Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്കറ നീങ്ങുന്നത് യുവരാജാവിനെ കൂടുതൽ കരുത്തനാക്കും; മോദിക്കെതിരെ കത്തിക്കയറുന്ന രാഹുലിന് ഇനി ആവേശം ഇരട്ടിക്കും; ദ്രാവിഡ രാഷ്ട്രീയത്തിലെ ഒന്നാമനാകാൻ കരുണാനിധിക്കും ഡിഎംകെയ്ക്കും പുത്തൻ ഉണർവ്വും; രാജയും കനിമൊഴിയും കുറ്റവിമുക്തരാകുമ്പോൾ മന്മോഹൻ സിംഗിനും ആശ്വാസം; അഴിമതിക്കേസിൽ അപ്പീൽ പോരാട്ടം തുടരാൻ സിബിഐയും; ടുജി സ്‌പെക്ട്രത്തിലെ വിധി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി മറിക്കും

അഴിമതിക്കറ നീങ്ങുന്നത് യുവരാജാവിനെ കൂടുതൽ കരുത്തനാക്കും; മോദിക്കെതിരെ കത്തിക്കയറുന്ന രാഹുലിന് ഇനി ആവേശം ഇരട്ടിക്കും; ദ്രാവിഡ രാഷ്ട്രീയത്തിലെ ഒന്നാമനാകാൻ കരുണാനിധിക്കും ഡിഎംകെയ്ക്കും പുത്തൻ ഉണർവ്വും; രാജയും കനിമൊഴിയും കുറ്റവിമുക്തരാകുമ്പോൾ മന്മോഹൻ സിംഗിനും ആശ്വാസം; അഴിമതിക്കേസിൽ അപ്പീൽ പോരാട്ടം തുടരാൻ സിബിഐയും; ടുജി സ്‌പെക്ട്രത്തിലെ വിധി ഇന്ത്യൻ രാഷ്ട്രീയത്തെ മാറ്റി മറിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:ടുജി സ്പെക്ട്രം കേസിൽ സിബിഐ അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ഇന്ത്യ ഏറ്റവും ആവേശത്തോടെ ചർച്ചയാക്കിയ അഴിമതിക്കേസായിരുന്നു ടുജി സ്‌പെക്ട്രം. പട്യാല ഹൗസ് കോടതിയുടെ വിധി ആശ്വാസമാകുന്നത് കോൺഗ്രസിനും ഡിഎംകെയ്ക്കുമാണ്. കോൺഗ്രസിനെ അഴിമതി പാർട്ടിയാക്കി ബിജെപി ഉയർത്തിക്കാട്ടിയത് ടുജിയിലൂടെയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങിനെ പോലും പ്രതിക്കൂട്ടിൽ നിർത്തിയ കേസ്. അതുകൊണ്ട് തന്നെ യുപിഎ സർക്കാരിനെ അഴിമതിക്കാരാക്കി ചിത്രീകരിച്ചവർക്ക് തിരിച്ചടി നൽകാനുള്ള സുവർണ്ണാവസരമാണ് ഈ കോടതി വിധി.

കോൺഗ്രസിൽ രാഹുൽ ഗാന്ധിയുടെ പട്ടാഭിഷേകം നടന്നത് കഴിഞ്ഞ ആഴ്ചയാണ്. അതിന് ശേഷം ഗുജറാത്തിൽ കോൺഗ്രസിന് മുൻതൂക്കമുണ്ടായി. ഇപ്പോൾ ടുജിയിലെ വിധിയും. ആത്മവിശ്വാസത്തോടെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ കോൺഗ്രസിന് കഴിയും. ഇനിയാർക്കും അഴിമതി ആരോപണം കോൺഗ്രസിനെതിരെ വലിയ തോതിൽ ഉയർത്താൻ കഴിയില്ല. എന്തു ന്യായം പറഞ്ഞാലും കോടതി വിധിയിലൂടെ അത് മറികടക്കാനാകും. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ ആരോപണമാണ് ടുജിയിലെ അഴിമതിയെന്നത് ചർച്ചയാക്കാനും കഴിയും. ഇത് രാഹുലിന് തീർത്തും അനുകൂല സാഹചര്യമൊരുക്കും. കോൺഗ്രിസന്റെ നഷ്ട പ്രതിച്ഛായ വീണ്ടെടുക്കാനാകും.

അതുപോലെ തന്നെയാണ് ഡിഎംകെയുടെ സ്ഥിതിയും. തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്ന ദ്രാവിഡ കക്ഷിയായിരുന്നു ഡിഎംകെ. കരുണാനിധിയെ ദുർബ്ബലനാക്കിയത് ഈ കേസായിരുന്നു. ഇതോടെ ജയലളിത ഉയർത്തെഴുന്നേറ്റു. തമിഴ്‌നാട്ടിൽ അധികാരം പിടിച്ചെടുത്തു. ഇപ്പോൾ ജയലളിത ഇല്ല. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ആകെ അനിശ്ചിത്വമാണ്. ഈ ആരോപണത്തോടെ ഡി രാജ, തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രസക്തനായി. കരുണാനിധിയുടെ മകൾ കനിമൊഴിയുടെ രാഷ്ട്രീയ ഗ്ലാമറും തകർന്നു. ഇതെല്ലാം മാറുകയാണ്. ഡിഎംകെയെ നിയന്ത്രിക്കുന്നത് സ്റ്റാലിനാണ്. ഇനി സ്റ്റാലിനൊപ്പം പ്രചരണ വേദികളിൽ കനിമൊഴിയും എത്തും. കരുണാനിധിയുടെ മാനസപുത്രനായി രാജ മാറുകയും ചെയ്യും.

ദേശീയ രാഷ്ട്രീയത്തിൽ ഡിഎംകെ എന്ത് നിലപാടെടുക്കുമന്നതും ചർച്ചയാകും. ഈ പ്രധാനമന്ത്രി മോദി, കരുണാനിധിയെ സന്ദർശിച്ചിരുന്നു. ഡിഎംകെ ബിജെപി പാളയത്തിലേക്കാണെന്ന വാദം ഉയർന്നു. ഡിഎംകെ അഴിമതിയിൽ നിന്ന് കുറ്റവിമുക്തരാകുമ്പോൾ ബിജെപിക്ക് കരുണാനിധിയുമായി അടുക്കാനുള്ള സാധ്യതയും സജീവമാണെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനെ ചെറുത്ത് ഡിഎംകെയെ ഒപ്പം നിർത്താനാകും രാഹുൽ ഗാന്ധി ശ്രമിക്കുക. ഇതിൽ ജയിച്ചാൽ ദേശീയ തലത്തിൽ മൂന്നാം ബദലിലേക്ക് നീങ്ങാൻ രാഹുലിന് കഴിയും.

രണ്ടാം യുപിഎ സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ അഴിമതിയാണ് 2 ജി സ്‌പെക്ട്രം അനുവദിച്ചതിലൂടെയുണ്ടായത്. 2 ജി സ്‌പെക്ട്രം ലേലം ചെയ്തതിൽ 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. സിബിഐ രജിസ്റ്റർ ചെയ്ത രണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന 2011 ൽ പുറത്തുവന്ന അഴിമതിക്കേസിലെ തിരിച്ചടിയിൽ നിന്നും കോൺഗ്രസിന് ഇതുവരെ തിരിച്ചു കയറാൻ കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി ഭരണത്തിന്റെ സമ്മർദ്ദം എന്നാണ് 2011-ൽ പ്രധാനമന്ത്രി മന്മോഹൻസിങ് അഴിമതി തടയാനാകാത്ത സ്ഥിതിയെ ന്യായീകരിച്ചത്.

കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറര വർഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്. ടെലികോം മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ അടക്കം തെറ്റിധരിപ്പിച്ച് ഇഷ്ടക്കാർക്ക് സ്‌പെക്ട്രം വഴിവിട്ട് അനുവദിച്ചുവെന്ന് സിബിഐ കണ്ടെത്തി. രാജയെ മന്ത്രിയാക്കാനായി കനിമൊഴി ഇടപെടൽ നടത്തിയെന്നും ഇതിലൂടെ കലൈഞ്ജർ ടിവിക്ക് വേണ്ടി 200 കോടി രൂപ നേടിയെടുത്തുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എ രാജയ്ക്കും കനിമൊഴിക്കും പുറമെ മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ് ബെഹുറയുൾപ്പടെ 12 വ്യക്തികളും 3 ടെലികോം കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. സ്വാൻ ടെലികോം പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, യുണിടെക് വയർലെസ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് കമ്പനികൾ.

2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. ഇതാണ് അഴിമതിക്കേസിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2011 നവംബർ 11ന് ആരംഭിച്ച വിചാരണ 2017ഏപ്രിൽ 19നാണ് അവസാനിച്ചത്. 1,76,000,00 കോടിയുടെ ക്രമക്കേടാണ് സിഎജി കണ്ടെത്തിയത്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്്ടിച്ച കേസാണ് ടുജി സ്പെക്ട്രെ അലോക്കേഷനുമായി ബന്ധപ്പെട്ടുണ്ടായത്. കോഴ വാങ്ങിക്കൊണ്ട് ചട്ടം ലംഘിച്ച് ടുജി സ്പെക്ട്രം ടെലികോം കമ്പനികൾക്ക് അനുവദിച്ച് 1.72 ലക്ഷം കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടാക്കിയെന്നാണ് കേസ്. രാജയും കനിമൊഴിയും ഈ കേസുമായി ബന്ധപ്പെട്ട് തടവുശിക്ഷ അനുഭവിച്ചിരുന്നു.

മലയാളി മാധ്യമപ്രവർത്തകൻ ഗോപീകൃഷ്ണന്റെ റിപ്പോർട്ടാണ് വൻ അഴിമതി പുറം ലോകത്തെത്തിച്ചത്. ഒമ്പത് ടെലികോം കമ്പനികൾക്ക് 2ജി സ്പെക്ട്രം ക്രമവിരുദ്ധമായി നൽകിയത് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നായിരുന്നു വാർത്ത. തുടർന്ന് ലേല നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു. സ്പെക്ട്രത്തിന്റെ മൂല്യം നിർണയിക്കാൻ വിപണി അധിഷ്ഠിത മാർഗങ്ങൾ സ്വീകരിക്കുന്നതിന് പകരം ആദ്യം വരുന്നവർക്ക് ആദ്യം നൽകുക (ഫസ്റ്റ് കം ഫസ്റ്റ് സെർവ്) എന്ന രീതി സ്വീകരിച്ചത് ക്രമക്കേടെന്നായിരുന്നു സിഐജി കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP