തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അയോധ്യ കലാപകലുഷിതമാകുന്നു; രണ്ട് ലക്ഷം ആർഎസ് എസ്-ബിജെപി പ്രവർത്തകർ നാളെ രാമക്ഷേത്ര നിർമ്മാണത്തിനായി അയോധ്യയിലേക്ക് നീങ്ങും; പ്രകോപനത്തിന് ബജ്രംഗദളിലെ പുതിയ സൈനികരെത്തുക ത്രിശൂലവുമായി; സംഘപരിവാറിന്റെ ധർമ്മസഭ ലക്ഷ്യമിടുന്നത് എന്ത്? വിഎച്ച്പിയുടെ പ്രഖ്യാപനങ്ങളും അതിരുകടക്കുന്നു; നാളെ അയോധ്യയിൽ എന്തും സംഭവിക്കാം
November 24, 2018 | 08:37 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
അയോധ്യ: രാമക്ഷ്രേതം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച അയോധ്യയിൽ സംഘ്പരിവാറിന്റെ ധർമ്മ സഭ നടക്കാനിരിക്കെ അയോധ്യയിലും ഫൈസാബാദിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. നാളെ അയോധ്യയിൽ ശക്തിപ്രകടനത്തിനാണ് പരിവാറുകാരുടെ ശ്രമം. രണ്ട് ലക്ഷം പേരെ അണിനിരത്തി കർസേവയ്ക്ക് സമാന അവസ്ഥയുണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അയോധ്യയെ കത്തിക്കാനാണ് പരിവാറുകാരുടെ ശ്രമം. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ല്ക്ഷ്യമിട്ടാണ് നീക്കങ്ങൾ. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന പരിവാറുകാരുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കാനുള്ള പരിവാർ നീക്കം.
അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം ലക്ഷ്യം വച്ച് പുതിയ 25,000 'സൈനികുകളെ' ബജ്രംഗദളിൽ ചേർക്കുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ കുറച്ചു പേർക്ക് ത്രിശൂലം ഉപയോഗിക്കാനുള്ള പരിശീലനം നൽകുമെന്നും വി.എച്ച്.പി അറിയിച്ചു. പുതിയ റിക്രൂട്ടുകൾക്ക് ത്രിശൂൽ ദീക്ഷ (കത്തി പോലുള്ള ഒരു ആയുധം) നൽകുമെന്നും വി.എച്ച്.പി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ടു ചെയ്തിരുന്നു. വി.എച്ച്.പിയുടെ യുവജന സംഘടനയാണ് ബജ്രംഗദൾ. നവംബർ 25ന് ധർമ്മ സഭ എന്ന പേരിൽ അയോധ്യയിൽ വെച്ച് വി.എച്ച്.പി യോഗം സംഘടിപ്പിക്കുമെന്നും രാജ്യത്തെ വിവിധ ഹിന്ദു സംഘടനകൾ അതിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 9ന് ഡൽഹിയിൽ വച്ച സമാന രീതിയിലുള്ള കൂടിക്കാഴ്ച നടത്തുമെന്നും വി.എച്ച്.പി അറിയിച്ചു. ബാബരി മസ്ജിദ് പൊളിച്ചത് 1992 ഡിസംബർ ആറിനായിരുന്നു.
'ആവശ്യമെങ്കിൽ ബജ്രംഗദളിന്റെ അണികൾക്ക് ഏത് സമയവും അയോധ്യയിലേക്ക് മാർച്ച് ചെയ്ത് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കും'- വി.എച്ച്.പി അവദ് സംഘടനാ സെക്രട്ടറി ബോലേന്ദ്ര പ്രസ്താവനയിൽ പറഞ്ഞതായി ഹിന്ദു റിപ്പോർട്ടു ചെയ്തിരുന്നു. ആയുധ പരിശീലനം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ബോലേന്ദ്ര പറഞ്ഞു. ഹിന്ദു മതത്തേയും സംസ്‌കാരത്തേയും സംരക്ഷിക്കാനാണ് ഇത്തരം പരിശീലനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് നാളത്തെ മാർച്ചിൽ ഭീതി ശക്തമാകുന്നത്. ക്ഷേത്രം വേണമെന്ന ആവശ്യവുമായി കൂടുതൽ ഹിന്ദു സംഘടനകൾ പ്രദേശത്ത് പ്രകോപനപരമായി തടിച്ചു കൂടുന്നുണ്ട്. 1992 സമാനമായ രീതിയിലായിരുന്നു ആളുകൾ സംഘടിച്ചത്. അന്ന് പള്ളികൾ നശിപ്പിച്ചു. ബാബറി മസ്ജിദ് തകർക്കുകയും ചെയ്തു.
വ്യാഴാഴ്ച അയോധ്യിയിൽ നടത്തിയ റോഡ് ഷോയിൽ പങ്കെടുത്ത ബജ്‌റംഗ്ദൾ പ്രവർത്തകർ രാമക്ഷേത്രം നിർമ്മിക്കുമെന്ന് മുദ്രാവാക്യം മുഴക്കി. രാമജന്മ ഭൂമിയിൽ യുദ്ധത്തിനാണ് പോകുന്നതെന്ന് വി.എച്ച്.പി നേതാവ് ബോലേന്ദ്ര സിങ് പറഞ്ഞു. ബാബരി മസ്ജിദ് തകർത്ത സമയത്ത് നടന്നതുപോലുള്ള കലാപം ആവർത്തിക്കുമോ എന്ന ആശങ്ക അയോധ്യയിൽ സജീവമാണ്. ശിവസേന അധ്യക്ഷൻ ഉദവ് താക്കറയും അയോധ്യയിൽ എത്തുന്നുണ്ട്. ഫൈസാബാദിലെയും അയോധ്യയിലെയും സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്നാണ് ആരോപണം. കുഴപ്പമുണ്ടാകുമോ എന്ന് ഭയന്ന് ഹിന്ദുക്കളും മുസ്‌ലിംകളും ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വെക്കുകയാണെന്നും റിപ്പോർട്ടുണ്ട്. യുപി സർക്കാരും പ്രക്ഷോഭകാരികൾക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെ അയോധ്യയിൽ എന്തും സംഭവിക്കാം.
വ്യാഴാഴ്ചത്തെ വി.എച്ച്.പിയുടെ റോഡ്‌ഷോ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഫൈസാബാദിൽ പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കടന്നുപോയത്. പ്രശ്‌നമുണ്ടാകുമോ എന്ന് ഭയന്ന് ചില മുസ്‌ലിംകൾ പ്രദേശം വിട്ടതായി റിപ്പോർട്ടുണ്ട്. ഇരട്ട നഗരങ്ങളായ അയോധ്യയുടെയും ഫൈസാബാദിന്റെയും പേര് ഈയിടെ യു.പി സർക്കാർ അയോധ്യ എന്നാക്കിയിരുന്നു. ഇതിൽ നിന്നെല്ലാം ആവേശം ഉൾക്കൊണ്ടാണ് വി എച്ച് പിക്കാരും ബിജെപിക്കാരും നാളെ അയോധ്യയിൽ എത്തുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യയെ സജീവമായി നിലനിർത്താനാണ് ബിജെപി തീരുമാനം. വിഷയത്തിൽ ലോക്‌സഭയിൽ ബിൽ കൊണ്ടു വരുമെന്ന് ബിജെപി എംപിമാർ അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് അയോധ്യയിലും പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നത്.
ബാബരി മസ്ജിദ് വിഷയത്തിൽ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നിരുന്നു. 17 മിനിറ്റ് കൊണ്ട് ബാബരി പള്ളി പൊളിച്ചെങ്കിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് കൊണ്ടുവരാൻ എന്താണ് താമസമെന്ന് ബിജെപിയോട് സഞ്ജയ് റാവത്ത് ചോദിക്കുന്നു. ''17 മിനിറ്റ് കൊണ്ട് ബാബരി പള്ളി പൊളിച്ചെങ്കിൽ രാമക്ഷേത്രത്തിനായി ഓർഡിനൻസ് കൊണ്ടുവരാൻ എന്താണ് താമസം?'' എല്ലാ അധികാരങ്ങളുമുണ്ടായിട്ടും രാമക്ഷേത്ര നിർമ്മാണത്തിന് ബിജെപി തയ്യാറാവുന്നില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിമർശം. രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണക്കാത്തവർക്ക് രാജ്യത്ത് ജീവിക്കാനാവില്ലെന്നും ശിവസേന നേതാവ് പ്രഖ്യാപിച്ചു. ബിജെപിയിൽ സമ്മർദ്ദം ഉണ്ടാക്കാനുള്ള നീക്കമാണ് ഇത്. രാമക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ടുള്ള ശിവസേനയുടെ അയോധ്യ മാർച്ച് തുടങ്ങിയിട്ടുണ്ട്. പ്രവർത്തകർ ഞായറാഴ്ച അയോധ്യയിൽ സമ്മേളിക്കും. 25ന് ഉദ്ധവ് താക്കറെ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് പുറമേയാണ് വി.എച്ച്.പി, ബജ്‌റംഗ്ദൾ പ്രവർത്തകരുൾപ്പെടെ 2 ലക്ഷത്തിലധികം പേർ അയോധ്യയിൽ ഒത്തുചേരുമെന്ന റിപ്പോർട്ടും.
വേണ്ടിവന്നാൽ രണ്ടാം രാമക്ഷേത്രപ്രക്ഷോഭം എന്ന് ആർ.എസ്.എസും വി.എച്ച്.പി.യും വ്യക്തമാക്കിയിരിക്കുന്നു. രാമക്ഷേത്രം നിർമ്മിക്കേണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പലവട്ടം പറഞ്ഞുകഴിഞ്ഞു. വിശ്വാസികളായ വോട്ടർമാരുടെ മുന്നിലുള്ള ഒരേയോരു ലക്ഷ്യവും സാഫല്യവും രാമക്ഷേത്രം മാത്രമാണെന്നും അതിനായുള്ള പോരാട്ടത്തിലാണ് തങ്ങളെന്നും തോന്നിപ്പിക്കാനാണ് ബിജെപിയുടേയും പരിവാറിന്റേയും ശ്രമം. അയോധ്യാകേസ് 2019 ജനുവരിയിലേക്ക് മാറ്റിവെച്ചതോടെ സുപ്രീംകോടതി നടപടിയോടുള്ള അതൃപ്തി മടിയേതുമില്ലാതെ യു.പി.യിലെ നേതാക്കൾ പ്രകടിപ്പിക്കുന്നു. കോടതിവിധി വൈകരുതെന്നും രാമക്ഷേത്രം പണിയണമെന്ന ആവശ്യത്തെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നുമാണ് ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ. അതായത് നാല് വർഷം മിണ്ടാതിരുന്ന ബിജെപി തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അയോധ്യാ കാർഡ് വീണ്ടും സജീവമാക്കുകയാണ്.
അയോധ്യാ കേസിൽ എന്ത് വിധി വന്നാലും ക്ഷേത്രനിർമ്മാണത്തിന് തീയതി ഉടൻ പ്രഖ്യാപിക്കണമെന്ന കടുത്ത നിലപാടാണ് സന്ന്യാസ വിഭാഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിലുള്ളതിനാൽ വികസനത്തെക്കാൾ രാമനാണ് വടക്കേയിന്ത്യയിലെ നല്ലൊരു വിഭാഗം ഹിന്ദുമനസ്സിലേക്കെത്താനുള്ള ആയുധമെന്ന് അവർ കരുതുന്നു. 2014-ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ചായിരുന്നു പോരാട്ടമെങ്കിൽ ഇത്തവണ അതേ അളവിൽ മോദി പ്രഭാവം നിലനിൽക്കുന്നില്ലെന്ന് ബിജെപി.ക്കറിയാം. അതുകൊണ്ട് വീണ്ടും അയോധ്യയെ കത്തിക്കാനാണ് നീക്കം.
