Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ ഭൂമി, എന്റെ കൂലി, എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല.. ഉത്തരം കൊടുക്കാനാവാതെ, നിസ്സഹായതയിൽ വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി; സ്വന്തം ജന്മഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് എന്ത് രാമജന്മഭൂമി? വിശപ്പിനോളം വലുതല്ല, ഒരു രാമനും; സുധാ മേനോൻ എഴുതുന്നു

എന്റെ ഭൂമി, എന്റെ കൂലി, എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല.. ഉത്തരം കൊടുക്കാനാവാതെ, നിസ്സഹായതയിൽ വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി; സ്വന്തം ജന്മഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് എന്ത് രാമജന്മഭൂമി? വിശപ്പിനോളം വലുതല്ല, ഒരു രാമനും; സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

'മാഡം, എപ്പോഴാണ് ഞങ്ങൾക്ക് ഭൂമി കിട്ടുന്നത്? നിങ്ങൾക്ക് ഞങ്ങളെ റാഞ്ചിവരെ കൊണ്ട് പോകാൻ പറ്റുമോ? ആരും ഒരുറപ്പും തരുന്നില്ല. വണ്ടിക്കൂലിക്കു പോലും പൈസ ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത്. 'രാം ചരൺ യാദവ് എന്ന മനുഷ്യൻ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. അയോധ്യാകേസിന്റെ വിധി പുറത്തു വന്ന ദിവസം ആയിരുന്നു അന്ന്. ഇക്കഴിഞ്ഞ നവംബർ ഒമ്പതിന് ശനിയാഴ്ച. ഞാൻ അന്ന് ഝാർഖണ്ഡിൽ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ, ഝാർഖണ്ഡിലെ, സാന്താൾ പർഗാന ഡിവിഷന്റെ ഭാഗമായ സാഹിബ് ഗംജ് ജില്ലയിൽ.

ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞു കൊളോണിയൽ പട്ടണമാണ് സാഹിബ് ഗംജ്. ഒരു വശത്തു ഗംഗാനദിയും, മറുവശത്തു രാജ്മഹൽ പർവതവും അതിരിട്ടു നിൽക്കുന്ന, വിശാലമായ കൃഷിയിടങ്ങളും മാന്തോപ്പുകളും, നിറഞ്ഞ മനോഹരമായ സ്ഥലം. വളരെ പഴകിയ, ഇടുങ്ങിയ, ഹോട്ടൽ റിസപ്ഷനിലെ ടെലിവിഷനിൽ അയോധ്യാ കേസിന്റെ വിധി കേൾക്കാൻ ഏതാനും പേര് കൂടിനിൽക്കുന്നുണ്ട്. പ്രാദേശിക ചാനലിൽ, ഹിന്ദു സന്ന്യാസിമാരുടെ ആർപ്പുവിളികൾ ഇടതടവില്ലാതെ കാണിച്ചുകൊണ്ടിരിക്കെ, ഹോട്ടൽ ലോബിയിലെ കാണികളുടെ മുഖം അഭിമാനം കൊണ്ട് വിടരവെ, രാം ചരൺ യാദവ് എന്നെ വീണ്ടും വിളിച്ചു. ഞാൻ ടിവിയിൽ നിന്നും മുഖം തിരിച്ചു അയാളെ നോക്കി. അയാളുടെ അതേ പേരുള്ള ദൈവത്തിന്റെ നാമം, ടിവിയിൽ ജനാവലി ആർത്തു വിളിക്കുമ്പോൾ , ഒരിക്കൽ പോലും സ്‌ക്രീനിലേക്ക് നോക്കാതെ അയാൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു, 'എന്റെ ഭൂമി, എന്റെ കൂലി, എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഭക്ഷണമില്ല ..' ഉത്തരം കൊടുക്കാനാവാതെ, നിസ്സഹായതയിൽ വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി. ടിവിയിലേക്കു ഒന്നുകൂടി നോക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല.ഞാൻ മുഖം തിരിച്ചു.

ഗംഗാ നദിയിൽ, വാരാണസി മുതൽ ഹാൽദിയ വരെ നീണ്ടുകിടക്കുന്ന ദേശിയ ജലപാതാ പദ്ധതിയുടെ മൂന്നു മൾട്ടി മോഡൽ ടെര്മിനലുകളിൽ ഒരെണ്ണം സാഹിബ് ഗഞ്ചിൽ ആണ്. ആയിരത്തി ഇരുനൂറു കോടിയുടെ ഈ മഹാപദ്ധതിയുടെ ടെർമിനൽ ഈയിടെയാണ് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഗംഗയിലൂടെയുള്ള ചരക്കു ഗതാഗതം വർദ്ധിക്കുകയും, ലോജിസ്റ്റിക്‌സ് ചെലവ് ഗണ്യമായി കുറയുന്നതിലൂടെ സാമ്പത്തിക വളർച്ചയും ആണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കു വിനിമയവും ഇതുവഴി എളുപ്പമാകുന്നു എന്നാണ് കണക്കുകൂട്ടൽ. ജലപാതയുടെ രണ്ടാമത്തെ ടെർമിനൽ ആണ് സാഹിബ് ഗഞ്ചിൽ ഉയർന്നത്. L& T ക്കായിരുന്നു കൺസ്ട്രക്ഷൻ കോൺട്രാക്ട്. രണ്ടാം ഘട്ടത്തിലെ ഡ്രെഡ്ജിങ് കോൺട്രാക്ട് കിട്ടിയിരിക്കുന്നത് സാക്ഷാൽ അദാനിക്കും.

ഈ സ്വപ്നപദ്ധതിക്ക് വേണ്ടി 180 ഏക്കർ സ്ഥലമാണ് സാഹിബ് ഗഞ്ചിൽ നിന്ന് മാത്രം ഏറ്റെടുത്തതു. ഗംഗയുടെ തീരത്തെ ഫലഭൂയിഷ്ടമായ ഭൂമി. സമ്പന്നരായ ഭൂവുടമകൾ അല്ല, ആരും. മറിച്ചു അന്നന്നത്തെ അന്നത്തിനു വേണ്ടി കൃഷി ചെയ്യുന്ന, സാധു കർഷകർ. സാന്താൾ ആദിവാസികളുടേത് അടക്കം നൂറോളം കർഷകർക്കാണ് ഭൂമി നഷ്ടപ്പെട്ടത്. പകരം, ഭൂമിയും, പണവും, ജോലിയും, വികസനവും ആയിരുന്നു വാഗ്ദാനം. പക്ഷേ, എല്ലാ വാഗ്ദാനങ്ങളും ജലരേഖകൾ ആയി. നഷ്ടപരിഹാരം പലർക്കും കിട്ടിയെങ്കിലും, ആർക്കും ഭൂമിയോ, ജോലിയോ കിട്ടിയില്ല. കൃഷി അല്ലാതെ വേറൊരു പണിയും അറിയില്ലാത്ത സന്താളുകൾ ഭൂമി നഷ്ടപ്പെട്ടതോടെ അക്ഷരാർത്ഥത്തിൽ അഭയാർത്ഥികൾ ആയി. റോഡരികിൽ, പുല്ലു കൊണ്ട് കൂര കെട്ടി, അവർ L and T യിലെ സിമന്റ് ചുമട്ടുകാരായി. ദിവസം ഇരുനൂറ്റിഅമ്പതു രൂപ കൂലിയിൽ. ഇനിയും കുറെ പേർക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അതിലൊരാൾ ആണ് രാം ചരൺ.

ഒരേക്കർ സ്ഥലമാണ് രാം ചരൺ വിട്ടുകൊടുത്തത്. അതും നദിയോട് ചേർന്ന്, നിറയെ മാങ്ങ കിട്ടുന്ന മനോഹരമായ മാന്തോപ്പ്. ആറു ലക്ഷം രുപ മതിപ്പു വിലവരുന്ന ആ സ്ഥലം പോയതോടെ കുടുംബം വരുമാനമില്ലാതെ കുഴഞ്ഞു. രണ്ടു വർഷമായി പല ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഇതുവരെ നയാപൈസ കിട്ടിയിട്ടില്ല. ഓരോ കാരണങ്ങൾ പറഞ്ഞു നിരസിച്ചു കൊണ്ടേയിരുന്നു. രാംചരൺ , ഇതേ പ്രോജെക്ടിൽ സെക്യൂരിറ്റി ആയിരുന്നു. മൂന്നു മാസമായി ജോലി ഇല്ല. അതിനു തൊട്ടു മുൻപുള്ള രണ്ടു മാസത്തെ കൂലിയും കിട്ടിയിട്ടില്ല. ചുരുക്കത്തിൽ, അരി വാങ്ങാൻ പോലും പണമില്ലാതെ, പഞ്ചായത്തിലും, പ്രോജക്ട് ഓഫീസിലും കയറി ഇറങ്ങുന്നു ആ പാവം മനുഷ്യൻ. വികസനം അഭയാർത്ഥി ആക്കുന്ന സാധു മനുഷ്യർ. വയലുകളിൽ നിന്നും, വീടുകളിൽ നിന്നും പുറന്തള്ളപ്പെട്ട അവരെ അ മ്പലമോ, പള്ളിയോ ബാധിക്കുന്നതു തിരഞ്ഞെടുപ്പ് കാലത്തു രാഷ്ട്രീയക്കാർ ആളിക്കത്തിക്കുമ്പോൾ മാത്രമാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. പക്ഷെ ഇവിടെ നിന്നാണ് ദിവസവും ആയിരക്കണക്കിന് മനുഷ്യർ തൊഴിൽ തേടി, ബസ്സും, ട്രെയിനും കയറി, കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്കു അഭയാർത്ഥികൾ ആയി എത്തുന്നത്. തങ്ങളുടെ മണ്ണിൽ, അവരെ തന്നെ ദരിദ്രരും അഭയാർത്ഥികളും , ആക്കിമാറ്റുന്ന വികസനവും, ഖനനവും ഒരു കൂട്ടം ക്രോണിക്യാപിറ്റലിസ്റ്റുകളെ മാത്രംസമ്പന്നരാക്കുമ്പോൾ അവർ കുടിവെള്ളത്തിന് രണ്ടും മൂന്നും കിലോമീറ്റർ നടക്കേണ്ടി വരുന്നു. നിറഞ്ഞൊഴുകുന്ന ഗംഗയിൽ നിന്നും അധികദൂരെയല്ല ഈ ഗ്രാമങ്ങളൊന്നും. ഒരു സാന്താൾ കോളനിയിൽ കുടി വെള്ളം എത്തിക്കാൻ റോക്കറ്റു സയൻസിന്റ ആവശ്യ മുണ്ടോ? വൈദ്യതിയോ കക്കൂസോ ഇല്ലാത്ത ചെറിയ മൺവീടുകൾ.സ്‌കൂളിൽ പോകാത്ത കുഞ്ഞുങ്ങൾ. അവരുടെ ഒക്കെ ഭൂമിയാണ് അദാനിയുടെ ഗൊഡ്ഡ പവർ പ്ലാന്റിന് വേണ്ടി വീണ്ടും ഏറ്റെടുക്കുന്നത് .രണ്ടായിരം ഏക്കർ. സന്താൾ കർഷകരുടെ കടുത്ത എതിർപ്പ് വകവെയ്ക്കാതെ തന്നെ അഞ്ഞൂറ് ഏക്കറോളം സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.

ഏറ്റവും സങ്കടം അവരെല്ലാം ജീവിക്കാൻ വേണ്ടി മാത്രം കൃഷി ചെയുന്ന, വയലിൽ സ്വയം പണിയെടുത്തു ജീവിക്കുന്ന ഏറ്റവും ദരിദ്രരായ ആദിവാസികൾ ആണെന്നുള്ളതാണ്. ഗ്രാമസഭകളുടെ പ്രമേയം തള്ളിക്കൊണ്ടായിരുന്നു, ബലമായി അവരുടെ ഭൂമി പിടിച്ചെടുത്തു അദാനിക്ക് കൊടുത്തത്. ഈ പ്ലാന്റിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യതി ബംഗ്ലാദേശിന് വില്ക്കാൻ ആണ് അദാനിയുടെ ഉദ്ദേശ്യം. അദാനിയുടെ പ്ലാന്റിലേക്കു ആവശ്യത്തിനു ജലം ഗംഗയിൽ നിന്നും ലഭിക്കുമ്പോഴാണ് കുടിവെള്ളംപോലും കിട്ടാതെ ആദിവാസികൾ ബുദ്ധിമുട്ടുന്നത്. MLA ഉത്ഘാടനം ചെയ്തു പോയ വാട്ടർ ടാങ്കിൽ ഒരിക്കലും വെള്ളം വന്നില്ല. ഒരു പൈപ്പ് കണക്ഷൻ, ഏതാനും ലക്ഷങ്ങളുടെ നഷ്ടപരിഹാരം..ഇതൊന്നും ഓർമയില് ഇല്ലാത്ത ജനപ്രതിനിധികൾ തന്നെയാണ് ദിവസങ്ങൾക്കുള്ളിൽ അദാനിക്ക് കാര്യം സാധിച്ചു കൊടുക്കുന്നത്. ആനന്ദിന്റെ അഭയാര്ഥികളും, സാറാ ടീച്ചറുടെ ബുധിനിയും കഥയല്ല, ജീവിതം തന്നെയാണ് എന്നറിയാൻ ഗംഗയുടെ തീരത്തു കൂടി യാത്ര ചെയ്താൽ മതി.

ആ ദിവസം ഇന്ത്യയിലെ ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് രാമന്റെ ജന്മഭൂമിയോടുള്ള വികാരം കൃത്യമായി, അവരുടെ നിർവികാരമായ മുഖത്ത് നിന്നും ഞാൻ വായിച്ചെടുത്തു. സ്വന്തം ജന്മ ഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കു, ഇനിയും നഷ്ട പരിഹാരം ലഭിക്കാതെ ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് എന്ത് രാമ ജന്മഭൂമി? വിശപ്പിനോളം വലുതല്ല, ഒരു രാമനും എന്ന് അവരുടെ എന്നോട് കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു. പിന്നീട് ഞാൻ ഒരു ചാനലും കണ്ടില്ല. ഒരു വാർത്തയും കേട്ടില്ല. ആ കുടിലുകളും മനുഷ്യരും രാം ചരണും എന്റെ ഉള്ളിൽ പിടഞ്ഞു കൊണ്ടേയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP