Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60ൽ 28 നേടിയവരെ പുറത്തുനിർത്തി 21 നേടി ഭരണം ഉറപ്പിച്ച മണിപ്പൂർ; 40ൽ 17 നേടിയിട്ടും പതിമ്മൂന്നുമായി അധികാരം പിടിച്ച ഗോവ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചവർക്ക ഭരണം നിഷേധിച്ച അരുണാചൽ; പണത്തിന്റേയും അധികാരത്തിന്റേയും തിണ്ണമിടുക്കിൽ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ചു കൊണ്ടുള്ള അമിത്ഷായുടേയും മോദിയുടേയും ജൈത്രയാത്രയ്ക്ക് ഒടുവിൽ കടിഞ്ഞാൺ; ബിജെപിയുടെ തന്ത്രംപൊളിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസത്തോടെ കോൺഗ്രസ്

60ൽ 28 നേടിയവരെ പുറത്തുനിർത്തി 21 നേടി ഭരണം ഉറപ്പിച്ച മണിപ്പൂർ; 40ൽ 17 നേടിയിട്ടും പതിമ്മൂന്നുമായി അധികാരം പിടിച്ച ഗോവ; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ചവർക്ക ഭരണം നിഷേധിച്ച അരുണാചൽ; പണത്തിന്റേയും അധികാരത്തിന്റേയും തിണ്ണമിടുക്കിൽ ജനാധിപത്യത്തിന്റെ കഴുത്തുഞെരിച്ചു കൊണ്ടുള്ള അമിത്ഷായുടേയും മോദിയുടേയും ജൈത്രയാത്രയ്ക്ക് ഒടുവിൽ കടിഞ്ഞാൺ; ബിജെപിയുടെ തന്ത്രംപൊളിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസത്തോടെ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ഒടുവിൽ വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ രാഷ്ട്രീയ നാടകത്തിന് പരിസമാപ്തി കുറിച്ച് കർണാടകത്തിൽ രണ്ടരദിവസം മാത്രം അധികാരത്തിലിരുന്ന് ബിജെപി മുഖ്യമന്ത്രി യദ്യൂരപ്പ രാജിവച്ചതോടെ തോൽക്കുന്നത് അമിത്ഷായുടെ തന്ത്രങ്ങൾ. ഒപ്പം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റു സംസ്ഥാനങ്ങളിൽ നഷ്ടപ്പെടുമെന്ന് ഉറപ്പായ സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് തിരിച്ചുപിടിക്കാമെന്ന് സ്വപ്‌നം കണ്ട ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വലിയ തിരിച്ചടിയാവുകയാണ് കർണാടകത്തിലെ ജനവിധി.

മതേതര ശക്തികളുടെ യോജിപ്പെന്ന നിലയിലേക്ക് കോൺഗ്രസിന് കാര്യങ്ങളെത്തിക്കാൻ കഴിഞ്ഞതോടെയാണ് വലിയ തിരിച്ചടി ബിജെപി നേരിടുന്നത്. ചാക്കിട്ടു പിടിത്തത്തിനുൾപ്പെടെ കോടികൾ വാഗ്ദാനം ചെയ്ത് എതിർ പാളയത്തെ എംഎൽഎമാരെ കൈക്കലാക്കാൻ അവസാന നിമിഷം വരെ നടന്ന ശ്രമവും പാളി.

ഇത് ഇതുവരെ ബിജെപി രാജ്യത്താകമാനം നടത്തിവന്ന തന്ത്രങ്ങൾക്കുള്ള വലിയ തിരിച്ചടിയാണ്. ഒപ്പം കോൺഗ്രസിന് വലിയ ആത്മവിശ്വാസം നൽകുന്നതും. രാജ്യത്തെ പരമോന്നത നീതിപീഠം കൂടി ഇടപെട്ടതോടെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന സംവിധാനത്തിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു എന്നുള്ളതും ശ്രദ്ധേയാണ്.

രാജ്യത്ത് വലിയ ഭൂരിപക്ഷം നേടി പ്രധാനമന്ത്രിപദത്തിൽ എത്തിയ ബിജെപിയും മോദിയും അതിന് ശേഷം അമിത്ഷാ എന്ന രാഷ്ട്രീയ ചാണക്യന്റെ കരുനീക്കങ്ങളിലൂടെ രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ അധികാരം നേടിയവരാണ്. അധികാരം കൊയ്യണം ആദ്യം നാം എന്ന മുദ്രാവാക്യം രാജ്യത്ത് നടപ്പാക്കുന്നത് ഏതുവിധേനയും ചെയ്യുമെന്ന് പലകുറി തെളിയിച്ചിട്ടുണ്ട് അമിത്ഷാ. ഫലപ്രഖ്യാപനം കഴിഞ്ഞ് അധികാരം നേടാൻ ഒരുവഴിയും ഇല്ലാഞ്ഞിട്ടും അടുത്തിടെ ഏതുവിധേനയും അധികാരത്തിലെത്തുക എന്ന നയം വിജയിപ്പിച്ചെടുക്കാൻ അമിത്ഷാ പല തന്ത്രങ്ങളും പയറ്റി.

പണമെറിഞ്ഞും വിരട്ടിയും കേന്ദ്രത്തിലെ അധികാരത്തിന്റെ സുഖശീതളിമയിലേക്ക് ക്ഷണിച്ചുമെല്ലാം ഓരോ പ്രാദേശിക കക്ഷികളുടേയും നേതാക്കളെ വിഴുങ്ങിയും നേരിട്ടും മണിപ്പൂരിലും ഗോവയിലും അരുണാചലിലും കോൺഗ്രസിന്റേ നേതാക്കളെ പടിപടിയായി ബിജെപിയിലെത്തിച്ച് സിപിഎം കാൽനൂറ്റാണ്ടുകാലം ജൈത്രയാത്ര നടത്തിവന്നിരുന്ന ത്രിപുരയിലുൾപ്പെടെ ബിജെപിയെ ഭരണത്തിലെത്തിക്കാൻ അമിത്ഷായുടെ തന്ത്രങ്ങൾക്ക് കഴിഞ്ഞു.

ഇത്തരത്തിൽ ഇപ്പോൾ ഇന്ത്യയെ കാവിപുതപ്പിക്കുക എന്ന ചുമതല ഭംഗിയായി നിർവഹിച്ചുവരുന്നതിനിടെയാണ് ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് കർണാടകത്തിൽ തിരിച്ചടി നേരിടുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 20 സംസ്ഥാനങ്ങളിൽ ഇന്ന് ഭരണമുണ്ട്. പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടേയും ഇടപെടലിന്റെ ബലത്തിലാണ് ഈ നിലയിലേക്ക് മോദി അധികാരമേറ്റ് നാലുവർഷത്തിനകം ബിജെപി എത്തുന്നത്. എങ്ങനേയും ഇന്ത്യ മുഴുവൻ കാവിപുതപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും നീങ്ങുന്നത്. ഇതിനായി പലപ്പോഴും ജനവിധിയെ പോലും തന്ത്രപരമായി അട്ടിമറിച്ചു.

എന്നാൽ ഇതേതന്ത്രം പയറ്റി കർണാടകത്തിലും ജയിക്കാമെന്ന തന്ത്രമാണ് ഇപ്പോൾ പരാജയപ്പെടുന്നത്. സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കോൺഗ്രസ് ജയിച്ചുവന്നിടത്തൊക്കെ ആ ജനാധിപത്യത്തെ കശാപ്പുചെയ്താണ് ബിജെപി പല സംസ്ഥാനങ്ങളിലും അധികാരം പിടിച്ചത്. ഗോവയിലും മണിപ്പൂരിലുമെല്ലാം അത് ആവർത്തിച്ചു. ഇതിനെല്ലാം ബിജെപിയുടെ സ്വന്തക്കാരായ ഗവർണർമാരെ സമർത്ഥമായി ഉപയോഗിച്ചു. കർണാടകത്തിൽ പക്ഷേ, ഇതെല്ലാം ഒരു ചരിത്ര നിയോഗംപോലെ തിരിച്ചടിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപി സഭയിൽ 104 സീറ്റ് നേടിയെങ്കിലും കോൺഗ്രസും ജനതാദളും എതിർപക്ഷത്ത് ഒരുമിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി.

ഇതിനെല്ലാം ഉപരി കോൺഗ്രസ് ദേശീയ നേതൃത്വം ഉണർന്നുപ്രവർത്തിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിന്റെ ടെസ്റ്റ് ഡോസ് എന്ന നിലയിലാണ് എല്ലാവരും കർണാടക തിരഞ്ഞെടുപ്പിനെ കണ്ടത്. ബിജെപിക്കും സംഘപരിവാറിനും എതിരെ ഒരു എതിർ ശക്തിയെന്ന നിലയിൽ കോൺഗ്രസും മറ്റെല്ലാ മതേതര കക്ഷികളും ഒരുമിക്കുക എന്ന തന്ത്രം ഫലപ്രദമായി ഉപയോഗിച്ചു അവർ കർണാടകത്തിൽ. തിരഞ്ഞെടുപ്പിന് മുമ്പേ പക്ഷേ, ദേവെ ഗൗഡയുടെ മതേതര ദളുമായി സഖ്യമുണ്ടാക്കുക എന്ന തന്ത്രത്തിലേക്ക് കോൺഗ്രസ് പോയില്ല. കാരണം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന ഉറച്ച പ്രതീക്ഷയായിരുന്നു. അത് വലിയൊരളവിൽ വിജയിക്കുകയും ചെയ്തു.

പക്ഷേ, ബിജെപി വിജയപ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിക്കരുതെന്ന ഉദ്ദേശ്യത്തോടെ അവരുടെ വോട്ടുകൾ ജനതാദളിന് നൽകിയെന്ന സൂചനകൾ വന്നു. പക്ഷേ, ബിജെപി തന്ത്രം പാളി. കോൺഗ്രസ് 78 മണ്ഡലങ്ങളിൽ വിജയിച്ചു. ദൾ 38 മണ്ഡലങ്ങളിലും. അവർ ഒരുമിച്ച് ചേർന്നതോടെ ബിജെപിക്കെതിരെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും രാജ്യത്തെ മതേതര കക്ഷികളും സ്വപ്‌നംകണ്ട സഖ്യത്തിന്റെ ഫസ്റ്റ് ഡോസ് കർണാടകത്തിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ഇതുവരെ പ്രയോഗിച്ച തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടു. അമിത്ഷായും മോദിയും സ്വപ്‌നംകണ്ട യദ്യൂരപ്പയുടെ ബിജെപി സർക്കാരിന് ആയുസ്സ് ദിവസങ്ങൾ മാത്രം.

സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷം വേണമെന്നോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണമെന്നു പോലുമില്ലെന്ന് തെളിയിച്ചാണ് ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ വിജയക്കൊടി പാറിച്ചതും അധികാരം പിടിച്ചെടുത്തതും. കാശെറിഞ്ഞും വിരട്ടിയുമെല്ലാം പലരേയും സ്വന്തം പാളയത്തിലെത്തിച്ചായിരുന്നു ഇത്. മണിപ്പൂരും ഗോവയുമെല്ലാം ചില ഉദാഹരണങ്ങൾ. ബിജെപിക്ക് ഒരു സ്വാധീനവുമില്ലായിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപി പക്ഷത്ത് എത്തിച്ചത് ഇത്തരത്തിലായിരുന്നു. പലയിടത്തും ബിജെപിക്ക് ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റകക്ഷിയോ ആയിരുന്നില്ല. എന്നിട്ടും ഭരണം നേടി. അതുകൊണ്ട് തന്നെ കർണ്ണാടകയിലും ഓപ്പറേഷൻ ലോട്ടസ് ലക്ഷ്യം കാണുമെന്ന് കരുതുന്നവരുണ്ട്. ഇത് മുന്നിൽ കണ്ടാണ് അതിവേഗം കോൺഗ്രസും ജെഡിഎസും ഒരുമിച്ചത്. എന്നിട്ടും സർക്കാരുണ്ടാക്കിയത് ബിജെപിയുടെ യെദ്യൂരപ്പയാണ്.

ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് ഏവരും പറഞ്ഞു. എങ്കിലും ബിജെപി പിന്നോട്ടുപോയില്ല. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടതോടെ കർണാടകത്തിലെ ജനവിധി ജനാധിപത്യത്തിന്റെ വിജയമായി മാറി.

മണിപ്പൂരിലും ഗോവയിലും ജയിച്ച തന്ത്രം ഇവിടെ ഫലിച്ചില്ല

മണിപ്പൂരിൽ 60 അംഗ നിയമസഭ. 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ, 21 സീറ്റ് നേടിയ ബിജെപിക്കാണു മന്ത്രിസഭ രൂപീകരിക്കാനുള്ള ക്ഷണം ലഭിച്ചതും മന്ത്രിസഭയുണ്ടാക്കിയതും. ഗവർണ്ണറുടെ തീരുമാനമാണ് നിർണ്ണായകമായത്. അതിന് ശേഷം കോൺഗ്രസിൽനിന്ന് ഒൻപതു പേരെ ബിജെപി പക്ഷത്ത് എത്തിച്ചു. ഒരു സ്വതന്ത്രനടക്കം മറ്റു പാർട്ടികളിലെ പത്തുപേർ ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. ഇന്ന് കോൺഗ്രസിൽ ബാക്കിവന്ന 19 പേർ മാത്രമാണു പ്രതിപക്ഷത്തുള്ളത്.

ഗോവയിൽ 40 അംഗ സഭ. 17 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപി. കോൺഗ്രസിലെ ഒരംഗത്തെ അടർത്തിയെടുത്തു. കൂടാതെ മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ കൂടി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോൾ കോൺഗ്രസിന്റെ 16 എംഎൽഎമാർ മാത്രമാണ്. അരുണാചലിലും ഇതാണ് സംഭവിച്ചത്.

2014ലെ തിരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ 42 സീറ്റ് നേടി കോൺഗ്രസ് വൻവിജയം നേടി. നബാം തുക്കിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു. പിന്നീടു തുക്കിക്കു പകരം കോൺഗ്രസിലെ തന്നെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി. 2016ൽ പേമ ഖണ്ഡു അടക്കം 41 കോൺഗ്രസ് എംഎൽഎമാരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ എത്തിച്ചു. അവിടെ നിന്നു മുഖ്യമന്ത്രിയടക്കം ഭൂരിഭാഗം പേരും ബിജെപിയിലെത്തി.

2014ലെ തിരഞ്ഞെടുപ്പിൽ 11 പേരെ മാത്രം വിജയിപ്പിച്ച ബിജെപിക്ക് ഇപ്പോൾ സഭയിൽ 48 പേരുടെ പിന്തുണ. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് ഒരു സീറ്റ് മാത്രം. മുന്മുഖ്യമന്ത്രി നബാം തുക്കിയാണ് ഏക കോൺഗ്രസ് അംഗം. അങ്ങനെ അരുണാചലിൽ ബിജെപി പുതിയ ചരിത്രം രചിച്ചു. മേഘാലയയിൽ 60 അംഗസഭയിൽ 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ 19 സീറ്റ് മാത്രമുണ്ടായിരുന്ന എൻപിപിയെയാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ബിജെപി പിന്തുണച്ച എൻപിപി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി. 28.5% വോട്ടു ലഭിച്ചിട്ടും കോൺഗ്രസ് അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ടു. എൻപിപിക്ക് 20% വോട്ടാണു ലഭിച്ചത്.

നാഗാലാൻഡിൽ 60 അംഗ സഭയിൽ ഭരണകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) 26 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷേ ഗവർണ്ണർ വിളിച്ചത് 17 സീറ്റ് മാത്രം ലഭിച്ച എൻഡിപിപിയുടെ നേതാവ് നെയ്ഫു റിയോയെയാണ്. ബിജെപി എൻഡിപിപിയെ പിന്തുണച്ചു. അങ്ങനെ അവിടേയും എൻഡിഎ ഭരണമായി. ഇതിനെല്ലാം പിന്നിൽ ചരട് വലികൾ നടത്തിയത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. മോദിയുടെ അധികാരക്കരുത്തിലാണ് അമിത് ഷാ ഇത് സാധ്യമാക്കുന്നത്. ഓരോ സംസ്ഥാനത്തും വിശ്വസ്തരായ ഗവർണ്ണർമാരെ നിയോഗിച്ചാണ് കണക്കുകൾ ബിജെപി അധികാരത്തിലേക്ക് അനുകൂലമാക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP