Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൻെ ഇരുന്നൂറിരട്ടി വലിപ്പമുള്ള അമേരിക്ക ഭരിക്കാൻ ട്രംപിന്റെ കാബിനെറ്റിലുള്ളത് വെറും പതിനാറുപേർ; കേരളത്തിനു പത്തു മന്ത്രിമാർ പോരേ? പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നുണ്ടെങ്കിൽ സഹമന്ത്രിമാരെ വച്ചോളൂ; ഭിന്നശേഷിയുള്ള ഒരെളെയും മന്ത്രിയാക്കൂ; മുന്നണി സംവിധാനവും അഡ്ജസ്റ്റുമെന്റും ചേർന്ന കേരളഭരണം പരിഷ്‌കരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ

കേരളത്തിൻെ ഇരുന്നൂറിരട്ടി വലിപ്പമുള്ള അമേരിക്ക ഭരിക്കാൻ ട്രംപിന്റെ കാബിനെറ്റിലുള്ളത് വെറും പതിനാറുപേർ; കേരളത്തിനു പത്തു മന്ത്രിമാർ പോരേ? പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്നുണ്ടെങ്കിൽ സഹമന്ത്രിമാരെ വച്ചോളൂ; ഭിന്നശേഷിയുള്ള ഒരെളെയും മന്ത്രിയാക്കൂ; മുന്നണി സംവിധാനവും അഡ്ജസ്റ്റുമെന്റും ചേർന്ന കേരളഭരണം പരിഷ്‌കരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ

മുരളി തുമ്മാരുകുടി

കേരളത്തിലെ രാഷ്ട്രീയം ഏതു തന്നെ ആണെങ്കിലും അമേരിക്കൻ വിരോധം എല്ലാവരെയും കൂട്ടിയിണക്കുന്ന ഒന്നാണ്. ഈ അമേരിക്ക അമേരിക്ക എന്നുപറയുന്നത് വാസ്തവത്തിൽ ഒരു സംഭവം തന്നെയാണ് കേട്ടോ. ഏതാണ്ട് പത്തു മില്യൺ ചതുരശ്രകിലോമീറ്റർ വരും ഇതിന്റെ വിസ്തീർണ്ണം. അതായത് ഇന്ത്യയുടെ മൂന്നുമടങ്ങ്, കേരളത്തിന്റെ ഇരുന്നൂറു മടങ്ങിലധികം വലുപ്പം. ജനസംഖ്യ മുന്നൂറ്റിയിരുപത്തൊന്ന് മില്യൺ, ഏകദേശം കേരളത്തിന്റെ പത്തിരട്ടി. ജി ഡി പി ആകട്ടെ പതിനെട്ട് ട്രില്യൺ ഡോളർ വരും. ഇന്ത്യയുടെ എട്ട് ഇരട്ടി, കേരളത്തിന്റെ ആയിരത്തിയഞ്ഞൂറോളം ഇരട്ടി.

ഇനി പറയുന്നതാണ് രസം. ഈ കാണായ ജനങ്ങളെയും ഭൂപ്രകൃതിയെയും സമ്പത്തുമെല്ലാം ഭരിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റിന്റെ കാബിനറ്റിൽ വെറും പതിനാറ് പേരാണുള്ളത്. വൈസ് പ്രസിഡന്റും, അറ്റോർണി ജനറലും ഉൾപ്പടെ. അമേരിക്കയിലെ പോലെ വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകളൊന്നും നമുക്ക് വേണ്ടാഞ്ഞിട്ടുപോലും കുഞ്ഞൻ കേരളത്തെ ഭരിക്കാൻ തന്നെ നമുക്ക് പത്തൊൻപത് മന്ത്രിമാരുണ്ട്. അമേരിക്കയിൽ പ്രതിരോധവകുപ്പ് കൂടാതെ പട്ടാളത്തിൽ ജോലി ചെയ്തിരുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും കാര്യം അന്വേഷിക്കാൻ മാത്രമായും ഒരു വകുപ്പുണ്ട്. അതും നമുക്ക് വേണ്ടല്ലോ. ഇതെന്താ, അമേരിക്കയിലെ മന്ത്രിമാർ ഇത്ര മിടുക്കന്മാരും മിടുക്കികളും ആണോ (ഏയ് അത് നമ്മൾ സമ്മതിക്കില്ല), അല്ലെങ്കിൽ നമ്മൾ മലയാളികളെ ഭരിക്കാൻ ഇത്ര വിഷമമാണോ? (അതും നമ്മൾ സമ്മതിക്കില്ല).

എന്നാലും ചോദ്യം ന്യായമാണ്, പക്ഷെ ഞാൻ ചോദിക്കില്ല. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ഒരു മുന്നണി സംവിധാനം ആകുമ്പോൾ കുറെ അഡ്ജസ്റ്റ്മെന്റ് ഒക്കെ വേണ്ടി വരും, മന്ത്രിസ്ഥാനങ്ങൾ അതിലൊന്നാണ്, അമേരിക്കൻ പ്രസിഡന്റിന് ആ ബുദ്ധിമുട്ടില്ല. രണ്ടാമത് കേരളത്തിലെ രാഷ്ട്രീയജീവിതത്തിൽ ഒരു വിജയം ആയി എന്നൊക്കെ പറയണമെങ്കിൽ ചുരുങ്ങിയത് ഒരു മന്ത്രിയെങ്കിലും ആകണം. മന്ത്രി ആകണമെങ്കിൽ ആദ്യം എം എൽ എ ആകണം. എന്നാൽ ആളോഹരി വച്ച് നോക്കുമ്പോൾ ഒരു ലക്ഷത്തി അൻപതിനായിരം പേർക്ക് ഒരു എം എൽ എ മാത്രമാണ് നമുക്കുള്ളത്. ബ്രിട്ടനിൽ ശരാശരി എഴുപതിനായിരം പേർക്ക് ഒരു എം പി ഉണ്ട്. അപ്പോൾ അവിടെ പാർലമെന്റ് അംഗം ആകുന്നതിലും കടുപ്പമാണ് ഇവിടെ ഒരു എം എൽ എ ആകാൻ. അങ്ങനെ തീരെ അവസരങ്ങൾ കുറഞ്ഞ ഒരു രംഗമാണ് കേരളത്തിലെ രാഷ്ട്രീയം. അപ്പോൾപ്പിന്നെ അവർക്കിപ്പോൾ ഉള്ള ശുഷ്‌കമായ അവസരങ്ങളുടെ കടയിൽ കത്തിവെക്കുന്നത് ശരിയാണോ? അത് വേണ്ട, മന്ത്രിമാർ പത്തൊമ്പതോ വേണമെങ്കിൽ ഇരുപതോ ആയിക്കോട്ടെ.
എന്നാലും കേരളത്തിൽ മന്ത്രിസഭയുടെ ഇപ്പോഴത്തെ രീതി എല്ലാം മാറ്റി ചില പുതിയ ആശയങ്ങൾ കൊണ്ടുവരണം എന്നെനിക്കുണ്ട്.

1. കാലാകാലമായിട്ടുള്ള പൊതുമരാമത്തും വിദ്യാഭ്യാസവും ഒക്കെ മാറ്റിയിട്ട് ഇഫ്രാസ്ട്രക്ച്ചറും ഹ്യൂമൻ റിസോഴ്‌സസ്സും ആക്കുക. യുവാക്കൾക്ക് പ്രത്യേകിച്ച് വല്യ ക്ഷേമം ഒന്നും ചെയ്യാത്ത യുവജന ക്ഷേമവകുപ്പൊക്കെ എടുത്തു കളയുക. എന്നിട്ട് ഏറെ ക്ഷേമം വേണ്ട മൈഗ്രന്റ്‌സിനു വേണ്ടി (കേരളത്തിലേക്ക് വരുന്നവർക്കും പുറത്തു പോകുന്നവർക്ക്കും ഒരുമിച്ച്) ഒരു വകുപ്പുണ്ടാക്കുക. ജലവും വനവും ഒക്കെ കൂട്ടിച്ചേർത്ത് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം ഉണ്ടാക്കുക. ഇതൊക്കെയാണ് ഇപ്പോൾ ലോകത്തിലെ നാട്ടു നടപ്പ്.

2. പത്തു കാബിനറ്റ് മന്ത്രിമാർ മതി എന്ന് തീരുമാനിക്കുക. ശരിക്കും അതിന്റെ ആവശ്യമേ ഉള്ളൂ, ഇപ്പോൾ ഉള്ള ഏതൊക്കെ വകുപ്പുകൾ കൂട്ടിച്ചേർക്കാമെന്നും ഏതൊക്കെ ഒരു ഡയറക്ടറേറ്റ് ആയി തരം താഴ്‌ത്താമെന്നും ചിന്തിച്ചാൽ ഇത് എളുപ്പത്തിൽ സാധിക്കാവുന്ന കാര്യമേ ഉള്ളൂ. (ഒരു സംസ്ഥാനത്തിന് പത്തു മന്ത്രിമാർ മതിയോ എന്ന് സംശയം ഉള്ളവർ സ്വിറ്റ്സർലൻഡിലെ മന്ത്രിസഭയെ നോക്കുക. മൊത്തം ഏഴു പേരെ ഉള്ളൂ, പ്രസിഡന്റ് ഉൾപ്പടെ), നമ്മുടെ അത്രതന്നെ ഭൂമിയും നമ്മുടെ പല മടങ്ങ് ധനകാര്യവും പിന്നെ ലോകത്താരെയും പിണക്കാതെ കൊണ്ട് നടക്കുന്ന വിദേശകാര്യവും ഉണ്ട് താനും).

3. അതേസമയം തൊഴിലവസരം കുറക്കാതിരിക്കാനും പുതുമുഖങ്ങൾക്ക് അവസരം നൽകാനുമായി പത്തു കാബിനറ്റ് മന്ത്രിമാർക്ക് താഴെ പത്തു സഹമന്ത്രിമാരെ കൂടി നിയമിക്കുക.

4. ഈ ഇരുപതിൽ പകുതി സ്ത്രീകളായിരിക്കണമെന്ന് നിഷ്‌കർഷിക്കുക.

5. കേരളത്തിലെ മന്ത്രിസഭയുടെ ഇപ്പോഴത്തെ ശരാശരി പ്രായം അറുപത്തി അഞ്ചാണ്, കേരളത്തിന്റെ മീഡിയൻ പ്രായം മുപ്പത്തി ഒന്നും. നമ്മുടെ പുതിയ തലമുറയുടെ അനുഭവങ്ങളും ആഗ്രഹങ്ങളും ആശയങ്ങളും നമ്മളെ ഭരിക്കുന്നവരുടേതിനേക്കാൾ ഏറെ വ്യത്യസ്തമാണ്. നമ്മുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിക്കു പോലും (ശ്രീ കെ ടി ജലീൽ) നാല്പത്തി ഒൻപത് വയസ്സായി. ഞാൻ അടുത്തയിടെ പറഞ്ഞ പോലെ ഫ്രാൻസിലെ പുതിയ പ്രസിഡണ്ടിന് മുപ്പത്തി ഒൻപതു വയസേ പ്രായമുള്ളൂ. നാല്പത്തി എട്ടു വയസ്സിൽ ആണ് രണ്ടു പ്രാവശ്യം അമേരിക്കൻ പ്രസിഡന്റ് ആയ ശേഷം ബിൽ ക്ലിന്റൺ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നത്. അപ്പോൾ കുറച്ചു കൂടി യുവരക്തം ഒക്കെ നമുക്കും വേണം മന്ത്രിസഭയിൽ. വോട്ട് ചെയ്യുന്നവരുടെ ശരാശരി പ്രായത്തോട് കേരളത്തിലെ മൊത്തം മന്ത്രിസഭയുടെ പ്രായം (കാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പടെ) അടുപ്പിക്കാൻ ശ്രമിക്കുക. അപ്പോൾ എൺപത് വയസ്സുള്ള ഒരാളെ മന്ത്രിയാക്കുമ്പോൾ നാൽപ്പതിൽ താഴെ പ്രായമുള്ള രണ്ടു പേരെ എങ്കിലും നിയമിക്കേണ്ടി വരും).

6. ഭിന്നശേഷിയുള്ള ഒരാളെയെങ്കിലും മന്ത്രിയാക്കുക. അങ്ങനെ ഒരു ഗ്ലാസ് സീലിങ്ങിന്റെ ആവശ്യം ഒന്നുമില്ല. എന്തൊക്കെ ഭൗതികമായ അസൗകര്യങ്ങൾ ആണ് ഭിന്നശേഷി ഉള്ളവർ നമ്മുടെ സംസ്ഥാനത്തും സമൂഹത്തിലും നേരിടുന്നതെന്ന് മനസ്സിലാക്കാൻ ഇതിലും പറ്റിയ മാർഗ്ഗമില്ല.

ഇതൊന്നും കേരളത്തിൽ ഒരു കാലത്തും നടക്കില്ല എന്നൊക്ക ആയിരിക്കും നിങ്ങളുടെ ചിന്ത. പക്ഷേ നോക്കിയിരുന്നോളൂ. കേരളം മാറുകയാണ്. ഇനിയുള്ള കാലം യുവജനങ്ങളുടെ ഇമാജിനേഷനു തീ പിടിപ്പിക്കുന്നവർക്ക് ഉള്ളതാണ്.

(ഫേസ്‌ബുക്കിൽ എഴുതിയത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP