Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മജീദിനെ എട്ടുകാലി മമ്മൂഞ്ഞെന്ന് ഇനിയും വിളിക്കുമോ! സോളാറിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ കാലുപിടിച്ച് അവസാന ശ്രമം; ആര്യാടൻ മുഹമ്മദിനെ എടക്കരയിലെ വേദിയിൽ കയറ്റിയതിൽ ലീഗ് അണികൾക്ക് നിരാശയും

മജീദിനെ എട്ടുകാലി മമ്മൂഞ്ഞെന്ന് ഇനിയും വിളിക്കുമോ! സോളാറിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ കാലുപിടിച്ച് അവസാന ശ്രമം; ആര്യാടൻ മുഹമ്മദിനെ എടക്കരയിലെ വേദിയിൽ കയറ്റിയതിൽ ലീഗ് അണികൾക്ക് നിരാശയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്:  കേരളത്തിൽ മുസ്ലിം ലീഗിന്റെ ഏറ്റവും വലിയ വിമർശകൻ ആരായിരുന്നു? ഉത്തരം ലളിതമാണ്. ആര്യാടൻ മുഹമ്മദ്. യുഡിഎഫിനുള്ളിൽ നിൽക്കുമ്പോഴും മുസ്ലിം ലീഗിനെ അംഗീകരിക്കാൻ കൂസാക്കാത്ത കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ. മലപ്പുറത്തും കോഴിക്കോട്ടും ജാതിയുടെ പേരിൽ മുസ്ലിം ലീഗുണ്ടാക്കുന്ന ചേരിതിരിവുകളെ പരസ്യമായി വിമർശിച്ച് പോന്ന നേതാവ്. ഇപ്പോഴിതാ ആര്യാടനും മനസ്സ് മാറുന്നു. അഞ്ചാം മന്ത്രി പദ വിവാദത്തിൽ ഉൾപ്പെടെ ലീഗിനെതിരെ പരസ്യ നിലപാട് എടുത്ത ആര്യാടൻ ഒടുവിൽ ലീഗ് വേദിയിലെത്തി.

പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ എടക്കരയിലെ സ്വീകരണയോഗത്തിനാണ് ആര്യാടൻ എത്തിയത്. കേരളയാത്രയുടെ സ്വീകരണയോഗത്തിലേക്ക് ആര്യാടനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുണ്ടെന്ന് ആര്യാടൻ കഴിഞ്ഞദിവസം ലീഗ് നേതാക്കളെ അറിയിക്കുകയായിരുന്നു. അണികളിൽ ഒരു വിഭാഗത്തിന് അമർഷമുണ്ടായിരുന്നുവെങ്കിലും ലീഗ് നേതൃത്വം ആര്യാടന്റ ആഗ്രഹത്തിന് സമ്മതം മൂളി. ബിജെപിക്കെതിരെയും ലീഗ് മന്ത്രിമാരടക്കമുള്ളവരുടെ നേട്ടങ്ങളെക്കുറിച്ചുമായിരുന്നു ചടങ്ങിൽ ആര്യാടന്റ പ്രസംഗം. യുഡിഎഫ് ഐക്യം മുൻനിർത്തി ലീഗ് നേതൃത്വം ആര്യാടന്റെ സാന്നിധ്യത്തെ സന്തോഷപുർവ്വം സ്വീകരിച്ചു.

സോളാർ കേസിൽ ഇടതുപക്ഷം ഉയർത്തുന്ന പ്രതിഷേധത്തെ നേരിടാനും വരുന്ന തെരഞ്ഞെടുപ്പിൽ ലീഗിന്റ പിന്തുണ പുർണ്ണമായും ഉറപ്പിക്കാനുമാണ് ആര്യാടന്റ ശ്രമമെന്നാണ് സൂചന. അതായത് സ്വന്തം കാലിലെ മണ്ണൊലിക്കാൻ തുടങ്ങിയപ്പോൾ ലീഗിനെ അഭയം പ്രാപിക്കുകയാണ് ആര്യാടൻ എന്നാണ് വിമർശനം. സോളാറിൽ അഴിമതി ആരോപണം നേരിടുന്ന ആര്യാടനെ വേദിയിലെത്തിച്ചത് ലീഗ് അണികളിൽ ഇപ്പോഴും അമർഷമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ആര്യാടൻ മത്സരിക്കാൻ ഇടയില്ല. എന്നാൽ മകൻ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാണ് നീക്കം. മുസ്ലിം ലീഗിന്റെ എതിർപ്പ് മാറിയില്ലെങ്കിൽ മകന്റെ വിജയം അസാധ്യമാകുമെന്ന് ആര്യാടൻ തിരിച്ചറിയുന്നു.

അതുകൊണ്ട് കൂടിയാണ് ലീഗ് വേദിയിൽ ആര്യാടൻ എത്തുന്നത്. മുസ്ലിം ലീഗ് മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയുമുണ്ട്. ഇത് ഒഴിവാക്കുകയെന്ന കോൺഗ്രസിലെ എ വിഭാഗത്തിന്റെ തന്ത്രം കൂടിയാണ് ആര്യാടന്റെ നീക്കം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ നാളായി ആര്യാടന് ഏറെ അടുപ്പമുണ്ടായിരുന്നില്ല. സോളാറിൽ അഴിമതി ആരോപണം വന്നതോടെ ഈ സാഹചര്യം മാറി. ഇതിന്റെ പ്രതിഫലനം കൂടിയാണ് ലീഗ് വേദിയിലെ ആര്യാടന്റെ സാന്നധ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ മലപ്പുറത്ത് യുഡിഎഫിലെ പ്രശ്‌നങ്ങൾക്ക് കാരണം ആര്യാടനും ലീഗ് നേതൃത്വവും തമ്മിലെ ഭിന്നതയായിരുന്നു.

മലപ്പുറത്തെ യുഡിഎഫ് രാഷ്ട്രീയത്തിൽ കോൺഗ്രസിന് മുൻതൂക്കം കിട്ടുന്നില്ലെന്നായിരുന്നു ആര്യാടന്റെ പക്ഷം, കോൺഗ്രസ് വോട്ടുകൾ നേടി ലീഗ് ജയിക്കുന്നു. അതിന് ശേഷം സമ്മർദ്ദ തന്ത്രം ലീഗ് കാട്ടുന്നുവെന്നായിരുന്നു ആര്യാടൻ പരസ്യമായി തന്നെ പ്രതികരിച്ചിരുന്നത്. ഇതിനെല്ലാം വിരുദ്ധമാണ് കുഞ്ഞാലിക്കുട്ടിയുടെ ജാഥയിലെ സാന്നിധ്യം. മലപ്പുറത്ത് രാഷ്ട്രീയ ഒറ്റപ്പെടൽ ഉണ്ടാകാതിരിക്കാൻ ലീഗിനെ കൂട്ടുപിടിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നു. അതുകൊണ്ട് തന്നെ മലപ്പുറത്ത് കൂടുതൽ വിലപേശലിന് ലീഗിന് ഇനി കരുത്തുണ്ടാകും. ഇതിന് കൂടി വേണ്ടിയാണ് ആര്യാടന് വേദിയിൽ സ്ഥാനം നൽകിയത്. എന്നാൽ അതിന്റെ ആവശ്യമെന്തെന്ന് ചോദിക്കുന്നവരുമുണ്ട്. തീർത്തും പ്രതിസന്ധിയിലാകുമ്പോൾ ഉള്ള മനമാറ്റങ്ങൾ രാഷ്ട്രീയ നേട്ടത്തിനാണ്. എന്നും ലീഗിനെ ചീത്ത പറഞ്ഞു നടന്ന ആര്യാടനെ അടുപ്പിക്കരുതായിരുന്നുവെന്ന് തന്നെയാണ് ലീഗിലെ ബഹുഭൂരിഭാഗം പ്രവർത്തകരും പറയുന്നത്.

മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് എട്ടുകാലി മമ്മൂഞ്ഞ് എന്ന് പോലും ആര്യാടൻ വിശദീകരിച്ചിട്ടുണ്ട്. എട്ടുകാല മമ്മൂഞ്ഞിനെ പോലെയാണ് പെരുമാറുന്നത്. വൈക്കം മുഹമ്മദ് ബഷീറിന് പറ്റിയ കഥാപാത്രമാണ് മജീദ്. ബഷീർ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ കഥാപാത്രമാക്കിയേനെയെന്നും ആര്യാടൻ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗാണെന്ന മജീദിന്റെ പരാമർശത്തെ കുറിച്ച് കേരളം ഉണ്ടാക്കിയത് അവരാണെന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു ആര്യാടന്റെ മറുപടി. മാലിന്യങ്ങളെ കൊണ്ട് ഹൈദരലി ശിഹാബ് തങ്ങൾക്കു പോലും പൊറുതിമുട്ടിയിരിക്കുകയാണെന്നും ആര്യാടൻ പറഞ്ഞു. ലീഗിനതിരെ പ്രസ്താവനകൾ നടത്തുന്ന ആര്യാടനെതിരെ ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ രംഗത്തെത്തിയിരുന്നു.

അത്തരമൊരു നേതാവിനെ അയാളുടെ പ്രതിസന്ധി ഘട്ടത്തിൽ ചുമക്കേണ്ട ആവശ്യം ലീഗിനുണ്ടോ എന്ന സംശയമാണ് ലീഗ് അണികൾ ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ഇത് ഏറെ ചർച്ചകൾക്കും വഴിവയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP