Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശൗര്യം കുറയുന്ന ശിവസേന

ശൗര്യം കുറയുന്ന ശിവസേന

ഹാരാഷ്ട്രയിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞു. കഴിഞ്ഞ സഭയിലെ നാലാം സ്ഥാനത്ത് നിന്നും ബിജെപി ഭരണകക്ഷിയായി മാറി. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. കോൺഗ്രസിന്റെ തകർച്ച പ്രകടമായിക്കാണുന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവുമധികം തിരിച്ചടി ബാധിച്ചത് കോൺഗ്രസിനെ മാത്രമായിരുന്നുവോ ? ഫലങ്ങൾ അപഗ്രഥിക്കുകയാണെങ്കിൽ റിസൾട്ട് ഏറ്റവും കൂടുതൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുന്നത് ബിജെപി, കോൺഗ്രസ് ഇതര കക്ഷികളെയാണ്. പ്രതീക്ഷിക്കപ്പെട്ട കോൺഗ്രസിന്റെ പരാജയത്തിൽ നിന്നു മുതലെടുക്കുവാൻ ഇവിടെ മുഖ്യ എതിർ രാഷ്ട്രീയ ശക്തിയായ ശിവസേനയ്ക്കല്ല സാധിച്ചിട്ടുള്ളത്.

1966 ജൂൺ 19 നു ബാൽ താക്കറെ ശിവസേന രൂപീകരിക്കുമ്പോൾ മറാഠ വാദം ആയിരുന്നു ഉയർത്തിപ്പിടിച്ചിരുന്നത്. മുംബൈയിലെ ട്രേഡ് യൂണിയൻ രംഗത്ത് വളരെ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ഇടത് പ്രസ്ഥാനങ്ങളെ തകർക്കുന്നതിനു വേണ്ടി അന്നത്തെ കോൺഗ്രസ് നേതൃത്വം ശിവസേനക്കു നിർലോഭം പിന്തുണ നൽകി എന്നത് ഒരു രഹസ്യമല്ല. മുംബൈ താന മേഖലകളിൽ  മാത്രം ഒതുങ്ങി നിന്നിരുന്ന ശിവസേന മണ്ണിന്റെ മക്കൾ വാദം ഉയർത്തിപ്പിടിച്ച് ദക്ഷിണേന്ത്യക്കാരെ അടിച്ചോടിച്ചു. 'ബജാവോ പുൻഗി, ഭാഗോ ലുങ്കി' ( ശംഖ് മുഴക്കൂ, ലുങ്കിയുടുത്തവരെ ഓടിക്കൂ) എന്ന മുദ്രാവാക്യം മുഴക്കി അക്രമപ്രവർത്തനങ്ങൾക്കു നേത്രത്വം നൽകിയ സേനാ പ്രവർത്തകർക്ക് തൊഴിൽ രഹിതരായ മറാഠി യുവാക്കളുടെയിടയിൽ അതിവേഗം സ്വാധീനം നേടാനായി.

1970 ൽ മുംബൈ പാറൽ എം എൽ എ ആയിരുന്ന സിപിഐ എം എൽ എ കൃഷ്ണ ദേശായിയെ കൊലപ്പെടുത്തുന്നിടം വരെയെത്തി ഇവരുടെ അതിക്രമങ്ങൾ. തുടർന്ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ ദേശായിയുടെ വിധവ സിപിഐ ക്കു വേണ്ടി മത്സരിച്ചെങ്കിലും അവരെ തോൽപ്പിച്ച് വമൺറാവു മഹാധിക് ശിവസേനയുടെ ആദ്യ എം എൽ എ ആയിത്തീർന്നു. രണ്ട് വർഷങ്ങൾക്കു ശേഷം നടന്ന പൊതു തെരെഞ്ഞെടുപ്പിലും മുംബൈ ഗിർഗോണിൽ നിന്നും വിജയിച്ച് പ്രമോദ് നവാൽകർ ശിവസേനാ പ്രാതിനിധ്യം അസംബ്ലിയിൽ തുടർന്നു.

1985 മസഗോണിൽ നിന്നു വിജയിച്ച ഛഗൻ ഭുജ്ബൽ ശിവസേനക്കാരനായിരുന്നു. അക്കാലം വരേക്കും മുംബൈ താനെ പരിധിക്കപ്പുറം വളരാൻ കഴിഞ്ഞിരുന്നില്ല. ശിവസേന മുൻ എം പിയും പത്രപ്രവർത്തകനുമായിരുന്ന ഭരത്കുമാർ റൗസ് പിന്നീട് പറഞ്ഞത് ബാല സാഹെബ് മറാഠ വാദത്തിൽ നിന്നു വേണ്ടത്ര നേട്ടമുണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് മാത്രമാണ് തീവ്ര ഹിന്ദുത്വത്തിലേക്കു ചുവടു മാറ്റിയത് എന്നാണ്.

ശരദ് പവാറിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുപോക്ക് പ്രതിപക്ഷത്ത് സ്ര്ഷ്ടിച്ച ശൂന്യതയും സോഷ്യലിസ്റ്റ് പാർട്ടികളുടെ ശക്തി ക്ഷയിച്ചതും ശിവസേനക്കു നല്ലൊരവസരമായികണ്ടു. അതു വരെ പതിനാറ് എം എൽ എ മാർ മാത്രം ഉണ്ടായിരുന്ന ബിജെ പിയോടൊപ്പം 1990 ൽ കൂട്ടു കെട്ടുണ്ടാക്കി തെരെഞ്ഞെടുപ്പ് നേരിട്ട ശിവസേന പ്രധാന പ്രതിപക്ഷമായിത്തീർന്നു.

ഒരു കോൺഗ്രസിതര മുഖ്യമന്ത്രിയെ ആദ്യമായി മഹാരാഷ്ട്രക്കു നൽകിയ പാർട്ടിയാണ് ശിവസേന. (മുമ്പ് 1978 ൽ ശരദ് പവാർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ബാനറിൽ മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും പാർട്ടി കോൺഗ്രസ് പാരമ്പര്യം തന്നെയാണവകാശപ്പെട്ടിരുന്നത്.)1995 ലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ സേന ബിജെപി കൂട്ടുകെട്ട് ഭൂരിപക്ഷം നേറ്റുകയും സേനയുടെ മനോഹർ ജോഷി മുഖ്യമന്ത്രിയാവുകയും ചെയ്തു.

എന്നാൽ കാര്യങ്ങൾ മാറിത്തുടങ്ങിയത് 2004 നുശേഷമായിരുന്നു. സേനയുടെ ശക്തികേന്ദ്രങ്ങളായ മുംബൈയിലും കൊങ്കൺ തീരങ്ങളിലും കനത്ത തിരിച്ചടി നേരിട്ടു. തൊട്ടടുത്ത വർഷം പാർട്ടിയിലെ ഭിന്നിപ്പ് രൂക്ഷമായി. ജൂലൈയിൽ മുൻ മുഖ്യമന്ത്രിയായിരുന്ന നാരായൺ റാണെ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. റാണെ തുടർ ന്ന് കോൺഗ്രസിലാന് ചേക്കേരിയത്. അതേ വർഷം തന്നെ ഡിസംബറിൽ ബാൽതാക്കറെയുടെ അനന്തരവൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരഷ്ട്ര നവനിർമ്മാൻ സേന (എം എൻ എസ്) രൂപീകരിച്ചു. ബൽ താക്കറെ തന്റെ മകൻ ഉദ്ധവ് താക്കറെയെ പിൻ ഗാമിയായി വാഴിച്ചതായിരുന്നു ഇതിനു കാരണം.

ഇതിനെത്തുടർന്ന് ഇരു സേനകളും തമ്മിലുള്ള്ള ഏറ്റുമുട്ടലുകൾ പാർട്ടിയുടെ ശക്തിക്ക് കോട്ടം തട്ടിച്ചു കൊണ്ടിരുന്നു.2009 ലെ തെരെഞ്ഞെടുപ്പിൽ എം എൻ എസ് നേടിയ 13 സീുകളും ചോർത്തിക്കളഞ്ഞ വോട്ടുകളുമാണ് ശിവസേനയെ ആദ്യമായി ബിജെപിക്കു പിന്നിലേക്കു തള്ളിയത്. ബിജെപിയോട് മൃദു സമീപനം സ്വീകരിക്കുകയും ശിവസേനയെ കടന്നാക്രമിക്കുകയും ചെയ്യുന്ന എം എൻ എസ്സിന്റെ നിലപാട് ബിജെപിക്കു കരുത്തേകി.

2014 ലെ ലോക്‌സഭയിലേക്കുള്ള പൊതുതെരെഞ്ഞെടുപ്പിൽ ബിജെപിക്കു 23 സീറ്റുകളും ശിവസേനക്കു 18 സീറ്റുകളുമാണ് ലഭിച്ചത്. കേന്ദ്രത്തിൽ ഒറ്റക്കു ഭൂരിപക്ഷം നേടിയ ബിജെപി പക്ഷേ തങ്ങളുടെ ഏറ്റവും വലിയ സഖ്യ കക്ഷിക്കു വേണ്ടത്ര പരിഗണന നൽകിയില്ല. 18 എം പി മാരുണ്ടായിട്ടും ഒരു കേന്ദ്രമന്ത്രിയെ മാത്രമാണ് മോദി കാബിനറ്റിൽ സേനക്കു ലഭിച്ചത്.

തങ്ങൾക്കു ശക്തിയുള്ള കേന്ദ്രങ്ങളിൽ ഒറ്റക്കു തന്നെ അധികാരം പിടിക്കുക എന്ന അജണ്ട മോദി അമിത്ഷാ കൂട്ടുകെട്ട് പ്രാവർത്തികമാക്കാൻ ശ്രമങ്ങളാരംഭിച്ചപ്പോൾ തന്നെ ഉദ്ധവ് താക്കറെ അപകടം മണത്തു. നിയമ സഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട ബിജെപിക്കു അത് നൽകാൻ തയ്യാറാകാത്തതോടെ 25 വർഷമായി നില നിന്ന സഖ്യം തകർന്നു.

പതിനഞ്ച് വർഷമായി തുടരുന്ന കോൺഗ്രസ് എൻ സി പി ഭരണം അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിക്കുകയും കടുത്ത ഭരണ വിരുദ്ധ വികാരം ഏറ്റുവാങ്ങുകയും ചെയ്യുമ്പോൾ സ്വാഭാവികമായും പകരം വരേണ്ടിയിരുന്നത് ശിവസേനയായിരുന്നു. എന്നാൽ സമർഥമായി കരുക്കൾ നീക്കിത്തുടങ്ങിയ ബിജെപി സംസ്ഥാനത്തെ നാലാം പാർട്ടി എന്ന സ്ഥാനത്തു നിന്നു മറ്റുള്ളവരെ വളരെ പിന്നിലാക്കി അതി ബഹുദൂരം മുന്നിലെത്തി. ഒടുവിൽ ദേവ്വെന്ദ്ര ഫഡ്‌നാവിസിന്റെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരിക്കുമ്പോൾ ഭരണം മുന്നോട്ട് കൊണ്ട് പോകുവാൻ മുന്നിൽ സാധ്യതകൾ പലതായിരുന്നു.

ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞെന്ന് തെരെഞ്ഞെടുപ്പ് അടുത്തെത്തിയപ്പോഴേക്കും ഇരു താക്കറെമാർക്കും ബോധ്യം വന്നിരുന്നു. അന്യോനം തങ്ങൾ ഏറ്റുമുട്ടിയപ്പോൾ വീണ ചോരയാണ് ഈ കുതിപ്പിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ അവർ ഇത്തവണ പരസ്പരമുള്ള പോർവിളികൾ കുറച്ചിരുന്നു. പക്ഷേ വൈകി വന്ന ബുദ്ധി ഫലം ചെയ്തില്ല എന്നതാണു സത്യം.

തെരെഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ നിരുപാധിക പിന്തുണ ഉടൻ ബിജെപിക്കു വച്ചു നീട്ടി എൻ സി പി ശിവസേനക്കു മുന്നെ ഒരു മുഴം നീട്ടിയെറിഞ്ഞു. ഇത് ശിവസേനയുടെ വിൽപേശൽ ശക്തി കുറിച്ചു. ഒടുവിൽ കേന്ദ്രത്തിൽ സഖ്യകക്ഷിയായി തുടരാനും സംസ്ഥാനത്ത് പ്രതിപക്ഷത്തിരിക്കാനും ഉദ്ധവ് താക്കറേ തീരുമാനിച്ചു. ഇതിനിടയിൽ തങ്ങളുടേ നേതാവ് സുരേഷ് പ്രഭുവിനെ പാർട്ടിയിൽ നിന്ന് റാഞ്ചിയെടുത്ത് ഒരു സുപ്രഭാതത്തിൽ ബിജെപി എംപിയായി കേന്ദ്ര മന്ത്രിസഭയിൽ റയിൽവേ മന്ത്രിയായി അവരോധിക്കുന്നത് സേനാ നേതൃത്വത്തിനു നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു.

ഇപ്പോൾ ബിജെപി വച്ചു നീട്ടിയ പ്രാധാന്യം കുറഞ്ഞ മന്ത്രിപദങ്ങൽ സ്വീകരിച്ച് ഭരണത്തിൽ പങ്കാളികളായപ്പോൾ കൂട്ടിലകപ്പെടുന്ന കടുവകളുടെ നിസ്സഹായതയാണ് കാണുന്നത്. കുഞ്ചൻ നമ്പ്യാർ പണ്ട് പാടിയ പോലെ പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്നു ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP