Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവ്ര വർഗ്ഗീയ സംഘടനകളുമായി കൂട്ടുകെട്ട്; കള്ളപ്പണ ആരോപണം നേരിടുന്ന വ്യവസായികൾ സ്ഥാനാർത്ഥികൾ; വോട്ടർമാർക്ക് പണവും സമ്മാനങ്ങളും നൽകി പ്രലോഭനം; കേരളത്തിലെ തമിഴ് വോട്ടുകൾ കൊണ്ടു പോകാൻ ജയലളിത ഇറക്കുന്നത് കേട്ടുകേൾവിയില്ലാത്ത രീതികൾ; എല്ലാ എഐഎഡിഎംകെ സ്ഥാനാർത്ഥികളും ഇക്കുറി വൻതോതിൽ വോട്ട് പിടിക്കും

തീവ്ര വർഗ്ഗീയ സംഘടനകളുമായി കൂട്ടുകെട്ട്; കള്ളപ്പണ ആരോപണം നേരിടുന്ന വ്യവസായികൾ സ്ഥാനാർത്ഥികൾ; വോട്ടർമാർക്ക് പണവും സമ്മാനങ്ങളും നൽകി പ്രലോഭനം; കേരളത്തിലെ തമിഴ് വോട്ടുകൾ കൊണ്ടു പോകാൻ ജയലളിത ഇറക്കുന്നത് കേട്ടുകേൾവിയില്ലാത്ത രീതികൾ; എല്ലാ എഐഎഡിഎംകെ സ്ഥാനാർത്ഥികളും ഇക്കുറി വൻതോതിൽ വോട്ട് പിടിക്കും

കെ വി നിരഞ്ജൻ

കോഴിക്കൊട്: മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരളത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന തമിഴ്ഭരണാധികാരിയാണ് ജയലളിത. ഇതേ സമയം കേരളത്തിലേക്ക് തന്റെ സ്വാധീനം വർദ്ധിപ്പിക്കുവാൻ അവർ എക്കാലവും ശ്രമിക്കാറുമുണ്ട്. മൂന്നാറിൽ പോരാട്ടം നടത്തിയ പൊമ്പിളൈ ഒരുമൈ സംഘടനയെ സ്വാധീനിക്കാൻ എ ഐ എ ഡി എം കെ ശ്രമിച്ചിരുന്നെങ്കിലും സ്ത്രീ തൊഴിലാളികൾ ശക്തമായ നിലപാട് സ്വീകരിച്ചതിനാൽ അത് ഫലിക്കാതെ പോയി.

മദ്യ രാജാവും വിവാദ നായകനുമായ ബിജു രമേശ് ഉൾപ്പെടെയുള്ളവരെ സ്വാധിനിച്ചുകൊണ്ട് പുതിയ ശ്രമങ്ങൾ നടത്തുന്നതിനിടയിൽ തന്നെയാണ് അതിതീവ്ര ഹിന്ദു സംഘടനയും ക്രിമിനൽസംഘവുമായ ഹനുമാൻ സേനയുടെ സഹായവും തേടിയിരിക്കുന്നത്. തീവ്ര നിലപാടുകളും നേതാക്കൾ അടക്കമുള്ളവർ നിരവധി ക്വട്ടേഷൻകേസുകളിൽ പെടുകയും ചെയ്തതിനാൽ ഹനുമാൻസേനയെ ബിജെപിപോലും തങ്ങളുടെ സഖ്യകക്ഷികൾ ആക്കിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കേരളത്തിലെ ശിവസേനയെപ്പോലെ ബിജെപിയെ തോൽപ്പിക്കാൻ നടക്കുകയാണ് ഹനുമാൻസേനയും. ഇവരെയാണ് ഇപ്പോൾ എ.ഐ.എ.ഡി.എം.കെ കൂട്ടുപിടിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ മൂന്നും പാലക്കാട് മൂന്നും തിരുവനന്തപുരത്ത് ഒന്നും സ്ഥാനാർത്ഥികളടക്കം ഏഴു പേർ എ ഐ എ ഡി എം കെ ബാനറിൽ ജനവിധി തേടുന്നുണ്ട്. ഇതിനിടയിലാണ് തമിഴ്‌നാട് മോഡലിൽ പാരിതോഷികങ്ങൾ ഉൾപ്പെടെ നൽകി വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കം ജയലളിത നടത്തുന്നത്. തമിഴ്‌നാട്ടിൽ സൈക്കിൾ, ടി വി, കമ്പ്യൂട്ടർ , വീട്ടുപകരങ്ങൾ എന്നിവയെല്ലാം നൽകിയാണ് വോട്ടർമാരെ ജയലളിത സ്വാധീനിക്കുന്നത്. വിലകുറച്ച് സ്വന്തം പേരിൽ ഹോട്ടലുകളും കുപ്പിവെള്ളവുമെല്ലാം തമിഴ്‌നാട്ടിൽ ആരംഭിച്ച് ഇതാണ് വികസനമെന്ന പാവപ്പെട്ട വോട്ടർമാരെ വിശ്വസിപ്പിക്കാനും അവർക്ക് സാധിച്ചിട്ടുണ്ട്. ഇതേ തന്ത്രം കേരളത്തിലും പയറ്റാനാണ് ജയലളിത ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ബിജു രമേശ് അടക്കമുള്ളവർ നിരവധി വോട്ട് നേടുമെന്ന് തന്നെയാണ് വിലയിരുത്തലും. തമിഴ് സ്വാധീനമുള്ള 7 മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. കള്ളപ്പണക്കേസിൽപ്പെട്ടവരും സ്ഥാനാർത്ഥികളായുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ പണമൊഴുക്കാൻ തന്നെയാണ് ജയലളിതയുടെ നീക്കം. ഇതിന്റെ പ്രവർത്തനങ്ങൾക്കാണ് ഹനുമാൻ സേനയെ എ ഐ എ ഡി എം കെ കൂട്ടുപിടിച്ചിരിക്കുന്നത്. ഇലക്ഷൻ സമയത്ത് സഹകരണവും അതിന് ശേഷം സഖ്യവും ആവാമെന്ന് ഇരുകക്ഷികളും തീരുമാനത്തിലത്തെിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹനുമാൻ സേന വഴിയായിരിക്കും നടത്തുക. ഇലക്ഷൻ കഴിയുന്നതോടൊപ്പം എ ഐ എ ഡി എം കെ യുടെ പ്രവർത്തനം കേരളത്തിലെ എല്ലാ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനും ഹനുമാൻ സേനയുടെ യൂണിറ്റുകളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നടപടികൾ ആരംഭിക്കുമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു.

ചുംബന സമരത്തെ അക്രമത്തിലൂടെ നേരിട്ടും സംസ്ഥാനത്ത് പലയിടങ്ങളിലും അക്രമങ്ങൾ നടത്തിയും കുപ്രസിദ്ധി നേടിയ സംഘടനയാണ് ഹനുമാൻ സേന. ഫ്‌ളാറ്റ് മുതലാളിയെ തോക്ക് ചൂണ്ടി തട്ടിക്കോണ്ടുപോയ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നത്. കോഴിക്കൊട്ട് രണ്ട് അമ്പലങ്ങളുടെ പേരിൽ വ്യാപകമായ അക്രമത്തിനും ഈ സംഘടന പദ്ധതിയിട്ടിരുന്നു. തീവ്രഹിന്ദുത്വവും ക്വട്ടേഷൻ പ്രവർത്തനങ്ങളും ഒരേ സമയം നടത്തി മുന്നോട്ട് പോകുന്ന സംഘടനയെ എ ഐ എ ഡി എം കെ തങ്ങളുടെ നേട്ടങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് കേരളത്തിൽ വലിയ പ്രശ്‌നങ്ങൾ കാരണമാവുമെന്ന് ഉറപ്പാണ്.

അടുത്തിടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കന്നുകാലികളെ ഉൾപ്പെടെ തട്ടിക്കോണ്ടുപോവുന്നതിനും ഹനുമാൻ സേന നേതൃത്വം കൊടുത്തിരുന്നു. തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനും കേരളത്തിൽ കലാപങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാനത്തേക്ക് കശാപ്പിനായി കൊണ്ടുവന്നിരുന്ന കന്നുകാലികളെയാണ് ഹനുമാൻ സേന ഉൾപ്പെടെ തട്ടിക്കോണ്ടുപോയിരുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്.

ഇത്തരത്തിൽ കൊണ്ടുവരുന്ന അറവുമാടുകളെയാണ് ഹൈന്ദവ സംഘടനകളുടെ പേരിൽ അറിയപ്പെടുന്ന ഗുണ്ടാ സംഘങ്ങൾ തട്ടിയെടുത്തിരുന്നത്. കോടിക്കണക്കിന് രൂപയുടെ കന്നുകാലികളെയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. അറവുമാടുകളുമായി കേരളത്തിലേക്കത്തെുന്ന വാഹനങ്ങൾ അതിർത്തിയിൽ തടഞ്ഞ ശേഷം ഡ്രൈവറെയും മറ്റും ക്രൂരമായി മർദ്ദിച്ച ശേഷമാണ് കാലികളെ തട്ടിയെടുത്തിരുന്നത്. ഒടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉൾപ്പെടെ ഇടപെട്ടശേഷമാണ് ഈ അക്രമം അവസാനിപ്പിച്ചത്. എന്നാൽ ഇതേ സംഘടനയെ തന്നെയാണ് കേരളത്തിൽ ആധിപത്യം നേടാനായി ജയലളിത ഇപ്പോൾ കൂട്ടുപിടിച്ചിട്ടുള്ളത്.

ബിജെപി യേക്കാൾ വലിയ വർഗീയത പ്രകടിപ്പിച്ച് തീവ്രചിന്താഗത മനസ്സിൽ സൂക്ഷിക്കുന്നവരെ ആകർഷിക്കാനാണ് ഹനുമാൻ സേന ഉൾപ്പെടെയുള്ള സംഘടനകളുടെ ശ്രമം. ഇതിനിടയിലാണ് എ ഐ എ ഡി എം കെയിൽ നിന്ന് വലിയൊരു ഓഫർ സംഘടനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് നേട്ടമുണ്ടാക്കാനാണ് ഹനുമാൻ സേനയുടെയും ശ്രമം. ഇതിന്റെ ഭാഗമായി സംഘടനയുടെ നാഷണൽ കോഡിനേറ്റർ എ ശക്തിവേൽ ഉൾപ്പെടെയുള്ളവർ എ ഐ എ ഡി എം കെയ്ക്ക് വേണ്ടി കേരളത്തിൽ പ്രചാരണം നടത്തിക്കോണ്ടിരിക്കുകയാണ്.

അമ്മ കാന്റീനുകൾ സ്ഥാപിച്ച് സൗജന്യ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യം, വിലക്കുറവിൽ മരുന്നും പച്ചക്കറികളും നൽകും. വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളും ലാപ്‌ടോപ്പുകളും നൽകും, എല്ലാ കാർഡുടമകൾക്കും മാസം തോറും 20 കിലോ അരി നൽകും. വീടുകളിൽ ഗൃഹോപകരണങ്ങൾ സൗജന്യമായി നൽകും. വീടു വെയ്ക്കാൻ പാവപ്പെട്ടവർക്ക് പണം നൽകും തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് എ ഐ എ ഡി എം കെ വികസന രേഖ പുറത്തിറക്കിയിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടുക്കിയിൽ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ എ.ഐ.എ.ഡി.എം.കെ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്. ജില്ലയിൽ എ.ഐ.എ.ഡി.എം.കെയ്ക്ക സ്വാധീനമുള്ള മൂന്ന് മണ്ഡലങ്ങളിൽ പെരുമാറ്റച്ചട്ടലംഘനം വ്യാപകമാണ്. പണവും മദ്യവും വീട്ടുപകരണങ്ങളും മറ്റ് ഇലക്‌ട്രോണിക് പാരിതോഷികങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി വേണമെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലാണ് ഇടത്, വലത്, എൻഡിഎ മുന്നണികൾക്കൊപ്പം എ.ഐ.എ.ഡി.എം.കെയും സജീവമായി രംഗത്തുള്ളത്. ഇവിടെ ദ്രാവിഡ സ്ഥാനാർത്ഥികൾ പെരുമാറ്റച്ചട്ടം വ്യാപകമായി ലംഘിക്കുകയാണ്. ഈ മണ്ഡലങ്ങളിൽ ആഭ്യന്തര കലാപത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP