Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലഞ്ചേരി എത്തിയത് ഫാ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന അപേക്ഷയുമായി; തീരദേശ സുരക്ഷയിൽ കരുതൽ വേണമെന്നും സഭാ നേതൃത്വം; അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിർബന്ധമെന്ന് തുഷാറിനോട് അമിത് ഷാ; വോട്ടിന്റെ കണക്കല്ല, സീറ്റിന്റെ കണക്കെവിടെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് കുമ്മനം: കേരളം പിടിക്കാൻ ക്രെസ്തവരെ അടുപ്പിക്കാൻ ഉപദേശിച്ച് ബിജെപി അധ്യക്ഷൻ

ആലഞ്ചേരി എത്തിയത് ഫാ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന അപേക്ഷയുമായി; തീരദേശ സുരക്ഷയിൽ കരുതൽ വേണമെന്നും സഭാ നേതൃത്വം; അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിർബന്ധമെന്ന് തുഷാറിനോട് അമിത് ഷാ; വോട്ടിന്റെ കണക്കല്ല, സീറ്റിന്റെ കണക്കെവിടെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് കുമ്മനം: കേരളം പിടിക്കാൻ ക്രെസ്തവരെ അടുപ്പിക്കാൻ ഉപദേശിച്ച് ബിജെപി അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റുകൾ നേടണമെന്നത് നിർബന്ധമാണെന്ന് എൻ.ഡി.എ യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുന്നണി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവ മത മേലധ്യക്ഷന്മാരും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് സീറോ മലബാർസഭാ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഫാ. ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന ആവശ്യമാണ് മതമേലധ്യക്ഷന്മാർ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി സ്ഥാനം അടക്കമുള്ളവയെപ്പറ്റി തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം മാത്രം ചർച്ചചെയ്യാമെന്നും അമിത് ഷാ പറഞ്ഞു. വോട്ട് കൂടിയതിന്റെ കണക്കുകൾ ഇനി നിരത്തേണ്ടതില്ല. സീറ്റുകൾ വിജയിക്കുകയാണ് വേണ്ടത്. സംഘടനാ സംവിധാനം ബൂത്ത് തലം മുതൽ ശക്തിപ്പെടുത്തണമെന്നും യോഗത്തിൽ അമിത് ഷാ ആവശ്യപ്പെട്ടു. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് വോട്ടിന്റെ പേരിലെ വിലപേശൽ വേണ്ടെന്ന് അമിത് ഷാ പറഞ്ഞത്. കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണെന്നും അതുകൊണ്ട് തങ്ങൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ വേണമെന്നുമായിരുന്നു തുഷാറിന്റെ പക്ഷം. ഈ നിലപാട് തുറന്നു പറയാനായിരുന്നു എൻഡിഎ യോഗത്തിൽ തുഷാർ എത്തിയത്. എന്നാൽ വോട്ടല്ല സീറ്റാണ് പ്രധാനമെന്ന് പറഞ്ഞ അമിത് ഷാ ഇത്തരം ചർച്ചകളെ പോലും അപ്രസക്തമാക്കി.

എൻഡിഎ നേതൃത്വം അതിശക്തമാകണം. ഇതിന് ബിജെപി നേതാക്കൾ മുൻകൈയെടുക്കണമെന്നതാണ് അമിത് ഷായുടെ നിലപാട്. എന്നാൽ കേരള നേതാക്കളുടെ ഈഗോ പ്രശ്‌നമാണ് എല്ലാത്തിനും കാരണമെന്ന പരാതി ബിഡിജെഎസിനുണ്ട്. അതുകൊണ്ടാണ് അമിത് ഷാ എൻഡിഎ നേതാക്കളുടെ യോഗം വിളിച്ചത്. മലപ്പുറത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം പോലും എൻഡിഎ ചർച്ച ചെയ്തിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകരുതെന്ന് അമിത് ഷാ ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അനുഭാവപൂർവ്വം പരിഗണിക്കും. ശ്രീനാരായണ സർവ്വകലാശാലയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകും. കൂടുതൽ ഐക്യത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്ന സന്ദേശമാണ് എൻഡിഎ യോഗത്തിൽ അമിത് ഷാ നൽകിയത്. ക്രൈസ്തവരെ അടുപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടി.

ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നാമനിർദ്ദേശം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സികെ ജാനുവും എൻഡിഎ യോഗത്തിൽ ശ്രദ്ധേയനായി. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സർക്കാർ കൊണ്ടുവന്നതെന്നും അമിത് ഷാ പറഞ്ഞു. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രധാന പ്രതിപക്ഷമെന്ന നിലയിലേക്ക് ഉയരാൻ പാർട്ടിക്ക് സാധിക്കണം. മുന്നണി ബന്ധം ദൃഢീകരിക്കുന്നതിനൊപ്പം പുതിയ കക്ഷികളെ ഉൾക്കൊള്ളിക്കുന്ന കാര്യത്തിലും എൻഡിഎ യോഗത്തിൽ ചർച്ച നടന്നു.

ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സംസ്ഥാനത്ത് നിർണായക സ്വാധീനമുറപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളായിരുന്നു ബിജെപി കോർകമ്മിറ്റി യോഗത്തിൽ പ്രധാനമായും ഇടം പിടിച്ചത്. പരിസ്ഥിതി പ്രശ്നങ്ങൾ, വികസന വിഷയങ്ങൾ, ആഭ്യന്തര സുരക്ഷ തുടങ്ങി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കാര്യങ്ങളിൽ പാർട്ടി ഇടപെടൽ ഉറപ്പാക്കണം. അടുത്തിടെ പിണറായി വിജയൻ സർക്കാരിനെതിരെയുയർന്ന ജനവികാരം മുതലെടുക്കുന്നതിൽ പാർട്ടി എത്രകണ്ട് വിജയിച്ചുവെന്ന് ആത്മപരിശോധന നടത്തണമെന്നും കോർകമ്മിറ്റി യോഗത്തിൽ അമിത്ഷാ അഭിപ്രായപ്പെട്ടു.

പൊതുസമ്മതരായ വ്യക്തികളെ കണ്ടെത്തി പാർട്ടിയുടെ ഭാഗമാക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ പാർട്ടി മുന്നേറ്റം കാഴ്ച വച്ച മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനും ദേശീയാദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ കോർക്കമ്മിറ്റി യോഗം തീരുമാനമെടുത്തു. പുതിയ കക്ഷികളെ ഉൾപ്പെടുത്തൽ തെരഞ്ഞെടുപ്പ് നയപരിപാടികൾക്ക് രൂപം നൽകൽ തുടങ്ങിയ ചർച്ചകളാണ് എൻഡിഎ യോഗത്തിൽ നടന്നത്. .കേന്ദ്ര പദ്ധതികൾ പേര് മാറ്റി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ നിശ്ചയിച്ച എൻഡിഎ യോഗം ബീഫ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും അകലം പാലിക്കാനും ശ്രദ്ധിച്ചു ഇതിന് ശേഷമാണ് ക്രൈസ്തവ സഭയുമായി അമിത് ഷായുടെ കൂടിക്കാഴ്ച നടന്നത്. കർദിനാൾ മാർ ആലഞ്ചേരി എത്തിയത് ചർച്ചയുടെ പ്രാധാന്യം കൂട്ടി.

എന്നാൽ രാഷ്ട്രീയമൊന്നും ചർച്ച ചെയ്തില്ലെന്നാണ് സഭാ വക്താക്കൾ നൽകുന്ന സൂചന. എന്നാൽ വിഭാഗത്തേയും കേന്ദ്രം ഒരു പോലെ കാണുമെന്നായിരുന്നു അമിത് ഷാ അവരെ അറിയിച്ചത്. ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനത്ത് പാർട്ടിയുടെ വേരോട്ടം വർദ്ധിപ്പിക്കാൻ മൂന്നു ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ അമിത് ഷായ്ക്ക് ആവേശകരമായ സ്വീകരണമാണ് നൽകിയത്.. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറുകണക്കിന് പ്രവർത്തകരും വനിതാ- യുവജന നേതാക്കളും പ്രവർത്തകരും സ്വീകരിച്ച അദ്ദേഹത്തെ 500 ഇരുചക്രവാഹനങ്ങളുടെ ഉൾപ്പെടെ അകമ്പടിയോടെ എറണാകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് ആനയിച്ചു.

വിമാനത്താവളത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. പുറത്തിറങ്ങിയ അദ്ദേഹം പ്രവർത്തകരെയും തടിച്ചുകൂടിയ ജനങ്ങളെയും അഭിവാദ്യം ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസിൽ പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ആദ്യം പങ്കെടുത്തത്. നാളെ തിരുവനന്തപുരത്തേക്ക് പോകുന്ന അമിത്ഷാ രണ്ടു ദിവസം വിവിധ പരിപാടികളിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP