Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിനിമാ തിയറ്ററിൽ ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ടതുണ്ടോ? എങ്ങനെയാണ് ദേശീയഗാനത്തോട് ആദരവു കാട്ടുന്നത്? ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ ഇതാ

സിനിമാ തിയറ്ററിൽ ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ടതുണ്ടോ? എങ്ങനെയാണ് ദേശീയഗാനത്തോട് ആദരവു കാട്ടുന്നത്? ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ ഇതാ

തിരുവനന്തപുരം: ദേശീയഗാനം കേട്ടപ്പോൾ എഴുന്നേറ്റു നിന്നില്ല എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററിൽ നിന്ന് ഒരു കുടുംബത്തെ ഇറക്കിവിട്ടത് വിവാദമായിരുന്നു. സിനിമാ തിയറ്ററിൽ ദേശീയഗാനത്തോടുള്ള അനാദരവിന് തിരുവനന്തപുരത്തും സമാന സംഭവം ഉണ്ടായിരുന്നു.

എന്നാൽ, എന്താണ് ദേശീയഗാനത്തോടുള്ള പൗരന്മാരുടെ പ്രതികരണങ്ങളിൽ സർക്കാർ നിർദ്ദേശം. ദേശീയ ഗാനത്തോട് ആദരവു കാട്ടുന്നത് എങ്ങനെയാണ് എന്നതിനെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെ ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ദേശീയഗാനം പാടുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കണമെന്ന് ഇന്ത്യൻ നിയമത്തിൽ അനുശാസിക്കുന്നില്ല എന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ദേശീയഗാനം പാടുന്നവരെ ബോധപൂർവ്വം തടയുന്നതും കൂട്ടമായി ആലപിക്കുന്ന വേദിയിൽ ഏതെങ്കിലും വിധമുള്ള തടസമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതും മാത്രമാണ് കുറ്റകരം.

ദേശീയഗാനം ആലപിക്കുമ്പോൾ ബഹുമാനം പ്രകടിപ്പിക്കുന്നവരെ ശല്യപ്പെടുത്താതെ അതിൽ നിന്നു ഒഴിഞ്ഞുനിൽക്കുന്നതിൽ നിയമലംഘനമില്ല. ദേശീയഗാനം കേൾക്കുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കണമെന്നത് കേന്ദ്രസർക്കാരിന്റെ ഒരു നിർദ്ദേശം മാത്രമാണ്. അത് നിയമമാക്കിയിട്ടില്ല. സർക്കാരിന്റെ മാർഗനിർദേശങ്ങൾ നിയമമല്ല.

ദേശീയഗാനത്തെയോ ദേശീയഗാനം പാടുന്ന സമയത്ത് അതിനെ ബഹുമാനിക്കുന്നവരെ അവഹേളിക്കുന്നത് കുറ്റകരമാണ്. ബഹുമാനിക്കുന്നവരെ നോക്കി കൂവുന്നത് നിയമത്തിന്റെ പരിധിയിൽ കുറ്റമാകും. ഇതു കണക്കിലെടുത്താണു തിരുവനന്തപുരത്ത് തിയറ്ററിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് കൂവിയവർക്കെതിരായ കേസ് വരാൻ കാരണം.

എഴുന്നേറ്റുനിൽക്കാത്തതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാനോ നിയമനടപടി സ്വീകരിക്കാനോ നിയമത്തിൽ വകുപ്പില്ല. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 124 എ പ്രകാരം ദേശീയഗാനം ആലപിക്കുന്ന സമയത്ത് കൂവുന്നതോ വിസിൽ അടിക്കുന്നതോ, ബഹുമാനിക്കാൻ തയാറുള്ളവരെ ശല്യം ചെയ്യുന്നതോ ശിക്ഷാർഹമാണ്.

അതേസമയം, ഒരു വിശിഷ്ട വേദിയിലോ സദസിലോ എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച് ഒരു വ്യവസ്ഥയും മാനദണ്ഡവും നിയമം അനുശാസിക്കുന്നില്ല. എന്നാൽ ഏതൊരാളും വിവേചനബുദ്ധി പ്രകാരം ആദരവും മാന്യതയും അവിടെ പ്രകടിപ്പിക്കും. അതുപോലെ തന്നെയാണ് ദേശീയഗാനം ആലപിക്കുമ്പോഴും.

സിനിമാ തിയറ്ററിൽ ദേശീയ ഗാനാവതരണത്തിന് എഴുന്നേറ്റു നിൽക്കേണ്ടതില്ലെന്നു കോടതി ഉത്തരവും

സിനിമാ തിയറ്ററിൽ ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ട കാര്യമില്ലെന്ന് കോടതി ഉത്തരവും നേരത്തെ പുറത്തുവന്നിരുന്നു. മദ്രാസ് ഹൈക്കോടതിയാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടുമാസം മുമ്പ് തിയറ്ററിൽ ദേശീയഗാനം അവതരിപ്പിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ല എന്നാരോപിച്ച് നൽകിയ ഹർജി തള്ളിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

ഇക്കാര്യത്തിലുള്ള കേന്ദ്രത്തിന്റെ നിർദേശങ്ങൾ ഇങ്ങനെയാണ്:

  1. ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല
  2. ദേശീയ പതാകപോലെ ദേശീയഗാനത്തെയും എങ്ങനെ ആദരിക്കണം ബഹുമാനിക്കണം എന്നതൊക്കെ പൗരന്മാരുടെ ഉത്തമ ബോധ്യത്തിനു വിടുന്നുവെങ്കിലും വകതിരിവില്ലാതെ അനവസരങ്ങളിൽ ദേശീയഗാനം ആലപിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു.

കൈരളി, ശ്രീ തിയറ്ററുകളിൽ ദേശീയഗാന അവതരണം നിർത്തി

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈരളി ശ്രീ തീയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് നടത്തിയിരുന്ന ദേശീയ ഗാനം വീഡിയോ അവതരണം നിർത്തി വച്ചു. മൂന്നു വർഷമായി തുടരുന്ന ദേശീയ ഗാനത്തിന്റെ വിഷ്വൽ പ്രദർശനമാണ് പരാതിയെ തുടർന്ന് അധികൃതർ നിർത്തി വച്ചത്. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ നോർത്ത് പറവൂർ, ചിറ്റൂർ എന്നിവിടങ്ങളിലെ ചലച്ചിത്ര വികസന കോർപറേഷനു കീഴിലുള്ള തീയേറ്ററുകളിൽ ഇനി ദേശീയ ഗാനം ഉണ്ടാവില്ല.

പ്രേക്ഷകരിൽ ദേശസ്‌നേഹം പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ചലച്ചിത്ര വികസന കോർപറേഷൻ ദേശീയ ഗാനം സിനിമയ്ക്ക് മുൻപ് ഉൾപ്പെടുത്തിയത്. ദേശീയ ഗാനത്തിനായി ഒരു നിമിഷം എഴുന്നേറ്റു നിൽക്കുക എന്ന അറിയിപ്പ് എഴുതിക്കാണിച്ചാണ് ഗാനത്തിന്റെ വിഷ്വൽ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ അപൂർവ്വം ചിലർ എഴുന്നേറ്റു നിൽക്കാതെ ദേശീയ ഗാനത്തോട് അനാദരവ് കാണിക്കുന്നതായി പരാതി ഉയർന്നിരുന്നു.  ഒന്നുകിൽ ഇത്തരം പ്രേക്ഷകർക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരും. അതിലും നലലത് ദേശീയഗാനാവതരണം അവസാനിപ്പിക്കുകയാണെന്ന് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു. തിയറ്ററുകളിലെ സീറ്റുകൾക്കു ലെഗ് സ്‌പേസ് കുറവായതിനാൽ പലപ്പോഴും എഴുന്നേറ്റു നിൽക്കുക പ്രായോഗികമല്ലെന്നും ചുണ്ടിക്കാണിക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP