Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭൂരഹിതർക്കുവേണ്ടി എന്തുകൊണ്ടു നാളെ ഞങ്ങൾ സെക്രട്ടറിയറ്റ് ഉപരോധിക്കുന്നു? ഹമീദ് വാണിയമ്പലം എഴുതുന്നു

ഭൂരഹിതർക്കുവേണ്ടി എന്തുകൊണ്ടു നാളെ ഞങ്ങൾ സെക്രട്ടറിയറ്റ് ഉപരോധിക്കുന്നു? ഹമീദ് വാണിയമ്പലം എഴുതുന്നു

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചിട്ടും അതിന്റെ പ്രയോജനം ഭൂരിപക്ഷം വരുന്ന ഭൂരഹിതർക്കു ലഭിച്ചിട്ടില്ല. ഭൂമിയില്ലാത്തവരെ രാഷ്ട്രീയപാർട്ടികളെല്ലാം അവഗണിക്കുകയാണ്. ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി ഭൂരഹിതർക്കുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി 17ന് സെക്രട്ടറിയറ്റ് ഉപരോധം സംഘടിപ്പിക്കുകയാണ്. സമരത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മറുനാടൻ മലയാളിക്കുവേണ്ടി എഴുതിയ ലേഖനം- എഡിറ്റർ


രുപാട് നേട്ടങ്ങൾക്കും പുരോഗതികൾക്കുമിടയിലും കേരളത്തെകുറിച്ച് നീറുന്ന ഒരു സത്യമുണ്ട്; കേരളം ഭൂരഹിതരുടെ നാടുകൂടിയാണ്. ജനാധിപത്യ കേരളത്തെ തുറിച്ചു നോക്കുന്ന ചോദ്യമാണ് കേരളത്തിലെ ഭൂരഹിതർ. തൊണ്ണൂറുകൾ മുതൽ കേരളത്തിലുണ്ടായ ശ്രദ്ധേയമായ സമരങ്ങൾ ഏതാണ്ടെല്ലാം ഭൂമിയുമായി ബന്ധപ്പെട്ടതാണ്.

മുത്തങ്ങ മുതൽ അരിപ്പ വരെയുള്ള ഭൂസമരങ്ങളാണ് പുതിയ കേരളത്തിന്റെ ഭൂപടം നിർമ്മിക്കുന്നത്. ചെങ്ങറ പുതിയ കേരളത്തിലെ അത്യുജ്ജലമായ ഒരു അധ്യായമാണ്. കേരളത്തിൽ ഭൂരഹിതരില്ല; മിച്ചഭൂമിയുമില്ല എന്ന ഭരണവർഗ്ഗ നിലപാടിനെ സമരം കൊണ്ട് തകർക്കുകയായിരുന്നു ചെങ്ങറ.

ജനകീയ സമരപ്രമേയങ്ങൾ രാഷ്ട്രീയമായി ഖനീഭവിച്ചാണ് നവരാഷ്ട്രീയ പ്രസ്ഥാനമായ വെൽഫെയർ പാർട്ടി രൂപംകൊള്ളുന്നത്. ജനകീയ സമരങ്ങൾ ശിഥില ശൈലിയിൽ ഉന്നയിച്ച പ്രശ്‌നങ്ങളെ അധികാര രാഷ്ട്രീയത്തിനകത്ത് ഉന്നയിക്കുകയാണ് വെൽഫെയർ പാർട്ടി ചെയ്യുന്നത്. അധികാരമാണ് ഏറ്റവും വലിയ ഏജൻസി എന്ന തിരിച്ചറിവാണ് ജനകീയ സമരപ്രവർത്തകരെ ഇത്തരമൊരു രാഷ്ട്രീയ പാർട്ടി രൂപവൽക്കരണത്തിലേക്ക് നയിച്ചത്. പുത്തൻ രാഷ്ട്രീയത്തിന്റെ വളരെ ശക്തമായ പ്രമേയങ്ങളിലൊന്നാണ് കേരളത്തിലെ ഭൂമി പ്രശ്‌നം. അതുകൊണ്ടുതന്നെ വെൽഫെയർ പാർട്ടി തുടക്കം മുതൽ കേരളത്തിലെ ഭൂമി പ്രശ്‌നം സജീവമായി ഏറ്റെടുക്കുകയായിരുന്നു.

പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാർ ലംഘിച്ചതുമായ ഭൂമികളിലേക്ക് പാർട്ടി ഭൂരഹിതരുടെയും ബഹുജനങ്ങളുടെയും മാർച്ചുകൾ സംഘടിപ്പിച്ചു. കേരളത്തിന്റെ പലഭാഗത്തായി ഏഴുപത്തേഴായിരത്തോളം ഏക്കർ സർക്കാർ ഭൂമി കൈവശം വെക്കുകയും ഇതിൽ പന്ത്രണ്ടായിരത്തോളം ഏക്കറോളം ഭൂമി വ്യാജരേഖ ചമച്ചും ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖന്മാരെ സ്വാധീനിച്ചും മറിച്ചുവിൽക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവും വലിയ ഭൂമാഫിയയാണ് ഹാരിസൺ. നിരവധി കോടതിവിധികൾ ഹാരിസണിനെതിരെ ഉണ്ടായിട്ടും ഇടത്-വലത് മുന്നണി സർക്കാറുകൾ ഹാരിസണിനെ സംരക്ഷിക്കുകയാണ്.

ഹാരിസൺ അനധികൃതമായി കൈവശം വച്ചിരിക്കുന്ന വയനാട്ടിലെ ചുണ്ടേൽ എസ്റ്റേറ്റ് ഭൂരഹിതർക്കായി പിടിച്ചെടുക്കൽ പ്രഖ്യാപനം 2012ലെ മനുഷ്യാവകാശ ദിനത്തിൽ പാർട്ടി നടത്തി. മുത്തങ്ങക്ക് കേരളത്തിലെ ഭൂസമര ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുണ്ട്. മുത്തങ്ങ വനഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതായി കേന്ദ്ര വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വനഭൂമി തിരിച്ചുപിടിക്കണമെന്നും കേരളത്തിൽ വനാവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വനഭൂമിയിലേക്ക് മാർച്ച് നടത്തി. ഭൂരഹിതരായ കേരളത്തിലെ ജനങ്ങൾ അച്ഛന്റെയും അമ്മയുടെയും മൃതശരീരങ്ങൾ അടുക്കള പൊളിച്ച് അടക്കുമ്പോൾ, ഭൂരഹിത കർഷകർ ഭൂമിക്ക് വേണ്ടി മുറവിളി ഉയർത്തുമ്പോൾ കൈയേറ്റക്കാർക്കും കോർപറേറ്റുകൾക്കും വേണ്ടി ഭൂപതിവ് ചട്ടത്തിൽ ഇളവ് വരുത്തിയ യു.ഡി.എഫ് സർക്കാറിന്റെ നടപടിക്കെതിരെ കേരളത്തിൽ ശബ്ദമുയർത്തിയ ഏകരാഷ്ട്രീയ പാർട്ടി വെൽഫെയർ പാർട്ടിയാണ്.

നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനത്തിന് പ്രാധാന്യപൂർവ്വം സംരക്ഷിച്ചുനിർത്തേണ്ടവയാണ് നെൽവയലുകളും തണ്ണീർതടങ്ങളും. ഇവ വ്യാപകമായി നികത്തുന്നതിനെതിരെ കേരള നിയമസഭ പാസാക്കിയ 2008ലെ നെൽവയൽ-നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ 2014 ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നെൽവയൽ നീർത്തട സംരക്ഷണ സദസ്സുകൾ നിയമസഭാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. മൂന്നാർ കേരളത്തിലോ അതോ സ്വതന്ത്ര റിപ്പബ്ലിക്കോ എന്നത് കേരളത്തിൽ പലവുരു ഉന്നയിക്കപ്പെട്ട ചോദ്യമാണ്. കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും മൂന്നാറിലേക്ക് തിരിഞ്ഞ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അന്നും പൂച്ച എലിയെ പിടിക്കാതെ മടങ്ങുകയാണുണ്ടായത്. 2014 സെപ്റ്റംബറിൽ പാർട്ടി അതിശക്തമായ മൂന്നാർ മാർച്ച് നടത്തി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ സീറോ ലാന്റ്‌ലെസ്സ് പദ്ധതി അപേക്ഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങളാണ് 2012 മുതൽ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. യഥാർഥത്തിൽ യു.ഡി.എഫ് സർക്കാറിന്റെ ഭൂരിഹതരില്ലാത്ത കേരളം പദ്ധതി കേരളത്തിലെ ഭൂമി പ്രശ്‌നത്തിന് ഒരു പരിഹാരമല്ല. പാർപ്പിടാവശ്യത്തിന് 10 സെന്റും കാർഷികാവശ്യത്തിന് ഒരേക്കറും മിനിമം വിതരണം ചെയ്യണം. പക്ഷേ, ഉമ്മൻ ചാണ്ടി സർക്കാർ പറഞ്ഞ വാക്കെങ്കിലും പാലിക്കണമെന്നാണ് കേരളത്തിലെ ഭൂരിഹതർ ആവശ്യപ്പെടുന്നത്.

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കോട്ടുവള്ളി വില്ലേജിലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകരെ സംഘടിപ്പിച്ചാണ് ഈ സമരം ആരംഭിക്കുന്നത്. നിരന്തരമായ പോരാട്ടങ്ങൾക്ക് ശേഷം 172 കുടുംബങ്ങൾക്ക് ഭൂമി അളന്ന് ലഭിച്ചു. ഭൂമിയും പാർപ്പിടവും പൗരന്റെ ജന്മാവകാശമെന്ന മുദ്രാവാക്യം ഉയർത്തി വമ്പിച്ച പ്രക്ഷോഭങ്ങളും ഉയർത്തി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തിൽ ആലുവ താലൂക്കിൽ കറുകുറ്റി വില്ലേജിലുള്ള 42 കുടുംബങ്ങൾക്ക് സോണിയാഗാന്ധി നൽകിയ പട്ടയത്തിൻ പ്രകാരം മുണ്ടൂർപിള്ളി ഭൂമി അന്വേഷിച്ച് എത്തിയവർ കണ്ടത് റവന്യൂ അധികാരികൾ ഭൂമി മറ്റൊരാൾക്ക് പതിച്ച് കൈമാറിയതാണ്. ഇതേതുടർന്ന് ഭൂരഹിതരെ സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ താലൂക്കോഫീസ് ഉപരോധിച്ച് തഹസിൽദാരെ തടഞ്ഞുവച്ചു. പ്രക്ഷോഭം ജില്ലാ കേന്ദ്രത്തിലേക്കു വ്യാപിപ്പിക്കുകയും കലക്ടറുടെ ചേംബറിൽ ഭൂരഹിതർ കടന്നു കയറുകയും ചെയ്തു. പട്ടയം കൊടുത്തവർക്ക് ഡിസംബർ 31 ന് ഭൂമി നൽകാമെന്നു ഉറപ്പു നൽകുകയംു ഇതിൽ 22 കുടുംബങ്ങൾക്ക് നവംബറിൽ ഭൂമി അളന്നു നൽകുകയും ചെയ്തു. ബാക്കിയുള്ളവർക്കു ഭൂമി നൽകാനുള്ള നടപടിയായിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരഹിതരുള്ളത് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലാണ്. ഇവിടെ ഭൂമിയുടെ വില വളരെ ഉയർന്നതായതിനാൽ സ്‌പെഷ്യൽ പാക്കേജ് വേണമെന്നു പാർട്ടി മുന്നോട്ടുവയക്കുകയും ഇക്കാര്യം ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാറിന്റെ പരിഗണനക്കായി വെക്കുകയും ചെയ്തിട്ടുണ്ട്.

മൂവാറ്റുപുഴയിലെ ജനസഭ എന്ന പൊതുവേദി 2009 ൽ ആരംഭിച്ച ഇട്ടിയക്കാട്ട് 100 ഏക്കർ മിച്ചഭൂമി സമരത്തിന്റെ തുടർ പോരാട്ടങ്ങൾക്ക് വെൽഫെയർ പാർട്ടിയാണ് ഇന്ന് നേതൃത്വം നൽകുന്നത് . ഇതിന്റെ തുടർച്ചയി പായിപ്രയിൽ ഇക്കഴിഞ്ഞ ഡിസംബർ 30 31 തീയതികളിലായി 41 കുടുംബങ്ങൾക്കായി അഞ്ചരയേക്കർ മിച്ചഭൂമി അളന്നു നൽകുന്ന നടപടികൾ ആരംഭിച്ചു. മൂവാറ്റുപുഴയിലെ കൊച്ചങ്ങാടിയിൽ ഇ.എം.എസ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നതിനായി 21 കുടുംബങ്ങൾക്ക് ഉപയോഗ ശൂന്യമായ ഭൂമി നഗരസഭ നൽകിയതിനെ തുടർന്ന് വെൽഫെയർ പാർട്ടിയുടെയുടെ നേതൃത്വത്തിൽ നഗരസഭയുടെ മറ്റൊരിടത്തെ ഭൂമി കൈയേറുകും ഇതേതുടർന്ന് പാർട്ടി സംസ്താന കിറ്റിയംഗം ജോൺ അമ്പാട്ട് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ജയിലലിടക്കുകയും ചെയ്തു. ജാമ്യമെടുക്കാൻ കൂട്ടാക്കാതെ ജയിലിൽ സമരം തുടർന്നതിനെ തുടർന്ന് ജനപ്രതിനിധികളും നഗരസഭാ അധികാരികളും ചർച്ചക്കു സന്നദ്ധരായി വാസയോഗ്യമായതരത്തിൽ ഭൂമി 21 കുടുംബങ്ങൾക്കും നൽകുകയും ചെയ്തു.

എറണാകുളം ജില്ലയിലാകമാനം ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങൾ പാർട്ടിയിലണിചേർന്ന് ഭൂമിക്കായുള്ള പോരാട്ടത്തിൽ പങ്കാളിയാകുകയാണിന്ന് .ആലപ്പുഴ, തൃശൂർ കൊല്ലം ജില്ലകളിലും സമാനമായ സമരങ്ങൾക്കായി ഭൂരഹിതർ പാർട്ടിയോടൊപ്പം അണിനിരന്നുകഴിഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും ഭൂരഹിതരുടെ കൂട്ടായ്മകളിലൂടെ പ്രക്ഷോഭത്തിന്റെ പാതയിലാണ് പാർട്ടി. കുമാരഗിരി എസ്റ്റേറ്റ് ഉടമകൾ കൈയേറി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ ചേരിയംമലയിലേക്ക് പാർട്ടി നടത്തിയ മാർച്ചിന് നേരെ പൊലീസ് മൃഗീയമായ മർദ്ദനമാണ് അഴിച്ചുവിട്ടത്. എസ്റ്റേറ്റ് ഉടമകൾ കൈയേറി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയും അന്യാധീനപ്പെട്ട പത്തേക്കർ മിച്ചഭൂമിയും ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.

കേരളത്തിലെ ഭൂരഹിതരിപ്പോൾ ഭൂരഹിതരല്ല; അവർ ഭൂസമര പോരാളികളാണ്. ഈ വർഷം ജനുവരി 12ന് അവർ അവർക്കശവകാശപ്പെട്ട ഭൂമികളിൽ പ്രതീകാത്മകമായി കുടിൽകെട്ടി. കൊല്ലത്ത് ഹാരിസൺ ഗുണ്ടകളും മലപ്പുറത്ത് പൊലീസ് മൃഗീയമായി ആക്രമണമാണ് സമരത്തിന് നേരെ അഴിച്ചുവിട്ടത്. ഈ മാസം 17-ാം തിയതി ആയിരക്കണക്കിന് ഭൂരഹിതർ നമ്മുടെ ഭരണസിരാകേന്ദ്രത്തിലേക്ക് ഇരമ്പിയാർത്തെത്തുകയാണ്. യു.ഡി.എഫ് സർക്കാറിന്റെ സീറോലാന്റ്‌ലെസ്സ് പദ്ധതി എന്ന പേരിൽ പറഞ്ഞ വാക്ക് പാലിക്കുമോ ഇല്ലേ എന്ന് അവസാനമായി ചോദിക്കാൻ. ഇല്ല എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ഉത്തരമെങ്കിൽ കേരളത്തിലെ ഭൂസമര പോരാളികൾ അവരുടെ വഴി സ്വന്തമായ് കണ്ടെത്തുക തന്നെ ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP