്ക് പടികയറാൻ കഴിയില്ലായെങ്കിൽ അവർക്കുവേണ്ടി ട്രൈസൈക്കിൾ ഓടിക്കുന്നതിനുള്ള പ്രത്യേക ഏർപ്പാട് വേണം. അവർക്കുവേണ്ടി പ്രത്യേകതരത്തിലുള്ള ടോയ്‌ലറ്റുകളും വേണം. ഇത്തരത്തിൽ വിദ്യാർത്ഥികളുള്ള എല്ലാ കേന്ദ്രീയ വിദ്യാലയങ്ങൾക്കും കേന്ദ്രീയ സർവ്വകലാശാലകൾക്കും ഓരോ ലക്ഷം രൂപ നൽകാനുള്ള തീരുമാനം മാനവശേഷി വികസനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാരെല്ലാം ചേർന്നെടുത്തു. ഒരു ലക്ഷം രൂപയ്ക്ക് അംഗപിരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കും.

കുറച്ചുനാൾക്കുമുമ്പ് സിയാച്ചിനിൽ പോകാനുള്ള അവസരം എനിക്ക് ലഭിച്ചു. മരണത്തോടു മുഖാമുഖം നിൽക്കുന്ന സൈനികർക്ക് നടുവിലാണ് ഞാൻ ദീപാവലി ആഘോഷിച്ചത്. നാട് മുഴുവൻ ദീപാവലി തിമിർത്തർപ്പോൾ ഞാൻ സിയാച്ചിനിലായിരുന്നു. അവർ കാരണമാണ് നമുക്ക് ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത്. അതുകൊണ്ടാണ് ഞാൻ അവരുടെ നടുവിലേയ്ക്കിറങ്ങിച്ചെന്നത്. എന്തൊക്കെ വൈഷമ്യങ്ങൾക്ക് ഇടയിലാണ് അവർ ജീവിക്കുന്നതെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. ഞാൻ, രാഷ്ട്രത്തെ സേവിക്കുന്ന സൈനികർക്ക് സല്യൂട്ട് നൽകുന്നു. പക്ഷേ, ഇന്ന് എനിക്ക് മറ്റൊരു അഭിമാനത്തെപ്പറ്റി പറയാനുണ്ട്. നമ്മുടെ സൈനികർ സുരക്ഷയുടെ മേഖലയിലാണ് ജോലി ചെയ്യുന്നത്. പ്രകൃതിക്ഷോഭത്തിനിടയിലും സ്വന്തം ജീവൻ ത്യജിച്ചും നമ്മുടെ ജീവൻ രക്ഷിക്കാൻ എന്ത് സാഹസത്തിനും മുതിരുന്നവരാണ് അവർ. കായികരംഗത്തും നമ്മുടെ ജവാന്മാർ ഭാരതത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്നു. നമ്മുടെ ചില സൈനികർ ബ്രിട്ടനിൽ വച്ച് നടന്ന ശ്രേഷ്ഠമായ മത്സരത്തിൽ ഏകദേശം 140 രാജ്യങ്ങളെ പിന്തള്ളിക്കൊണ്ട് ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമെഡൽ നേടുകയുണ്ടായി. അതുകൊണ്ടുതന്നെ ഈ സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. നമ്മുടെ ദേശത്തെ സൈനികരും പുത്തൻ സൈനിക വിദ്യാർത്ഥികളും യുവാക്കളും യുവതികളുമടങ്ങിയ കായികരംഗത്ത് വിജയമുദ്ര കൈവരിച്ചവരോടൊപ്പം ചായസൽക്കാരത്തിന് പങ്കെടുക്കാൻ എനിക്ക് ഒരു അവസരം കിട്ടി. എനിക്ക് പുത്തൻ ഊർജ്ജം ലഭിച്ച മുഹൂർത്തമായിരുന്നു അത്.

അവരുടെ ഉത്സാഹവും ഉൻേമഷവും എനിക്ക് അടുത്ത് കാണാൻ അവസരം ലഭിച്ചു. മറ്റ് ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ വിഭവങ്ങൾ വളരെ പരിമിതമാണ്. എന്നാൽപോലും അതിൽ പരാതിപ്പെടുകയല്ല മറിച്ച്, അനുഭാവപൂർവ്വം സന്തോഷത്തോടെ ഇനിയും മികച്ചത് ഏറെ ചെയ്യാനുള്ള ആവേശമായിരുന്നു അവർക്ക്. ഇത് എനിക്കും ഈ കളിക്കാർക്കും കുറച്ചൊന്നുമല്ല പ്രചോദനം നല്കിയത്. എനിക്ക് ഇത് ആഹ്‌ളാദം പകർന്നു. ഒരു കാര്യത്തിലേയ്ക്ക് ഞാൻ ദേശവാസികളെ..... ഞാൻ തുറന്ന മനസ്സോടെ പറയാൻ ആഗ്രഹിക്കുന്നു. എന്റെ മനസ്സിലുള്ള കാര്യമാണ്. എനിക്ക് വിശ്വാസമുണ്ട്. ദേശവാസികൾക്കും എന്റെ വാക്കുകളിൽ വിശ്വാസമുണ്ട്. എന്റെ ഉദ്ദേശങ്ങളിൽ വിശ്വാസമുണ്ട്. എന്നാലും ഒരിക്കൽ കൂടി ഇന്ന് ഞാൻ അക്കാര്യം ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. കള്ളപ്പണത്തെ സംബന്ധിച്ചാണ്. പ്രിയ ദേശവാസികളെ, നിങ്ങൾക്ക് ഈ പ്രധാന സേവകനെ വിശ്വസിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഇതെന്റെ വിശ്വാസത്തിന്റെ ഉടമ്പടിയാണ്. പുറത്തുപോയ ഭാരതത്തിന്റെ ഓരോ നയാപൈസയും നമുക്ക് തിരിച്ചു പിടിക്കണം. ഇതെന്റെ പ്രതിബദ്ധതയാണ്. ഇതിന്റെ ഓരോ വഴികളിലും പദ്ധതികളിലും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. എന്നാൽ ജനാധിപത്യത്തിൽ ഇത് സ്വാഭാവികമാണ്. പക്ഷേ, എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഞാൻ മനസ്സിലാക്കിയിടത്തോളം ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു, നമ്മൾ ശരിയായ പാതയിലാണ്. ആർക്കും അറിയാത്ത ഒരു കാര്യം എനിക്കും അറിഞ്ഞ് കൂടാ. സർക്കാരിനും അറിഞ്ഞുകൂടാ. നിങ്ങൾക്കും അറിഞ്ഞുകൂടാ.മുൻപുള്ള സർക്കാരിനും അറിയില്ല. എത്ര പണം പുറത്തുപോയെന്ന്, എല്ലാവരും അവരവരുടേതായ തന്ത്രങ്ങൾവഴി വിവിധ കാരണങ്ങൾ നിരത്തുന്നു. എനിക്ക് അതിൽപ്പെട്ട് ചക്രം തിരിയാൻ താല്പര്യമില്ല. എന്റെ പ്രതിബദ്ധത 2 രൂപയാകട്ടെ, 5 രൂപയാകട്ടെ, കോടിയാകട്ടെ, ദശകോടിയാകട്ടെ എന്തായാലും ഈ ദേശത്തെ പാവങ്ങളുടെ പണമാണ്. അതു നമുക്ക് തിരിച്ച് പിടിക്കുകതന്നെ വേണം. ഞാൻ നിങ്ങൾക്ക് ഉറപ്പുതരുന്നു. എന്റെ പ്രയത്‌നങ്ങളിൽ ഒരു കുറവും വരില്ല. ഒരു തെറ്റും വരുകയില്ല. നിങ്ങളുടെ ആശീർവാദം എനിക്ക് ഉണ്ടായാൽ മതി. നിങ്ങൾക്ക് വേണ്ടി എനിക്ക് എപ്പോൾ എന്തു ചെയ്യേണ്ടി വന്നാലും ഞാൻ ചെയ്തുകൊണ്ടിരിക്കും. എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.

എനിക്ക് ഒരു കത്ത് കിട്ടിയിട്ടുണ്ട്. അഭിഷേക് പാരിക് അയച്ചത്, ഇത്തരത്തിൽ ഒരു വിചാരം ഞാൻ പ്രധാനമന്ത്രിയാകുന്നതിനുമുമ്പ് അമ്മയും പെങ്ങമ്മാരും എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്റെ ഡോക്ടർ സുഹൃത്തുക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലത്തും ഈ വിഷയത്തെക്കുറിന്റെ എന്റെ അഭിപ്രായം പ്രകടമാക്കുമായിരുന്നു. ശ്രീ അഭിഷേക് പാരിക് പറഞ്ഞത്, നമ്മുടെ യുവാക്കളിൽ വളരെ വേഗത്തിൽ മയക്കുമരുന്നിനോടുള്ള പ്രതിപത്തി ഏറി വരുന്നുവെന്നാണ്. അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്, ഇക്കാര്യത്തെപ്പറ്റി 'മൻ കി ബാതിൽ' അഭിപ്രായം പറയണമെന്നാണ് അദ്ദേഹത്തിന്റെ വേദനയിൽ ഞാനും പങ്കാളിയാകുന്നു. അടുത്ത തവണ ഞാൻ മനസ്സു തുറക്കുമ്പോൾ മയക്കുമരുന്നു വിപത്തിനെപ്പറ്റിയും മയക്കുമരുന്നു മാഫിയയെപ്പറ്റിയും അതു കാരണം യുവാക്കളാകുന്ന സമ്പത്തിനെ വന്നുചേർന്നിരിക്കുന്ന വിനാശത്തെക്കുറിച്ചും തീർച്ചയായും ഞാൻ ചർച്ച ചെയ്യുന്നതാണ്. ഈ വിഷയത്തിൽ നിങ്ങളുടെ അനുഭവങ്ങളോ അറിവുകളോ ഇതിന്റെ ഇരകളായവരെ രക്ഷപ്പെടുത്തിയതിന്റെ നേർ അനുഭവസാക്ഷ്യങ്ങളോ ഉപായങ്ങളോ നിങ്ങൾക്ക് അറിവുണ്ടെങ്കിൽ ഇതിന് സഹായിച്ചിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള വിവരങ്ങളും എനിക്ക് നൽകുകയാണെങ്കിൽ ഞാൻ ഇതിനെപ്പറ്റി ദേശവാസികളിൽ എത്തിക്കുന്നതാണ്. നമ്മൾ എല്ലാവരും ചേർന്ന് ഓരോ കുടുംബത്തിലും ഇത്തരം അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണം. കുടുംബത്തിലെ സമ്മർദ്ദത്തിൽപ്പെട്ട് ഒരു കുട്ടിയും മയക്കുമരുന്നിന്റെ മാർഗ്ഗം തെരഞ്ഞെടുക്കരുത്. ഇക്കാര്യം വിശദമായി അടുത്ത തവണ ചർച്ച ചെയ്യാം.

എനിക്ക് അറിയാം ഞാൻ കൈകടത്തുന്ന ആ വിഷയങ്ങളിലെല്ലാം സർക്കരാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നതെന്ന്. പക്ഷേ, നാം എത്രകാലം ഇതിന് കൂട്ടു നിൽക്കും. നമ്മൾ എത്ര കാലം ഇതിനെ മറയ്ക്കുള്ളിൽ ഒളിച്ചു നിർത്തും. വല്ലപ്പോഴും നല്ല ലക്ഷ്യത്തിനുവേണ്ടി നമ്മൾ റിസ്‌ക്കെടുത്തേ മതിയാവൂ. ഞാനും അത്തരത്തിലുള്ള സാഹസത്തിനു മുതിരുകയാണ്. നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഞാനിത് തുടരും. കുറച്ചാളുകൾ എന്നോട് ഇതും പറഞ്ഞു, മോദിജീ, നിർദ്ദേശങ്ങൾ അങ്ങേയ്ക്ക് അയയ്ക്കാം. പക്ഷേ ദേശത്തിന്റെ ബഹുഭൂരിപക്ഷത്തിന് ഇതൊന്നും പ്രാപ്യമല്ല. നിങ്ങൾ പറഞ്ഞത് ശരിയാണ്. എല്ലാവർക്കും ഈ സൗകര്യങ്ങൾ ലഭ്യമല്ല. അതുകൊണ്ട് എനിക്ക് നിങ്ങളോട് പറയാനുള്ളത്, നിങ്ങൾക്ക് 'മൻ കി ബാതിൽ' അഭിപ്രായം പറയാനുണ്ടെങ്കിൽ കത്തയയ്ക്കാം.
'മൻ കി ബാത്'
ആകാശവാണി
സാൻസത് മാർഗ്
ന്യൂഡൽഹി

നിങ്ങൾ കത്തുകളും നിർദ്ദേശങ്ങളും അയയ്ക്കുന്നുണ്ടെങ്കിൽ നിശ്ചയമായും എനിക്ക് ലഭിക്കും. ഞാൻ വളരെ ഗൗരവമായിത്തന്നെ ഇതിനെ കണക്കാക്കുന്നുണ്ട്. സക്രിയരായ പൗരന്മാർ വികസനത്തിന്റെ ഏറ്റവും വലിയ മൂലധനമാണ്. നിങ്ങൾ കത്തയയ്ക്കുക എന്നുവച്ചാൽ നിങ്ങൾ കർമ്മനിരതരാണ്, നിങ്ങൾ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയാണ്. രാഷ്ട്രകാര്യങ്ങളിൽ നിങ്ങൾ സദാ ജാഗ്രത് ആണ്. അതുതന്നെയാണ് ഒരു ദേശത്തിന്റെ ശക്തി. അതുകൊണ്ട് ഞാൻ ക്ഷണിക്കുന്നു. എന്റെ മനസ്സുതുറക്കുമ്പോൾ നിങ്ങളുടെ ഹൃദയത്തിന്റെ വാക്കുകൾകൂടി അതിനൊപ്പം എത്ത്ണം. നിങ്ങൾ കത്തയയ്ക്കുമായിരിക്കും. അടുത്തമാസം നിങ്ങളോട് സംസാരിക്കുവാൻ ശ്രമിക്കുന്നതാണ്. എപ്പോഴെങ്കിലും ഞാൻ നിങ്ങളോട് സംസാരിക്കുന്നെങ്കിൽ അത് ഞായറായ്ചയായിരിക്കും. കാരണം, നിങ്ങളിലേക്ക് എനിക്ക് എത്തിച്ചേരാനുള്ള സാദ്ധ്യത ഈ ദിവസം കൂടുതലാണ്. ഇപ്പോൾ കാലാവസ്ഥ വ്യതിയാനത്തിന്റെ നാളുകളാണ്. പതിയെ ശീതകാലം ഇങ്ങെത്തും. ആരോഗ്യത്തിന് പറ്റിയ കാലാവസ്ഥയാണ്. ചിലർക്ക് ആഹരിക്കാനുള്ള കാലം. മറ്റു ചിലർക്ക് വൈവിദ്ധ്യമുള്ള വസ്ത്രങ്ങൾ അണിയാനുള്ള കാലം. പക്ഷേ, ഇതിനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തിനുള്ള കാലംകൂടിയാണ്. ഇത് പാഴാക്കിക്കളയരുത്. പരമാവധി പ്രയോജനപ്പെടുത്തുക. വളരെ നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP