Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിന്റെ അക്കൗണ്ട് പൂട്ടിയത് വ്യാജമെന്ന് സംശയം തോന്നിയപ്പോൾ; ഫെയ്‌സ് ബുക്കിന് ഉടമസ്ഥതാ രേഖ ഉടൻ നൽകുമെന്ന് വിശദീകരണം; സോഷ്യൽമീഡിയാ സെന്റർ പാർട്ടിക്ക് റിപ്പോർട്ട് നൽകി; വിവാദമൊഴിവാക്കാൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സിപിഐ(എം)

വിഎസിന്റെ അക്കൗണ്ട് പൂട്ടിയത് വ്യാജമെന്ന് സംശയം തോന്നിയപ്പോൾ; ഫെയ്‌സ് ബുക്കിന് ഉടമസ്ഥതാ രേഖ ഉടൻ നൽകുമെന്ന് വിശദീകരണം; സോഷ്യൽമീഡിയാ സെന്റർ പാർട്ടിക്ക് റിപ്പോർട്ട് നൽകി; വിവാദമൊഴിവാക്കാൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സിപിഐ(എം)

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഎസിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഇല്ലാതായതല്ലെന്നും വ്യാജ അക്കൗണ്ടെന്ന സംശയംതോന്നിയ ഫെയ്‌സ് ബുക്ക് അധികൃതർ അക്കൗണ്ട് തൽക്കാലം സസ്‌പെൻഡ് ചെയ്യുകയുമായിരുന്നെന്നും ബന്ധപ്പെട്ടവരുടെ വിശദീകരണം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് എതിരാളികൾക്കെതിരെ ആഞ്ഞടിക്കാൻ വി എസ് സമർത്ഥമായി ഉപയോഗിച്ച അക്കൗണ്ട് ഇല്ലാതായതായി ഇന്നലെ 'മറുനാടൻ' റിപ്പോർട്ടു ചെയ്തിരുന്നു.

വി എസ് പേജിന്റെ ഉടമസ്ഥത തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ് ബുക്ക് അക്കൗണ്ട് തൽക്കാലം ബ്‌ളോക്ക് ചെയ്യുകയായിരുന്നുവെന്ന് വിഎസിന്റെ ഓഫീസിലെ പ്രധാനിയായ ശശിധരൻ നായർ വ്യക്തമാക്കുന്നു. ശശിധരൻ നായരുടെ മേൽനോട്ടത്തിലായിരുന്നു ഫേസ്‌ബുക്കിൽ വിഎസിന്റെ പ്രസ്താവനകളുൾപ്പെടെ അപ്‌ഡേറ്റ് ചെയ്തിരുന്നത്.

സംഭവം വാർത്തയായതിനെ തുടർന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സൈബർ രംഗത്ത് ഏകോപിപ്പിച്ച സോഷ്യൽ മീഡിയ സെന്റർ ഇന്നലെത്തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് പാർട്ടി സെന്ററിനു കൈമാറിയതായാണ് വിവരം. ഇക്കാര്യത്തിൽ അന്വേഷണം നടത്തി കൂടുതൽ വിവാദമുണ്ടാക്കേണ്ടെന്ന നിലപാടിലാണ് പാർട്ടിയെന്ന് അറിയുന്നു. പലയിടത്തുനിന്ന് പലർ ലോഗിൻ ചെയ്തതിനാലാണ് പേജിന്റെ ഉടമസ്ഥത തെളിയിക്കാൻ ആവശ്യപ്പെട്ട് ഫേസ്‌ബുക്ക് നോട്ടീസ് നൽകി അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതെന്നാണ് വിശദീകരണം.

വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകൾ ഒരേ സമയം ഒരാൾ മാത്രമേ കൈകാര്യം ചെയ്യാൻ പാടുള്ളൂ എന്നും പേജുകളാവുമ്പോൾ ഒന്നിലേറെ അഡ്‌മിന്മാരെ നിയമിക്കാമെന്നുമാണ് ഫേസ്‌ബുക്ക് നിബന്ധന. വി എസ് അച്യുതാനന്ദന്റെ പേരിലുണ്ടായിരുന്നത് പേഴ്‌സണൽ അക്കൗണ്ട് ആയിരുന്നു എന്നാണ് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പുകാലത്ത്, അക്കൗണ്ട് തുടങ്ങിയ ഏപ്രിൽ 17 മുതൽ തിരഞ്ഞെടുപ്പു പ്രചരണം തീരുന്നതുവരെ ഏതാണ്ട് ഒരുമാസത്തോളമാണ് ഇത്തരത്തിൽ പലയിടത്തുനിന്ന് വിഎസിന്റെ അക്കൗണ്ട് ഉപയോഗിച്ചത്. പിന്നീട്, അവസാനമായി വി എസ് പോസ്റ്റ് നൽകിയ ജൂൺ ഒന്നുവരെ കൂടുതൽ പേർ ലോഗിൻ ചെയ്യാനുള്ള സാധ്യതയുണ്ടായിട്ടില്ല.

എന്നിരിക്കെ പലയിടത്തുനിന്ന് ലോഗിൻചെയ്ത കാലത്ത് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യാത്ത ഫേസ്‌ബുക്ക് അധികൃതർ ജൂൺ ഒന്നിനുശേഷം പോസ്റ്റുപോലും നൽകാതിരുന്ന അക്കൗണ്ട് ഇപ്പോൾ ക്‌ളോസ് ചെയ്തതെന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും പേജ് അപ്രത്യക്ഷമായതിനെ തുടർന്ന് ഫേസ്‌ബുക്ക് അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും വി എസ് അച്യുതാനന്ദന്റെ തിരിച്ചറിയൽ രേഖകൾ നൽകാനാണ് അവർ ആവശ്യപ്പെട്ടതെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു. ഉടൻ അക്കൗണ്ട് പുനഃസ്ഥാപിക്കാനാകുമെന്നാണ് അവർ നൽകുന്ന മറുപടി.

ഇക്കഴിഞ്ഞ ഏപ്രിൽ 17നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ വി.എസിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തുറന്നത്. മണിക്കൂറുകൾക്കകം തന്നെ കാൽലക്ഷത്തിലധികം പേർ ലൈക്ക് ചെയ്ത അക്കൗണ്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഒരലക്ഷം ഫോളോവേഴ്‌സുമായി മുന്നേറി. തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമായും ഉമ്മൻ ചാണ്ടിക്കെതിരെയും ചെന്നിത്തലയും സുധീരനുമുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയും വി എസ് ഫേസ്‌ബുക്കിലൂടെ ശക്തമായി ആഞ്ഞടിച്ചു.

ഉരുളയ്ക്കുപ്പേരിപോലെ വി എസ് നൽകിയ മറുപടികളും ഉയർത്തിയ ചോദ്യങ്ങളും സിപിഎമ്മിന് പ്രചരണരംഗത്ത് കരുത്തുപകർന്നു. വെള്ളാപ്പള്ളിക്കെതിരായ പോസ്റ്റുകളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഉമ്മൻ ചാണ്ടിയുമായി ഹൈടെക് ഫേസ്‌ബുക്ക് യുദ്ധംതന്നെയാണ് വി എസ് തന്റെ അക്കൗണ്ടിലൂടെ നടത്തിയത്. തിരഞ്ഞെടുപ്പുകാലം പിന്നിടുമ്പോഴേക്കും രണ്ടുലക്ഷത്തിൽപ്പരം ഫോളോവേഴ്‌സിനെ ലഭിച്ച അക്കൗണ്ടാണ് ഇപ്പോൾ ഇല്ലാതായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP