Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടു സീറ്റും 17 ശതമാനം വോട്ടുകളിൽ നിന്നും 18 സീറ്റുകളും 40 ശതമാനം വോട്ടുകൾക്ക് ബിജെപി കുതിച്ചുയരുന്നത് സിപിഎമ്മുകാർ കാവിയുടുത്തപ്പോൾ; കോൺഗ്രസിൽ ചേർന്നാൽ അവർ ബിജെപിയിൽ പോകുമെന്ന സിപിഎമ്മിന്റെ പരിഹാസം തിരിഞ്ഞു കുത്തിയപ്പോൾ ബംഗാളിൽ വിജയിച്ചത് അക്രമരാഷ്ട്രീയത്തിന് മാത്രമേ രക്ഷയുള്ളൂ എന്ന സത്യം; സിപിഎമ്മിനേക്കാൾ വലിയ അക്രമകാരി ആയപ്പോൾ തൃണമൂലും തൃണമൂലിനേക്കാൾ അക്രമം തുടങ്ങിയപ്പോൾ ബിജെപിയും ജയിക്കുന്നു: 33 കൊല്ലം സിപിഎം മുടിപ്പിച്ച ബംഗാളിന്റെ അവസ്ഥ ദയനീയം

രണ്ടു സീറ്റും 17 ശതമാനം വോട്ടുകളിൽ നിന്നും 18 സീറ്റുകളും 40 ശതമാനം വോട്ടുകൾക്ക് ബിജെപി കുതിച്ചുയരുന്നത് സിപിഎമ്മുകാർ കാവിയുടുത്തപ്പോൾ; കോൺഗ്രസിൽ ചേർന്നാൽ അവർ ബിജെപിയിൽ പോകുമെന്ന സിപിഎമ്മിന്റെ പരിഹാസം തിരിഞ്ഞു കുത്തിയപ്പോൾ ബംഗാളിൽ വിജയിച്ചത് അക്രമരാഷ്ട്രീയത്തിന് മാത്രമേ രക്ഷയുള്ളൂ എന്ന സത്യം; സിപിഎമ്മിനേക്കാൾ വലിയ അക്രമകാരി ആയപ്പോൾ തൃണമൂലും തൃണമൂലിനേക്കാൾ അക്രമം തുടങ്ങിയപ്പോൾ ബിജെപിയും ജയിക്കുന്നു: 33 കൊല്ലം സിപിഎം മുടിപ്പിച്ച ബംഗാളിന്റെ അവസ്ഥ ദയനീയം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബംഗാളിൽ നിന്നു ചുവപ്പു മായുകയാണ്. ആകെയുള്ള രണ്ട് ലോക്‌സഭാ സീറ്റുകളും നഷ്ടമായതോടെ സിപിഎം ബംഗാളിൽ ശൂന്യരായി. തൃണമൂൽ കോൺഗ്രസിന്റെ അക്രമത്തിൽ പൊറുതിമുട്ടിയ സിപിഎം പ്രവർത്തകർ ഇക്കുറി ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങി. ഇതാണ് ബംഗാളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാൻ ബിജെപിയുടെ കേന്ദ്രശക്തിക്ക് കഴിയുമെന്ന വിലയിരുത്തലിലാണ് സിപിഎം വോട്ടുബാങ്ക് ബിജെപിയിലേക്ക് തിരിയാൻ കാരണമാക്കിയത്.

ഇക്കാര്യം അക്ഷരാർഥത്തിൽ തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഒരുസീറ്റുപോലും നേടാനായില്ലെന്നു മാത്രമല്ല ഒരിടത്തുപോലും രണ്ടാം സ്ഥാനത്തെത്താനും ബംഗാളിൽ സിപിഎമ്മിന് ആയില്ല. ബിജെപി.യിലേക്ക് പാർട്ടിയിൽനിന്ന് വോട്ടൊഴുകിയിട്ടുണ്ടെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ തിരഞ്ഞെടുപ്പ് വേളയിൽതന്നെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഇക്കാര്യം തുറന്നുസമ്മതിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസിന്റെ അപ്രമാദിത്വത്തിൽ പിടിച്ചുനിൽക്കാനാകാതെ സിപിഎം. ചുരുണ്ടപ്പോഴും വോട്ടിങ് ശതമാനത്തിൽ കാര്യമായ കോട്ടം സിപിഎമ്മിന് ഉണ്ടായിരുന്നില്ല. 2014-ൽ രണ്ടു സീറ്റിൽമാത്രം സിപിഎം. ഒതുങ്ങിയപ്പോഴും ഇടതുപാർട്ടികൾക്ക് 30 ശതമാനത്തോളം വോട്ടുകൾ നേടാനായി. എന്നാലിത്തവണ ഇടതുപാർട്ടികൾക്ക് ആകെ ലഭിച്ചത് എട്ട് ശതമാനത്തിന് താഴെ വോട്ടുകൾമാത്രമാണ്. രണ്ട് സീറ്റും 17 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന ബിജെപി.ക്ക് ഇത്തവണ ലഭിച്ചതാകട്ടെ 18 സീറ്റും 40.2 ശതമാനം വോട്ടും.

സ്വന്തംപാർട്ടി നേട്ടമുണ്ടാക്കാത്തതിൽ മനംമടുത്തും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിയിൽ ഭീതി ബാധിച്ചവരുമായ ഇടതുപാർട്ടി പ്രവർത്തകരെ തങ്ങളിലേക്കടുപ്പിക്കാൻ വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജെപി. പ്രവർത്തിച്ചത്. പ്രതിപക്ഷ ഏകീകരണം കാരണം യു.പി.യിലടക്കം സീറ്റുകൾ നഷ്ടപ്പെടുകയാണെങ്കിൽ അത് നികത്താനുള്ള ഇടങ്ങളായി ബി,ജെ.പി. കണ്ടെത്തിയത് ബംഗാളും ഒഡിഷയുമായിരുന്നു. കൃത്യമായ പദ്ധതികളോടെ ഇത് നടപ്പാക്കുകയും അതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്തു.

30 ശതമാനം വോട്ടുള്ള ഇടതുപാർട്ടിയല്ല ബിജെപി.യാണ് യഥാർഥ ഭീഷണിയെന്ന് മമത നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മോദി-ദീദി പോരാട്ടമായി മാറിയതും അതുകൊണ്ടാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയും ഭരണമുപയോഗിച്ചും മമത തന്റെ അടിത്തറയിളകാതിരിക്കാൻ ശ്രമിച്ചെങ്കിലും അതിളകി. ബംഗാളിലെ ഭരണമാണ് ലക്ഷ്യമെന്ന് അമിത് ഷാ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരുംനാളുകളിൽ സംസ്ഥാനത്ത് കൂടുതൽ സംഘർഷം സൃഷ്ടിക്കുമെന്നുറപ്പ്. പിടിച്ചു നിൽക്കാൻ മമത ബാനർജിയും ശക്തമായി കളത്തിലിറങ്ങും.

2014-ൽ രണ്ട് സീറ്റുകളിൽ മാത്രമേ ജയിക്കാനായിരുന്നുള്ളൂവെങ്കിലും 33 ഇടങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇടതുപാർട്ടികൾ. രണ്ട് സീറ്റ് കിട്ടിയ ബിജെപി. രണ്ടിടത്ത് മാത്രമേ അന്ന് രണ്ടാം സ്ഥാനത്തുപോലും വന്നിരുന്നുള്ളൂ. എന്നാൽ ഇത്തവണ ബംഗാളിലെ 42 മണ്ഡലങ്ങളിൽ ഒരിടത്ത് കോൺഗ്രസ് ജയിച്ചതൊഴിച്ചാൽ ബാക്കി 41 മണ്ഡലങ്ങളിലും ബിജെപി.-തൃണമൂൽ മത്സരമായിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസും സിപിഎമ്മും അപ്രസക്തമായി.

ത്രിണമൂൽ സർക്കാരിനെതിരായ ഭരണ വിരുദ്ധവികാരം മുതലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കുന്നു. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിനെ പതിറ്റാണ്ടുകളോളം തലയെടുപ്പോടെ നിലനിർത്തിയത് ബംഗാളിലെ സുശക്തമായ പാർട്ടി സംഘടനയായിരുന്നു. 1989ലും 1996ലും 2004ലും കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞതും ബംഗാളിൽ നിന്നുള്ള അംഗബലത്തിന്റെ കരുത്തിലാണ്. എന്നാൽ നന്ദീഗ്രാമും സിങ്കൂരും സൃഷ്ടിച്ച ഭരണ വിരുദ്ധ വികാരത്തിൽ 2009 മുതൽ സിപിഎം ബംഗാളിൽ തിരിച്ചടി നേരിട്ടു തുടങ്ങി.

തിരുത്തി തിരിച്ചു വരാൻ അവസരം ഉണ്ടായെങ്കിലും അവസ്ഥ മറിച്ചായി. തിരുത്തലുകൾ ഒന്നും തന്നെ ഉണ്ടാകാതിരിന്നതോടെ വളർച്ച മുരടിച്ച് നാമാവശേഷമാകുന്ന അവസ്ഥയിലാണ് സിപിഎം. 2011 ൽ ഭരണത്തിൽ നിന്ന് പുറത്തായിട്ടും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞിട്ടും നയം മാറ്റാൻ നേതൃത്വം തയ്യാറായില്ല. തൃണമൂൽ കോൺഗ്രസിന്റെ മസിൽ പവറിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ അണികൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതും നേതാക്കൾ തിരിച്ചറിഞ്ഞില്ല. ഒടുവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ നേതൃത്വം വീഴ്‌ച്ച തുറന്നു സമ്മതിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP