Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലേഖനം പിൻവലിച്ച് ഓർഗനൈസർ മാപ്പു പറയണം; കേരളത്തെ അപമാനിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ലേഖനം പിൻവലിച്ച് ഓർഗനൈസർ മാപ്പു പറയണം; കേരളത്തെ അപമാനിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച ലേഖനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

''ദൈവത്തിന്റെ നാട്' എന്നറിയപ്പെടുന്ന കേരളത്തെ, ''ദൈവമില്ലാത്ത നാട''് എന്ന തലക്കെട്ടോടു കൂടി വർഗീയതയും വിദ്വേഷവും അടിമുടി നിറഞ്ഞു നില്ക്കുന്ന ലേഖനത്തിലൂടെ അവഹേളിക്കാൻ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസർ (നവംബറിലെ ദീപാവലി സ്‌പെഷൽ ഇഷ്യു) ശ്രമിച്ചത് അത്യന്തം അപലപനീയമാണ്. ചരിത്രവും വസ്തുതകളും വളച്ചൊടിച്ചും മറച്ചുവച്ചും കേരളത്തിന്റെ സ്വത്വത്തി•േലുള്ള കടന്നുകയറ്റം കേരളത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. വർഗീയത കുത്തിവയ്ക്കുക മാത്രമാണ് ഇതിന്റെ ഏകലക്ഷ്യം. കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി ഇതിനെതിരേ രംഗത്തുവരുമെന്ന് എനിക്കുറപ്പുണ്ട്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത് ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നതിനിടയിൽ അതിന്റെ ദംഷ്ട്രങ്ങൾ കേരളത്തിലേക്കും നീളുന്നു എന്നതിന്റെ സൂചനയാണിത്. രാഷ്ട്രപതി നാലുതവണയാണ് വിഭാഗീയ രാഷ്ട്രീയത്തിനെതിരേ ശക്തമായ മുന്നറിയിപ്പ് മുഴക്കിയത്. വിദേശരാജ്യങ്ങളിൽ സ്ഥിരം സന്ദർശകനായ പ്രധാനമന്ത്രിയെ അവിടൊക്കെ പ്രതിഷേധവും ചോദ്യങ്ങളുമായി ജനങ്ങളും മാദ്ധ്യമങ്ങളും നേരിടുന്നു. പ്രധാനമന്ത്രി ഇവിടെ കത്തുന്ന കനലുകൾ കാണണം. അത് മറ്റിടങ്ങളിലേക്ക് ആസൂത്രിതമായി വ്യാപിപ്പിക്കുന്നതു ശ്രദ്ധിക്കണം.

മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും ജാതിഭേദം മതദ്വേഷം- ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിതെന്നും ഉദ്‌ഘോഷിച്ച് സംസ്ഥാനത്തെ നവോത്ഥാനത്തിലേക്കു നയിച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണു കേരളം. ഒന്നേകാൽ നൂറ്റാണ്ടായി കേരളം ഈ മഹദ്‌വചനങ്ങളെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ നിത്യചൈതന്യം പുതുതലമുറയിൽ എത്തിക്കാൻ അവ പാഠ്യപദ്ധതിയിൽ വരെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഴാം നൂറ്റാണ്ടിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ എന്ന ഹിന്ദു രാജാവാണ് മോസ്‌ക് പണിയാനായി സ്ഥലം വിട്ടുനല്കിയത്. ചേരമാൻ ജുമ മസ്ജിദാണ് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ മോസ്‌ക്. ലോകമെമ്പാടും യഹൂദരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ജോസഫ് റബ്ബാൻ എന്ന യൂദപ്രമാണിക്ക് കൊടുങ്ങല്ലൂരിലെ ഭാസ്‌കര രവിവർമ രാജാവ് ആചന്ദ്രതാരം പ്രത്യേകാവകാശങ്ങൾ നല്കി അവർക്ക് അഭയം നല്കിയ നാടാണു കേരളം. ഇതൊക്കെയാണു കേരളത്തിന്റെ പൈതൃകം.

കോപ്പർനിക്കസിനും ആയിരം വർഷം മുമ്പേ ഭൂമി ഉരുണ്ടതാണെന്നു കണ്ടെത്തിയ പൗരാണിക കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭനായ ജ്യോതിശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായ കൊടുങ്ങല്ലൂരുകാരൻ ആര്യഭട്ട്, 32-ാം വയസിൽ ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയ രാജ്യം കണ്ട ഏറ്റവും മഹാനായ ദാർശനികൻ കാലടിയിൽ ജനിച്ച ആദിശങ്കരൻ തുടങ്ങിയവർ പകർന്നു തന്ന ശാസ്ത്രബോധവും യുക്തിബോധവുമാണ് മലയാളിയെ നൂറ്റാണ്ടുകളായി വഴിനടത്തിയിട്ടുള്ളത്. കേരളത്തിൽ വിഷം ചീറ്റാൻ ശ്രമിക്കുന്നവർ ഈ നാടിന്റെ ചരിത്രം കൂടി അറിയണം. ഈ നാട് ജന്മം നല്കിയ മഹാരഥന്മാരെ അറിയണം. ഈ നാടിന്റെ ആദർശ ബിംബങ്ങളെ അറിയണം.

1992ൽ ബാബ്‌റി മസ്ജിദ് തകർന്നുവീണപ്പോൾ അതിന്റെ പേരിൽ കേരളത്തിൽ ഒരിലപോലും അനങ്ങരുതെന്ന് ഉഗ്രശാസനം നല്കിയ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളെ ഈ നാടിനു മറക്കാൻ കഴിയില്ല. ഇന്ത്യയുടെ പല ഭാഗങ്ങളിലും അന്ന് പ്രശ്‌നങ്ങളുണ്ടായെങ്കിലും കേരളം അതിന് അപവാദമായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രമേ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളു. പക്ഷേ, അതൊരിക്കലും കാട്ടുതീ പോലെ പടർന്നിട്ടില്ല. കേരളത്തിന്റെ സ്വന്തം മന:സാക്ഷിയിൽ നിന്ന് ഒരുൾവിളി ഉയരും. ഉടനേ കെട്ടടങ്ങുകയും ചെയ്യും.

കേരളത്തെക്കുറിച്ച് ഒരുപാട് തെറ്റായ വസ്തുതകൾ അവതരിപ്പിച്ചത് ശരിയായ വസ്തുതകളെ തമസ്‌കരിക്കാനല്ലേ എന്നു സംശയിക്കുന്നു. ആര്യോഗ വിദ്യാഭ്യാസ മേഖലകളിലും ആയുർദൈർഘ്യത്തിലും ആൺ-പെൺ അനുപാതത്തിലുമൊക്കെ യൂറോപ്പിനോടു കിടപിടിക്കുന്ന സംസ്ഥാനമാണു കേരളം. പെൺകുട്ടികൾ കൂടുതലുള്ളത് കേരളം ഭ്രൂണഹത്യയ്‌ക്കെതിരായതു കൊണ്ടാണ്. ക്രമസമാധാനരംഗത്ത് മുൻനിരയിലാണ് നമ്മുടെ സംസ്ഥാനം. ഏറ്റവും കൂടുതൽ പ്രവാസികളുള്ള നാടാണിത്. ഇവയെല്ലാം കൂടി ചേർന്നപ്പോഴാണ് ടൂറിസ്റ്റുകളുടെ പറുദീസയായ കേരളം, ദൈവത്തിന്റെ സ്വന്തം നാടായി വിശേപ്പിക്കപ്പെട്ടത്.

നാലരപതിറ്റാണ്ടിനു മുമ്പ് ഭൂപരിഷ്‌കരണം നടപ്പാക്കിയ നാടാണിത്. കുടുംബശ്രീപോലുള്ള സ്ത്രീശാക്തീകരണ പ്രസ്ഥാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇവയെയൊക്കെ തമസ്‌കരിച്ചുകൊണ്ടാണ് കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളുടെയും മദ്യഉപയോഗത്തിന്റെയും പേരിൽ ദൈവമില്ലാത്ത വഷളന്മാരുടെ നാടായി കേരളത്തെ ചിത്രീകരിക്കാൻ ശ്രമിച്ചത്. കണ്ണൂരിലെ ചില പ്രദേശങ്ങളിൽ മാത്രം നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ഒരറ്റത്ത് ബിജെപി- ആർഎസ്എസും മറ്റൊരറ്റത്ത് സിപിഎമ്മുമാണെന്ന് എല്ലാവർക്കുമറിയാം. യുഡിഎഫ് സർക്കാർ അക്രമികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിച്ചതുമൂലം കണ്ണൂർ ഇപ്പോൾ പൊതുവെ ശാന്തമാണ്. മദ്യഉപഭോഗവും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്തെ 730 ബാറുകൾ അടച്ചുപൂട്ടിയത്. ബിവറേജസ് കോർപറേഷന്റെ മദ്യഷാപ്പുകൾ പത്തുശതമാനം വച്ച് പ്രതിവർഷം പൂട്ടി പത്തുവർഷംകൊണ്ട് മദ്യനിരോധനം നടപ്പാക്കുകയും ചെയ്യുന്നു. മറ്റൊരു സംസ്ഥാനവും മദ്യത്തിനെതിരേ ഇത്രയും ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ല. അപകടമരണം, ആത്മഹത്യകൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവയൊക്കെ കുറച്ചുകൊണ്ടുവരാൻ ഇതിലൂടെ സാധിച്ചു.

ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് കേരളം ഗോമാംസംപോലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കുന്നത്. അത് ആവശ്യമുള്ളവർ ഉപയോഗിക്കുകയും ആവശ്യമില്ലാത്തവർ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇത്തരം സംസ്‌കൃതികളെ വിഭാഗീയതയുടെ ആയുധമാക്കി മാറ്റുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ആയുധമാക്കുന്ന കാലമാണിത്. ഗോമാസംവരെ ആയുധമായി ഉപയോഗിച്ചിട്ടും ബിഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ബിജെപിയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി സമുദായങ്ങൾ സഹകരിച്ചും സഹിഷ്ണുതയോടുകൂടിയും വാഴുന്ന സ്ഥലമാണു കേരളം. ഈ നാടിന്റെ സംസ്‌കൃതിയിൽ ഇഴുകിച്ചേർന്നവരാണവർ. സ്വാതന്ത്ര്യത്തിനുവേണ്ടിയും പിന്നീടു രാഷ്ട്രനിർമ്മിതിക്കുവേണ്ടിയും അവരുടെ രക്തവും വിയർപ്പും പൊടിഞ്ഞിട്ടുണ്ട്. എരുമേലിയിൽ പേട്ടതുള്ളി വാവരെ തൊഴുതശേഷമാണ് കാനനവാസന്റെ അടുത്തേക്ക് അയ്യപ്പഭക്തർ നീങ്ങുന്നത്. ആരാധനാലയങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ നാടൊട്ടുക്കാണു പങ്കെടുക്കുന്നത്. കേരളത്തെ നയിച്ച മഹാരഥന്മാർ അങ്ങനെയൊരു പാഠമാണ് മലയാളികളെ പഠിപ്പിച്ചിട്ടുള്ളത്. അതിനു പോറലേല്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

കേരളത്തിന്റെ ഉന്നതമായ ജനാധിപത്യ, മതേതരത്വ, ചരിത്രബോധമാണ് സങ്കുചിത ചിന്താഗതിക്കാരായ ബിജിപി പരിവാരങ്ങളെ ഇവിടെനിന്നും അകറ്റിനിർത്തിയിരിക്കുന്നത്. കേരളത്തിൽ കാലുറപ്പിക്കാൻ എത്ര കാലമായി അവർ ശ്രമിക്കുന്നു. വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാനുള്ള അവരുടെ ശ്രമങ്ങൾ കേരളം എക്കാലത്തും ചെറുത്തുതോല്പിച്ചിട്ടുണ്ട്. ഇതേത്തുർന്ന്, സമീപകാലത്ത് വളഞ്ഞ വഴിയിലൂടെ കേരളത്തിൽ കാലുറപ്പിക്കാനുള്ള ശ്രമമാണു നടക്കുന്നത്. മലയാളികളുടെ പ്രകാശഗോപുരമായി നില്ക്കുന്ന മൂല്യങ്ങളെയും ആദർശങ്ങളെയും ഹൈജാക്ക് ചെയ്യാനാണ് അവരുടെ ശ്രമം. കേരളം സംഘപരിവാറിനു മുന്നിൽ കീഴടങ്ങുന്ന പ്രശ്‌നമില്ല.

''കേരളത്തെ ദൈവത്തിന്റെ അതിമനോഹരമായ പൂന്തോട്ടം'' എന്നാണു ഗുരു നിത്യചൈതന്യ യതി വിശേഷിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ ജ•ംകൊണ്ടവരും ഇവിടം സന്ദർശിച്ചിട്ടുള്ളവരുമൊക്കെ ഒന്നുപോലെ അംഗീകരിക്കുന്ന വസ്തുതയാണത്. ഈ പൂന്തോട്ടത്തിലേക്ക് വിഷവിത്തുകൾ എറിയരുതേ എന്നാണ് എന്റെ അഭ്യർത്ഥന. നൂറ്റാണ്ടുകൾകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളേയും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളേയും തച്ചുടക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

(ഓർഗനൈസറിലെ ലേഖനത്തിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാക്കിയതാണ് ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP