Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി

കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ യാത്ര ചെയ്ത് കണ്ട കതിരൂർ അനിലും പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ കുടുംബവും; പാറാൽ ദാസന് വീട്ടുമുറ്റത് എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കുന്ന ഏഴുവയസുകാരി മകൾ നിഷ; മൂക്കത്തിരുന്ന കൊതുകിനെ ഓടിക്കാൻ പോലുമാകാതെ പാർട്ടി കാവലിൽ കഴിയുന്ന അനിൽ; ഹൃദയത്തിൽ പട്ടട എരിയുന്നവരെ കുറിച്ചെഴുതിയ പരമ്പരയ്ക്കായി കണ്ണൂരിൽ സഞ്ചരിച്ച ഓർമ്മകൾ പങ്കുവച്ച് ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി

പി റ്റി ചാക്കോ

ഹൃദയത്തിൽ പട്ടട എരിയുന്നവർ

യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ മാഷ് ക്ലാസ് മുറിയിൽ കുട്ടികളെുടെ മുമ്പാകെ കൊത്തിനുറുക്കപ്പെട്ടത് 1999 ഡിസം. 1ന്. തുടർന്ന് 6 പേർകൂടി ആ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. അന്നു ഞാൻ ദീപികയിൽ പത്രാധിപസമിതിയംഗം. കണ്ണീരിലെ കൊലപാതകരാഷ്ട്രീയത്തെക്കുറിച്ച് പഠനപരമ്പര എഴുതാൻ ഞാൻ നിയോഗിക്കപ്പെട്ടു. സംഘർഷഭരിതമായ കണ്ണീരിൽക്കൂടി ഒരാഴ്ചയോളം പര്യടനം നടത്തിയശേഷം 'ഹൃദയത്തിൽ പട്ടട എരിയുന്നവർ' എന്ന ലേഖന പരമ്പര പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ കടന്നുവന്ന ചില വ്യക്തികളും സംഭവങ്ങളും.

1) കിഴക്കേ കതിരൂരിൽ അനിൽ. ബിജെപി പ്രവർത്തകനായ അനിലും കുടുംബവും രണ്ടു വർഷമായി ഒളിവിലാണ്. അനിലിന്റെ വീട് ഇടിച്ചുനിരപ്പാക്കി അതിൽ നട്ട ഒരു പട്ടടത്തെങ്ങ് ഓലവിടർത്തി നില്ക്കുന്നു. ബിജെപിക്കാരുടെ സഹായത്തോടെ അനിലിന്റെ രഹസ്യസങ്കേതത്തിലേക്കു യാത്ര. രാത്രി എട്ടുമണിക്ക് എന്റെയും ഫോട്ടോഗ്രാഫർ എംഎം തോമസിന്റെയും കണ്ണുകൾ മൂടിക്കെട്ടി വാഹനങ്ങൾ മാറി മൂന്നു മണിക്കൂർ നീണ്ട യാത്ര. കാർ യാത്ര കഴിഞ്ഞപ്പോഴാണ് കണ്ണിലെ കെട്ടുമാറ്റിയത്. പിന്നീട് ദുർഘടമായ വഴിയിലൂടെ ഇരുട്ടത്ത് കുത്തനേ കയറ്റം. ഞങ്ങൾ ഒറ്റപ്പെട്ട വീടിന്റെ മുന്നിൽ എത്തി. കൂടെയുള്ളവർ ചില കോഡുകൾ ഉപയോഗിച്ച് വിളിച്ചപ്പോൾ, കതകിന്റെ പല പൂട്ടുകൾ എടുത്തുമാറ്റി അനിൽ കയ്യിലൊരു മണ്ണെണ്ണ വിളക്കുമായി ഇറങ്ങിവന്നു. പിറകെ നിഴൽപോലെ അമ്മയും ഭാര്യയും കുഞ്ഞും. ഭയംകൊണ്ട് പച്ചക്കൂമ്പാളപോലെ വെളുത്തുവിളറിയ അവരുടെ മുഖങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്.

2) പുല്യോട്ട് രയരോത്ത് അനിൽകുമാർ. തലശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് അനിലിനെ കാണുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ഈ ആശുപത്രിയിൽ പാർട്ടിക്കാരുടെ കാവലിൽ കഴിയുന്ന അനിലിന്റെ അടുത്തെത്തുക എളുപ്പമായിരുന്നില്ല. ബോംബു നിർമ്മാണത്തിടിയിൽ കൈപ്പത്തി രണ്ടും തെറിച്ചുപോകുകയായിരുന്നു. തെങ്ങിനു വട്ടംപിടിച്ചോ ഡസ്‌കിൽ കിടന്നിട്ട് അതിനു താഴെവച്ചോ ആണ് ബോംബിന്റെ ഫ്യൂസ് കണക്ട് ചെയ്യുന്നത്. പൊട്ടിത്തെറിച്ചാലും കൈകളേ പോകൂ. അങ്ങനെ കണ്ക്ട് ചെയ്തപ്പോൾ പൊട്ടിയാണ് അനിലിന്റെ കൈകൾ തെറിച്ചുപോയത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു. അവിടെ അർധ അബോധാവസ്ഥയിൽ കിടന്നപ്പോൾ ഒരു കൊതുക് അനിലിന്റെ മൂക്കത്തിരുന്നു. അതിനെ ഓടിക്കാൻപോലുമാകാതെ തനിക്കു നിശ്ചലനായി കിടക്കേണ്ടി വന്നു എന്നു പറഞ്ഞപ്പോൾ അനിലിന്റെ കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണീർ അടർന്നുവീണു.

3) എംവി രാഘവനെന്ന വർഗശത്രുവിനെ തോലിപ്ക്കാൻ കുരുതി കൊടുക്കപ്പെട്ട അഞ്ചു യുവാക്കളുടെ പാവനസ്മരണ ഉറങ്ങുന്ന കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് അധികം അകലെയല്ലാതെ ചൊക്ലി നോർത്ത് പുതുക്കുടിയിൽ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പൻ. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരമാകെ തളർന്നുപോയ പുഷ്പൻ. കിടന്നുകിടന്നു പുഷ്പൻ ചെറുതായി ചെറുതായി വരുന്നു. പുഷ്പന് പിണറായി സർക്കാർ പ്രതിമാസ അലവൻസ് അനുവദിച്ചിട്ടുണ്ട്.

4) കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ പാറാൽ ദാസനെ വീട്ടുമുറ്റത്താണ് ദഹിപ്പിച്ചത്. അവിടെ എല്ലാ ദിവസവും ഒരു ചെമ്പരത്തിപ്പൂ വയ്ക്കാൻ മകൾ ഏഴുവയസുകാരി നിഷയുണ്ട്. ഷോക്കേറ്റ ഭാര്യ പുഷ്്പവല്ലി ഏറെ നാൾ ചികിത്സയിലായിരുന്നു. അമ്മ മാധവി അന്നു വീണതാണ്. എന്നും ഒരേ കിടപ്പാണ്.

5) കുഞ്ഞിപ്പറമ്പ് കെ. സഹദേവൻ. ശരീരമാസകലം വെട്ടേറ്റ ഇദ്ദേഹം നാടും വീടും ഉപേക്ഷിച്ച് ഒരു ബിജെപി പ്രവർത്തകന്റെ വീട്ടിൽ ഒളിച്ചുതാമസിച്ച് ചികിത്സ നടത്തുന്നു.

6) ഡയമണ്ട് മുക്കിൽ രോഹിണിയും മക്കൾ സൗദാമിനിയും രമയും. രോഹിണിയുടെ രണ്ട് ആൺമക്കളും രണ്ടു വർഷമായി ഒളിവിലാണ്. അവർ എവിടെയെന്നോ എന്നു മടങ്ങിവരുമെന്നോ ഇവർക്കറിയില്ല. പെൺമക്കളുടെ വിവാഹപ്രായം കഴിഞ്ഞിട്ട് നാളേറെയായി.

ഇത്തരം ദുരന്തകഥകളുമായി ജീവിക്കുന്ന ഒരുപാട് പേരേ അന്ന് അവിടെ കണ്ടുമുട്ടി. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു കാഴചയുണ്ടായിരുന്നു. അവിടെ കൊല്ലപ്പെട്ടവരുടെ നെടുങ്കൻ ലിസ്റ്റ് ബോർഡുകളിൽ എഴുതിവച്ചിരിക്കുന്നു!

കണ്ണൂരിൽ കൊല്ലപ്പെട്ട 99 ശതമാനം പേരും വെറും സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. അവരുടെ കുടുംബങ്ങളാണ് അനാഥമായത്. ഭർത്താവ് മരിച്ചതതിനെ തുടർന്ന് ഭർതൃവീട്ടിൽ നിന്ന് ആട്ടിയറക്കപ്പെട്ട് തെരുവിൽ ശരീരം വില്ക്കുന്ന അമ്മ, ക്രിമിനലുകൾക്ക് വച്ചുംവിളമ്പിയും നല്കിയശേഷം അന്തിക്കൂട്ടു കിടക്കുന്ന സ്ത്രീകൾ. എവിടെ തിരിഞ്ഞാലും കഠോരമായ കാഴ്ചകൾ. നേതാക്കന്മാർ ഇവിടെ കൊല്ലപ്പെടാറില്ല. അവരുടെ മക്കൾ കേരളത്തിനു വെളിയിലും വിദേശത്തുമൊക്കെ പഠിക്കുന്നു. ജോലി ചെയ്യുന്നു. പാർട്ടി ഗ്രാമങ്ങളിൽ പാർട്ടി അറിയാതെ ഇല അനങ്ങില്ല. അവിടെ കാലുകുത്തിയാൽ പെട്ടെന്ന് ആളുകൾ ചോദ്യശരങ്ങളുമായി എത്തിയിരിക്കും. ജനാധിപത്യത്തിന്റെ തരിമ്പുപോലും അവിടില്ല. ഈ പ്രദേശം ജനാധിപത്യ കേരളത്തിന്റെ ഭാഗമാണോ?

ഈ ലേഖന പരമ്പര പ്രസിദ്ധീകരിച്ചശേഷം കണ്ണൂരിൽ വലിയ തോതിലുള്ള സമാധാനശ്രമങ്ങൾ നടന്നിരുന്നു. കുറെ നാളത്തേക്ക് അവിടെ സമാധാനം പുലരുകയും ചെയ്തു. പക്ഷേ, കണ്ണൂരിൽ സമാധാനം ശാശ്വതമല്ല. 2000ൽ കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ കെ.സി. മാധവക്കുറുപ്പ് അവാർഡ് ഈ ലേഖനപരമ്പരയ്ക്കു ലഭിക്കുകയുണ്ടായി.

പി.റ്റി. ചാക്കോ

(ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്നപ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു ലേഖകനായ പിറ്റി ചാക്കോ. ദീപികയിൽ മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP