Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഹാബിസത്തെ പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്...

വഹാബിസത്തെ പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്...

വഹാബിസം കേരളത്തോട് ചെയ്തത് എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാറിലെ പ്രസംഗങ്ങളുടെ ചുരുക്കമാണ് ചുവടെ കൊടുക്കുന്നത്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയായ സുന്നികൾ വഹാബിസത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഈ ചർച്ചയിൽ ആദ്യം ഉയർന്നത്. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാ സഖാഫി എളമരം, സംസ്ഥാന കേരള ജം ഇയ്യത്തുൽ ഉലമയുടെ പ്രതിനിധി സദഖത്തുല്ലാ മൗലവി എന്നിവരും മോഡറേറ്ററായി സി.എച്ച് മുസ്തഫ മൗലവിയുമാണ് സംസാരിച്ചത്. പി ടി നാസർ ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത് - എഡിറ്റർ

വഹാബിസം പിന്തുടരുന്നത് ഖവാരിജുകളുടെ രീതി

റഹ്മത്തുല്ലാ സഖാഫി എളമരം

രണ്ട് വ്യതിയാനങ്ങളാണ് ഇസ്ലാമിൽ നിന്നുണ്ടായത്. ഒന്ന് ഖവാരിജുകളും മറ്റൊന്ന് ശിയാക്കളും. അലി(റ)മുആവിയ (റ) എന്നിവർ അടക്കമുള്ള എല്ലാവരും പിഴച്ചവരാണ് എന്ന് ആരോപിച്ചുകൊണ്ട് രംഗത്തുവന്നവരാണ് ഖവാരിജുകൾ. എന്നാൽ അലി(റ)യെ വല്ലാതെ പുകഴ്‌ത്തുകയും ദൈവീകമാനത്തിലേക്ക് ഉയർത്തുകയും ചെയ്തവരാണ് ശിയാക്കൾ. രണ്ടും വ്യതിയാനങ്ങളാണ്(ബിദ്അത്ത്).ശിയായിസം ഇപ്പോൾ ഇവിടെ ചാർച്ചാ വിഷയം അല്ലാത്തതിനാൽ ഖവാരിജുകളെക്കുറിച്ച് പറയാം.

തങ്ങൾ മാത്രമാണ് ശരി എന്നും തങ്ങൾ പറയുന്നത് അംഗീകരിക്കാത്തവരെല്ലാം കാഫിറുകളാണെന്നും പ്രഖ്യാപിക്കുക. അങ്ങനെ കാഫിറുകളാക്കപ്പെട്ടവരെ ക്രൂരമായി കൊന്നുകളയുക. -ഇതായിരുന്നു ഖവാരിജുകളുടെ രീതി. അതുതന്നെയാണ് വഹാബിസത്തിന്റെ രീതി. ലോകമുസ്ലിംകളുടെ ആത്മീയ നേതൃത്വമായ തുർക്കി ഖിലാഫത്തിനെ തകർക്കാനായി വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് അബ്ദുൽ വഹാബും സൗദി രാജകുടുംബത്തിന്റെ സ്ഥാപകരും കൈകോർത്തതു മുതൽ ചരിത്രത്തിലിന്നോളം ഇതാണ് കണ്ടിട്ടുള്ളത്.

പതിനെട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് അബ്ദുൽ വഹാബിന്റെ നേതൃത്തിൽ വഹാബിസത്തിന്റെ ആദ്യത്തെ വരവിലും ഒന്നു പത്തിമടക്കിയശേഷം 1920ൽ വന്നപ്പോഴും ഇതതന്നെയാണ് കണ്ടത്. കഅബ അടക്കമുള്ള ആരാധനാലയങ്ങൾ കൊള്ള ചെയ്തു. കഅബയിൽ സൂക്ഷിച്ചിരുന്നതും തീർത്ഥാടകർ സംഭാവന അർപ്പിച്ചിരുന്നതുമായ പണവും രത്‌നവും കൊള്ളചെയ്ത് വീതിച്ചെടുത്തു. മക്കയും മദീനയും കൊള്ളയടിച്ചശേഷം ഇറാഖിലെ കർബലയിലേക്ക് നീങ്ങി. ഇമാം ഹുസ്സൈന്റെ ദർഗ തകർത്തു, കർബലയാകെ കൊള്ളയടിച്ചു. മക്കയിലാണെങ്കിൽ പ്രധാന സഹാബിമാരുടേയും നബിതിരുമേനിയുടെ ബന്ധുക്കളേയും ബഖറുകൾ തകർത്തു. നബി ജനിച്ച വീടുപോലും തകർത്തു.

ഇപ്പോൾ ജന്നത്തു ബഖീഇൽ ചെന്നാൽ ഫാത്തിമാ ബീവിയുടെ ഖബറോ പ്രധാന സഹാബാക്കളുടെ കബറുകളോ തിരിച്ചറിയാൻ മാർഗമില്ല. സ്മാരകങ്ങൾ തകർക്കുന്നത് ഓർമകളെ ഇല്ലാതാക്കാനാണ്. ഇത് സാമ്രാജ്യത്വത്തിന്റെ രീതിയാണ്. മമ്പുറത്തെ തങ്ങളുടെ ജാറംപൊളിച്ച് ജനാസയുടെ അവശിഷ്ടങ്ങൾ അറേബ്യയിലേക്ക് കടത്താൻ ബ്രിട്ടീഷ് ഭരണകൂടം പദ്ധതി തയ്യാറാക്കിയതിന്റെ രേഖകൾ ലഭ്യമാണ്. ദർഗകൾ തകർത്ത് ഓർമ നശിപ്പിക്കുക എന്ന ആ പണി വഹാബിസം എന്നും ചെയ്തു പോന്നിട്ടുണ്ട്.

അതിന്റെ മറ്റൊരു സ്വഭാവം ക്രൂരമായ കൊലപാതകങ്ങളാണ്. വഹാബിന്റെ നേതൃത്വത്തിൽ പടയോട്ടം നടത്തിയിരുന്ന കാലത്ത് പള്ളികളിൽ നിസ്‌കരിച്ചുകൊണ്ടിരുന്ന പണ്ഡിതന്മാരേയും ഭക്തന്മാരേയും നിസ്‌കരിക്കുന്ന അതേ അവസ്ഥയിൽ വെട്ടിക്കൊല്ലുകയായിരുന്നു. അതിന്റെ വിവരണങ്ങളൊക്കെ ചരിത്രഗ്രന്ഥങ്ങളിൽ ലഭ്യമാണ്. - ഇതൊക്കയും വഹാബിസത്തിന്റെ വീരകൃത്യങ്ങളായി അവരുടെ നേതാവ് ഉസൈമീൻ എഴുതിവെച്ചിട്ടുണ്ട്.

അതുതന്നെയാണ് ഐ.എസ്.ഐ.എസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുവയസ്സുള്ള ഒരു പണ്ഡിതനെ ഐ.എസ്.ഐ.എസ് തലവെട്ടിക്കൊന്ന വാർത്ത നമുക്കൊക്കെ ഓർമയുണ്ടല്ലോ. ഇതുതന്നെയാണ് എന്നും എവിടേയും വഹാബികളുടെ രീതി. ഖവാരിജുകളുടെ രീതി. ഐ.എസിന്റെ രീതി. അത് ഭീകരതയാണ്.

ശിയായിസവും വഹാബിസവും ഒരുപോലെ എതിർക്കപ്പെടേണ്ടത്

സദഖത്തുല്ലാ മൗലവി

വഹാബിസവും ശീയായിസവും ഒരേപോലെ എതിർക്കപ്പെടേണ്ടതാണ്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയം വഹാബിസമായതിനാൽ അതിനെക്കുറിച്ച് പറയാം. വഹാബികളും സുന്നികളും തമ്മിലുള്ള പ്രശ്‌നം കർമശാസ്ത്രപരമല്ല. നിസ്‌കാരത്തിൽ കയ്യ് എവിടെ കെട്ടണം, ഖുനൂത്ത് ഓതണോ എന്നതൊന്നുമല്ല തർക്കം.

അതൊക്കെ വിവിധ കർമശാസ്ത്ര രീതികളിൽ വിവിധ തരത്തിലാണ്. അതൊക്കെയും മനസ്സിലാക്കി സഹകരിച്ചു പോകാവുന്നതേയുള്ളു. എന്നാൽ സുന്നികളും വഹാബികളും തമ്മിലുള്ള പ്രശ്‌നം ആശയപരമാണ്. കാഴ്ചപ്പാടിലെ വ്യത്യാസമാണ്. അവർ മാത്രമാണ് മുസ്ലിംകൾ എന്ന് പ്രഖ്യാപിക്കലും അവർ പറയുന്നത് അംഗീകരിക്കാത്തവരെ കാഫിറുകളായി പ്രഖ്യാപിക്കലും അവരുടെ രീതിയാണ്.

കേരളത്തിലും അവർ അതുതന്നെയാണ് ചെയ്ത്. കേരളത്തിലെ സുന്നികളെ അവർ കാഫിറുകളായി പ്രഖ്യാപിച്ചു. എന്നിട്ട് അഹ്-ലു സുന്നത്തിന്റെ മൊത്തക്കുത്തക അവർ ഏറ്റെടുത്തു. അതോടെ അവരാണ് മുഖ്യധാരാ മുസ്ലിംകൾ എന്നൊരു ധാരണയുണ്ടായി. അവർ ചെയ്യുന്നതെല്ലാം ഇസ്ലാമിന്റെ പേരിൽ ചാർത്തപ്പെടാൻ തുടങ്ങി. അത് എതിർക്കപ്പെടേണ്ടതാണ്. അതിനെ എതിർക്കാൻ നമ്മളൊക്കെയും ഒരുമിച്ചു നിൽക്കേണ്ടതാണ്.

വഹാഹിസം വളർന്നത് ഭരണകൂടത്തിന്റെ പിന്തുണയോടെ

സി.എച്ച്. മുസ്തഫ മൗലവി

മൂന്ന് ആഭ്യന്തര വെല്ലുവിളികളാണ് ഇസ്ലാമിന് എതിരെ, ഇസ്ലാമിൽ നിന്നുതന്നെ മുളച്ചുവന്നത്. ഇറാനിൽ നിന്ന് ബഹായിസവും ഇന്ത്യയിൽ നിന്ന് ഖാദിയാനിസവും അറേബ്യയിൽ നിന്ന് വഹാബിസവും. അടിസ്ഥാനവാദങ്ങൾ ദുർബലമായതിനാലും നേതൃശേഷി കുറവായതിനാലും ബഹായിസവും ഖാദിയാനിസവും തകർന്നടിഞ്ഞു. എന്നാൽ തുടക്കംമുതലേ ഒരു ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചതിനാൽ വഹാബിസം വളർന്നു വലുതായി.

എത്ര ദുർബലമാണെങ്കിലും , ഖിലാഫത്ത് എന്ന മഹനീയ അർത്ഥത്തിൽ അങ്ങനെ വിളിക്കാമോ എന്നൊക്കെ സംശയമുണ്ടെങ്കിലും തുർക്കി ഖിലാഫത്ത് ലോകമുസ്ലിംങ്ങളുടെ നേതൃത്വമായിരുന്നു. അതിനെ തകർത്തുകൊണ്ട് രാജഭരണം സ്ഥാപിച്ചുകൊടുക്കുകയാണ് വഹാബിസം ചെയ്തത്. തുർക്കി ഖലീഫയുടെ കീഴിലുള്ള ഒരു ഗവർണറെ ആയുധമണിയിച്ച് ഭരണാധികാരിയാകാൻ പ്രേരിപ്പിച്ചു വിട്ടാണ് അത് സാധിച്ചത് എന്ന് നാം കണ്ടു. അത് അമവീ രീതിയാണ്. തെരഞ്ഞെടുക്കപ്പെട്ട ഖലീഫയായ അലിയെ വെല്ലുവിളിച്ച് ഖലീഫയുടെ കീഴിലെ ഗവർണർ മാത്രമായിരുന്ന മുആവിയെ അമവീരാജവംശം സ്ഥാപിച്ചതു പൊലെതന്നെയാണ് വഹാബ് തുർക്കി ഖലീഫയെ തോൽപ്പിച്ച് സൗദി രാജവംശം സ്ഥാപിച്ചത്.

അധികാരത്തിന്റെ പിൻബലത്തോടൊപ്പം മക്ക, മദീന എന്നീ വിശ്വാസകേന്ദ്രങ്ങൾ അധീനതയിലുണ്ട് എന്നതും വഹാബിസത്തിനും സൗദി രാജാക്കന്മാർക്കും വളമായി. ഇരുഗേഹങ്ങളുടേയും പരിപാലകർ എന്നല്ല ഇരുഗേഹങ്ങളേയും പിടിച്ചടക്കിയവർ എന്നാണ് സൗദിരാജാക്കന്മാരെ വിശേഷിപ്പിക്കേണ്ടത്. ഇസ്ലാമിന്റെ ആത്മീയത മുഴുവൻ ഊറ്റിക്കളഞ്ഞ് വരണ്ട ഒരു രാഷ്ട്രീയ ഇസ്ലാമിനെയാണ് വഹാബിസം മുന്നോട്ടുവെച്ചത്. ഇസ്ലാമിന്റെ വിമോചനം എന്നത് കമ്മ്യൂണിസത്തിന്റെ പച്ചപ്പതിപ്പല്ല.

ഇസ്ലാമിന്റെ ആത്മീയത എന്നത് മതത്തിനു പുറത്തുമല്ല. ആത്മീയതയുടെ നനവുള്ള ആന്തരികവിമോചനമാണ് ഇസ്‌ളാമിന്റേത്. അതിലൂടെയാണ് സാമൂഹ്യമാറ്റം സ്ഥാപിക്കുന്നത്. അല്ലാതെ ആക്രമങ്ങളിലൂയെല്ല. അക്രമോത്സുകതയിൽ നിന്ന് വഹാബിസത്തിന് മാറിനിൽക്കാനാകില്ല. അബ്ദുൽ വഹാബിന്റെ ചിന്തകൾ തന്നെ ആക്രമത്തിന്റെ വിത്തുകളാണെന്ന് അദ്ദേഹത്തിന്റെ ''കിത്താബുതൗഹീദ്'' എന്ന ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP