Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുളയിൽ വീണാ ജോർജും അഴിക്കോട് നികേഷ് കുമാറും സീറ്റ് ഉറപ്പിച്ചു; ഒരേ ചാനലിലെ രണ്ട് പേർ മത്സര രംഗത്ത് ഇറങ്ങിയതിൽ മറ്റ് ചാനലുകളിലെ താരങ്ങൾക്ക് വിഷമം; രണ്ടിടത്തേയും വിമത പാർട്ടി പ്രതിഷേധം മൂപ്പിച്ച് ഏഷ്യാനെറ്റ്

ആറന്മുളയിൽ വീണാ ജോർജും അഴിക്കോട് നികേഷ് കുമാറും സീറ്റ് ഉറപ്പിച്ചു; ഒരേ ചാനലിലെ രണ്ട് പേർ മത്സര രംഗത്ത് ഇറങ്ങിയതിൽ മറ്റ് ചാനലുകളിലെ താരങ്ങൾക്ക് വിഷമം; രണ്ടിടത്തേയും വിമത പാർട്ടി പ്രതിഷേധം മൂപ്പിച്ച് ഏഷ്യാനെറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറന്മുളയിലും അഴിക്കോടും വലിയ വിമത പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഇത്തരം പ്രശ്‌നങ്ങളെല്ലാം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പതിവാണ്. പക്ഷേ ആറന്മുളയിലും അഴിക്കോടും ഇത് പെരുപ്പിച്ച് കാട്ടി വാർത്തകളായെത്തുന്നു. വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോൾ പോലും ഉണ്ടാകാത്ത പ്രതിഷേധം. ഇതിന് പിന്നിൽ ചാനലുകൾക്ക് പങ്കുണ്ടെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ആറന്മുളയിൽ മാദ്ധ്യമപ്രവർത്തകയായ വീണ ജോർജിനെയാണ് സിപിഐ(എം) സ്ഥാനാർത്ഥിയാക്കുക. അഴിക്കോട് നികേഷ് കുമാറിനേയും സിപിഐ(എം) മത്സരിപ്പിക്കും. ഇതു തന്നെയാണ് വാർത്തകളിൽ വിമത നീക്കത്തെ നിറയ്ക്കുന്നതെന്നാണ് സിപിഐ(എം) നിരീക്ഷണം.

വീണയും നികേഷും റിപ്പോർട്ടർ ചാനലിലെ അവതാരകരാണ്. ഈ രണ്ടു പേരും സ്ഥാനാർത്ഥികളാകുന്നത് മറ്റ് ചാനലുകൾക്ക് പിടിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ചാനൽ പ്രവർത്തകരെ സ്ഥാനാർത്ഥികളായി കേരളത്തിൽ പരിഗണിച്ചിട്ടില്ല. അതു കൊണ്ട് മറ്റ ചാനലുകൾ പകരം വീട്ടുന്നു. അവർ വിവാദം കത്തിക്കുമ്പോൾ പോസ്റ്ററും മറ്റും വാർത്തകൾക്കായി ഉയരുന്നു. അതിനപ്പുറത്തേക്ക് ആറന്മുളയിലേയും അഴിക്കോട്ടേയും പ്രതിഷേധങ്ങളെ കാര്യമായെടുക്കേണ്ടതില്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. രണ്ടിടത്തേയും വിമത പ്രശ്‌നം മൂപ്പിച്ച് ഏഷ്യാനെറ്റ് വാർത്ത കൊടുക്കുന്നതിന് പിന്നിലും റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമ പ്രവർത്തകരോടുള്ള അസൂയയാണെന്നും വിലയിരുത്തുന്നു.

കണ്ണൂരിൽ സിപിഎമ്മിന്റെ എല്ലാമെല്ലാമായിരുന്നു എംവി രാഘവൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ രാഘവൻ യുഡിഎഫിലേക്ക് പോയി. കൂത്തുപറമ്പ് വെടിവയ്‌പ്പുമുണ്ടായി. ഇതോടെ എംവി രാഘവൻ സിപിഎമ്മിന്റെ ശത്രുപക്ഷത്തായി. പക്ഷേ രാഘവന്റെ അവസാന നാളുകളിൽ സിപിഎമ്മുമായി അടുത്തു. പാർട്ടിയിലേക്ക് മടങ്ങിയെത്താൻ പോലും ആഗ്രഹിച്ചു. അതിനോട് നേതൃത്വവും അനുകൂല നിലപാട് എടുക്കുമ്പോഴായിരുന്നു രാഘവന്റെ മരണം. അതുമായി പാർട്ടി അണികൾ സഹകരിച്ചു. അപ്പോൾ തന്നെ രാഘവന്റെ മകൻ നികേഷിനെ അഴിക്കോട് സ്ഥാനാർത്ഥിയാക്കുമെന്ന നിലപാട് സിപിഐ(എം) എടുത്തിരുന്നു. അണികളെ അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിൽ അഴിക്കോട് നികേഷിനോട് ആർക്കും എതിർപ്പില്ല. എന്നിട്ടും മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത നൽകുന്നു. പോസ്റ്റർ പ്രചരണവും ഇവിടെ ഇല്ല. മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ തോൽപ്പിക്കാൻ നികേഷിനെ പോലൊരു സ്ഥാനാർത്ഥിക്ക് കഴിയുകയും ചെയ്യും. അതുകൊണ്ടാണ് സീറ്റ് നൽകിയത്. എന്നാൽ ഒരു മാദ്ധ്യമ പ്രവർത്തകൻ എംഎൽഎ ആകുന്നതിനോട് ചാനലുകാർക്ക് താൽപ്പര്യമില്ല. നികേഷിന്റെ സാധ്യത ഇല്ലായ്മ ചെയ്യാൻ ഏഷ്യാനെറ്റ് മനപ്പൂർവ്വം വാർത്ത നൽകുകയാണ്. ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് നൽകുന്ന സീറ്റിൽ സ്ഥാനാർത്ഥിയെ കുറിച്ച് പാർട്ടി പ്രാദേശിക ഘടകം ചർച്ച ചെയ്യാറില്ല.

സിഎംപിക്ക് സീറ്റ് നൽകി അഴിക്കോട് നികേഷിനെ മത്സരിപ്പിക്കാനാണ് സിപിഐ(എം) തീരുമാനം. അതുകൊണ്ടാണ് പാർട്ടി ഘടകങ്ങളിൽ അഴിക്കോട് ചർച്ചയാകാത്തത്. ഇതിന് സമാനമാണ് ആറന്മുളയിലെ വിഷയവും. നിലവിലെ സാമുദായിക സമവാക്യം അനുസരിച്ച് ആറന്മുളയിൽ സാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കിയാണ് പരീക്ഷണത്തിന് വീണാ ജോർജിനെ നിർത്തുന്നത്. പലയിടത്തും ഇത്തരം പരീക്ഷണമുണ്ട്. എന്നാൽ ആറന്മുളയിൽ അത് വിവാദമാകുന്നു. ഇതിന് പിന്നിലും റിപ്പോർട്ടർ ചാനലിലെ മാദ്ധ്യമ പ്രവർത്തകയോട് മറ്റ് ചാനലിലുള്ളവർക്കുള്ള അസൂയയാണെന്നാണ് സിപിഐ(എം). പക്ഷം.

അഴിക്കോടും ആറന്മുളയും ഇടതുപക്ഷത്ത് എത്തിക്കാൻ ഈ പരീക്ഷണത്തിലൂടെ കഴിയുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് തന്നെ നികേഷും വീണാ ജോർജും സ്ഥാനാർത്ഥികളാകുമെന്നാണ് സൂചന. മലയാളത്തിലെ വനിത മാദ്ധ്യമ പ്രവർത്തകരിൽ ഏറ്റവും പ്രഗത്ഭയായാണ് വീണ ജോർജ് അറിയപ്പെടുന്നത്. മലയാളത്തിൽ നിന്നും ആദ്യമായി ഒരു ചാനൽ മേധാവിയായ വനിതയാണ് വീണ. ടിവി ന്യൂ തലപ്പത്ത് നിന്നാണ് പിന്നീട് വീണ റിപ്പോർട്ടറിലേയ്ക്ക് വരുന്നത്.

കൈരളി ചാനലിലൂടെ മാദ്ധ്യമ പ്രവർത്തനം ആരംഭിക്കുന്ന വീണ മുമ്പ് പത്തനംതിട്ട കാത്തലിക്ക് കോളജ് അദ്ധ്യാപികയും ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP