Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തിൽ ഇല്ല; അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല; പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാർഥികളായി വന്നവരാണ് പൂഞ്ഞാർ, പന്തളം പ്രദേശങ്ങളിലെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ സ്ഥാനങ്ങൾ നേടിയെടുത്തത്; നാട്ടുകാരിൽ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജ കുടുംബവും ഇവരായിരിക്കും

പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തിൽ ഇല്ല; അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല; പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാർഥികളായി വന്നവരാണ് പൂഞ്ഞാർ, പന്തളം പ്രദേശങ്ങളിലെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ സ്ഥാനങ്ങൾ നേടിയെടുത്തത്; നാട്ടുകാരിൽ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജ കുടുംബവും ഇവരായിരിക്കും

ടി ടി ശ്രീകുമാർ

ബരിമലയിൽ അവകാശം ഉണ്ടെന്നു പറയുന്ന പന്തളത്തെ സവർണ്ണ കുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ല. പക്ഷെ ചരിത്രം വളച്ചൊടിക്കാൻ മുതിരുമ്പോൾ അതെക്കുറിച്ച് എതിർ വാദങ്ങൾ പറയാതിരിക്കുന്നതിൽ അർത്ഥമില്ല. മുൻപ് മാലിഖാൻ പ്രശ്‌നം ഉണ്ടായപ്പോൾ സാമൂതിരി കുടുംബത്തിന്റെ അവകാശവാദങ്ങളെയും ഇങ്ങനെ നിശിതമായി പരിശോധനക്ക് വിധേയമാക്കിയതാണ്. പണ്ടത്തെ നാടുവാഴികളുടെ പിൻതലമുറക്കാർ ചരിത്രത്തെ തികച്ചും ആത്മനിഷ്ഠമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥ ചിത്രം എന്തായിരുന്നു എന്ന് ചൂണ്ടിക്കാണിക്കേണ്ടി വരുകയാണ് ചെയ്യുന്നത്.

ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തിൽ ഇല്ല. മാർത്താണ്ഡവർമ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങൾ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂർ, വടക്കുംകൂർ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം , ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങൾ എല്ലാം മാർത്താണ്ഡവർമ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാർത്താണ്ഡവർമ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാർത്താണ്ഡവർമ്മ പന്തളം പിടിച്ചതായി കേൾക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.

പിന്നെ ഇത് വെറും കെട്ടുകഥ ആണോ? അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാർഥികളായി വന്നവരാണ് പൂഞ്ഞാർ, പന്തളം പ്രദേശങ്ങളിൽ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയർത്തിക്കാട്ടി വസ്തുവകകൾ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാർത്താണ്ഡവർമ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.

അതിനുള്ള കാരണം അറിയണമെങ്കിൽ ഈ പന്തളരാജ്യം എന്ന് പറയുന്നത് ഭൂമിശാസ്ത്രപരമായും രാജ്യതന്ത്രപരമായും നിലനിൽക്കാനുള്ള അവകാശം ഇല്ലാത്ത സ്വകാര്യ ഭൂമി മാത്രമായിരുന്നു എന്ന വസ്തുത തിരിച്ചറിയണം. തെങ്കാശിയിൽ നിന്ന് ഇവർ അഭയാർഥികളായി വന്നപ്പോൾ ഇവിടുത്തെ നായർ ജന്മികൾ ആണ് ഇവരെ സഹായിച്ചത്. കോന്നിയിൽ എവിടെയോ ആണ് ഇവരെ നാട്ടുകാർ ആദ്യം പാർപ്പിച്ചത്. നാട്ടുകാർ എന്ന് പറഞ്ഞാൽ അന്ന് ജാതി മേൽക്കോയ്മ ഉണ്ടായിരുന്ന നായന്മാർ എന്നെ അർത്ഥമുള്ളൂ. ഇവരെ നാട്ടുകാർ രാജാവായി വാഴിച്ചു എന്നാണു ഇവർ അവകാശപ്പെടുന്നത്.

എന്നാൽ അങ്ങനെ ഒരു സമ്പ്രദായം ഇവിടെ ഉണ്ടായിരുന്നില്ല. ക്ഷത്രിയർ എന്ന അവകാശവാദം അംഗീകരിച്ചു അന്നത്തെ ജാതിവ്യവസ്ഥയിലെ സ്ഥാനം നൽകി ആദരിച്ചു എന്നത് വസ്തുതയാണ്. നാട്ടിലെ നായന്മാർ ആണ് ഇത് ചെയ്തതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഇവർ നാട്ടുകാരെ സംരക്ഷിക്കുകയല്ല, നാട്ടുകാർ- അതായതു മേൽപ്പറഞ്ഞ ജന്മിമാർ- ഇവരെ സംരക്ഷിക്കുകയാണ് ചെയ്തിരുന്നത്. അങ്ങനെയാണ് ചോളന്മാർ തിരുവിതാംകൂർ ആക്രമിക്കാൻ വരുന്നു എന്ന് കേട്ട് പേടിച്ച ഇവരെ കോന്നിയിൽ നിന്ന് പന്തളത്തുകൊണ്ട് വന്നു താമസിപ്പിക്കുന്നത്. കൈപ്പുഴ തമ്പാൻ എന്ന നായർ മാടമ്പി ഇവർക്ക് കുറച്ചു സ്ഥലം ദാനം നൽകിയതാണ് ഇവരുടെ ആദ്യത്തെ ''രാജ്യം''. ബാക്കി കുറെ സ്ഥലം ഇവർ കൈപ്പുഴ തമ്പാനിൽ നിന്ന് വിലക്ക് വാങ്ങുക ആയിരുന്നു. നാട്ടുകാരിൽ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജ കുടുംബവും ലോക ചരിത്രത്തിൽ ഒരു പക്ഷെ ഇവരായിരിക്കും.

പിന്നീട് അതിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ക്ഷത്രിയർ എന്ന അംഗീകാരത്തോടെ ഇവർ കഴിഞ്ഞു പോന്നിരുന്നു. വേണാട്ടിൽ നിന്നും ഇവർക്ക് കുറച്ചു ഭൂമി പതിച്ചു കൊടുത്തിരുന്നു. അതും ''രാജ്യ''ത്തിന്റെ ഭാഗമായാണ് ഇവർ സ്വയം വിശ്വസിച്ചിരുന്നത്. എരുമേലിയും ശബരിമലയുമൊക്കെ അയ്യപ്പൻ പിടിച്ചടക്കിയതാണ് എന്നാണു കഥ. ഇതൊക്കെ പിടിച്ചടക്കാൻ അവിടെ ഏതെങ്കിലും രാജവംശം അടക്കി ഭരിച്ചിരുന്ന പ്രദേശങ്ങൾ അല്ല. വെറും കാടായിരുന്നു. അതൊക്കെ തങ്ങളുടെ കീഴിൽ ആണ് എന്ന് ഇവർ വിശ്വസിച്ചുപോന്നു എന്നതിനപ്പുറം അതിനൊന്നും യാതൊരു നിയമ സാധുതയും ഉണ്ടായിരുന്നില്ല. ഇവർക്ക് സൈന്യവും ഉണ്ടായിരുന്നില്ല.

കായംകുളവും മറ്റും മാസങ്ങളോളം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് മാർത്താണ്ഡവർമ്മ പിടിച്ചെടുത്തത്. കാരണം അവർക്ക് സൈന്യ ബലവും രാജ്യാധികാരവും ഉണ്ടായിരുന്നു. അതൊന്നും ഇല്ലാതിരുന്ന പന്തളത്തെ ആക്രമിക്കേണ്ട ഒരു കാര്യവും മാർത്താണ്ഡവർമ്മയ്ക്ക് ഉണ്ടായിരുന്നില്ല. വിലക്ക് വാങ്ങിയ സ്ഥലവും അതിനപ്പുറമുള്ള കാടും സ്വന്തം രാജ്യമാണ് എന്ന് പറഞ്ഞു കഴിയുന്ന പാണ്ഡ്യനാട്ടിൽ നിന്ന് വന്ന അഭയാർഥി കുടുംബത്തെ വേദനിപ്പിക്കേണ്ട എന്നെ മാർത്താണ്ഡവർമ്മ കരുതിയുള്ളൂ. അതിൽ കവിഞ്ഞ ഒരു പ്രാധാന്യം മാർത്താണ്ഡവർമ്മ ഇവർക്ക് നൽകിയിരുന്നില്ല. എന്നാൽ ഈ പരിഗണനയും അധികകാലം ഉണ്ടായില്ല. മാർത്താണ്ഡവർമ്മയാണ്. ബ്രിട്ടീഷുകാരുടെ സഹായത്തോടെ അവരുടെ ആവശ്യങ്ങൾക്കായി നിലകൊണ്ട നാടുവാഴിയാണ്.

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടായ യുദ്ധത്തിന്റെ കാലത്ത് പട്ടാളം ഒന്നുമില്ലാത്ത ഈ പന്തളം രാജാവിനെ ടിപ്പുവിന്റെ പേര് പറഞ്ഞു ഭയപ്പെടുത്തി ആദ്യം കുറെ പണവും പിന്നീട് ഇവരുടെ ഭൂമിയും മാർത്താണ്ഡവർമ്മ എഴുതി വാങ്ങി. ഇവരുടെ കുടുംബാങ്ങൾക്ക് പെൻഷനും അനുവദിച്ചു. അതോടെ ആ സാങ്കൽപ്പിക രാജ്യവും സാങ്കൽപ്പിക രാജാധികാരവും അപ്രത്യക്ഷമായി.

വേണാടുമായി യുദ്ധം ഉണ്ടാകാതിരുന്നതിന്റെ കാര്യവും ഇതായിരുന്നു. ഭൂമി (''രാജ്യം'') ഇങ്ങോട്ട് എഴുതി തന്നു പെൻഷൻ വാങ്ങി കൊണ്ട് പൊയ്‌ക്കോളൂ എന്ന്‌നു മാർത്താണ്ഡവർമ്മ പറയുമ്പോൾ അത് ചെയ്യുക എന്നതല്ലാതെ മറ്റൊരു പോവഴിയും ഇല്ലാത്ത കുടുംബം ആണ് എന്ന് മാർത്താണ്ഡവർമ്മയ്ക്ക് അറിയാമായിരുന്നു. പിന്നെ അവരുമായി എന്ത് യുദ്ധം?

ഒരിക്കലും ഫ്യൂഡൽ കാലത്തെ നാടുവാഴി സംബ്രദായത്തിനുള്ളിൽ പോലും നിയമപരമായി രാജ്യമോ രാജ്യാധികാരമോ ഇല്ലാതെ നാട്ടുകാരായ നായർ മാടമ്പിമാരുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ചരിത്രമാണ് പന്തളത്ത് ഇപ്പോൾ രാജ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിനുള്ളത് എന്ന ഈ വസ്തുത നമുക്ക് ഓർക്കേണ്ടി വരുന്നത് ഇവരുടെ വ്യാജമായ അവകാശവാദങ്ങൾ അതിരു കടക്കുന്നതുകൊണ്ട് മാത്രമാണ്. ആകെയുള്ളത് അയ്യപ്പൻ മിത്താണ്. അയ്യപ്പന്റെ യുദ്ധങ്ങളാണ്. അതിന്റെ കഥ ഏതാണ്ട് എല്ലാവര്ക്കും ഇപ്പോൾ അറിയുകയും ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP