Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്തരേന്ത്യൻ ഹിന്ദുത്വം നിലംതൊടാൻ കേരളത്തിന്റെ മണ്ണ് പാകമായില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ കേരളത്തിന് വേണ്ടി മാത്രം പുതിയൊരു ഹിന്ദുത്വം സൃഷ്ടിച്ച് മുന്നേറ്റം; നിലപാട് തിരുത്തി അയ്യപ്പ ഭക്തന്മാർക്കൊപ്പം നിന്നു ഏറ്റെടുക്കുന്നത് സ്വാമി ശരണം എന്ന മുദ്രാവാക്യം; ഇപ്പോൾ വ്യക്തമാകുന്നത് ശബരിമല കേസും പ്രതിഷേധങ്ങളും അടക്കം കേരള ഹിന്ദുത്വത്തിന് വേണ്ടി സംഘപരിവാർ തന്നെ ഒരുക്കിയതെന്ന് സംശയിക്കാവുന്ന സാഹചര്യം: അമിത്ഷായെ ഇറക്കിയുള്ള അവസാനം നീക്കത്തിൽ ബിജെപി രക്ഷപെടുമോ?

ഉത്തരേന്ത്യൻ ഹിന്ദുത്വം നിലംതൊടാൻ കേരളത്തിന്റെ മണ്ണ് പാകമായില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ കേരളത്തിന് വേണ്ടി മാത്രം പുതിയൊരു ഹിന്ദുത്വം സൃഷ്ടിച്ച് മുന്നേറ്റം; നിലപാട് തിരുത്തി അയ്യപ്പ ഭക്തന്മാർക്കൊപ്പം നിന്നു ഏറ്റെടുക്കുന്നത് സ്വാമി ശരണം എന്ന മുദ്രാവാക്യം; ഇപ്പോൾ വ്യക്തമാകുന്നത് ശബരിമല കേസും പ്രതിഷേധങ്ങളും അടക്കം കേരള ഹിന്ദുത്വത്തിന് വേണ്ടി സംഘപരിവാർ തന്നെ ഒരുക്കിയതെന്ന് സംശയിക്കാവുന്ന സാഹചര്യം: അമിത്ഷായെ ഇറക്കിയുള്ള അവസാനം നീക്കത്തിൽ ബിജെപി രക്ഷപെടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ അവസരങ്ങൾ ഉപയോഗിക്കുന്നത് ഒരു കല തന്നെയാണ്. പ്രത്യേകിച്ചും, സമ്മർദ്ദ ഘട്ടമുണ്ടാകുമ്പോഴും തിരിച്ചടികളെ ഭയക്കുമ്പോഴും അതിന് മറികടക്കാൻ എങ്ങനെ ശ്രമിക്കുന്നു എന്ന കാര്യത്തിൽ. അടുത്തികാലത്തായി ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്ക് അത്രയ്ക്ക് നല്ല സമയം അല്ല. അതിന് കാരണം അനിയന്ത്രിതമായി കത്തിക്കയറുന്ന ഇന്ധനവില മുതൽ കോൺഗ്രസ് പ്രധാനമന്ത്രി മോദിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന റഫേൽ ഇടപാട് വരെയാണ്. കൂടാതെ റഫേൽ ഇടപാടിലെ അനിൽ അംബാനി ബന്ധം അടക്കം പരിശോധിക്കുന്ന സിബിഐ തലപ്പത്തെ പ്രശ്‌നങ്ങളും കൂടി കണക്കിലെടുക്കുമ്പോൾ കേന്ദ്രത്തിൽ അടിമുടി പ്രശ്‌നങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതൊന്നും പ്രശ്‌നമാകുന്നില്ല. അതിന് കാരണം ശബരിമല യുവതി പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭങ്ങളും ഇതേ തുടർന്നുള്ള അറസ്റ്റും മറ്റുമാണ് ഇവിടെ നടക്കുന്നത്.

ശബരിമല അയ്യപ്പൻ എന്നത് കേരളത്തിലെ ഏറ്റവും പോപ്പുലറും ക്രൗഡ് പുള്ളറുമായ ദൈവമാണെന്ന തിരിച്ചറിവിൽ ഈ വിശ്വാസികളുടെ വികാരം മുതലെടുത്ത് അത് പിണറയി സർക്കാറിനെതിരാക്കി മാറ്റുന്ന ദൗത്യത്തിലാണ് ബിജെപി. അതിനായി കൃത്യമായി ചുവടുവെപ്പാണ് അവർ നടത്തിയിരിക്കുന്നത്. ഇന്ന് കണ്ണൂരിൽ എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയത് കേരളത്തിൽ പാർട്ടിയെ വളർത്താൻ ഏറ്റവും നല്ല ആയുധം ബിജെപി ആണെന്ന് തന്നെയാണ്. അയോധ്യയോ രാമക്ഷേത്രമോ ഒന്നും തന്നെ കേരളത്തിലെ ഹൈന്ദവ വികാരത്തെ സ്വാധീനിക്കാൻ പോന്നതല്ലെന്ന തിരിച്ചറിവിലാണ് ബിജെപി അയ്യപ്പസ്വാമിയെ രാഷ്ട്രീയ വളർച്ചാക്കായി ഉപയോഗിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തെറ്റുകാർ ഇടതു സർക്കാറാണെന്ന് വരുത്തി തീർക്കാൻ വേണ്ടി തീവ്രശ്രമങ്ങൾ നടക്കുമ്പോൾ തന്നെ ഇപ്പോൾ ഇത്തരം ഒരു അവസരം ഒരുക്കിയത് സംഘപരിവാറിന് കേരളം പിടിക്കാനുള്ള ആസൂത്രിത നീക്കങ്ങൾക്ക് ഒടുവിലാണെന്ന് ചർച്ചകളും വിലയിരുത്തലുകളും നടക്കുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിനുള്ള കളമൊരുക്കലായിരുന്നു ഇതുവരെ നടന്നതെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളും ഈ സംഭവത്തെ നോക്കിക്കാണുന്നത്.

2019ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിപുലമായ ഒരുക്കങ്ങൾ തന്നെയാണ് ബിജെപി നടത്തിപ്പോന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൽ ആ സാഹചര്യങ്ങൾക്ക് ഉതകുന്ന പദ്ധതി തയ്യാറാക്കുക എന്നതായിരുന്നു ഇതിൽ പ്രധാനം. ഉത്തർപ്രദേശിൽ പശുരാഷ്ട്രീയമാണ് ഹൈന്ദവ ഏകീകരണം ലക്ഷ്യമിട്ട് പയറ്റിയതെങ്കിൽ ബംഗാളിൽ മറ്റു തന്ത്രങ്ങൾ ആയിരുന്നു. ഹിന്ദി മേഖലകളിൽ നിന്നും സീറ്റുകൾ കുറയുമ്പോൾ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടാനും അമിത് ഷാ തയ്യാറാക്കിയ പദ്ധതിയായിരുന്നു. അതിന് അവസരം ഒരുക്കി നൽകുന്നതായി ആർഎസ്എസുമായി ബന്ധമുള്ളവർ തന്നെ നല്കിയ ശബരിമല കേസും ഇപ്പോഴുണ്ടായ വിധിയും.

ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് സംഘപരിവാർ പ്രവർത്തകരായിരുന്നു. സ്ത്രീപ്രവേശം ആവശ്യപ്പെട്ട് 2006 ജൂലൈ 28ന് സുപ്രീംകോടതിയിൽ ഹർജി നൽകിയ അഞ്ച് വനിതാ അഭിഭാഷകർ ആർഎസ്എസ്, ബിജെപി, വിഎച്ച്പി സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഭക്തി പസ്രീജ സേഥി, പ്രേരണകുമാരി, ലക്ഷ്മി ശാസ്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം നീണ്ട കേസിനാധാരമായ ഹർജി നൽകിയത്. താനും ഭർത്താവും ആർഎസ്എസ് ബന്ധമുള്ളവരാണെന്ന് പ്രേരണകുമാരി മാധ്യമങ്ങളോട് സമ്മതിച്ചു.

സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ സംഘപരിവാർ ആശയങ്ങളുടെ തീവ്രവക്താവായ പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവർത്തകനാണ്. സിദ്ധാർഥ് ശംഭു ബിജെപി അധ്യക്ഷൻ അമിത് ഷായോടൊപ്പം വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഹരിയാന റോത്തക്ക് സ്വദേശിയായ ഭക്തി സേഥിയും സംഘപരിവാറിന്റെയും മോദിസർക്കാരിന്റെയും വക്താവാണ്. ഭക്തി സേഥിയുടെ കുടുംബത്തിനും ആർഎസ്എസ് ബന്ധമുണ്ട്.

കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, ലിംഗം, മതവിശ്വാസം, ജാതി എന്നിവ കണക്കിലെടുക്കാതെ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി വ്യക്തമാക്കിയിരുന്നു. ആർഎസ്എസിന്റെ മുതിർന്ന പ്രചാരകനായ രംഗഹരി യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് സംഘപരിവാർ പ്രസിദ്ധീകരണമായ കേസരിയിൽ ലേഖനപരമ്പരതന്നെ എഴുതി. ആർഎസ്എസ് അഖിലേന്ത്യ ബൗദ്ധിക് പ്രമുഖായ രംഗഹരി കാളിദാസകൃതികളും മഹാഭാരതവും ഉദ്ധരിച്ചാണ് വാദങ്ങൾ നിരത്തിയത്. എന്നാൽ, വിധി വന്നശേഷം ആർഎസ്എസ് നിലപാട് പടിപടിയായി മാറ്റി. ഇപ്പോൾ ബിജെപി ഈ വിഷയത്തിൽ പ്രത്യക്ഷത്തിൽ സമരം നയിക്കുന്ന അവസ്ഥയിലേക്കും എത്തി.

നിലയ്ക്കൽ സമരത്തിൽ ബിജെപി പ്രത്യക്ഷമായി കൊടി പിടിച്ച് രംഗത്തുണ്ടായിരുന്നില്ല. എന്നാൽ, ഭക്തരെന്ന വ്യാജേന അക്രമങ്ങൾ നടത്തിയത് അടക്കം പാർട്ടി പ്രവർത്തകരുമായിരുന്നു. ഈ വിഷയത്തിൽ കൂട്ട അറസ്റ്റിലേക്കും മറ്റും നീങ്ങിയതോടെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുടെ രംഗപ്രവേശം. ഇന്ന് അമിത് ഷാ പാർട്ടിക്കും അണികൾക്കും നൽകിയ കൃത്യമായ സന്ദേശം ശബരിമല പരമാവധി മുതലെടുക്കുക എന്നതു തന്നെയാണ്. കേരളത്തിലെ ഹൈന്ദവ വിഭാഗത്തിന്റെ പിന്തുണ ആർജ്ജിക്കാൻ ഇതിൽ കവിഞ്ഞു മറ്റൊരു അവസരം കിട്ടാനില്ല. എൻഎസ്എസ് ബിജെപി പക്ഷത്തു തന്നെയാണ് നിലകൊള്ളുന്നത്. ബിഡിജെഎസിലൂടെ മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്ക് ലഭിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും വൈകാരികമായി തന്നെ ഈ വിഷയത്തിൽ ഇടപെടൽ നടത്തണമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകുന്ന സൂചന. വേണ്ടി വന്നാൽ രഥയാത്രതന്നെ നടത്താനാണ് അദ്ദേഹം ശ്രീധരൻ പിള്ളയോടും കൂട്ടരോടും നിർദേശിച്ചിരിക്കുന്നത്. ഈ ശക്തമായ പ്രചരണം കൊണ്ട് സാമുദായി ധ്രുവീകരണം കൂടി അമിത് ഷാ ലക്ഷ്യമിടുന്നു. സിപിഎം നേട്ടമുണ്ടാക്കിയാലും കോൺഗ്രസിന് ക്ഷീണം വരുത്തുക എന്നതാമ് ബിജെപി ലക്ഷ്യം. ശബരിമല വഴി കോൺഗ്രസിനെ പിന്തുണക്കുന്ന ഹൈന്ദവ വോട്ടുകളെ ബിജെപി പക്ഷത്തേക്ക് മാറ്റാനാണ് ഷായുടെ പദ്ധതി.

കേരളത്തിൽ ഹൈന്ദരരാഷ്ട്രീയം പറയാൻ ഏറ്റവും നല്ല അവസരമാണ് അയ്യപ്പസ്വാമിയെന്ന ബോധ്യത്തിലാണ് ഷാ. എൻഎസ്എസിനെയും എസ്എൻഡിപിയെയും ഒരുമിച്ചു കൊണ്ട് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ മറികടക്കാൻ ശ്രമിക്കുമെന്നാണ് ഷാ ഇന്നു പറഞ്ഞും. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ബിജെപി ഭക്തർക്കൊപ്പമാണ്. വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരേയും പോകാൻ ബിജെപി തയ്യാറാണെന്നും ഷാ വ്യക്തമക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ അമ്മമാരും സഹോദരിമാരുമാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ അവകാശങ്ങളെ അടിച്ചമർത്തുകയും ചെയ്ത സർക്കാർ നടപടി ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. സർക്കാറിനെ വലിച്ച താഴെയിടാൻ തയ്യാറാണെന്ന് ഷാ പറഞ്ഞതും അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ്.

ഭാരത് മാതാക്കീ ജയ് വിളികളാണ് സാധാരണ ബിജെപി റാലികളിൽ മുഴങ്ങാറ്. എന്നാൽ, കേരളത്തിൽ എത്തിയപ്പോൾ ഷാ പറഞ്ഞത് സ്വാമിയെ ശരണം അയ്യപ്പാ എന്നതായിരുന്നു. അതാകണം നമ്മുടെ മുദ്രാവാക്യമെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു ഷായുടെ ഇന്നത്തെ പ്രസംഗവും. ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തെ ബിജെപിക്ക് അടിത്തറ വിലുപപ്പെടുത്താനും ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കാനുമുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അത് പരമാവധി ഉപയോഗപ്പെടുത്താൻ ബിജെപി രംഗത്തിറങ്ങുന്നതോടെ കേരളത്തിലെ രാഷ്ട്രീയവും പൊതു മണ്ഡലവും വരും നാളുകളിൽ കൂടുതൽ കലുഷിതമകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP