Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കറൻസി നിരോധനമെന്ന മോദിയുടെ 'സർജിക്കൽ സ്ട്രൈക്ക്' അഖിലേഷ് യാദവിനും മായാവതിക്കും ഇടിത്തീയായി; വോട്ട് പിടിക്കാൻ നോട്ടൊഴുക്കാൻ സാധിക്കാതെ വന്നപ്പോൾ ബിജെപി സ്‌കോർ ചെയ്തു; വർഗീയ ധ്രുവീകരണം കൂടിയായപ്പോൾ ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറി; മോദിയിലെ വികസന നായകനെ ജനം രക്ഷകനായി കണ്ടതോടെ ഒരു വ്യാഴവട്ടത്തിന് ശേഷം യുപി പിടിച്ച് ബിജെപി

കറൻസി നിരോധനമെന്ന മോദിയുടെ 'സർജിക്കൽ സ്ട്രൈക്ക്' അഖിലേഷ് യാദവിനും മായാവതിക്കും ഇടിത്തീയായി; വോട്ട് പിടിക്കാൻ നോട്ടൊഴുക്കാൻ സാധിക്കാതെ വന്നപ്പോൾ ബിജെപി സ്‌കോർ ചെയ്തു; വർഗീയ ധ്രുവീകരണം കൂടിയായപ്പോൾ ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറി; മോദിയിലെ വികസന നായകനെ ജനം രക്ഷകനായി കണ്ടതോടെ ഒരു വ്യാഴവട്ടത്തിന് ശേഷം യുപി പിടിച്ച് ബിജെപി

ലക്‌നൗ: രാജ്യത്തെ പിടിച്ചുകുലുക്കിയ നോട്ടുനിരോധനമെന്ന തീരുമാനത്തിന്റെ ജനകീയ വിലയിരുത്തലാകും ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും യുപിയിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കെതിരെ എതിർകക്ഷികളെല്ലാം കറൻസി റദ്ദാക്കിയതിന്റെ കെടുതികൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതും. ആ മത്സരത്തിൽ ബിജെപി ജയിച്ചുകയറുമ്പോൾ മോദി രാജ്യത്ത് അനിഷേധ്യ ശക്തിയായി വളരുന്ന ചിത്രമാണ് തെളിയുന്നത്.

എന്നാൽ നോട്ടുനിരോധനത്തിന്റെ കെടുതിയാണോ അതോ രാഷ്ട്രീയ പാർട്ടികൾക്ക് പണമൊഴുക്കിക്കളിക്കാൻ ഈ തിരഞ്ഞെടുപ്പിൽ അവസരം കിട്ടാതിരുന്നതാണോ യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു. യഥാർത്ഥത്തിൽ മോദിയുടെ 'സർജിക്കൽ സ്‌ട്രൈക്കിൽ' അടിപതറിയത് യുപിയിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്കാണെന്ന വസ്തുതയാണ് തെളിയുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ ഗോവയിലും മണിപ്പൂരിലും പഞ്ചാബിലുമെല്ലാം പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്‌കാരമല്ല ഉള്ളത്. എന്നാൽ യുപിയിലേയും ഉത്തരാഖണ്ഡിലേയും സ്ഥിതി ഇതല്ല. ഇവിടെ എല്ലാക്കാലത്തും തിരഞ്ഞെടുപ്പിൽ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിച്ച ചരിത്രമാണ് ഉള്ളത്. മായാവതിയുടെ ബിഎസ്‌പിയും മുലായത്തിന്റെയും അഖിലേഷിന്റെയും സമാജ് വാദി പാർട്ടിയുമെല്ലാം നന്നായി ഈ തന്ത്രം പയറ്റിയിട്ടുമുണ്ടെന്നത് മുൻകാല ചരിത്രം.

പക്ഷേ, ഇക്കുറി തിരഞ്ഞെടുപ്പിന് ആറുമാസം പോലും ബാക്കിയില്ലെന്നിരിക്കെയാണ് ഇക്കഴിഞ്ഞ നവംബറിൽ നോട്ടുനിരോധനം വന്നത്. കണ്ടെയ്‌നറുകളിൽ യുപിയിലേക്ക് കറൻസിയെത്തുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദിയുടെ കറൻസി നിരോധന പ്രഖ്യാപനം. ഇതോടെ തിരഞ്ഞെടുപ്പിന് ഒഴുക്കാമെന്ന് കരുതി കള്ളപ്പണം സ്വരുക്കൂട്ടിയവർക്കെല്ലാം തിരിച്ചടിയായി. കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിന് പണം നൽകി വോട്ടർമാരെ സ്വാധീനിച്ച് ഉണ്ടാക്കിയ ദുശ്ശീലം തന്നെ അവർക്ക് ഇക്കുറി വിനയായി.

നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം മൂലമാണ് പണം നൽകാനാവാത്തതെന്ന് പലയിടത്തും പ്രചരണം വരെ നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ, ഇത് വിലപ്പോയില്ല. പണം തരാത്തതിന്റെ പ്രതികാരമെന്നോണം പല കേന്ദ്രങ്ങളിലും എതിരാളികൾക്ക് വോട്ടുചെയ്തത് ബിജെപിക്ക് ഗുണംചെയ്‌തെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. തികച്ചും സാധാരണക്കാരായ വോട്ടർമാർക്ക് ചാകരയായിരുന്നു തിരഞ്ഞെടുപ്പുകൾ. അപ്പോൾ മദ്യവും പണവുമെല്ലാം നൽകി വോട്ടർമാരെ വിലയ്‌ക്കെടുക്കുന്ന തന്ത്രം ഇത്തവണ യുപിയിലെ രാഷ്ട്രീയ പാർട്ടികൾക്ക് പയറ്റാനായില്ലെന്ന് വ്യക്തം. ഇത് ഫലത്തിൽ കാര്യമായി തന്നെ പ്രതിഫലിക്കുകയും ചെയ്തു.

പക്ഷേ, ഇതുമാത്രമല്ല യുപിയിലെ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് വ്യക്തം. അത്തരത്തിൽ പ്രചരണം നടത്തി ബിജെപിയുടെ വലിയ നേട്ടത്തെ കുറച്ചുകാട്ടാനാവില്ലെന്ന് ബിജെപി നേതാക്കളിൽ ചിലർ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു. യുപിയിൽ രക്ഷകനെന്ന നിലയിൽ നരേന്ദ്ര മോദിയെ തന്നെ ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചരണത്തിന് ഇറങ്ങിയത്. ഇത് വലിയ രീതിയിൽ ഫലംകണ്ടുവെന്നും അതാണ് ഈ ഉജ്വല വിജയത്തിന്റെ അടിത്തറയായതെന്നും അവർ വ്യക്തമാക്കുന്നു.

തമ്മിൽ തല്ലുന്ന അഖിലേഷും മുലായവും നേതൃത്വം നൽകുന്ന ബിഎസ് പി ഒരുവശത്ത്. ദളിതരുടെ പേരിലാണ് നിലകൊള്ളുന്നതെങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുസ്‌ളീങ്ങൾക്ക് മുൻകാലങ്ങളേക്കാൾ കൂടുതൽ സീറ്റു നൽകി വർഗീയ, ജാതീയ കാർഡുൾപ്പെടെ കളിക്കാനൊരുങ്ങിയ മായാവതിയുടെ തന്ത്രങ്ങൾ മറുവശത്ത്. പഴയകാല പ്രതാപത്തിന്റെ കാര്യം മാത്രം പറഞ്ഞ് നിലനിൽപ്പിനുവേണ്ടി വിലപ്പോകാത്ത തന്ത്രങ്ങളുമായി കോൺഗ്രസ്.

ഇത്തരത്തിൽ ആകെ ചിന്നിച്ചിതറി നിൽക്കുന്ന എതിരാളികൾക്കിടയിലൂടെ ബിജെപി അനായാസം ജയിച്ചുകയറുകയാണ് ചെയ്തത്. പണമൊഴുക്ക് നിലച്ചത് നിർണായക ഘടകമായതുപോലെ തന്നെ ജാതിരാഷ്ട്രീയം കളിക്കാനൊരുങ്ങിയവർക്ക് ഇടയിൽ അതേതന്ത്രം കുറച്ചുകൂടി ഫലപ്രദമായി പയറ്റാനും അതിൽ ജയിക്കാനും ബിജെപിക്കു കഴിഞ്ഞു. ഇതോടെ മുൻപെങ്ങും ഇല്ലാത്ത ഭൂരിപക്ഷവുമായി ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്ത്രപ്രധാന സംസ്ഥാനമായ യുപിയെന്ന കോട്ടയിൽ അവർ ആധിപത്യമുറപ്പിക്കുകയും ചെയ്തു. ആദ്യഘട്ടം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഈ തന്ത്രം ബിജെപി പയറ്റി. പരമാവധി വോട്ടുകൾ ചിതറിക്കാൻ വർഗീയ ധ്രുവീകരണമുണ്ടാക്കും വിധമുള്ള പ്രചരണത്തിലേക്ക് ബിജെപിയുടെ തന്ത്രങ്ങൾ മാറിയതും ചർച്ചയായി. ഇങ്ങനെ ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറിയത് ഫലംകണ്ടു.

ഇതിനെല്ലാം പുറമെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം ദൃശ്യമാണ്. ഇത് യുപിയിലും അലയടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇവിടെയുള്ള ഫലവും. ഭരണത്തിലിരുന്ന അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ വികസനമെന്നത് പല ഗ്രാമങ്ങൾക്കും ഇനിയും കിട്ടാത്ത സ്വപ്‌നമാണെന്ന മുദ്രാവാക്യവും ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉയർത്തിയിരുന്നു. രാജ്യംമുഴുവൻ വികസനം കൊണ്ടുവരുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യുപിയിലെ ഗ്രാമങ്ങളിലും നല്ല റോഡുകളും മെച്ചപ്പെട്ട ജീവിതവും എത്തിക്കുമെന്ന ബിജെപിയുടെ പ്രചരണതന്ത്രവും ഈ തിരഞ്ഞെടുപ്പിൽ അവരെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയതിൽ നിർണായകമായി.

14 വർഷത്തിന് ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലെത്തുന്നത്. രാജ്യത്ത് മോദി ഭരണത്തിലേറുമ്പോൾ അതിലും നിർണായക ശക്തിയായി യുപിയിലെ ഫലം മാറിയിരുന്നു. 2014ൽ 73 എംപിമാരെയാണ് യുപി ബിജെപിക്ക് സംഭാവന ചെയ്തത്. ഇതിൽനിന്ന് ഒരു പടികൂടി കടന്ന് ഉജ്വല ജയം നിയമസഭയിലും പാർട്ടി ഒറ്റയ്ക്ക് നേടുമ്പോൾ അതിന്റെ ഫുൾ ക്രെഡിറ്റും നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ വലംകയ്യായി നിന്ന് പാർട്ടിയെ നയിക്കുന്ന അമിത് ഷായ്ക്കും നൽകുകയാണ് യുപിയിലെ പ്രവർത്തകരും നേതാക്കളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP