Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമിത് ഷായെ കണ്ടപ്പോൾ ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി ശിവസേന; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ധാരണ; അടുത്ത ലക്ഷ്യം ബിജു ജനതാദളിനെയും പിടിക്കാൻ; അമിത് ഷാ നയതന്ത്ര പര്യടനം തുടങ്ങിയതോടെ മോദി വിരുദധ സഖ്യത്തിന്റെ പേരിലുണ്ടാക്കിയ മനക്കോട്ടകൾ തകരുമെന്ന് ഭയന്ന് പ്രതിപക്ഷം

അമിത് ഷായെ കണ്ടപ്പോൾ ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി ശിവസേന; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ധാരണ; അടുത്ത ലക്ഷ്യം ബിജു ജനതാദളിനെയും പിടിക്കാൻ; അമിത് ഷാ നയതന്ത്ര പര്യടനം തുടങ്ങിയതോടെ മോദി വിരുദധ സഖ്യത്തിന്റെ പേരിലുണ്ടാക്കിയ മനക്കോട്ടകൾ തകരുമെന്ന് ഭയന്ന് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ബിജെപിക്കെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന ശിവസേനയുടെ പ്രഖ്യാപനങ്ങളൊക്കെ അമിത് ഷായെ കണ്ടതോടെ അലിഞ്ഞില്ലാതായി. മുംബൈയിലെത്തിയ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തിയ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുമത്സരിക്കുമെന്ന ധാരണയുമായാണ് മടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും പിന്നീട് നടക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിലെയും സീറ്റ് വിഭജനകാര്യത്തിൽ ധാരണയായിട്ടില്ലെങ്കിലും, മാതോശ്രീയിൽ നടന്ന ചർച്ച ഇരുകക്ഷികളുടെയും യോജിപ്പിലേക്കാണ് വിരൽചൂണ്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2014-ലെ ഫോർമുല തന്നെ ആവർത്തിക്കാൻ ഇരുകൂട്ടരും സമ്മതിച്ചതായാണ് സൂചന. 2014-ൽ ആകെയുള്ള 48 സീറ്റുകൡ 26 എണ്ണത്തിൽ ബിജെപിയും 22 എണ്ണത്തിൽ സേനയും മത്സരിച്ചു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തെ ധാരണ മതിയോ എന്ന കാര്യത്തിൽ തർക്കം വന്നതോടെയാണ് യോഗം താൽക്കാലികമായി പിരിഞ്ഞത്. കഴിഞ്ഞതവണ നിയമസഭയിലേക്ക് ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്. ബിജെപി 260 സീറ്റുകളിലാണ് മത്സരിച്ചത്. 122 ഇടത്ത് വിജയിച്ചു. ശിവസേന 282 ഇടത്ത് മത്സരിച്ച് 63 സീറ്റുകൾ നേടി.

ആകെയുള്ള 288 സീറ്റുകളിൽ ഇരുകക്ഷികളും വിജയിച്ച 185 സീറ്റുകളെക്കുറിച്ച് തർക്കമില്ലെങ്കിലും, ശേഷിക്കുന്ന 103 സീറ്റുകളിൽ വിഭജനം എങ്ങനെ വേണമെന്ന കാര്യത്തിലാണ് ചർച്ച തുടരേണ്ടത്. 2014-ന് മുമ്പ് ഒരുമിച്ച് മത്സരിച്ചപ്പോഴൊക്കെ സേന 171 സീറ്റുകളിലും ബിജെപി 117 സീറ്റുകളിലുമാണ് മത്സരിച്ചത്. കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ നേതാവ് മുഖ്യമന്ത്രിയെന്നതായിരുന്നു വാജ്‌പേയി-ബാൽ താക്കറെ കാലത്തുണ്ടാക്കിയ ധാരണ. 1995-ൽ ശിവസേനാ നേതാവ് മനോഹർ ജോഷി മുഖ്യമന്ത്രിയായത് അങ്ങനെയാണ്.

മഹാരാഷ്ട്രയിലെ ശിവസേനയുടെ വല്യേട്ടൻ കളിയിലാണ് ബിജെപി നേതൃത്വത്തിന് എതിർപ്പ്. ബിജെപി ദേശവ്യാപകമായി സ്ഥിതി മെച്ചപ്പെടുത്തുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാവുകയും ചെയ്തതോടെ, പഴയ സഖ്യ ഫോർമുലകൾക്ക പ്രസക്തിയില്ലെന്നാണ് അമിത് ഷായുടെയും മറ്റു വിലയിരുത്തൽ. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയതും അവർ ചൂണ്ടിക്കാട്ടുന്നു. സേനയുടെ അധീശത്വത്തിന് വഴങ്ങേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെയും നിലപാട്.

ശിവസേനയെ പാട്ടിലാക്കി മഹാരാഷ്ട്ര പിടിക്കാനുള്ള അമിത് ഷായുടെ നീക്കം ഭാഗീകമായെങ്കിലും വിജയം കണ്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജു ജനതാദളിനെ പാട്ടിലാക്കി ഒഡിഷയിലും സമാനമായ നീക്കം അമിത് ഷാ നടത്തുന്നുണ്ട്. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ബിജെപി വിരുദ്ധ മുന്നണിയുണ്ടാക്കാനുള്ള കോൺഗ്രസ്സിന്റെ നീക്കം മുൻകൂട്ടി കണ്ടറിഞ്ഞുതന്നെയാണ് ഓരോ മേഖലയിലെയും ശക്തികേന്ദ്രങ്ങളായ പ്രാദേശിക കക്ഷികളെ കൂടെക്കൂട്ടാൻ അമിത് ഷായെത്തന്നെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ആന്ധ്രയിൽ വൈ എസ് ആർ കോൺഗ്രസിനെ കൂടെകൂട്ടാനും ശ്രമിക്കും. കോൺഗ്രസിനൊപ്പം നിൽക്കുന്നവരെ അടർത്തിയെടുക്കാനും ശ്രമിക്കും.

മമതയും മയാവതിയും ചന്ദ്രബാബു നായിഡുവും കുമാരസ്വാമിയും തേജസ്വയാദവും ഉയർത്തുന്ന വെല്ലുവിളികൾ ബിജെപി തിരിച്ചറിയുന്നു. രാഹുൽ ഗാന്ധിയും വിശാല സഖ്യത്തിനായി വീട്ടു വീഴച ചെയ്യുന്നു. ഇതോടെ 2019ൽ എന്തുവില കൊടുത്തും വീണ്ടും ജയിക്കാൻ പദ്ധതി തയ്യാറാക്കുകയാണ് ബിജെപി. ഇടഞ്ഞു നിൽക്കുന്നവരെ ഒരുമിപ്പിക്കാനാണ് അവരുടെ ആദ്യത്തെ ശ്രമം. ശിവസേനയുമായുള്ള പിണക്കം മാറ്റാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ധവ് താക്കറെയെ കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് ചർച്ച നടത്തിയത് ഇതിന്റെ ഭാഗമാണ്. ചെറിയ ഭിന്നതകൾ അവശേഷിക്കുന്നുണ്ടെങ്കിലും ശിവസേന-ബിജെപി തർക്കത്തിൽ മഞ്ഞുരുകാൻ തന്നെയാണ് സാധ്യത.

ദീർഘകാലത്തിന് ശേഷമാണ് അമിത് ഷാ ഉദ്ധവുമായി ചർച്ച നടത്തുന്നത്. അതുകൊണ്ട് വലിയ രാഷ്ട്രീയ പ്രാധാന്യവും ചർച്ചയ്ക്കുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അമിത് ഷായ്ക്കുള്ള മികവ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ടു മണിക്കൂറോളം നീണ്ട ചർച്ച ഗുണകരമായിരുന്നുവെന്ന് ബിജെപി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഉദ്ധവുമായി മൂന്ന് സെഷനുകളിലായിട്ടാണ് അമിത് ഷാ ചർച്ച നടത്തിയത്. ഉദ്ധവ് താക്കറെയും അമിത് ഷായും ചേർന്നാണ് ആദ്യത്തെ സെഷനിൽ സംസാരിച്ചത്. പിന്നീട് ഇവർക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും ചേർന്നു. മൂന്നാമത്തെ സെഷനിൽ മുതിർന്ന നേതാക്കളും പങ്കെടുത്തു.

എൻഡിഎയിലെ സഖ്യകക്ഷികളെ ഒറ്റപ്പെടുത്താൻ ബിജെപി ഒരിക്കലും ശ്രമിക്കില്ലെന്ന് അമിത് ഷാ ഉദ്ധവിന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ നിരവധി പരാതികളാണ് അദ്ദേഹം ബിജെപിക്കെതിരെ ഉന്നയിച്ചത്. ശിവസേനയെ കാൽക്കീഴിലാക്കാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. ബിജെപിയുടെ സുപ്രധാന നയങ്ങൾ മഹാമണ്ടത്തരങ്ങളാണെന്ന് വരെ അദ്ദേഹം വിമർശിച്ചിട്ടുണ്ട്. ഹിന്ദുത്വ അജണ്ടയ്ക്കൊപ്പം നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള ജനദ്രോഹ നടപടികളാണ് ബിജെപിയുടേതെന്ന് ഉദ്ധവ് കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിന് പുറമേ ഫട്നാവിസ് സർക്കാർ ശിവസേനയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെന്നും ഉദ്ധവ് ആരോപിച്ചു. ഇതെല്ലാം അമിത് ഷാ കരുതലോടെ കേട്ടു. അടുത്ത ചർച്ചയോടെ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP