Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണവിരുദ്ധ വോട്ടുകളും ഹിന്ദുധ്രുവീകരണ വോട്ടുകളും രാജഗോപാലിന്റെ പെട്ടിയിൽ വീഴും; തീവ്ര മുസ്ലിം വോട്ടുകൾ പിസി ജോർജിന്റെ സ്ഥാനാർത്ഥിക്കും അനുകൂലമാകും; ഈസി വാക്കോവറിന് ഇറങ്ങിയ വിജയകുമാറിന് നന്നായി വിയർക്കേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയായി ഒ.രാജഗോപാൽ അരുവിക്കരയിൽ നിറയുന്നതോടെ കൂടുതൽ കരുതലോടെ പ്രചരണം നടത്താൻ പ്രാദേശീക നേതാക്കൾക്ക് സിപിഐ(എം) നിർദ്ദേശം. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ രാജഗോപാലിന്റെ സാന്നിധ്യമുണ്ടാക്കിയ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനാണ് നീക്കം. അരുവിക്കരയിൽ ഈസി വാക്കോവർ പ്രതീക്ഷിക്കുന്നത് ഇനി മണ്ടത്തരമാണെന്നാണ് വിലയിരുത്തൽ. പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണിയുടെ വോട്ടുകളും ഫലത്തെ സ്ഥാധീനിക്കും. എന്നാൽ ഇത് യുഡിഎഫിനെ മാത്രമേ ദോഷമായി ബാധിക്കു എന്നാണ് കണക്കുകൂട്ടൽ. മണ്ഡലത്തിൽ മുസ്ലിം സമുദായങ്ങൾക്കും പരിവർത്തിത നാടാർ സമുദായങ്ങൾക്കും പത്തു ശതമാനത്തോളം സ്വാധീനമുണ്ട് ഇതിലാണ് ജോർജിന്റെ പ്രതീക്ഷ. ഏതായാലും രാജഗോപാലും ജോർജും നേടുന്ന വോട്ടുകളും അത് ചോരുന്ന വഴിയുമാകും വിജയിയെ നിശ്ചയിക്കുക എന്ന് ഉറപ്പിക്കാം.

ഭരണ വിരുദ്ധ വികാരവും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും വിജയത്തിലേക്കുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിൽ ഇടതുപക്ഷവും, ജി. കാർത്തികേയനോടു മണ്ഡലത്തിലെ ജനങ്ങൾക്കുള്ള സ്‌നേഹവും വിശ്വാസവും അഭിമാനം സംരക്ഷിക്കുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും അരുവിക്കരിയിൽ നിറയുന്നതിനിടെയാണ് രാജഗോപാലിന്റെ വരവ്. വ്യക്തിത്വത്തിന്റെ മികവും കേന്ദ്ര ഭരണ നേട്ടങ്ങളും അക്കൗണ്ട് തുറക്കുന്നതിനു വഴിയൊരുക്കുമെന്ന ധാരണയിൽ ബിജെപിയും കളത്തിലിറങ്ങിയതോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തന്ത്രങ്ങൾ മാറ്റി പയറ്റേണ്ട അവസ്ഥയാണ്. പൊതുതെരഞ്ഞെടുപ്പിൽ നേമത്തും ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകരയും ലോക്‌സഭയിൽ തിരുവനന്തപുരത്തും വ്യക്തിത്വം കൊണ്ടു മാത്രം കാര്യമായ നേട്ടമുണ്ടാക്കിയ രാജഗോപാലിന് അരുവിക്കരയിലും അത്ഭുതം സൃഷ്ടിക്കാനാകുമെന്നാണു ബിജെപിയുടെ വാദം. ഒരു വർഷം പൂർത്തിയാക്കിയ കേന്ദ്രത്തിലെ മോദി സർക്കാരിനെ പറ്റിയുള്ള വിലയിരുത്തൽ കൂടിയാകും രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7000ത്തോളം വോട്ടാണ് ബിജെപി സ്ഥാനാർത്ഥി സി ശിവൻകുട്ടി നേടിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഗിരിജാകുമാരി 14000 വോട്ടുകളാക്കി അത് ഉയർത്തി. അരുവിക്കയോട് ചേർന്ന കാട്ടക്കട മണ്ഡലത്തിൽ ബിജെപിക്ക് നല്ല സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി കെ കൃഷ്ണദാസ് 23,000 വോട്ടുകളാണ് കാട്ടക്കടയിൽ നേടിയത്. ഈ ഘടങ്ങൾക്കൊപ്പം ബിജെപിയുടെ മുഖമായി രാജഗോപാൽ എത്തുമ്പോൾ കാര്യങ്ങൾ ഇനിയും മാറി മറിയും. രാജഗോപാൽ കുറഞ്ഞത് 25,000 വോട്ടെങ്കിലും നേടുമെന്ന് സിപിഎമ്മും കോൺഗ്രസും സമ്മതിക്കുന്നു. രാജഗോപാലിന്റെ വരവോടെ സഹതാപം ഇല്ലാതായെന്നാണ് സിപിഐ(എം) വിലയിരുത്തൽ. സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടകുൾ പെട്ടിയിലാക്കണം., അല്ലാത്ത പക്ഷം സഹതാപവോട്ടുകൾക്കൊപ്പം ഇവ കൂടി കോൺഗ്രസിന് കിട്ടുമ്പോൾ കാര്യങ്ങൾ പ്രതികൂലമാകും. സിപിഐ(എം) വോട്ടുകളിൽ മാത്രം ചോർച്ചയുണ്ടായാൽ അത് നാണക്കേടുമാകും. ഈ സാഹചര്യത്തിലാണ് ഇലക്ഷൻ സ്ട്രാറ്റർജിയിൽ ഇടതു പക്ഷം ഉടച്ചു വാർക്കലിന് തയ്യാറാകുന്നത്.

അരുവിക്കരയിൽ വിജയകുമാറിനെ നിർത്തിയത് നന്നായി എന്ന വിലയിരുത്തലുമുണ്ട്. ജില്ലാ നേതാക്കൾ ആരെങ്കിലും മത്സരിച്ചിരുന്നുവെങ്കിൽ രാജഗോപാൽ വികാരം തിരിച്ചടിയാകുമായിരുന്നു. വിജയകുമാറിലൂടെ പാർട്ടി വോട്ടുകൾ മുഴുവൻ പെട്ടിയിലാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം ഉണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിനോട് എതിർപ്പുള്ള നിഷ്പക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും ലക്ഷ്യമിട്ടിരുന്നു. രാജഗോപാലിന്റെ വരവോടെ അതിന് പൂർണ്ണമായും ഉറപ്പിക്കാൻ സിപിഎമ്മിന് കഴിയില്ല. കോൺഗ്രസ് ക്യാമ്പിലും അങ്കലാപ്പുണ്ട്. ശബരിനാഥനെ മത്സരിപ്പിക്കുന്നത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ വോട്ടുകൾ ബിജെപി പെട്ടിയിൽ വീഴുമോ എന്നതാണ് ആശങ്ക. കോൺഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കായ മുസ്ലീങ്ങളും ഇത്തവണ കൈവിടാനാണ് സാധ്യത. എസ്ഡിപിഐ പോലുള്ള കക്ഷികളുടെ പിന്തുണയോടെയാണ് പിസി ജോർജിന്റെ അഴിമതി വിരുദ്ധ മുന്നണി മത്സരിക്കാനിറങ്ങുന്നത്. അതുകൊണ്ട് തന്നെ മുസ്ലിംവോട്ടുകൾ പിസി ജോർജ്ജിന്റെ സ്ഥാനാർ്തഥി നേടാനാണ് സാധ്യത.

കാൽനൂറ്റാണ്ടു കാലം മണ്ഡലത്തിന്റെ നിറസാന്നിദ്ധ്യമായിരുന്ന അന്തരിച്ച സ്പീക്കർ ജി.കാർത്തികേയനോട് അരുവിക്കരക്കാർക്കുള്ള വൈകാരികമായ അടുപ്പം മകൻ കെ.എസ്.ശബരീനാഥനിലൂടെ ജ്വലിപ്പിച്ച് മണ്ഡലം നിലനിർത്താനാണ് യു.ഡി.എഫിന്റെ ശ്രമം. ബാർകോഴ വിവാദത്തിലും മറ്റ് അഴിമതി ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന യു.ഡി.എഫിന് ഈ തെരഞ്ഞെടുപ്പ് നിലനില്പിനുള്ള പോരാട്ടമാണ്. കാർത്തികേയന്റെ ഭാര്യ ഡോ.എം ടി.സുലേഖയെ മത്സര രംഗത്തിറക്കി സഹതാപ തരംഗത്തിലൂടെ മണ്ഡലം നിലനിർത്താൻ അവർ ആദ്യം ശ്രമിച്ചത് അതിനാലാണ്. സുലേഖ മത്സരിക്കാൻ വിസ്സമ്മതിച്ചതോടെ മകൻ ശബരീനാതനെ നിർത്തുകയല്ലാതെ മറ്റൊരു പോംവഴി യു.ഡി.എഫിന് മുന്നിലില്ലായിരുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പഠന കാലത്തും ഔദ്യോഗിക ജോലിക്കിടയിലും ആർജ്ജിച്ച പൊതു പ്രവർത്തന പരിചയവും യുവത്വവും ശബരിയെ ജനങ്ങൾക്ക് സ്വീകാര്യനാക്കിയെന്നാണ് കോൺഗ്രിസന്റെ നിലവിലെ വിലയിരുത്തൽ.

വളരെ ആലോചിച്ചാണ് ഇടതുമുന്നണി എം.വിജയകുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. അരുവിക്കരയിൽ അദ്ദേഹത്തിനുള്ള ജനസ്വാധീനം ഇടതുമുന്നണിക്കുള്ള അധിക ആനുകൂല്യമാണ്. ഏറ്റവും അനുകൂലമായ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ വോട്ടാക്കി മാറ്റാൻ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനാവുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പെട്ട അരുവിക്കരയിൽ ഇടതു സ്ഥാനാർത്ഥിക്കായിരുന്നു മുൻതൂക്കം. അഡ്വ. എ. സമ്പത്തിന് 4193 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. 2011ൽ ജി .കാർത്തികേയൻ 10,674 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സ്ഥാനത്തായിരുന്നു ഇത്. വിജയകുമാറിന്റെ വ്യക്തിപ്രഭാവത്തിന് സമ്പത്തിന്റെ ഭൂരിപക്ഷം കൂട്ടാനാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ രാജഗോപാൽ എത്തിയതോടെ ഇത്രയും വലിയ ഭൂരിപക്ഷം സിപിഐ(എം) പ്രതീക്ഷിക്കുന്നില്ല. ഈഴവ-നായർ വിഭാഗങ്ങൾക്ക് അരുവിക്കരയിൽ നല്ല സ്വാധീനമുണ്ട്. ഇവർക്കിടയിൽ രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വം ചലനങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഈ വിഭാഗങ്ങളിൽ നിന്ന് വോട്ടൊഴുക്ക് രാജഗോപാലിന് ഉണ്ടാകുമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷക്കണക്കുകൾ പുനർനിർണ്ണയിക്കാൻ സിപിഐ(എം) തയ്യാറാകുന്നത്.

യുഡിഎഫിൽനിന്നു പിണങ്ങി നിൽക്കുന്ന പി.സി. ജോർജിനാകട്ടെ, ശക്തിയുണ്ടെന്ന് തെളിയിക്കാൻ കിട്ടുന്ന അവസരം നഷ്ടപ്പെട്ടാൽ മുഖ്യധാരയിൽനിന്നു തന്നെ പിന്മാറേണ്ടിവരും. മത്സരിക്കുന്നവർക്കെല്ലാം നിലനിൽപ്പിന്റെ പോരാട്ടമാകുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ വാശിയും വീറും വർധിക്കും. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളും ഇടതുപക്ഷത്തെ തമ്മിൽ തല്ലും ആയുധമാക്കി കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച് ഗുണമുണ്ടാക്കാനാകുമെന്നാണു ബിജെപി പ്രതീക്ഷ. ദേശീയ നേതാക്കളെയും കഴിയുമെങ്കിൽ പ്രധാനമന്ത്രിയെയും പ്രചാരണത്തിനെത്തിച്ച് അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 7,694 വോട്ടുകൾ മാത്രമെ നേടാനായുള്ളൂവെങ്കിലും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 14,000ത്തിൽ അധികം വോട്ടുകൾ നേടാൻ കഴിഞ്ഞു.

ജോർജിന്റെ മുന്നണിയിൽ സമുദായ സംഘടനകൾക്കാണു പ്രാധാന്യം. വി എസ്ഡിപി, ഡിഎച്ച്ആർഎം തുടങ്ങിയ സംഘടനകൾക്കൊപ്പം എസ്ഡിപിഐയും ചേരുന്നു. ജാതി സംഘടനകളുടെ പിൻബലത്തിൽ സാമുദായിക വോട്ടുകൾ പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ജോർജിനുള്ളത്. വിജയം അല്ല ആത്യന്തിക ലക്ഷം. ഇരു മുന്നണികൾക്കും മുന്നിൽ ശക്തി തെളിയിക്കുകയെന്നതാണ് അജണ്ട. ജോർജിന് ശക്തി തെളിയിക്കാനായില്ലെങ്കിൽ പൂർണമായും പുറത്തേയ്ക്ക് പോകേണ്ടി വരും. ശക്തി തെളിയിക്കാൻ കഴിഞ്ഞാൽ വിലപേശി നിലനിൽക്കാം. ഇടതുമുന്നണിയോട് വില പേശണമെങ്കിലും വോട്ടുകൾ വഴി ശക്തി തെളിയിക്കണം. ജയപരാജയങ്ങൾ നിശ്ചയിക്കുന്ന അത്രയും വോട്ടുകൾ ജോർജിന്റെ മുന്നണി നേടുകയും വേണം. ഇതിൽ പരാജയപ്പെട്ടാൽ കേരള രാഷ്ട്രീയത്തിൽ ജോർജിന്റെ പ്രഭാവം അവസാനിക്കും.

അരുവിക്കരയിൽ നാമനിർദേശപത്രികാ സമർപ്പണം നാളെ ആരംഭിക്കും. ഈ മാസം പത്തിന് പൂർത്തിയാവും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 13 വരെ പത്രിക പിൻവലിക്കാം. 27 ന് വോട്ടെടുപ്പ്. 30 ന് വോട്ടെണ്ണൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP