Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോമസ് മൂറിന്റെ ഉട്ടോപ്യ എന്ന സമത്വസുന്ദര ലോകം എന്നും ഒരു സ്വപ്‌നം മാത്രം; നാം നടന്നു നീങ്ങുന്നത് ഡിസ്റ്റോപ്യയിലേക്കോ?

തോമസ് മൂറിന്റെ ഉട്ടോപ്യ എന്ന സമത്വസുന്ദര ലോകം എന്നും ഒരു സ്വപ്‌നം മാത്രം; നാം നടന്നു നീങ്ങുന്നത് ഡിസ്റ്റോപ്യയിലേക്കോ?

രവികുമാർ അമ്പാടി

ർ തോമസ് മൂർ 1516 ലാണ് ഉട്ടോപ്യ എന്ന സമത്വസുന്ദരമായ ലോകം നമുക്ക് പരിചയപ്പെടുത്തിയത്. കുറ്റകൃത്യങ്ങളില്ലാത്ത, ദാരിദ്ര്യവും കഷ്ടപ്പാടുകളുമില്ലാത്ത ഒരു മധുരമനോജ്ഞലോകം. ആ സുന്ദരപദത്തിന്റെ വിപരീതപദമാണ് ഡിസ്റ്റോപ്യ. 1868-ൽ ബ്രിട്ടീഷ് പാർലമെന്റിൽ ഐറിഷ് ഭൂമി ബിൽ ചർച്ചക്കെടുത്തപ്പോൾ അതിനെ എതിർത്ത് സംസാരിച്ച ജെ എസ് മിൽ എന്ന പാർലമെന്റേറിയനാണ് ആദ്യമായി ഡിസ്റ്റോപ്യ എന്ന പദം ഉപയോഗിച്ചത്. മോശം എന്നർത്ഥം വരുന്ന ''ഡിസ്'' എന്ന പദം ചേർത്ത് ഉട്ടോപ്യ എന്ന സ്വപ്നത്തിന് അതിന്റെ വിപരീതാർത്ഥം നൽകുകയായിരുന്നു അദ്ദേഹം. ഈ ബിൽ പാസ്സായാൽ അയർലണ്ട് ഒരു ഡിസ്റ്റോപ്യയാകുമെന്നായിരുന്നു അന്നദ്ദേഹം പാർലമെന്റിൽ പ്രസംഗിച്ചത്.

ഉട്ടോപ്യയെപ്പോലെ ഡിസ്റ്റോപ്യയും ഒരുപാട് സാഹിത്യകാരന്മാർക്ക് പ്രചോദനമായിട്ടുണ്ട്. ഡിസ്റ്റോപ്യ എന്ന പേടിസ്വപ്നത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്‌കൊണ്ട് അനേകം സാഹിത്യ സൃഷ്ടികൾ രൂപം കൊണ്ടിട്ടുണ്ട്. ഏകാധിപത്യവും, ഭരണവർഗ്ഗ ക്രൂരതകളും, ദാരിദ്ര്യവും സാംസ്‌കാരിക അടിമത്തവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഡെസ്റ്റോപ്യയെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു നോവലാണ് ജോർജ്ജ് ഓർവെല്ലിന്റെ 1984.

ഓഷേനേഷ്യ, യൂറേഷ്യ, ഈസ്റ്റേഷ്യ എന്നീ മൂന്നു രാജ്യങ്ങളാണ് 1984-ലെ ലോകത്തിലുള്ളത്. പരസ്പരം പോരടിക്കുന്ന ഈ മൂന്നു രാജ്യങ്ങളും ഏകാധിപത്യത്തിൻ കീഴിലാണ്. അതിൽ ഓഷേനേഷ്യയിൽ നടക്കുന്ന കഥയാണ് 1984. ഇന്നത്തെ ലോകത്തിന്റെ പോക്ക് ഓർമ്മിപ്പിക്കുന്നത് ഈ ഡിസ്റ്റോപ്യയേയാണ്. ഓഷോനേഷ്യൻ സർക്കാരിനു കീഴിലുള്ള ഒരു വകുപ്പാണ് മിനിസ്ട്രി ഓഫ് ലവ് അഥവാ സ്‌നേഹത്തിന്റെ വകുപ്പ്. സ്വന്തം ജനതയുടെ വംശീയ മാഹാത്മ്യം ജനങ്ങളിലേക്ക് പകർത്തുകയും അതിനെ എതിർക്കുന്നവരെയൊക്കെ ഇല്ലാതെയാക്കുകയുമാണ് ഈ വകുപ്പിന്റെ ജോലി.

വംശീയതയും മറ്റും, താരതമ്യേന ഇടുങ്ങിയ ചിന്താഗതിക്കാരെന്ന ലേബൽ പതിച്ചുകിട്ടിയിട്ടുള്ള ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കുത്തകയായിട്ടായിരുന്നു ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്. വംശീയതയുടെ പേരിൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായതൊഴിച്ചാൽ പാശ്ചാത്യ രാജ്യങ്ങളിൽ വംശീയ കലാപമൊന്നും ഉണ്ടായിട്ടില്ല, ഒരു പക്ഷെ ചില ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെ ഉണ്ടായിട്ടുള്ളതുപോലുള്ള വൻ കലാപങ്ങൾ യൂറോപ്പിലും അമേരിക്കയിലുമൊക്കെ കേട്ടുകേൾവി മാത്രമായിരുന്നു.

വംശീയത ഉയർത്തികാട്ടിയ തെരഞ്ഞെടുപ്പിൽ ട്രംമ്പിന്റെ വിജയവും അതിനെ തുടർന്ന് ഇറ്റലിയിലും ഫ്രാൻസിലും ജർമ്മനിയിലുമൊക്കെ ഉയർന്നു വരുന്ന വലതുപക്ഷ തരംഗങ്ങളും സൂചിപ്പിക്കുന്നത് ഓഷോനേഷ്യയുടെ ഉയർത്തെഴുന്നേല്പ് തന്നെയാണ്. താരതമ്യേന പുരോഗമനാശയക്കാരെന്ന് ഇതുവരെ നാം വിശ്വസിച്ചു വന്ന പടിഞ്ഞാറൻ അർദ്ധഗോളനിവാസികൾ വരെ വംശീയാഭിമാനത്തിൽ പുളകിതരാകുന്നത് ഭയത്തോടെ മാത്രമേ കാണാനാകൂ. തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന ഭരണാധികാരികൾ ലോകം മുഴുവൻ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ മിനിസ്ട്രി ഓഫ് ലവിന്റെ പ്രവർത്തനം ആരംഭിക്കാൻ അധികം താമസമുണ്ടാകില്ല. കറുപ്പ് നിറത്തെ വെളുപ്പെന്ന് വിളിക്കാൻ നിർദ്ദേശമുണ്ടായാൽ അത് കണ്ണുമടച്ചു വിശ്വസിക്കാൻ തയ്യാറാകുന്ന ഭക്തരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ആശങ്കയുളവാക്കുന്നു.

രാജ്യത്തിന്റേയും സംസ്‌കാരത്തിന്റേയും കാവലാളെന്ന് വിശ്വസിക്കപ്പെടുന്ന വല്യേട്ടന്റെ (ബിഗ് ബ്രദർ) അപദാനങ്ങൾ വാഴ്‌ത്തുന്ന കഥകളിലേക്ക് ചരിത്രം ചുരുക്കിയെഴുതപ്പെടുമ്പോൾ, പിന്നെ തലമുറകൾക്ക് പുറം ലോകത്തെക്കുറിച്ചുള്ള അറിവുകൾ ഒന്നൊന്നായി ഇല്ലാതെയാക്കപ്പെടും. ഭരണകൂടത്തിന്റെ തത്വശാസ്ത്രവും നീതിശാസ്ത്രവും മാത്രമാണ് സത്യവും ശരിയുമെന്ന് വിശ്വസിക്കുവാൻ ജനങ്ങൾ നിർബന്ധിക്കപ്പെടും. അങ്ങനെ, അധികാരം ഒരു ചെറിയ കൂട്ടം മനുഷ്യരിലേക്ക് ഒതുങ്ങുന്ന ഒലിഗാർകിയൽ കളക്ടിവിസം വരുന്ന വഴികൾ എല്ലാം തെളിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്നതും ഓർക്കേണ്ടുന്നതാണ്.

പഠിച്ചതും പഠിപ്പിച്ചതുമായ വിശ്വാസങ്ങൾക്കെതിരായി എന്തുവന്നാലും സഹിക്കാനാകാത്ത അവസ്ഥ വരുന്നു. അക്രമവും ബഹിഷ്‌കരണവും ഊരുവിലക്കുമൊക്കെയായി, ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങളെ തകർക്കാൻ ശ്രമിക്കുകയല്ലാതെ അവയെ ആശയപരമായി നേരിടാൻ ആർക്കുമാകുന്നില്ല. കാരണം, പഠനം വല്യേട്ടന്റെ കല്പനകളിലേക്ക് മാത്രമായി ഒതുക്കുന്നു അധികാരകേന്ദ്രങ്ങൾ.

മനുഷ്യരുടെ നിത്യജീവിതത്തിൽ വർദ്ധിച്ചു വരുന്ന അധികാര കേന്ദ്ര ഇടപെടലുകളാണ് ഡിസ്റ്റോപ്യയെകുറിച്ചുള്ള ഭീതി വളർത്തുന്ന മറ്റൊന്ന്. ഓഷോനേഷ്യയിലേത് പോലെ ഓരോ വീടും നിരീക്ഷണത്തിലാക്കുകയും നിത്യ സംഭവങ്ങൾ വിവിധ സർക്കാർ വകുപ്പുകളിൽ രേഖപ്പെടുത്തുന്ന പതിവുകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും മറ്റു പലകാര്യങ്ങളിലും സർക്കാർ കൂടുതലായി ഇടപെടുവാൻ തുടങ്ങിയിരിക്കുന്നു. സദാചാരത്തിന്റെ പേരിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് വരെ ഒളിഞ്ഞുനോക്കാനുള്ള മനോനിലയിലായിരിക്കുന്നു, സ്തുതിപാഠകർ.

ഒളിഗാർസിയൽ കളക്ടീവ്‌നെസ്സിന്റെ മറ്റൊരു മുഖമുദ്രയാണ് സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്നവരോടുള്ള സമീപനം. തൊഴിലാളികളുടെ ആവശ്യങ്ങളേക്കാളേറെ ഇവർക്ക് താല്പര്യം, ഇവർക്ക് കൂടി പങ്കാളിത്തമുള്ള വ്യവസായങ്ങളുടെ നിലനില്പായിരിക്കും. അതിനെതിരെ ഉയരുന്ന ഏതൊരു ശബ്ദവും അവർ അടിച്ചമർത്തുന്നത് വികസനത്തിന്റെ പേരിൽ, മധുര മനോജ്ഞ സ്വപ്നങ്ങൾ നൽകിയായിരിക്കും. ഡിസ്റ്റോപ്പിയൻ സങ്കല്പത്തിലൂന്നിയുള്ള മറ്റൊരു നോവലായ ദ അയേൺ ഹീലിൽ പറയുന്ന സങ്കല്പ നഗരമായ ആസ്ഗാർഡിന്റെ ചരിത്രം വ്യക്തമാക്കുന്നത് അതാണ്.

സ്വന്തം മണ്ണിൽ കൃഷിചെയ്ത് ആത്മാഭിമാനത്തോടെ ജീവിക്കുന്ന കർഷകരെ പോലും മധുര വാഗ്ദാനങ്ങൾ നൽകി, കെണികളിൽ കുടുക്കി, ഭരണകൂടത്തിന്റെ സഹായമില്ലാതെ ജീവിക്കാനാകാത്ത അവസ്ഥയിലെത്തിക്കുന്നു. ശാസ്ത്രപുരോഗതിയെ മുതലെടുത്ത് ജനിതിക വ്യതിയാനം വരുത്തിയ വിത്തുകളിലൂടെയും, കോർപ്പറേറ്റ് സമ്പദ്ഘടന പ്രോത്സാഹിപ്പിച്ചും മറ്റും കാർഷികരംഗത്തെ വ്യവസായികമേഖലയുടെ നിയന്ത്രണത്തിലാക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ സൂചനയാണ്. വിതക്കേണ്ട വിത്തേത്, വളർത്തേണ്ട വിളയേതെന്ന്, അധികാരവും സ്വാധീനവുമുള്ള ഈ ചെറിയ കൂട്ടം തീരുമാനിക്കുന്ന കാലം അതിവിദൂരമല്ല.

ഡിസ്റ്റോപ്യയെ അടിസ്ഥാനമാക്കി എച്ച്. ജി. വെൽസ് രചിച്ച സ്ലീപ്പർ അവേക്കൻസ് എന്ന നോവലിലെ നായക കഥാപാത്രത്തിന്റെ അവസ്ഥയാണ് ഇന്ന് സാധാരണക്കാർക്ക്. രോഗം മാറാൻ അമിത അളവിൽ മരുന്നു കഴിച്ചതിനാൽ നിദ്രയിലാണ്ട് പോയ ആളാണ് ഇതിലെ നായക കഥാപാത്രമായ ഗ്രഹാം. 1897-ൽ നിദ്രയിലാണ്ട ഈ കഥാപാത്രം ഉറക്കമുണരുന്നത് ഇരുന്നൂറ്റി മൂന്നു കൊല്ലങ്ങൾ കഴിഞ്ഞ് 2100 ലാണ്. അതിനുള്ളിൽ, തനിക്ക് ബാങ്കിൽ ഉണ്ടായിരുന്ന നിക്ഷേപം, പലിശയും പലിശയുടെ പലിശയുമൊക്കെ ചേർന്ന് കോടിക്കണക്കിന് സ്വത്തിനുടമയാക്കുന്നു ഇയാളെ.

വാർത്തയറിഞ്ഞെത്തുന്നവരെ കാണുവാൻ ഇയാൾക്ക് ചുറ്റുമുള്ളവർ ഇയാളെ അനുവദിക്കുന്നില്ല. ദീർഘനിദ്രയിൽ നിന്നുണർന്ന് സ്വാതന്ത്ര്യം തേടിയ ഇയാളെ, ഒരു പറ്റം ആളുകൾ തടങ്കലിൽ വച്ച് സ്വന്തം ഇഷ്ടപ്രകാരം ഇയാളുടെ സ്വത്തുകൾ കൈകാര്യം ചെയ്യുവാൻ തുടങ്ങുന്നു.
ഓസ്റ്റോഗ് എന്ന നേതാവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വിമതന്മാർ ഗ്രഹാമിനെ സ്വതന്ത്രനാക്കുന്നു. പിന്നീട് ഗ്രഹാമിനെ മുൻനിർത്തി ഓസ്റ്റോഗ് ഭരിക്കുന്നതും വെറും ഒരു ന്യുനപക്ഷത്തിനു വേണ്ടി മാത്രം. അടിസ്ഥാന വർഗ്ഗത്തിന്റെയും തൊഴിലാളികളുടേയും കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് ഗ്രഹാം കലാപത്തിന് മുതിരുകയാണ്.

ഉറങ്ങിയെഴുന്നേറ്റ് സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്ന കോടിക്കണക്കിനാളുകളുടെ പ്രതിനിധിയാണ് ഗ്രഹാം. തലമുറകളിലൂടെ നാം ആർജ്ജിച്ച സംസ്‌കാരവും, പൈതൃകവും സമ്പത്തുമെല്ലാം, നമ്മുടെ പേരിൽ ഒരു ചെറിയ കൂട്ടം സ്വന്തമാക്കാൻ വെമ്പുന്ന പ്രവർത്തനത്തിനാണ് നാം സാക്ഷികളാകുന്നത്. കറുത്തകഥകൾ പറഞ്ഞ് വിശ്വസിപ്പിച്ചും, ഗ്രഹാമിനുള്ളിലുറങ്ങിയിരുന്ന അഗ്നിയെ ഊതിക്കത്തിച്ചും അധികാരത്തിലെത്തിയ ഓസ്റ്റോഗുമാരും ഭരിക്കുന്നത് ഗ്രഹാമിനു വേണ്ടിയല്ല, മറ്റാർക്കൊക്കെയോ വേണ്ടിയാണ്.

സിറിയയിലും, ആഫ്രിക്കയിലും യൂറോപ്പിലും മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തും ഇത്തരത്തിലുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അസഹിഷ്ണുത വളർന്നു കൊണ്ടിരിക്കുന്നു. ആശയങ്ങൾ കൈമോശം വന്നവർ ആയുധങ്ങളെ ആശ്രയിക്കുവാൻ തുടങ്ങുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത്, നാം നടന്നടുക്കുന്നത് ഡിസ്റ്റോപ്യയിലേക്ക് തന്നെയാണെന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP