Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരീക്ഷാ വിജയം നേടിയ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അവസരം തേടുക; പട്ടാളക്കാർക്ക് വൺറാങ്ക് പെൻഷൻ നടപ്പാക്കും; വിനോദയാത്രയ്ക്ക് പോയവർ ഫോട്ടോയും അനുഭവങ്ങളും എഴുതി അറിയിക്കുക: 'മൻകിബാത്ത്' പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് പറയാനുള്ളത്

പരീക്ഷാ വിജയം നേടിയ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അവസരം തേടുക; പട്ടാളക്കാർക്ക് വൺറാങ്ക് പെൻഷൻ നടപ്പാക്കും; വിനോദയാത്രയ്ക്ക് പോയവർ ഫോട്ടോയും അനുഭവങ്ങളും എഴുതി അറിയിക്കുക: 'മൻകിബാത്ത്' പ്രസംഗത്തിൽ പ്രധാനമന്ത്രിക്ക് പറയാനുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 മെയ്‌  31-ാം തീയതി രാവിലെ 11 മണിക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

ന്റെ പ്രിയപ്പെട്ട ദേശവാസികളേ......

കഴിഞ്ഞ പ്രാവശ്യം ഞാൻ നിങ്ങളോട് മൻ കീ ബാത്തിലൂടെ സംസാരിച്ചപ്പോൾ ഭൂകമ്പത്തിന്റെ ഭയാനകമായ സംഭവങ്ങൾ എന്റെ മനസ്സിനെ പ്രക്ഷുബ്ധമാക്കിയിരുന്നു.... അതുകൊണ്ടുതന്നെ എന്റെ മനസ്സ് സംസാരിക്കുവാൻ ആഗ്രഹിച്ചിരുന്നില്ല! എന്നിട്ടും ഞാൻ എന്റെ മനസ്സിലുള്ള കാര്യങ്ങൾ നിങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ഞാൻ നിങ്ങളോട് മനസ്സിലുള്ള കാര്യങ്ങൾ പറയുന്ന വേളയിൽ ഭയങ്കരമായ ഉഷ്ണക്കാറ്റിന്റെയും അതിനെ തുടർന്നുണ്ടായ വിഷമതകളുടെയും വാർത്തകൾ ആണ് കേട്ടുകൊണ്ടിരിക്കുന്നത്. എനിക്ക് നിങ്ങളോട് അപേക്ഷിക്കുവാനുള്ളത് ഈ ഉഷ്ണത്തിൽ നിങ്ങൾ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. ധാരാളം വെള്ളം കുടിക്കണമെന്ന് ഓരോരുത്തരും നിങ്ങളോട് പറയുന്നുണ്ടാവാം. ശരീരത്തിനെ പൊതിഞ്ഞു വെയ്ക്കണമെന്നും പറയുന്നുണ്ടാവാം. പക്ഷേ, എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.... നാം നമുക്ക് ചുറ്റുമുള്ള പക്ഷിമൃഗാദികളെയുംകൂടി സംരക്ഷിക്കണം എന്നുള്ളതാണ്. ഈയവസരത്തിൽ നിങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടികൾക്കുകൂടി ഒരു ഉത്തരവാദിത്വം ഏൽപ്പിക്കേണ്ടത്, അവർ വീടിന്റെ മുറ്റത്ത് ഏതെങ്കിലും പാത്രത്തിൽ പക്ഷികൾക്ക് കുടിക്കുവാനുള്ള വെള്ളം ശേഖരിച്ചുവെയ്ക്കുകയും അത് ചൂടാകാതെ നോക്കുകയും ചെയ്യട്ടെ! ഇപ്രകാരം ചെയ്യുന്നതിലൂടെ നമ്മുടെ കുട്ടികളിൽ ഒരു ഉദാത്തമായ സംസ്‌കാരം രൂപപ്പെടുകയും ചെയ്യും. അതോടൊപ്പംതന്നെ ഈ ഭയാനകമായ വേനലിൽ പക്ഷിമൃഗാദികൾക്ക് പൊള്ളുന്ന ചൂടിൽനിന്നും രക്ഷനേടാനുമാകും.

ഇത് ഉഷ്ണത്തിന്റെ അവസരമാണ്.... അതോടൊപ്പം സന്തോഷത്തിന്റെയും.... പിന്നെ..... ദുഃഖത്തിന്റെയും. എഴുതിയ പരീക്ഷകളുടെ ഫലം പുറത്തുവരുന്നതുവരെ മനസ്സ് അസ്വസ്ഥമായിരിക്കും. ഇപ്പോൾ സി.ബി.എസ്.ഇയും മറ്റു ബോർഡുപരീക്ഷകളും എഴുതിയ വിദ്യാർത്ഥിസുഹൃത്തുക്കളുടെ പരീക്ഷാഫലം പുറത്തു വന്നു. ഞാൻ അവരെ എല്ലാവരെയും നിറഞ്ഞ മനസ്സോടെ അഭിനന്ദനം അറിയിക്കുന്നു. എന്റെ മൻ കീ ബാത്തിന്റെ സഫലത എനിക്ക് ബോധ്യമായത് പരീക്ഷാഫലം വന്നതിനുശേഷം കുട്ടികൾ പറഞ്ഞ കാര്യങ്ങളിൽ നിന്നുമാണ്.... പ്രത്യേകിച്ചും മൻ കീ ബാത്തിലൂടെ ഞാൻ പറഞ്ഞ കാര്യങ്ങൾ പരീക്ഷാസമയത്ത് കുട്ടികൾ ഉൾക്കൊണ്ടതിലൂടെ പരീക്ഷയിൽ വിജയം നേടാൻ അവർക്ക് സഹായകമായി. അത് എനിക്കും പ്രയോജനപ്രദമായി. കൂട്ടുകാരേ.... നിങ്ങൾ എഴുതി അയച്ചത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.... എന്നാൽ നിങ്ങളുടെ വിജയത്തിന് കാരണം മൻ കീ ബാത്ത് മാത്രമല്ല.... നിങ്ങളുടെ വിജയത്തിന് കാരണം ഒരു വർഷത്തെ നിങ്ങളുടെ കഠിനാദ്ധ്വാനവും അതോടൊപ്പം നിങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ പ്രയത്‌നഫലവും കൂടിയാണ്. അതിൽ നിങ്ങളുടെ സ്‌കൂളിന്റെയും അദ്ധ്യാപകരുടെയും ഓരോരുത്തരുടേയും പരിശ്രമവുമുണ്ട്.

എല്ലാറ്റിനുമുപരിയായി മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾ നിങ്ങളെത്തന്നെ വാർത്തെടുത്തു. പരീക്ഷയ്ക്ക് പോകുന്ന സമയത്ത് മൻ കീ ബാത്ത് നിങ്ങൾക്ക് പ്രയോജനപ്പെട്ടിരിക്കാം.... എന്നാൽ എന്നെ ഇന്ന് ആനന്ദിപ്പിക്കുന്നത് മൻ കീ ബാത്ത് എത്രത്തോളം പ്രയോജനപ്രദമായി അത് എത്രത്തോളം സാർത്ഥകമായി എന്നുള്ളതാണ്. എനിക്ക് വളരെ സന്തോഷമായി. ഞാനിതു പറയുമ്പോൾതന്നെ ചിലയിടങ്ങളിൽ ദുഃഖവും ചിലയിടത്ത് സന്തോഷവും ഉണ്ട്. ഒരുപക്ഷേ വളരെ ഉയർന്ന മാർക്ക് നേടി വിജയിച്ച ഒരുപാട് യുവസുഹൃത്തുക്കൾ ഉണ്ടാകും. എന്നാൽ കുറച്ചുപേർ പാസ്സായിട്ടുണ്ടാകാം.... എന്നാൽ മാർക്ക് വളരെ കുറച്ചേ നേടാൻ കഴിഞ്ഞിട്ടുണ്ടാകൂ. മറ്റു ചിലർ അവരുടെ ശ്രമത്തിൽ വിജയിച്ചിട്ടുണ്ടാകില്ല. വിജയിച്ചിട്ടുള്ളവരോട് എനിക്ക് പറയുവാനുള്ളത് ഇതേ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് നിങ്ങളുടെ മുന്നോട്ടുള്ള വഴിയും തൊഴിലും തെരഞ്ഞെടുക്കേണ്ടത് എന്നാണ്. എന്നാൽ മുന്നോട്ടുള്ള വഴിയിൽ ശരിയായ വഴി ഏതാണെന്ന് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. അതും തുടർ പഠനത്തിൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന വഴി അനുസരിച്ചാവും നിങ്ങളുടെ വിജയവും. സാധാരണഗതിയിൽ പലർക്കും എന്ത് പഠിക്കണം, എന്തിന് പഠിക്കണം ഏതാണ് വഴി എന്ന് നിശ്ചയമുണ്ടാവില്ല. ഒട്ടുമിക്കപേരും തങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങൾക്കും അച്ഛനമ്മമാരുടെ ആഗ്രഹങ്ങൾക്കും അനുസരിച്ചാണ് തീരുമാനം എടുക്കുന്നത്.

ഇപ്പോൾ അവസരങ്ങൾ വളരെ വിപുലമാണ്. പഠനവിഷയങ്ങൾക്കും, പഠിക്കുവാനുള്ള അവസരങ്ങൾക്കും പരിമിതികളില്ല. ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി നിങ്ങൾ സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ച് വഴി തെരഞ്ഞെടുക്കുക. പരമ്പരാഗത മാർഗ്ഗങ്ങളിലൂടെമാത്രം സഞ്ചരിച്ച് നിങ്ങളുടെ കഴിവുകളെ എന്തിനാണ് നഷ്ടപ്പെടുത്തുന്നത്! നിങ്ങൾ പ്രയത്‌നിക്കൂ.... നിങ്ങളുടെ കഴിവുകളെ സ്വയം തിരിച്ചറിയൂ.... നിങ്ങളിലുള്ള ഉത്തമമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ അവസരം ലഭിക്കുന്ന പഠനമേഖലകൾ എന്തുകൊണ്ട് നിങ്ങൾക്ക് തെരഞ്ഞെടുത്തുകൂടാ...? ഞാൻ എന്തായാലും ഞാൻ എന്ത് പഠിച്ചാലും അതിലൂടെ എന്റെ ദേശത്തിന് എന്ത് നേട്ടമാണ് സംഭവിക്കുന്നത് എന്നുകൂടി നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിൽ മ്യൂസിയങ്ങൾ വളരെ കുറവാണ്. എന്നുള്ള സത്യം നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടാകാം. പലപ്പോഴും ഉള്ള മ്യൂസിയങ്ങൾക്കുപോലും യോഗ്യരായ ആളുകളെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്നു. കാരണം, പരമ്പരാഗതമായ രൂപത്തിൽ ഇതൊരു ജനപ്രിയ മേഖലയല്ല. വിശേഷിച്ചും ഞാൻ നിങ്ങളുടെ ശ്രദ്ധ ഒരു പ്രത്യേക മേഖലയിലേക്ക് തിരിച്ചുവിടാൻ ഉദ്ദേശിക്കുന്നു. എന്നാൽ ഇത് എടുത്തു പറയുവാനുള്ള കാരണം ഈ രാജ്യത്തിന് ഉത്തമ അദ്ധ്യാപകരുടെയും സൈനികരുടേയും ശാസ്ത്രജ്ഞന്മാരുടെയും കലാകാരന്മാരുടെയും സംഗീതജ്ഞന്മാരുടെയും ഒക്കെ ആവശ്യമുണ്ട്. സ്പോർട്സ് എത്ര വലിയൊരു മേഖലയാണ്. അതിൽ കളിക്കാർ മാത്രമല്ല വേറെയും മികച്ച മാനവവിഭവശേഷി ആവശ്യമുള്ള ഒരു മേഖലയാണ് സ്പോർട്സ്. എന്നുവച്ചാൽ ഈ ലോകത്ത് വൈവിധ്യങ്ങളായ മേഖലകൾ വിവിധങ്ങളായ അവസരങ്ങളാണ് നിങ്ങൾക്കായി ഒരുക്കിവച്ചിട്ടുള്ളത്. നിങ്ങൾ തീർച്ചയായും സധൈര്യം പരിശ്രമിക്കുക. നിങ്ങളുടെ ശക്തിയും കഴിവും സ്വപ്നങ്ങളും ദേശത്തിന്റെ സ്വപ്നങ്ങളുമായി യോജിക്കുന്നതായിരിക്കണം. നിങ്ങളുടെ വഴി കണ്ടെത്തുവാനുള്ള അവസരമായിരിക്കും ഇത്. പരാജയപ്പെട്ടവരോട് എനിക്ക് പറയുവാനുള്ളത് ജീവിതത്തിൽ പരാജയവും വിജയവും സ്വാഭാവികമാണ്. പരാജയത്തെ ഒരവസരമാക്കുന്നവരാണ് വിജയത്തിലേയ്ക്കുള്ള അടിസ്ഥാനശിലയിടുന്നത്. പരാജയത്തിലൂടെ സ്വയം പരാജയപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലും വിജയിക്കില്ല. പരാജയത്തിൽ നിന്നും ധാരാളം പഠിക്കാൻ കഴിയും. ഇന്നത്തെ പരാജയം എന്തുകൊണ്ട് നിങ്ങൾക്ക് സ്വയം തിരിച്ചറിയാനുള്ള, നിങ്ങളുടെ ശേഷികളെ തിരിച്ചറിയാനുമുള്ള അവസരമായിക്കൂടാ. നിങ്ങളുടെ ശക്തികളെ തിരിച്ചറിഞ്ഞ് നിങ്ങളുടെ ഊർജ്ജത്തെ വികസിപ്പിച്ച് ഒരു പുതിയ വഴി കണ്ടെത്തുകയുമാവാം. എനിക്ക് മുൻ രാഷ്ട്രപതി ശ്രീമാൻ. എ.പി.ജെ. അബ്ദുൾകലാമിനെ ഓർമ്മ വരികയാണ്. അദ്ദേഹം 'My Journeyt ransforming dreams in to action' എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ ഒരു ജീവിത സന്ദർഭം പരാമർശിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം തനിക്ക് പൈലറ്റ് ആകാനായിരുന്നു ആഗ്രഹമെന്ന് പറഞ്ഞിട്ടുണ്ട്. 'പൈലറ്റ് ആകാൻ ഞാൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. പൈലറ്റ് ആകാൻ പോയ ഞാൻ പരാജയപ്പെട്ടു. വിജയിച്ചില്ല.''

നോക്കൂ, അദ്ദേഹത്തിന്റെ പരാജയം എത്ര വലിയ ഒരവസരമാണ് അദ്ദേഹത്തിന് നൽകിയത്. ദേശത്തിലെ മഹാനായ ശാസ്ത്രജ്ഞനായി. രാഷ്ട്രപതിയായി. രാജ്യത്തിന്റെ ആണവശേഷിക്ക് മഹത്തായ സംഭാവനകൾ നൽകി. അതുകൊണ്ടാണ് സുഹൃത്തുക്കളെ ഞാൻ പറയുന്നത്, പരാജയത്തിന്റെ ഭാരത്തിലമർന്ന് പോകരുത്. പരാജയവും ഒരവസരമാണ്. പരാജയത്തെ അങ്ങനെ വിട്ടുകളയരുത്. പരാജയത്തെ മുറുക്കെ പിടിക്കൂ. അന്വേഷിക്കൂ പരാജയത്തിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്. അതുകൊണ്ട് എന്റെ യുവസുഹൃത്തുക്കളോട് എന്റെ വിനയപൂർവ്വമുള്ള അപേക്ഷയാണ്. പ്രത്യേകിച്ച് അവരുടെ കുടുംബാംഗങ്ങളോട്. കുട്ടി പരാജയപ്പെട്ടാലും ജീവിതം മുഴുവൻ നിരാശയിൽ ആണ്ടുപോകുന്ന ഒരു സാഹചര്യം സൃഷ്ടിക്കരുത് പലപ്പോഴും മക്കളുടെ പരാജയം മാതാപിക്കാളുടെ സ്വപ്നങ്ങളുമായി കൂട്ടിക്കുഴച്ച് പ്രതിസന്ധി ഉണ്ടാക്കുന്നു. അങ്ങനെ സംഭവിക്കാൻ പാടില്ല. പരാജയങ്ങളെ തിരിച്ചറിയാനുള്ള ശക്തിയാണ് ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള ഊർജ്ജം നൽകുന്നത്. വിജയിച്ച സുഹൃത്തുക്കളെ ഒരിക്കൽക്കൂടി അഭിനന്ദിക്കുന്നു. അതോടൊപ്പം പരാജയപ്പെട്ട സുഹൃത്തുക്കൾക്ക് പുതിയ വഴികൾ കണ്ടെത്താനുള്ള അവസരം ലഭിച്ചു എന്നുള്ളതിൽ അവരെയും ഞാൻ അഭിനന്ദിക്കുന്നു. മുന്നേറാനുള്ള വിശ്വാസം ആർജ്ജിക്കാൻ ശ്രമിക്കൂ.

കഴിഞ്ഞ മൻ കി ബാത്തിനും ഇപ്പോൾ ഞാൻ സംസാരിക്കുന്നതിനും ഇടയിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്റെ ഗവൺമെന്റ് ഒരു വർഷം പിന്നിട്ടു. രാജ്യം മുഴുവൻ അതിനെ സൂക്ഷ്മമായി വിശകലനം ചെയ്തു, വിമർശിച്ചു. ധാരാളംപേർ ഞങ്ങൾക്ക് ഡിസ്റ്റിങ്ഷൻ (Distinction) മാർക്ക് നൽകി. ജനാധിപത്യത്തിൽ ഈയൊരു വേർതിരിവ് വളരെ അത്യാവശ്യമാണ്. ഭരണപക്ഷവും പ്രതിപക്ഷവും ആവശ്യമാണ്. എന്തു കുറവുകൾ ഉണ്ടായി എന്ന് തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്. സംഭവിച്ച നല്ല കാര്യങ്ങളും ഒരു മുതൽക്കൂട്ടാകും. ഇതിനെല്ലാം ഉപരിയായി കഴിഞ്ഞ മാസത്തെ രണ്ട് സംഭവങ്ങളാണ് എന്റെ മനസ്സിനെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ പാവപ്പെട്ടവർക്കായി എന്തെങ്കിലും ഒക്കെ ചെയ്യാൻ എന്റെ മനസ്സ് എപ്പോഴും പിടച്ചുകൊണ്ടിരിക്കുന്നു. പുതിയ പുതിയ കാര്യങ്ങൾ ചിന്തിക്കുന്നു. പുതിയ പുതിയ നിർദ്ദേശങ്ങൾ വന്നാൽ അവ സ്വീകരിക്കുന്നു. നമ്മൾ കഴിഞ്ഞ മാസം പ്രധാനമന്ത്രി സുരക്ഷാ ബീമായോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷയ്ക്കായുള്ള മൂന്ന് പദ്ധതികൾക്ക് തുടക്കമിട്ടു. ആ പദ്ധതികൾ തുടങ്ങിയിട്ട് കേവലം 20 ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ അഭിമാനത്തോടുകൂടി എനിക്ക് പറയാൻ കഴിയും. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് സർക്കാരിലും, സർക്കാരിന്റെ പദ്ധതികളിലും വിശ്വസിക്കുന്നവരും അതുമായി സഹകരിക്കുന്നവരും കുറവായിരിക്കും. പക്ഷേ, എനിക്ക് ആഹ്ലാദത്തോടെ പറയാൻ കഴിയും കഴിഞ്ഞ 20 ദിവസത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ 8 കോടി 52 ലക്ഷത്തിലധികം ജനങ്ങൾ ഈ പദ്ധതികളിൽ അംഗങ്ങളായി, പങ്കാളികളായി. സാമൂഹ്യസുരക്ഷാ മേഖലയിലെ നമ്മുടെ ആദ്യത്തെ ചുവടുവയ്പാണിത്. വരും ദിവസങ്ങളിൽ ഇതിന്റെ പ്രയോജനം കൂടുതൽപേർക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതി ഇതുവരെ പ്രയോജനപ്പെടുത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് സങ്കൽപിക്കാൻ കഴിയുമോ മാസം 1 രൂപ വച്ച് 12 മാസത്തേക്ക് 12 രൂപക്ക് സുരക്ഷാ ബീമാ യോജനയിൽ അംഗത്വം ലഭിക്കുന്നു. ജീവൻ ജ്യോതി ബീമാ യോജനയാകട്ടെ ദിവസം 1 രൂപയിൽ താഴെ മാത്രം. ഒരു വർഷത്തേക്ക് 330 രൂപ മാത്രം. അതുകൊണ്ടാണ് ഞാൻ പറയുന്നത് പാവപ്പെട്ടവർ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടിവരരുത്. പാവപ്പെട്ടവർ സ്വയം ശാക്തീകരിക്കപ്പെടണം. ആ ദിശയിലേക്കുള്ള ചുവടുവെയ്പാണ് നമ്മുടേത്. ഞാൻ പാവപ്പെട്ടവരുടെ ഒരു സേന രൂപീകരിക്കാൻ ആഗ്രഹിക്കുകയാണ്. പാവപ്പെട്ടവർതന്നെയായിരിക്കും ഈ സേനയിലെ അംഗങ്ങൾ. ഈ സേന ദാരിദ്ര്യത്തിനെതിരെ പോരാടി ദാരിദ്ര്യത്തെ പരാജയപ്പെടുത്തും. വർഷങ്ങളായി ദാരിദ്ര്യം നമ്മുടെ രാജ്യത്തിന്റെ ശാപമാണ്. അതിൽനിന്ന് മോചനം നേടാൻ നാം നിരന്തരം പരിശ്രമിക്കും. വിജയിക്കുകയും ചെയ്യും. എനിക്ക് ആനന്ദം പകർന്ന രണ്ടാമത്തെ കാര്യം കർഷകർക്കായുള്ള ടിവി ചാനൽ നിലവിൽ വന്നതാണ്. രാജ്യത്ത് നിരവധി ടിവി ചാനലുകളുടെ പ്രളയമാണ്. എന്താണ് ഇല്ലാത്തത്, കാർട്ടൂൺ ചാനൽ, സ്പോർട്സ് ചാനൽ, ന്യൂസ് ചാനൽ അങ്ങനെ പലതും. പക്ഷേ, എന്നെ സംബന്ധിച്ച് കർഷകർക്കായുള്ള ടിവി ചാനൽ പ്രധാനമാകുന്നത് ഇതിലൂടെ എനിക്ക് ഭാവിയെ വ്യക്തമായി കാണാൻ കഴിയും എന്നുള്ളതുകൊണ്ടാണ്. എന്റെ കാഴ്ചപ്പാടിൽ കർഷകർക്ക് ടിവി ചാനൽ വയൽപോലെ തുറന്ന ഒരു സർവ്വകലാശാലയാണ്. ഈ ചാനലിൽ വിദ്യാർത്ഥിയും കർഷകനാണ്. അദ്ധ്യാപകനും കർഷകനാണ്. അനുഭവങ്ങളിലൂടെ അറിയുക പരമ്പരാഗത കൃഷിരീതിയിൽ നിന്നും ആധുനിക കൃഷി രീതിയിലേക്ക് മാറുക. തുണ്ട്, തുണ്ട് ഭൂമികളാണ് നമുക്ക് ബാക്കിയുള്ളത്. നമ്മുടെ കുടുംബങ്ങൾ വളർന്നുകൊണ്ടേയിരിക്കുന്നു. കൃഷിഭൂമിയുടെ വലിപ്പം കുറഞ്ഞും വന്നു. അപ്പോൾ നമുക്ക് ഭൂമിയുടെ ഉത്പാദനശേഷി എങ്ങനെ വർദ്ധിപ്പിക്കാം, വിളകളിൽ എങ്ങനെയൊക്കെ മാറ്റം വരുത്താം. ഈ കാര്യങ്ങൾ പഠിക്കുകയും അറിയുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോൾ കാലാവസ്ഥാവ്യതിയാനങ്ങളും നേരത്തേതന്നെ അറിയാൻ കഴുയുന്നുണ്ട്. ഇക്കാര്യങ്ങൾ എല്ലാം ഉൾക്കൊണ്ടാണ് ഈ ടിവി. ചാനൽ പ്രവർത്തിക്കുന്നത്. എന്റെ കർഷകമിത്രങ്ങളെ, ഓരോ ജില്ലയിലും കൃഷിക്കാരെ നിരീക്ഷിക്കാനുള്ള വ്യവസ്ഥകളും ചെയ്തിട്ടുണ്ട്. നിങ്ങൾ അവരുമായി നിർബ്ബന്ധമായും ബന്ധപ്പെടൂ..... എന്റെ മത്സ്യത്തൊഴിലാളി സുഹൃത്തുക്കളോടു പറയാനുള്ളത് മത്സ്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കും പ്രയോജനപ്രമായ നിരവധി കാര്യങ്ങൾ ഈ ടിവി ചാനലിൽ ലഭ്യമാണ്. ഭാരതത്തിന്റെ ഗ്രാമീണ പരമ്പരാഗത തൊഴിൽമേഖലയാണ് പശുവളർത്തൽ. എല്ലാ കൃഷികൾക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായകമാകുന്ന ഒരു മേഖലയുമാണ് പശുവളർത്തൽ. പക്ഷേ, ലോകത്തിലെ കണക്കെടുത്തു നോക്കിയാൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പാലുൽപ്പാദനക്ഷമതയിൽ ഭാരതം വളരെ പിന്നിലാണ്. പശുക്കളുടെ എണ്ണത്തിന് അനുസരിച്ച് പാലിന്റെ ഉൽപാദനം നമ്മുടെ രാജ്യത്ത് ഉണ്ടാവുന്നില്ല. പശുക്കളുടെ പാലുൽപാദനം വർദ്ധിപ്പിക്കാൻ എന്ത് ചെയ്യാം, പശുവിനെ എങ്ങനെ സംരക്ഷിക്കണം, പശുക്കളെ എങ്ങനെ പരിപാലിക്കണം, അതിന്റെ ആഹാരരീതി എങ്ങനെയാക്കണം, പരമ്പരാഗതമായ രീതിയിൽ നമ്മൾ നിരവധി കാര്യങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. പക്ഷേ, ശാസ്ത്രീയമായി നാം വളരെ മുന്നേറേണ്ടതുണ്ട്. അപ്പോൾ മാത്രമേ കൃഷിയെപ്പോലെ പശുവളർത്തലും സാമ്പത്തികമായി നമുക്ക് ശക്തി നൽകൂ. കൃഷിക്കാരന് ശക്തി നൽകൂ, ക്ഷീരകർഷകർക്ക് ശക്തി നൽകൂ. നമ്മൾ ഏത് രീതിയിലൂടെ മുന്നോട്ട് പോകണമെന്ന്, ഏത് രീതിയിലൂടെ മുന്നേറണമെന്നുമുള്ള ശാസ്ത്രീയമായ മാർഗ്ഗദർശനം നമുക്ക് ഈ ടിവി ചാനലിൽ നിന്നും ലഭിക്കും.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഓർമ്മയില്ലേ ജൂൺ 21. ജൂൺ 21 നെ നമ്മൾ ഓർക്കുന്നത് ഏറ്റവും ദീർഘമേറിയ പകൽ എന്നതിനാലാണ്. ജൂൺ 21 ഇനി മുതൽ ലോകത്തിന് ഒരു പുതിയ തിരിച്ചറിവാണ് നൽകുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഞാൻ ഒരു നിർദ്ദേശം അവതരിപ്പിക്കുകയുണ്ടായി. ജൂൺ 21 അന്തർദേശീയ 'യോഗ' ദിനമായി ആചരിക്കണമെന്ന്. ലോകം മുഴുവൻ അത്ഭുതപ്പെട്ടു. നിങ്ങളും ആശ്ചര്യപ്പെടുന്നുണ്ടാവും. 100 ദിവസത്തിനുള്ളിൽ 177 രാജ്യങ്ങളുടെ പിന്തുണയോടുകൂടി എന്റെ നിർദ്ദേശം അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഏറ്റവും അധികം ലോകരാഷ്ട്രങ്ങളുടെ പിന്തുണ കിട്ടി. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദ്ദേശം അംഗീകരിക്കപ്പെട്ടു. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇതിൽ പങ്കാളികളായി. ഓരോ ഭാരതീയനും ഇത് അഭിമാനകരമാണ്. എന്നാൽ, ഇനി ഇത് നമ്മുടെ ഉത്തരവാദിത്വമാണ്. നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 'യോഗ' ഈ ലോകത്തിനെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാദ്ധ്യമമായി മാറുമെന്ന്? 'വസുധൈവ കുടുംബകം' എന്നത് നമ്മുടെ പൂർവ്വികരുടെ സങ്കല്പത്തിൽ 'യോഗ' ഒരു ചാലക ശക്തിയായിരുന്നു. ഇന്നത് ലോകത്തെ കൂട്ടിയോജിപ്പിക്കാനുള്ള ഒരു മാദ്ധ്യമമായി മാറുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാനുള്ള കാര്യമാണിത്. 'യോഗ'യുടെ സ്വരൂപത്തെ ശരിയായ അളവിൽ, ശരിയായ ശക്തിയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ മാത്രമേ അത് തിരിച്ചറിയപ്പെടുകയുള്ളൂ. 'യോഗ' മനസ്സിനെയും ബുദ്ധിയെയും സമന്വയിപ്പിക്കുന്നു. 'യോഗ' രോഗമുക്തിക്കുള്ള മാദ്ധ്യമമാണ്. അതോടൊപ്പം സുഖഭോഗത്തിൽ നിന്നുള്ള മോചനത്തിന്റെയും മാർഗ്ഗമാണ്. ഇന്നത്തെ എന്റെ കാഴ്ചപ്പാടിൽ 'യോഗ' ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും സമന്വയിപ്പിക്കുന്നു. അതിനേക്കാളുപരി ലോകത്തെ ഒന്നിപ്പിക്കുന്നതിനുള്ള ശക്തിയായി വർത്തിക്കാൻ കഴിയും. എന്തുകൊണ്ട് നമുക്ക് 'യോഗ'യുടെ അംബാസിഡർ ആയിക്കൂടാ? എന്തുകൊണ്ട് നമ്മൾ മനുഷ്യനന്മയ്ക്കായുള്ള ഈ മഹത്തരമായ വിദ്യയെ സ്വാഭാവികമായി പകർന്നുകൊടുത്തുകൂടാ? ഭാരതത്തിന്റെ ഓരോ മുക്കുംമൂലയിലും ജൂൺ 21 'യോഗ' ദിവസമായി ആചരിക്കേണ്ടതുണ്ട്. നിങ്ങളുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ഈ ലോകത്തിന്റെ ഏതു കോണിൽ ജീവിക്കുന്നവരായിക്കൊള്ളട്ടെ അവരോടും അവിടെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടി 'യോഗ ദിനം' ആചരിക്കാൻ ടെലിഫോണിൽ അറിയിക്കൂ. ഒരുപക്ഷേ, 'യോഗ'യെക്കുറിച്ച് നിങ്ങൾക്ക് അറിവില്ലെങ്കിൽ ഏതെങ്കിലും പുസ്തകങ്ങളിലൂടെ 'യോഗ' എന്ത് എന്ന് മനസ്സിലാക്കി മറ്റുള്ളവർക്കും അത് മനസ്സിലാക്കിക്കൊടുക്കുക. എന്നാൽ, ഞാൻ വിശ്വസിക്കുന്നത് 'യോഗ' ദിവസം ലോകനന്മയ്ക്ക് ഒരു മഹത്തരമായ ചുവടുവെയ്പായി മനുഷ്യരാശിയുടെ നന്മായ്ക്കായി ആചരിക്കണമെന്നാണ്. സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്നുപോകുന്ന മനുഷ്യസമൂഹത്തിൽ നിരാശയിലാണ്ട മനുഷ്യന് പുതിയ ഉണർവ്വ് പകരാനുള്ള കഴിവ് 'യോഗ'യ്ക്കുണ്ട്. ലോകത്തിന്റെ അംഗീകാരവും ആദരവും നേടിയ ലോകത്തിന് ഭാരതം സമ്മാനിച്ച 'യോഗ' അഭിമാനമായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇനി മൂന്നാഴ്ച ബാക്കിയുണ്ട്. നിങ്ങൾ പരിശ്രമിക്കൂ.... ഒന്നിക്കൂ..... മറ്റുള്ളവരെയും പങ്കാളികളാക്കൂ....

ഇനി ഞാൻ പറയാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം രാജ്യരക്ഷയ്ക്കായി മുഴുകിയിരിക്കുന്ന ജവാന്മാരോടും, രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച വിമുക്തഭടന്മാരോടുമാണ്. പ്രധാനമന്ത്രിയെന്ന നിലയിലല്ല ഞാൻ ഇത് പറയാനാഗ്രഹിക്കുന്നത്. എന്റെ ഉള്ളിന്റെയുള്ളിലെ മനുഷ്യൻ സത്യസന്ധമായി മനസ്സിന്റെ അഗാധതയിൽനിന്ന് ഈ രാജ്യത്തെ സൈനികരോട് പറയാൻ ആഗ്രഹിക്കുന്ന കാര്യമാണിത്. One rank one pension എന്നത് കഴിഞ്ഞ 40 വർഷമായി കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ഒരു സമസ്യയല്ലേ? ഇതിനു മുമ്പുള്ള ഗവൺമെന്റുകളൊക്കെ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷേ, ഒന്നും ചെയ്തില്ല എന്നത് സത്യമല്ലേ? ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു ഞാൻ, വിരമിച്ച സൈനികർക്ക് നൽകിയ വാക്കാണ് എന്റെ സർക്കാർ ഛില rank one pension നടപ്പാക്കും എന്ന്. ഞങ്ങൾ ഉത്തരവാദിത്വത്തിൽ പിന്നാക്കം പോകുന്നവരല്ല. സർക്കാർ രൂപീകരണത്തിനു ശേഷം വിവിധ വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ, ഞാൻ കരുതിയതുപോലെ അത്ര സരളമായ ഒരു വിഷയമല്ലായിരുന്നു ഇത്. വളരെ സങ്കീർണ്ണമായ ഒരു വിഷയമാണിത്. കഴിഞ്ഞ 40 വർഷങ്ങളായി ഇത് കൂടുതൽ സങ്കീർണ്ണമായി തീർന്നു. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനും സർവ്വസമ്മതിയോടെ നടപ്പാക്കുന്നതിനുമായി ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഈ പ്രശ്‌നത്തിന് പോംവഴി കാണുന്നതിനായി ഏർപ്പാടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരന്തരമുള്ള വാർത്തകൾ മാദ്ധ്യമങ്ങൾക്ക് നൽകണമെന്നില്ല. ഇതിനെക്കുറിച്ചുള്ള ദൃക്‌സാക്ഷിവിവരണവും ആവശ്യമില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. ഈ സർക്കാർ; അതേ, ഇതേ സർക്കാർ തന്നെ One rank one pension എന്ന പ്രശ്‌നം പരിഹരിച്ചിരിക്കും. നമ്മൾ ഏത് ചിന്താധാരയിലൂടെയാണോ വളർന്നത്, ഏത് ആദർശത്തിലൂടെയാണോ മുന്നേറിയത് അതിന് നമ്മുടെ ജീവിതത്തിൽ മഹത്തരമായ സ്ഥാനമുണ്ട്. നിങ്ങളുടെ ജീവിതവുമായി അടുക്കുക എന്നതും നിങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നതും എന്നെ സംബന്ധിച്ച് ഒരു സർക്കാർ ജോലിയോ ഒരു രാഷ്ട്രീയ അജണ്ടയോ അല്ല. മറിച്ച്, എന്റെ ദേശസ്‌നേഹത്തിന്റെ തെളിവാണ്. എന്റെ രാജ്യത്തെ സൈനികരോട് ഒരിക്കൽക്കൂടി ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്.- കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയക്കാരാൽ നിങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നു. ഞാൻ ആ മാർഗ്ഗത്തിനെതിരാണ്. പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനുള്ള നടപടികളും ഞാൻ എടുക്കില്ല. നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിക്കൂ. കാര്യങ്ങളെ വഷളാക്കാൻ ആഗ്രഹിക്കുന്നവരും, വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നവരും, രാഷ്ട്രീയം കളിക്കാൻ ആഗ്രഹിക്കുന്നവരും അത് തുടരട്ടെ. രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറാകുന്നവർക്കുവേണ്ടി എന്ത് ചെയ്യാം എന്നുള്ളതാണ് എന്റെ ലക്ഷ്യം. എന്റെ മൻ കീ ബാത്തിൽ സത്യമല്ലാത്തതായി ഒന്നുംതന്നെയില്ല. അത് നിങ്ങളുടെ മനസ്സിനെ സ്പർശിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

40 വർഷം നിങ്ങൾ ധൈര്യപൂർവ്വം കാത്തിരുന്നില്ലേ. എനിക്ക് കുറച്ച് സമയംകൂടി തരൂ. നമുക്ക് ഒരുമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാം. ഒരിക്കൽക്കൂടി ഞാൻ എന്റെ ദേശവാസികൾക്ക് വാക്ക് തരുന്നു.

അവധിക്കാലങ്ങളിൽ നിങ്ങൾ എവിടെയെങ്കിലുമൊക്കെ യാത്രപോയിട്ടുണ്ടാവില്ലേ. ഭാരതത്തിന്റെ പല പ്രദേശങ്ങളിലും നിങ്ങൾ പോയിട്ടുണ്ടാവും. ഒരുപക്ഷേ, യാത്രയ്ക്കുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടാവും - Seeing is believing.

നമ്മൾ യാത്ര ചെയ്യുമ്പോൾ ബന്ധുവീടുകളിൽ പോകുന്നു. ചിലപ്പോൾ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോകുന്നു. ലോകത്തെ കാണാനും മനസ്സിലാക്കാനും ധാരാളം അവസരങ്ങൾ ലഭിക്കുന്നു. ഗ്രാമത്തിലെ കുളം മാത്രം കണ്ട ഒരു വ്യക്തി ആദ്യമായി സമുദ്രം കാണുമ്പോൾ അയാളുടെ മനസ്സിൽ എന്തൊക്കെ ഭാവങ്ങളാണ് ഉയരുന്നതെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഗ്രാമത്തിൽ മടങ്ങിയെത്തുന്ന അയാൾക്ക് ഒരു സമുദ്രം എത്രമാത്രം വലുതാണെന്ന് പറഞ്ഞറിയിക്കാൻപോലും കഴിയില്ല. കാഴ്ചയുടെ ലോകം മറ്റൊന്നാണ്. നിങ്ങൾ അവധിക്കാലത്ത് കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം എവിടെയെങ്കിലുമൊക്കെ പോയിരിക്കുമല്ലോ. അഥവാ പോകാൻ ആലോചിക്കുന്നുണ്ടാവുമല്ലോ. യാത്രയിൽ നിങ്ങൾക്ക് ഡയറി എഴുതുന്ന ശീലം ഉണ്ടാവുമോ എന്നെനിക്കറിയില്ല. പക്ഷേ, അനുഭവങ്ങളെ എഴുതേണ്ടതുണ്ട്. പുതിയ പുതിയ ആൾക്കാരെ കണ്ടുമുട്ടുമ്പോൾ അവരുടെ അനുഭവങ്ങൾ കേട്ടെഴുതേണ്ടതുണ്ട്. നിങ്ങൾ കണ്ട കാഴ്ചകളെക്കുറിച്ച് വർണ്ണിക്കേണ്ടതുണ്ട്. ഈ കാഴ്ചകളെ മനസ്സിൽ പതിപ്പിക്കേണ്ടതുണ്ട്. വെറും കൗതുക കാഴ്ചകളിൽ മാത്രം ഭ്രമിച്ച് പോകാതെ യാത്രയെ ഒരു പഠനാനുഭവമാക്കി മാറ്റേണ്ടതുണ്ട്. എല്ലാവർക്കും ഹിമാലയത്തിൽ പോകാൻ അവസരം കിട്ടിയെന്നുവരില്ല. പക്ഷേ ഹിമാലയം ദർശിച്ചിട്ടുള്ളവർ എഴുതിയ പുസ്തകങ്ങൾ വായിച്ചാൽ ആ യാത്രകൾ എത്രമാത്രം ആനന്ദകരമാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. നിങ്ങൾ എഴുത്തുകാരാകണമെന്നില്ല. ഞാൻ പറഞ്ഞുവരുന്നത്. പക്ഷേ, യാത്രയ്ക്കുവേണ്ടി യാത്രയെന്നതു മാറ്റി യാത്രയിൽനിന്നും എന്തെങ്കിലുമൊക്കെ പഠിക്കാൻ ശ്രമിയ്‌ക്കേണ്ടതുണ്ട്. നമ്മുടെ നാടിനെ അറിയാനും മനസ്സിലാക്കാനും ശ്രമിക്കൂ..... അതിന്റെ വൈവിധ്യത്തെ പഠിക്കൂ.... വിവിധങ്ങളായ ഭക്ഷണരീതികൾ, വേഷങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സ്വപ്നങ്ങൾ, വേദനകൾ എല്ലാം മനസ്സിലാക്കൂ.... വളരെ ബൃഹത്തായ ദേശമാണ്. ഈ രാജ്യത്തെ മനസ്സിലാക്കാൻ ഒരു ജന്മം മതിയാകില്ല. നിങ്ങൾ തീർച്ചയായും പലയിടങ്ങളും സന്ദർശിച്ചിട്ടുണ്ടാവും. എന്റെ ആഗ്രഹമാണ്, ഇനി യാത്ര പോകുമ്പോൾ നിങ്ങളുടെ അനുഭവങ്ങൾ എന്നോടു പങ്കുവയ്ക്കാൻ കഴിയുമോ? തീർച്ചയായും അത് ആനന്ദകരമായിരിക്കും.

IncredibleIndiaHashtag ലൂടെ നിങ്ങളുടെ ഫോട്ടോയും അനുഭവങ്ങളും അയയ്ക്കുവാൻ ഞാൻ താല്പര്യപ്പെടുന്നു. അതിൽ എനിക്ക് ഇഷ്ടപ്പെടുന്നവ ഞാൻ മറ്റുള്ളവരുമായി പങ്കിടാം. നിങ്ങളുടെ അനുഭവങ്ങൾ എനിക്കും ആസ്വദിക്കാൻ കഴിയുമോ എന്ന് നമുക്ക് നോക്കാം. നിങ്ങൾ കണ്ടത് വളരെ ദൂരെയിരുന്ന് ഞാനും കാണാം. നിങ്ങൾക്ക് സമുദ്രതീരത്ത് ഒറ്റയ്ക്ക് ഉലാത്തുവാൻ കഴിയും. ഇപ്പോൾ എനിക്ക് അതിനു സാധിക്കാറില്ല. നിങ്ങളുടെ അനുഭവങ്ങൾ ആസ്വദിക്കാനും ശ്രേഷ്ഠമായവ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽക്കൂടി കൊടുംചൂടിനെക്കുറിച്ച് ഓർമ്മിപ്പിക്കട്ടെ. നിങ്ങൾ സ്വയം സംരക്ഷിക്കൂ.... രോഗം വരാതിരിക്കട്ടെ. കൊടുംചൂടിൽനിന്ന് സ്വയരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ ഉണ്ട്. പക്ഷേ, അതോടൊപ്പം ആ പക്ഷിമൃഗാദികളെകൂടി ഓർമ്മിക്കുക. 'മൻ കീ ബാത്ത്' ഇന്ന് ധാരാളമായി മനസ്സിൽ വന്ന ചിന്തകൾ ഞാൻ നിങ്ങളോട് പങ്കുവച്ചുകൊണ്ടേയിരുന്നു. അടുത്ത തവണ വീണ്ടും കാണാം. അന്ന് വീണ്ടും കാര്യങ്ങൾ പറയാം. നിങ്ങൾക്ക് എന്റെ ശുഭാശംസകൾ. നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP