Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കെതിരെയോ ഭരണകൂടത്തിന് എതിരെയോ സംസാരിച്ചാൽ അത് രാജ്യത്തിനെതിരെയാണെന്ന് വരുത്തി തീർക്കാൻ സൈബർ സൈന്യം ശ്രമിക്കുന്നു; അഡോൾഫ് ഹിറ്റ്‌ലർക്ക് വേണ്ടി ഗീബൽസ് നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തിലാണിത്; ഫാസിസത്തെ വിഘടനവാദം കൊണ്ടല്ല, ജാധിപത്യം കൊണ്ടും മതേതരത്വം കൊണ്ടുമാണ് ജയിക്കേണ്ടത്: രജീഷ് പാലവിള എഴുതുന്നു

മോദിക്കെതിരെയോ ഭരണകൂടത്തിന് എതിരെയോ സംസാരിച്ചാൽ അത് രാജ്യത്തിനെതിരെയാണെന്ന് വരുത്തി തീർക്കാൻ സൈബർ സൈന്യം ശ്രമിക്കുന്നു; അഡോൾഫ് ഹിറ്റ്‌ലർക്ക് വേണ്ടി ഗീബൽസ് നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തിലാണിത്; ഫാസിസത്തെ വിഘടനവാദം കൊണ്ടല്ല, ജാധിപത്യം കൊണ്ടും മതേതരത്വം കൊണ്ടുമാണ് ജയിക്കേണ്ടത്: രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

2019 ലെ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ കൂടി വിധിയെഴുത്താകുമോ എന്നാശങ്കപ്പെടുന്നത് അതിശയോക്തിപരമല്ല എന്നതാണ് രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളും ഓർമ്മപ്പെടുത്തുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ നാൾവഴികൾ രാജ്യത്തിന്റെ ഭരണഘടനയും പൗരാവകാശങ്ങളും ദാരുണമായി വെല്ലുവിളിക്കപ്പെട്ട അനേകം സംഭവങ്ങൾ നിറഞ്ഞതാണ്.ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരുകൂട്ടം മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്.രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയോ എന്ന് ഉത്കണ്ഠയോടെയാണ് ആളുകൾ ചോദിച്ചത് . ഇതിൽ ആശങ്കപ്പെടുന്നത് സാധാരണക്കാർ മാത്രമല്ല, ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സാക്ഷാൽ സുപ്രീംകോടതി പറഞ്ഞത് ജനാധിപത്യത്തിന്റെ സുരക്ഷാവാൽവാണ് അഭിപ്രായഭിന്നതകളെന്നതും അത് നഷ്ടപ്പെട്ടാൽ ജനാധിപത്യം പൊട്ടിത്തെറിക്കുമെന്നുമാണ്.

തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്ത്തകനുമായ വരവരറാവു, അഭിഭാഷക സുധാഭരദ്വാജ്, സന്നദ്ധപ്രവർത്തകൻ വെര്‌നൺ ഗോണ്‌സാകല്വവസ്, അരുൺ ഫെരേര, മാധ്യമപ്രവര്ത്തകൻ ഗൗതം നവ്ലാഖ തുടങ്ങിയവരെയാണ് ഭീമാ-കൊരേഗാവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രപൊലീസ് അറസ്റ്റ് ചെയ്തത്. ഭീമാ-കൊരേഗാവ് സംഭവം നടന്നിട്ട് ഏതാണ്ട് ഒൻപതുമാസം കഴിഞ്ഞിട്ടാണ് അത്യന്തം നാടകീയമായ അറസ്റ്റ് എന്നത് ആരെയും അമ്പരപ്പിക്കുന്നതാണ്. രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് നക്‌സൽ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക ശേഖരണം, ആയുധ ശേഖരണം, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ നക്‌സൽ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മഹാരാഷ്ട്രപൊലീസ് 'പ്രതികൾ'ക്കെതിരെ ചുമത്തിയിരിക്കുന്നത്! സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽകൊണ്ട് പ്രതികളെ ജയിലിലേക്ക് മാറ്റുന്നത് തടഞ്ഞെങ്കിലും അടുത്ത വാദംകേൾക്കാനായി കോടതി നിശ്ചയിച്ചിരിക്കുന്ന സെപ്റ്റംബർ 6 വരെ 'പ്രതികൾക്ക്' വീട്ടുതടങ്കലിൽ കഴിയേണ്ട അവസ്ഥയാണ്!

രാജ്യത്തെ ഫാസിസ്റ്റ് ശക്തികളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയോ എതിർക്കുകയോ ചെയ്താൽ അത് ഭരണകൂടത്തിനെതിരെയുള്ള കുൽസിതപ്രവൃത്തിയായി പ്രഖ്യാപിക്കുകയും വിമർശകരെ മാവോയിസ്റ്റുകളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി മുദ്രകുത്തി പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഭരണകൂടങ്ങൾ തന്നെ വേട്ടയാടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സമാന്തരമായി, ആശയപരമായ വിമർശനങ്ങളെപ്പോലും തികഞ്ഞ അസഹിഷ്ണുതയോടെ സമീപിക്കുന്ന സൈബർ പോരാളികൾ നേരിട്ടും വ്യാജവിലാസങ്ങളിലും സാമൂഹികമാധ്യമങ്ങൾവഴി പടച്ചുവിടുന്ന അസഭ്യങ്ങൾ അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്. മോദിക്കെതിരെയോ ഭരണകൂടത്തിനെതിരെയോ സംസാരിച്ചാൽ അത് രാജ്യത്തിനെതിരെയാണെന്ന് വരുത്തിതീർക്കുകയാണ് ഇവരുടെ ജോലി. അഡോൾഫ് ഹിറ്റ്‌ലർക്ക് വേണ്ടി ഗീബൽസ് നടത്തിയ പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ് ഈ സൈബർ സൈന്യം.

അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ആധികാരികമായ തെളിവുകളോ കോടതിവിധികളോ ഉണ്ടാകുംമുൻപ് 'മാവോയിസ്റ്റുകൾ' എന്ന ചാപ്പകുത്തി അവരെ തേജോവധം ചെയ്യുന്നത് ഒരു ജനാധിപത്യരാജ്യം ഏകാധിപത്യസാമ്രാജ്യമാകാൻ എങ്ങനെയെല്ലാം തയ്യാറെടുക്കുന്നു എന്ന ദുസ്സൂചനകളാണ് നൽകുന്നത്. ഭീമാ-കൊരേഗാവ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും എന്ത് പാതകമാണ് ചെയ്തതെന്ന് അറിയുവാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്.

ഭീമാ-കൊരേഗാവ് സംഭവം സർക്കാരിനെതിരെയുള്ളതെന്ന് ആരാണ് പറയുന്നത്?

1818 ജനുവരി ഒന്നാം തീയതിയാണ് മഹാരാഷ്ട്രയിലെ കൊരേഗാവിൽ ഗ്രാമീണരായ ദളിതരുടെ അതിശക്തമായ പിന്തുണയോടെ ഭാജി റാവോ രണ്ടാമന്റെ പെഷ്വാ സൈന്യത്തിനുമേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനി യുദ്ധവിജയം നേടുന്നത്. പെഷ്വാകൾ മഹർ വിഭാഗത്തിൽപ്പെട്ട ദളിതരുടെ മേൽ നടത്തിവന്ന ക്രൂരമായ ദുർഭരണത്തിനും ജാതിവിവേചനങ്ങൾക്കും അന്ത്യംകുറിക്കുന്നതായിരുന്നു ആ ചരിത്രസംഭവം.ഒരർത്ഥത്തിൽ ദളിതരുടെ സ്വാതന്ത്ര്യസമരവിജയം! ഇതിന്റെ സ്മരണാർത്ഥം എല്ലാവർഷവും ജനുവരിയിൽ പൂനയിൽ നിന്നും ഭീമാ-കൊരേഗാവ് യുദ്ധസ്മാരക പ്രദേശംവരെ ദളിതുകൾ പ്രകടനം നടത്താറുണ്ട്.എന്നാൽ ദളിതുകൾ ഇങ്ങനെ ആഘോഷം നടത്തുന്നതിനെതിരെ പെഷ്വാവിഭാഗങ്ങൾക്ക് കടുത്ത അതൃപ്തിയാണുള്ളത്.'താഴെതട്ടിൽ കിടക്കേണ്ടവർ' 'മേലെതട്ടിലുള്ളവരോട്' നടത്തുന്ന ധിക്കാരമായാണ് അവരതിനെ എല്ലാക്കാലവും വ്യാഖ്യാനിച്ചത്.അഖില ഭാരതീയ ബ്രാഹ്മണമഹാസംഘ് പോലെയുള്ള സവർണ്ണ സംഘടകളും ഹിന്ദുത്വവാദികളും പ്രാദേശിക ബിജെപി നേതൃത്വവും പൊലീസും പെഷ്വാകൾക്ക് നൽകിയ പിന്തുണ അക്ഷരാർത്ഥത്തിൽ ദളിതുകളെ ഒറ്റപ്പെടുത്തുന്നതായിരുന്നു.

2018 ജനുവരിയിൽ ഭീമാ-കൊരേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാർഷികം ഗുജറാത്ത് എംഎ‍ൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി, ഡോ. ബി.ആർ. അംബേദ്കറിന്റെ പേരമകൻ പ്രകാശ് അംബേദ്കർ, ഭീം ആർമി ദേശീയ അധ്യക്ഷൻ രത്തൻ സിങ്,രോഹിത് വെനുലയുടെ മാതാവ് രാധാവെനുല,ജെ.എൻ.യുവിലെ വിദ്യാർത്ഥി നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പിച്ച ജനപങ്കാളിത്തത്തോടെയാണ് ദളിത് സംഘടകൾ നടത്തിയത്.ദളിതർക്കും മുസ്ലിങ്ങൾക്കുമെതിരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങളെയും കലാപങ്ങളെയും അപലപിച്ചുകൊണ്ടുള്ളതായിരുന്നു പരിപാടികൾ.ഗോസംരക്ഷണത്തിന്റെ മറവിൽ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടതിലും മുറിവേറ്റതിലും ഭൂരിപക്ഷവും മുസ്ലിങ്ങളായിരുന്നു. സമാനമായി ദളിതരോടുള്ള അക്രമങ്ങളും.ഇതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ ഗൗരവമായി എടുക്കാനോ അക്രമികളെ നിലയ്ക്ക്‌നിർത്താനോ തയ്യാറാകുന്നതിനുപകരം കുറ്റവാളികളെ പുകഴ്‌ത്തുകയും മാലയിട്ടുസ്വീകരിക്കുകയുമാണ് ഭരണകൂടങ്ങൾ ചെയ്തത്.

ഇതിലെല്ലാം മനുഷ്യവകാശ ബോധമുള്ള ഏതൊരു പൗരനും പ്രതിഷേധമുണ്ട്.ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽക്കൂടി ഭീമാ-കൊരേഗാവ് പ്രകടനത്തിൽ ദലിതുകൾ സംഘടിച്ചപ്പോൾ അതിന് രാജ്യത്തെ എഴുത്തുകാരും മനുഷ്യാവകാശപ്രവർത്തകരും ജനാധിപത്യവിശ്വാസികളുമെല്ലാം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . ഇതിനെതിരെ പെഷ്വാകളും സംഘപരിവാരങ്ങളും മറ്റു തീവ്രഹിന്ദുത്വസംഘടനകളും പലരീതിയിലുള്ള ഭീഷണികളും പ്രകോപനങ്ങളും നടത്തുകയും വളരെ ആസൂത്രിതമായി സർക്കാരിനും രാജ്യത്തിനും എതിരെയുള്ള നീക്കങ്ങളായി വഴിതിരിച്ചുവിടുകയും ചെയ്യുകയാണ് ഉണ്ടായത്.ഇതിന്റെ ഏറ്റവും അവസാനത്തെ നാടകമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പൊലീസ് റെയ്ഡ്കളും മനുഷ്യാവകാശപ്രവർത്തകരുടെ അറസ്റ്റും!വിവിധ സംഘപരിവാർ സംഘടനകളും നേതാക്കളും ഈ അറസ്റ്റിനെ സ്വാഗതം ചെയ്യുകയും സാമൂഹികമാധ്യമങ്ങൾ വഴി ആഘോഷിക്കുകയും ചെയ്തു.

സനാതൻ സൻസ്ത പോലെയുള്ള ,രാജ്യം അടിയന്തിരമായി നിരോധിക്കേണ്ട ഹിന്ദുതീവ്രസംഘടനയുടെ പ്രമുഖ നേതാക്കളെ ചിലരെ മഹാരാഷ്ട്രഭീകരവിരുദ്ധ സേന കുറച്ചു ദിവസംമുൻപ് ബോംബുകളുമായി അറസ്റ്റ് ചെയ്തിരുന്നു.നരേന്ദ്ര ദാഭോൽക്കർ മുതൽ ഗൗരിലങ്കേഷ് വരെയുള്ളവരുടെ കൊലപാതകത്തിന് പിന്നിൽ ഈ സംഘടനയുടെ പങ്ക് വ്യക്തമാക്കുന്ന നിർണ്ണായക തെളിവുകൾ സിബിഐ അടുത്തിടെ പുറത്തുവിടുകയും ചെയ്തു.അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളെ പുറത്തുവിടാൻ സനാതൻ സൻസ്തയും സമാനനിലപാടുകൾ പുലർത്തുന്ന ഹിന്ദുസംഘടനകളും മഹാരാഷ്ട്രയിൽ ഏതാണ്ട് ഒൻപതിനായിരത്തോളംപേരെ അണിനിരത്തിക്കൊണ്ടു വമ്പിച്ച പ്രകടനമാണ് നടത്തിയത്.ഈ സംഘടനയ്ക്കെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രണമാണ് എഴുത്തുകാരെ ഉൾപ്പടെ അറസ്റ്റ് ചെയ്തുകൊണ്ട് മഹാരാഷ്ട്രപൊലീസ് നടത്തുന്നതെന്ന ആരോപണം ഗൗരവമുള്ളതാണ്.

രാജ്യത്തിനെതിരെ നിൽക്കുന്നവരാണ് ഏതെങ്കിലും എഴുത്തുകാരും സാമൂഹികപ്രവർത്തകരും എന്ന് പറയുകയേ വേണ്ടൂ അവരെ അടപടലം ആക്രമിക്കാനും തേജോവധം ചെയ്യാനും വിവേകശൂന്യരായ ഒരു ജനക്കൂട്ടം കാണിച്ചുകൂട്ടുന്ന ആക്രാന്തങ്ങളെ നിശബ്ദരായി നമ്മൾ നോക്കിനിൽക്കുന്നത് എന്തായാലും ആത്മഹത്യാപരമാണ്.വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ച് നുണകളെ സത്യമാക്കി അവതരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇക്കൂട്ടങ്ങളുടെ മിടുക്ക് തിരിച്ചറിയേണ്ടതുണ്ട്.ജനാധിപത്യം നമ്മുടെ ബഹുസ്വരതയുടെ ജീവവായുവാണ്.ഇന്ത്യൻ പാർലമെന്റിന്റെ പുറത്ത് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുടെ പകർപ്പ് കത്തിച്ചുപ്രതിഷേധിച്ചവരെ നാം ഭയപ്പെടേണ്ടതുണ്ട് .ഹിന്ദുരാഷ്ട്രം സ്വപ്നം കണ്ടിരിക്കുന്നവർക്കും അതിനുവേണ്ടി കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്നവർക്കും നാം കീഴടങ്ങിക്കൂടാ!നിയമവ്യവസ്ഥയെക്കുറിച്ചുള്ള അവസാനത്തെ പ്രതീക്ഷ കോടതികളാണ്.സുപ്രീംകോടതി മേൽപ്പറഞ്ഞ അറസ്റ്റ് വിഷയത്തിൽ നടത്തിയ നിരീക്ഷണങ്ങളും പ്രസ്താവനകളും അല്പമെങ്കിലും ആശ്വാസകരമാണ്.

പാർശ്വവൽക്കരിക്കപ്പെട്ട ജനതയോടൊപ്പം നിൽക്കുക എന്നത് രാജ്യദ്രോഹമാണെങ്കിൽ അങ്ങനെ നിൽക്കുന്നവരെ മാവോയിസ്റ്റ് എന്ന് വിളിക്കുമെങ്കിൽ അതെ ഞാനും രാജ്യദ്രോഹിയാണ് എന്ന് ഉറക്കെപ്പറയുവാൻ ഓരോരുത്തരും മുന്നോട്ടുവരേണ്ടതുണ്ട്.ഫാസിസശക്തികളെല്ലാം മോദിഭാരതത്തിൽ കരുത്താർജ്ജിക്കുമ്പോൾ 2019ലെ തിരഞ്ഞെടുപ്പ് നമുക്ക് അത്രമേൽ നിർണ്ണായകമാണ്!അപ്രിയ സത്യങ്ങളെ അവർ കൂട്ടംചേർന്ന് അക്രമിച്ചേക്കാം.എന്നാൽ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കുംവേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ ആധുനിക സ്വാതന്ത്ര്യസമരമാണ്!അതിനുവേണ്ടിയുള്ള നമ്മുടെ ഏതൊരു ചെറുത്ത് നിൽപ്പും അന്വർത്ഥമാണ്.ഫാസിസത്തെ വിഘടനവാദം കൊണ്ടല്ല,ജനാധിപത്യംകൊണ്ടും മതേതരത്വംകൊണ്ടും നമുക്ക് ജയിക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP