Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേലധികാരികളുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കുന്ന രീതി മാറി ക്രിമിനലുകളെ കണ്ടെത്തി ഒഴിവാക്കുന്ന രീതിയിലേക്ക് വൈദിക പരിശീലനം മാറണം; പൗരോഹിത്യം അഗ്രഹിക്കുന്നവരെ സന്യാസിയാക്കുന്ന തെറ്റ് തിരുത്തണം; കൊട്ടിയൂരിലെ സംഭവത്തിലെ പശ്ചാത്തലത്തിൽ പൗരോഹിത്യം, ബ്രഹ്മചര്യം, നേതൃത്വഅപചയം എന്നിവയെ കുറിച്ച് ഒരു കത്തോലിക്കാ വൈദികന് പറയാനുള്ളത്

മേലധികാരികളുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കുന്ന രീതി മാറി ക്രിമിനലുകളെ കണ്ടെത്തി ഒഴിവാക്കുന്ന രീതിയിലേക്ക് വൈദിക പരിശീലനം മാറണം; പൗരോഹിത്യം അഗ്രഹിക്കുന്നവരെ സന്യാസിയാക്കുന്ന തെറ്റ് തിരുത്തണം; കൊട്ടിയൂരിലെ സംഭവത്തിലെ പശ്ചാത്തലത്തിൽ പൗരോഹിത്യം, ബ്രഹ്മചര്യം, നേതൃത്വഅപചയം എന്നിവയെ കുറിച്ച് ഒരു കത്തോലിക്കാ വൈദികന് പറയാനുള്ളത്

ജിജോ കുര്യൻ

ഫാ. റോബിൻ വടക്കുംചേരിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ലൈംഗികഅതിക്രമം കേരളസഭയിൽ ചില വിചിന്തനങ്ങൾക്ക് വഴിതുറക്കുന്നുണ്ട്. ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല എന്ന് അടുത്തകാലത്ത് ഉണ്ടായ മറ്റു പല സമാനമായ സംഭവങ്ങളും സൂചിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ ഫാ. റോബിൻ എന്ന ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല ഇവിടെ വിചിന്തവിഷയമാക്കുന്നത്, 'ക്രിസ്തീയ പൗരോഹിത്യം, ബ്രഹ്മചര്യം, നേതൃത്വഅപചയം' എന്ന വിശാലമായ ഒരു വിഷയമാണ്.

മാനസീകരോഗികളും ക്രിമിനൽവാസനക്കാരും

ബാംഗ്ലൂർ സെന്റ്. പീറ്റേഴ്‌സ് സെമിനാരിയിൽ റെക്ടർ കൊലചെയ്യപ്പെട്ട സംഭവം തന്നെ പറയുന്നത് പൗരോഹിത്യത്തിൽ ക്രിമിനൽ മനസ്സുള്ളവർ കടന്നുകൂടിയിട്ടുണ്ട് എന്നാണ്. വെറും ഒരു മതരാഷ്ട്രീയ കൊലപാതകം എന്നതിനപ്പുറം ക്രൂരമായ പകപോക്കലായിരുന്നു കെ. ജെ. തോമസ് എന്ന ആദരണീയനായ വൈദീകന്റെ കൊലപാതകം. 'ക്രൂരയായിരുന്നു ആ കന്യാസ്ത്രീ' എന്ന തലക്കെട്ടിൽ എലിസബത്ത് വട്ടക്കുന്നേൽ കണ്ണൂർ നീണ്ടുനോക്കി മഠത്തിൽ സിസ്റ്റർ ലൂസി എന്ന കന്യാസ്ത്രീയുടെ പീഡനകഥ പറയുന്നു. എലിസബത്ത് വിവരിക്കുന്നത് പോലുള്ള ക്രൂരപീഡനങ്ങൾ പല കുട്ടികളുടെമേലും നടത്തണമെങ്കിൽ സിസ്റ്റർ ലൂസി ഒരു സാഡിസ്റ്റ് ആയിരിക്കണം. തലശ്ശേരിയിലെ സെമിനാരി റെക്ടർ ആയിരുന്ന ഫാ. ജെയിംസ് തെക്കേമുറി സ്വന്തം ശിക്ഷണത്തിൽ ആയിരുന്ന വൈദീകവിദ്യാർത്ഥിയെ കത്തിമുനയിൽ നിർത്തി വരെ ലൈംഗികമായി ചൂഷണം ചെയ്ത രീതി ശരിക്കും ക്രിമിനൽ സ്വഭാവം ഉള്ളതാണ്. അഭയാകേസിൽ സഭയുടെ പങ്കാളിത്തം തെളിയിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് സഭ തെറ്റിന്റെ പക്ഷത്ത് എന്ന് ആർക്കും തീർപ്പ് പറയാൻ ആവില്ല. എന്നാൽ കേസിനോട് സഹകരിക്കുന്ന കാര്യത്തിൽ സഭ എത്ര ഉത്സാഹം കാട്ടിയെന്ന് ഇന്നും പൊതുജനം സംശയിക്കുന്നു. ആ സംശയം തന്നെ സഭയെ തെറ്റിന്റെ നിഴലിൽ നിർത്തുന്നു. വൈദീകർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവങ്ങൾ അവിടിവിടങ്ങളിൽ നിന്ന് ഇപ്പോൾ തന്നെ പലത് റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ഫാ. റോബിന്റെ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കുകയും പണം കൊടുത്ത് കുട്ടിയുടെ സ്വന്തം പിതാവിൽ തന്നെ ആ കുറ്റം കെട്ടിയേൽപ്പിക്കുകയും ചെയ്തുവെന്നാണ് അറിയാൻ കഴിയുന്നത്.

പറഞ്ഞുവരുന്നത് വൈദീക-സന്യാസ പരിശീലനകാലങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ളവരെ, മാനസീകപ്രശ്ങ്ങൾ ഉള്ളവരെ, അറിച്ചുമാറ്റാൻ പര്യപ്തമായ സ്‌ക്രീനിങ് ഉപാദികളൊന്നും ഇപ്പോഴും വൈദീക-സന്യാസ പരിശീലനഇടങ്ങൾക്ക് ഇല്ലായെന്നതിന്റെ തെളിവാണിവയെല്ലാം. അധികാരികളുടെ 'നല്ല പുസ്തകത്തി'ൽ (Good Books) ഇടം പിടിക്കുക എന്നതാണ് ഇപ്പോഴും നിലനിൽക്കുന്ന അടിസ്ഥാന പ്രൊമോഷൻ മാനദണ്ഡം. വേണ്ടരീതിയിലുള്ള മന:ശാസ്ത്ര-സാമൂഹ്യ പഠനം നടത്തിയ പരിശീലകരും നന്നേ കുറവ്. ഇന്ത്യൻ പശ്ചാത്തലത്തിൽ പരോഹിത്യത്തിൽ എത്തുവരിൽ നല്ലൊരു ശതമാനത്തേയും അവിടെ എത്തിക്കുന്നത് സാമൂഹ്യ-സാമ്പത്തിക-മനഃശാസ്ത്ര കാരണങ്ങളാണെന്ന് പാശ്ചാത്യസമൂഹം പറയുന്നു. പ്രാർത്ഥിക്കുക, ശാന്തസ്വഭാവം ഉണ്ടായിരിക്കുക എന്നതിന് അപ്പുറം പ്രാർത്ഥന- ശാന്തത എന്ന ബാഹ്യാവരണങ്ങൾക്കുള്ളിൽ അടിഞ്ഞുകൂടിയ വ്യതിത്വത്തിന്റെ വൈകല്യത്തെ തിരിച്ചറിയാൻ പല പരിശീലകർക്കും ആകുന്നില്ല.

വീടുകളിൽ രണ്ടുകുട്ടികൾ മാത്രമാവുകയും കുട്ടികൾക്ക് കൂടുതൽ നല്ല വിദ്യാഭ്യാസം കിട്ടി ആധുനീകലോകത്തിലേയ്ക്ക് പോകുകയും ചെയ്യുമ്പോൾ പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളിയിൽ കാര്യമായ കുറവ് യൂറോപ്പിലെപോലെ ഇവിടെയും സംഭവിക്കും എന്നാണ് നമ്മൾ കരുതിയത്. പക്ഷേ, കാര്യങ്ങൾ നേരെ മറിച്ചായി. ഇവിടെ പുരോഹിതരുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ രണ്ടും മൂന്നും ഇരട്ടി വർദ്ധിച്ചു. മിഷൻപ്രവർത്തനത്തിന് പോകാൻ തയ്യാറല്ലാത്തപക്ഷം കേരളസഭ വൈദീകരെക്കൊണ്ട് നിറയാൻ പോകുന്നു എന്ന് വേണമെങ്കിൽ പറയാം.ക്രിമിനൽ സ്വഭാവമുള്ള കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും സഭ ഇനിയും വേണ്ടവിധം മനസ്സിലാക്കിയിട്ടുമില്ല. 'ദൈവീകരഹസ്യം' പറഞ്ഞുപറഞ്ഞ് സഭക്കുള്ളിൽ എല്ലാം രഹസ്യമാകുന്ന രീതി ഉടലെടുക്കുന്നു. ഫാ. റോബിൻ കേസിൽ തന്നെ അജ്ഞാതകോളിൽ നിന്ന് 'രഹസ്യം' പൊലീസിൽ എത്തുന്നതിന് ഏറെ മുൻപ് തന്നെ കാര്യങ്ങൾ നിയമവഴിയിൽ സഭയിൽ ഉണ്ടായിരിരുന്ന പലർക്കും കഴിയുമായിരുന്നു എന്ന് സാഹചര്യതെളിവുകൾ സൂചിപ്പിക്കുന്നു. എന്നാൽ വേണ്ടപ്പെട്ടവർ ഒക്കെ കാര്യങ്ങൾ ഒതുക്കിത്തീർക്കാനാണ് ശ്രമിച്ചത്. സുതാര്യതയാണ് ആത്മീയത. എല്ലാം 'ഒതുക്കിത്തീർക്കുന്ന' നിലപാടുകൾ ഇന്നുംഇന്നലേയും തുടങ്ങിയതല്ല. 'ഒതുക്കിത്തീർക്കാൻ' വിശ്വാസികളും കൂട്ടുനിൽക്കുന്നു. ന്യായങ്ങൾ ഇത്രമാത്രം- 'അച്ചന്റെ പേര് കളയണ്ടാ, വൈദീകരെ വേദനിപ്പിച്ചാൽ ദൈവശിക്ഷ, പുരോഹിതന്റെ ശാപം....' ക്രിമിനൽ കേസുകൾ സഭയ്ക്കുള്ളിൽ നടപടിയെടുത്ത് തീർക്കേണ്ടതല്ല, അറിഞ്ഞാൽ ഉടൻ നിയമത്തിന് മുൻപിൽ എത്തിക്കാനുള്ള ധാർമ്മികബാധ്യത കൂടി സഭാനേത്രുത്വത്തിനും വിശ്വാസികൾക്കും ഒരേപോലെയുണ്ട്.

വർദ്ധിക്കുന്ന 'ദൈവവിളികൾ': തിരിച്ചറിയപ്പെടാതെ പോകുന്ന അപകടസൂചനകൾ

വീടുകളിൽ രണ്ടുകുട്ടികൾ മാത്രമാവുകയും കുട്ടികൾക്ക് കൂടുതൽ നല്ല വിദ്യാഭ്യാസം കിട്ടി ആധുനീകലോകത്തിലേയ്ക്ക് പോകുകയും ചെയ്യുമ്പോൾ പൗരോഹിത്യത്തിലേയ്ക്കുള്ള ദൈവവിളിയിൽ കാര്യമായ കുറവ് യൂറോപ്പിലെപോലെ ഇവിടെയും സംഭവിക്കും എന്നാണ് നമ്മൾ കരുതിയത്. പക്ഷേ, കാര്യങ്ങൾ നേരെ മറിച്ചായി. ഇവിടെ പുരോഹിതരുടെ എണ്ണം കഴിഞ്ഞ 20 വർഷത്തിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൾ രണ്ടും മൂന്നും ഇരട്ടി വർദ്ധിച്ചു. മിഷൻപ്രവർത്തനത്തിന് പോകാൻ തയ്യാറല്ലാത്തപക്ഷം കേരളസഭ വൈദീകരെക്കൊണ്ട് നിറയാൻ പോകുന്നു എന്ന് വേണമെങ്കിൽ പറയാം.

ഇപ്പോഴും സഭ സൃഷ്ടിച്ചിരിക്കുന്ന പൊതുധാരണ വൈദീകവൃത്തി എന്നാൽ പൂജാരിപ്പണിയും (cultic priest) ഇടനിലക്കാരൻ പണിയും (mediator between God and man) സ്ഥാപനനടത്തിപ്പുകാരൻ പണിയും (administrator) ആണെന്നാണ്. അത് മാറിയേ മതിയാകൂ. ''കേവല പൗരോഹിത്യം'' (absolute ordination) എന്നൊന്ന് സഭയിൽ ഇല്ലെന്നാണ് കാനോന നിയമം അനുശാസിക്കുന്നത്. സഭാശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ മാത്രം ശുശ്രൂഷാപൗരോഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാണ് സഭയുടെ മുൻപാരമ്പര്യം. ഇപ്പോൾ ആന്ധ്രയിൽ ചില രൂപതകൾ അവർക്ക് ആവശ്യത്തിന് കൂടുതൽ പുരോഹിതർ ഉള്ളതുകൊണ്ട് പുതിയ വൈദീകാർത്ഥികളെ സ്വീകരിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ''അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപേ, അനാദിയിലെ തിരഞ്ഞെടുത്തു'' എന്നൊക്കെ പട്ടംകൊടുക്കൽ കർമ്മത്തിൽ നിരന്തരം പ്രസംഗിച്ച് പൗരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്യുന്ന ഒരു ജീവിതവിളിയാക്കി മാറ്റി. ഒപ്പം ധ്യാനകേന്ദ്രങ്ങൾ പൗരോഹിത്യത്തിന്റെ മാഹാത്മ്യം സദാ പാടിക്കേൾപ്പിച്ച് പുരോഹിതരെ സാധാരണമനുഷ്യരിൽ നിന്ന് അതിവിദൂരത്തിൽ ഏതോ ദൈവീകസ്ഥാനത്ത് എത്തിച്ചു. സത്യത്തിൽ, പുരോഹിതൻ ജനങ്ങളിൽ ഒരാൾ ആണെന്ന് അയാൾ തന്നെ മറന്നുപോയി.

ക്രിമിനൽ സ്വഭാവമുള്ള കേസുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും സഭ ഇനിയും വേണ്ടവിധം മനസ്സിലാക്കിയിട്ടുമില്ല. 'ദൈവീകരഹസ്യം' പറഞ്ഞുപറഞ്ഞ് സഭക്കുള്ളിൽ എല്ലാം രഹസ്യമാകുന്ന രീതി ഉടലെടുക്കുന്നു. ഫാ. റോബിൻ കേസിൽ തന്നെ അജ്ഞാതകോളിൽ നിന്ന് 'രഹസ്യം' പൊലീസിൽ എത്തുന്നതിന് ഏറെ മുൻപ് തന്നെ കാര്യങ്ങൾ നിയമവഴിയിൽ സഭയിൽ ഉണ്ടായിരിരുന്ന പലർക്കും കഴിയുമായിരുന്നു എന്ന് സാഹചര്യതെളിവുകൾ സൂചിപ്പിക്കുന്നു.കുടുംബജീവിതം നയിക്കുന്ന ആൾക്കോ, സന്യസ്തർക്കോ, അവിവാഹിതനായ വിശ്വാസിക്കോ പൗരോഹിത്യം സ്വീകരിക്കാൻ സഭയിൽ വിശ്വാസതടസ്സമൊന്നുമില്ല. അതായിരുന്നു എല്ലാ സഭകളുടേയും ആദ്യകാല പാരമ്പര്യം. എന്നാൽ ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാസഭയിൽ പുരോഹിതർക്ക് കുടുംബജീവിതം വിലക്കി. ആ നിയമം എപ്പോൾ വേണമെങ്കിലും മാറ്റിക്കളയാവുന്നതേയുള്ളൂ. പുരോഹിത്യം മാത്രം ആഗ്രഹിച്ച് വരുന്ന ചെറുപ്പക്കാർ സന്യാസികളെപ്പോലെ ജീവിക്കേണ്ടി വരുമ്പോൾ ആണ് അവർ വൈകാരികമായ പ്രതിസന്ധിയിൽ പെട്ടുപോകുന്നത്. സന്യാസത്തിലേക്ക് ആത്യന്തീക ഉൾവിളി സ്വീകരിക്കാത്ത വൈദീകർ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടി വരികയാണ് ഇപ്പോൾ.

അതിർവരമ്പുകൾ തെളിക്കേണ്ട സന്യാസവും പൗരോഹിത്യവും

കന്യാസ്ത്രീകൾ ആകാൻ പോകുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ഇപ്പോൾ വലിയ കുറവ് സംഭവിച്ചിട്ടുണ്ട്. ഇങ്ങനെ പോയാൽ വരുന്ന 20-30 വർഷത്തനുള്ളിൽ കേരളത്തിലെ നല്ലൊരു ശതമാനം മഠങ്ങളും അവർ നടത്തുന്ന സ്ഥാപനങ്ങളും പൂട്ടുകയോ രൂപതകൾക്കോ മറ്റ് പുരുഷസന്യാസസമൂഹങ്ങൽക്കോ ഏൽപ്പിച്ച് കൊടുക്കുകയോ ചെയ്യേണ്ടിവരും. അത് വലിയ ഭൗതീകദുരന്തം കൂടി ഉണ്ടാക്കും. അത്രയ്ക്കാണ് രൂപതകളിലും പുരോഹിതരുടെ ഇടയിലും കുമിഞ്ഞുകൂടാൻ പോകുന്ന ആസ്തി.

ഇപ്പോഴും കേരളത്തിൽ പൊതുജനത്തിനോ സഭയ്ക്ക് ഉള്ളിൽ പോലുമോ വ്യക്തയില്ലാത്ത ഒരു ജീവിതരീതിയാണ് സന്യാസപൗരോഹിത്യം. വെള്ളയുടുപ്പിട്ട എല്ലാ 'അച്ചന്മാ'രും ഇടവകഭരിക്കുന്ന പുരോഹിതർ ആണെന്ന് ജനം ചിന്തിക്കുന്നു. സത്യത്തിൽ അവരിൽ പകുതിയിൽ കൂടുതൽ പേർ സന്യാസജീവിതം നയിക്കേണ്ടവർ ആണ്. സന്യാസജീവിതം നയിക്കുന്നവർ ആശ്രമബന്ധിയായി ജ്ഞാന-കർമ്മ-ആത്മീയ വഴികളിൽ ലോകനനമയ്ക്കായി സേവനം ചെയ്യുന്നു. അവർക്ക് പള്ളികളിലെ 'ആരാധനക്രമങ്ങളുടെ നടത്തിപ്പുകാർ' എന്ന നേരിട്ട ബന്ധമൊന്നുമില്ല. അവയിൽ ചിലർ പുരോഹിതരുടെ കുറവ് ഉണ്ടാകുമ്പോൾ പട്ടംസ്വീകരിച്ച് ആ ജോലിയിൽ കൂടി ഏർപ്പെടുന്നു. എന്നാൽ അവർ അവരുടെ പൗരോഹിത്യസേവനം കൊടുക്കേണ്ടത്. ബിഷപ്പിൽ നിന്നോ ഇടവകയുടെ നടത്തിപ്പുകാരായ പുരോഹിതരിൽ നിന്നോ ഇങ്ങോട്ട് ആവശ്യം ഉന്നയിക്കപ്പെടുന്ന സാഹചര്യത്തിൽ ആണ്. ഒരു കത്തോലിക്കാ സന്യാസിയാകാൻ പുരോഹിതൻ ആകണമെന്ന് യാതൊരുനിർബന്ധവുമില്ലെന്ന് അർത്ഥം. ആദ്യകാലത്ത് സന്യാസജീവിതം നയിക്കുന്നവർ മിക്കവരും പുരോഹിതർ അല്ലായിരുന്നു.

കഷ്ടി 200 വർഷത്തെ ചരിത്രമേയുള്ളൂ സുറിയാനിസഭകളിൽ സംഘടിതസന്യാസത്തിന്. അതുകൊണ്ട് തന്നെ അതിന് അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ട്. ഈ സന്യാസസഭകൾ അവയുടെ തുടക്കം മുതൽ പൗരോഹിത്യത്തിന് മുൻതൂക്കം നൽകി. കുറേകഴിഞ്ഞപ്പോൾ പൗരോഹിത്യവും പുരുഷസന്യസ്തജീവിതവും തമ്മിലുള്ള അതിർവരമ്പുപോലും തേഞ്ഞുമാഞ്ഞുപോയി. ഇപ്പോൾ സന്യാസസഭകളിലേയ്ക്ക് പൗരോഹിത്യം ഇല്ലാതെ ജീവിക്കാൻ ആരും വരാത്ത അവസ്ഥയായി. 15 ഉം 18ഉം വയസ്സുള്ള കുട്ടികൾ കാര്യമായ തിരിച്ചറിവൊന്നുമില്ലാതെ 'അച്ചനാകാൻ' എന്നും പറഞ്ഞ് രൂപതയിലോ സന്യാസസഭകളിലോ വലിയവ്യത്യാസമൊന്നുമില്ലാതെ ചേരും. സത്യത്തിൽ ഇവർ വരുന്നത് പുരോഹിതൻ ആകാൻ വേണ്ടി മാത്രമാണ്, സന്യാസം എന്തെന്നൊന്നും പരിശീലനം പൂർത്തിയായി ക്കഴിയുമ്പോഴും അവരുടെ ജീവിതത്തിൽ പതിഞ്ഞിട്ടുണ്ടാവില്ല. 'അച്ചൻപണി'യല്ലെങ്കിൽ വേറൊരു മേഖലയും അവർക്ക് സന്യാസത്തിൽ അറിഞ്ഞുകൂടാ.

അനർഹമായ ആദരവ്

ഇനി ചെയ്യാനാവുന്നത് സന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിർവരമ്പുകൾ തെളിച്ച് പൗരോഹിത്യം ഒരു ജീവിതശൈലിയല്ല, ശുശ്രൂഷാധർമ്മം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പുരോഹിതർക്ക് വിവാഹം ജീവിതം അനുവദിക്കുക എന്നതാണ്. വിവാഹിതനായാൽ പൗരോഹിത്യത്തിൽ എന്തോ കുറവ് സംഭവിക്കും എന്ന രീതിയിൽ ആണ് ഇപ്പോൾ കത്തോലിക്കാവിശ്വാസികൾ അടക്കം ഉള്ളവർ ചിന്തിക്കുന്നത്. അതായത് ബ്രഹ്മചര്യം എന്തോ കൂടുതൽ മൂല്യമുള്ള സംഗതി എന്ന ധാരണ മതത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടു. വിശുദ്ധിയെ ലൈംഗികതയും ബ്രഹ്മചര്യവുമായി യുക്തിരഹിതമായി കൂട്ടിക്കെട്ടി.വിവാഹിതർ അല്ലാതിരിക്കുന്നത് കത്തോലിക്കാപുരോഹിതർക്ക് ഒരു യാക്കോബായ/ഓർത്തഡോക്‌സ് പുരോഹിതന് കിട്ടാത്ത 'അനർഹമായ ആദരവ്' നേടിക്കൊടുത്തു. അതാണ് ഇനി മാറ്റപ്പെടേണ്ടത്. അതുപോലെതന്നെ പൗരോഹിത്യം ഇല്ലെങ്കിലും സന്യാസം ജീവിക്കാൻ താത്പര്യമുള്ളവരെ മാത്രം സന്യാസത്തിൽ പ്രവേശിപ്പിക്കുക. ഇപ്പോൾ സന്യാസസഭകളിൽ എത്തുന്ന 95% പേരും വൈദീകർ ആകാൻ വരുന്നതാണ്, അല്ലാതെ സന്യാസജീവിത ലക്ഷ്യവുമായിവരുന്നവരല്ല. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കിൽ ഒരു ചെറുപ്പക്കാരനും സന്യാസസഭയിൽ ചേരില്ല എന്ന നിലവന്നിരിക്കുന്നു. സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളിൽ ചിലത് നിലനിൽപ്പിനെപ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യംനിൽക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്. പുരുഷന്മാരുടെ ഇടയിൽ വർദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. വൈദീകവൃത്തിക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരം അതിന് ഒരു പ്രധാനഘടകമാണ്. വൈദീകജീവിതം കുടുംബജീവിതത്തോട് ഒത്തുപോയാൽ, സന്യാസജീവിതം വൈദീകവൃത്തിയിൽ നിന്ന് പാലിക്കേണ്ട അകലം പാലിച്ചാൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ രണ്ടിനും ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന അനർഹമായ സാമൂഹ്യഅംഗീകാരം ഇല്ലാതാവുകയും യഥാർത്ഥത്തിൽ ക്രിസ്തുചൈതന്യത്താൽ പ്രേരിതരായവർ മാത്രം ഈ മേഖലകളിൽ വരികയും ചെയ്യും.

ഇനി ചെയ്യാനാവുന്നത് സന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിർവരമ്പുകൾ തെളിച്ച് പൗരോഹിത്യം ഒരു ജീവിതശൈലിയല്ല, ശുശ്രൂഷാധർമ്മം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് പുരോഹിതർക്ക് വിവാഹം ജീവിതം അനുവദിക്കുക എന്നതാണ്. വിവാഹിതനായാൽ പൗരോഹിത്യത്തിൽ എന്തോ കുറവ് സംഭവിക്കും എന്ന രീതിയിൽ ആണ് ഇപ്പോൾ കത്തോലിക്കാവിശ്വാസികൾ അടക്കം ഉള്ളവർ ചിന്തിക്കുന്നത്. അതായത് ബ്രഹ്മചര്യം എന്തോ കൂടുതൽ മൂല്യമുള്ള സംഗതി എന്ന ധാരണ മതത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടു. വിശുദ്ധിയെ ലൈംഗികതയും ബ്രഹ്മചര്യവുമായി യുക്തിരഹിതമായി കൂട്ടിക്കെട്ടി.വിവാഹിതർ അല്ലാതിരിക്കുന്നത് കത്തോലിക്കാപുരോഹിതർക്ക് ഒരു യാക്കോബായ/ഓർത്തഡോക്‌സ് പുരോഹിതന് കിട്ടാത്ത 'അനർഹമായ ആദരവ്' നേടിക്കൊടുത്തു. അതാണ് ഇനി മാറ്റപ്പെടേണ്ടത്.കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതർ മിഷൻ മേഖലയിലേക്ക് പോകാൻ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സന്യാസസമൂഹങ്ങളിൽ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. സന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവർക്കേ അതിന്റെ സന്തോഷം കണ്ടെത്താനാവൂ. 'വൈദീകൻ ആയില്ലെങ്കിൽ നിങ്ങൾ എന്തുചെയ്യും' എന്ന ചോദ്യത്തിന് മുന്നിൽ ഓരോ പുരുഷസന്യാസിയും നിൽക്കണം. സന്യാസം ആൾക്കൂട്ടമാകുമ്പോൾ അത് അപകടാവസ്ഥയിലെന്ന് സാരം.

ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേർ സന്യാസിനിസഭകളിൽ ചേരുന്നില്ല എന്നതാണെന്ന് പൊതുവിൽ പറയപ്പെടുന്നു. എന്നാൽ മുൻകാലങ്ങളിൽ ഏറേപ്പേർ സന്യാസസഭകളിൽ ചേർന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയിൽ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളിൽ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂർവ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളിൽ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉൾവിളി ആയിരിക്കുന്നതുപോലെ ചിലരിൽ സന്യാസം ആത്യന്തീകമായയൊരു ഉൾവിളിയാണ്. ഈ ഉൾവിളി ലഭിച്ചവർ കുടുംജീവിതത്തിൽ ചെന്നുപ്പെടുകയെന്നാൽ വിവാഹിതരായിജീവിക്കേണ്ടവർ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും. സ്വതസിദ്ധ പ്രേരണയിൽ തികച്ചും സമ്മർദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറൽ ട്രെയിറ്റ്' ആണ് സന്യാസം. അല്ലാതെ നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളർത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്യാസിയാക്കില്ല എന്നോർക്കണം. സ്വന്തം മനസ്സിന്റെ പ്രകൃതിദത്തമായ ചായ്വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. സന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേൾക്കുമ്പോൾ ഭയപ്പെടുകയല്ല വേണ്ടത്, സന്യാസത്തിന്റെ ഉൾക്കാമ്പ് തെളിയാൻ പോകുന്നതിന്റെ തുടക്കമായി കണ്ടാൽ മതി. സന്യാസത്തിൽ വലിയ ആൾക്കൂട്ടത്തെയാണ് ഭയപ്പെടേണ്ടത്.

ലൈംഗികദാരിദ്ര്യത്തിന് അപ്പുറമാണ് പ്രശ്‌നങ്ങൾ

ലൈംഗികദാരിദ്ര്യമാണ് ഇന്ന് ക്രിസ്തീയ സന്യാസവും പൗരോഹിത്യവും നേരിടുന്ന ഏക പ്രശ്നം എന്ന നിലയിലേയ്ക്ക് കാര്യങ്ങളെ ലഘൂകരിച്ച് കാണരുത്. ലൈംഗികതയോടുള്ള അടഞ്ഞ ഇന്ത്യൻ മനസ്സ് ആ മേഖലയിലെ തെറ്റിനെ മാത്രം പർവ്വതീകരിക്കും. ഫാ. റോബിൻ കോടികളുടെ തട്ടിപ്പ് നടത്തിയെന്നോ ഏതെങ്കിലും ഒരു വയോധികമനുഷ്യനെ തന്റെ അധികാരം ഉപയോഗിച്ച് അവഹേളി്കുച്ചുവെന്ന് പറഞ്ഞാലോ നമ്മുടെ സമൂഹത്തിൽ ആർക്കും അതൊരു പ്രശ്‌നമായി തോന്നാറില്ല. അതാണ് നമ്മുടെ സമൂഹത്തിന്റെ കപടസദാചാര മനസ്സ്. അധികാരവും സ്ഥാപനവത്കൃതമായ സഭയിൽ കുമിഞ്ഞുകൂടുന്ന സമ്പത്തുമാണ് നിലവിൽ കൂടുതൽ ദൂഷ്യങ്ങൾ ഉണ്ടാകുന്നത്. പുരോഹിതരുടെ അധികാരധാർഷ്ട്യത്തിന് ഇരയാകാത്തവർ ഇടവകകളിൽ വിരളമാണ്. ഞായറാഴ്ച അറിയിപ്പുകളടക്കം ശകാരവും അവഹേളനവും ഭൗതീകത വർദ്ധിപ്പിക്കാനുള്ള വഴിക്കണക്കുമായി തരംതാഴുകയാണ്. അധികാരം സേവനത്തിന് എന്നും സേവിക്കുന്നവരുടെ പാദംകഴുകാൻ ഇപ്പോഴും ഒരുങ്ങിയിർക്കണമെന്നും പറഞ്ഞ ക്രിസ്തുവിന്റെ വഴിയൊക്കെ റോമിന്റെ രാജകീയഅധികാര ശൈലിക്ക് വഴിമാറി. ജനം ജീവിക്കാൻ വകകാണാതെ ഒരു ഇടവകകളിലും കഷ്ടപ്പെടുമ്പോൾ പൗരോഹിത്യം സമയം ചെലവഴിക്കുന്നത് പള്ളികളുടെ നിർമ്മാണത്തിനും സ്ഥാപനത്തിന്റെ കെട്ടുറപ്പിനുമായി ലക്ഷങ്ങളും കോടികളും സമാഹരിക്കാനാണ്.

കൂദാശകൾക്ക് സഭയുടെ പ്രതിനിധി എന്ന നിലയിൽ നേതൃത്വം കൊടുക്കേണ്ട പുരോഹിതർക്ക് ചെയ്യാനുള്ള ആത്മീയകർമ്മങ്ങൾ ഞായറാഴ്ചകളിലേയ്ക്ക് മാത്രം ചുരുക്കുകയാണെങ്കിൽ (അങ്ങനെയായിരുന്നു ആദ്യകാലത്ത്. കത്തോലിക്കാസഭയല്ലാത്ത മിക്ക സഭകളിലും ഇപ്പോഴും അങ്ങനെതന്നെ) സത്യത്തിൽ വളരെ തുച്ഛമായ ജോലികളെയുള്ളൂ ഒരു പുരോഹിതന് ചെയ്യാൻ. എന്നാൽ വിവാഹിതരാകാത്ത പുരോഹിതരുടെ കാലം വന്നപ്പോൾ അവർക്ക് 'പ്രവർത്തനനിരതരാകാൻ' ആത്മീയകാര്യങ്ങൾ വിട്ടിട്ട് സഭയുടെ ഭൗതീകകാര്യങ്ങൾ കൂടി ഏറ്റെടുത്തു. പണ്ട് അത് അത്മായർ ചെയ്തിരുന്ന ഉത്തരവാദിത്വം ആയിരുന്നു. 'പള്ളിയോഗങ്ങൾ' അങ്ങനെ ദുർബലമായി. പള്ളിപണിയും, സ്ഥാപങ്ങളുടെ നടത്തിപ്പും, ഭരണവും, ആഴ്ചദിവസ ദേവാലയകർമ്മങ്ങളും, വർദ്ധിപ്പിച്ചുകൊണ്ടുവരുന്ന മതചടങ്ങകളുമായി അതങ്ങനെ കൂട്ടിക്കൂട്ടി കൊണ്ടുവന്നു. അതോടൊപ്പം പൗരോഹിത്യം അധികാരത്തിലേയ്ക്കും പണംകയ്യാളലിലേയ്ക്കും കുടിയേറി.

ക്രിസ്തു ഒരു പുതിയ മതം തുടങ്ങിയില്ല. സഭയെന്നത് മതത്തിന് അപ്പുറത്താണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം. യഹൂദരുടെ സിനഗോഗുകളിൽനിന്ന് (മതത്തിൽ നിന്ന്) പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാർത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യൻതന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീർണ്ണത കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കും. മനുഷ്യരിൽ പണിയുന്ന ആലയം സ്നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങൾ നമ്മുടെ ഇടയിൽ തലയുയർത്തി വരുമ്പോൾ മധ്യകാലഘട്ടത്തിൽ യൂറോപ്യൻ സഭയെ പിടികൂടിയ ജീർണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാൻ ഭയക്കുന്നത്. സഭയെന്നാൽ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമിൽ ഒരു നല്ലിടയൻ ഫ്രാൻസിസിന്റെ വഴിയിൽ മനുഷ്യരിൽ സഭയുടെ പുനർനിർമ്മിതി തുടങ്ങിയ കാലത്താണ് ഈ ആർഭാടസൗധങ്ങൾ നമ്മുടെയിടയിൽ ഉയരുന്നതെന്ന വൈരുദ്ധ്യം അൽപ്പം കഠിനമാണ്. ആ ഇടയൻ തെളിക്കുന്ന വഴി പിന്തുടരാൻ അജഗണത്തിനുള്ള ബാധ്യതയാണ് ഇനി ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ടിവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP