Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി വിധിയുടെ സാങ്കേതികത ഉയർത്തി മാണിക്ക് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല; സീസറിന്റെ ഭാര്യയുടെ ഉപമ മാണി തുടരുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി തന്നെ; അന്വേഷണം തുടരുമ്പോൾ മാണി മന്ത്രിയായി തുടരുന്നതും സംശയങ്ങൾ ഉയർത്തും; പുനരന്വേഷണം തടയാതിരുന്തും മാണിക്ക് ക്ഷീണം തന്നെ

കോടതി വിധിയുടെ സാങ്കേതികത ഉയർത്തി മാണിക്ക് അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല; സീസറിന്റെ ഭാര്യയുടെ ഉപമ മാണി തുടരുന്നതിലെ ധാർമികത ചൂണ്ടിക്കാട്ടി തന്നെ; അന്വേഷണം തുടരുമ്പോൾ മാണി മന്ത്രിയായി തുടരുന്നതും സംശയങ്ങൾ ഉയർത്തും; പുനരന്വേഷണം തടയാതിരുന്തും മാണിക്ക് ക്ഷീണം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴക്കേസിലെ തുടരന്വേഷണ വിധിക്കെതിരെ വിജിലൻസ് നൽകിയ പുനഃപരിശോധനാ ഹർജി തള്ളി ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ കെ എം മാണിക്ക് വലിയ തിരിച്ചടി തന്നെയെന്ന് നിരീക്ഷണങ്ങൾ.

സീസറിന്റെ ഭാര്യയെ കുറിച്ച് ജസ്റ്റീസ് കമാൽപാഷ നടത്തിയത് മാണിയെ മാത്രം ലക്ഷ്യമിട്ടുള്ള നിഗമനങ്ങളാണ്. അന്വേഷണം തുടരുമ്പോൾ മാണി അധികാരത്തിൽ തുടരുന്നതിന്റെ ധാർമികതയാണ് ജസ്റ്റീസ് ഉയർത്തിയത്. തന്റെ ഭാഗം വ്യക്തമാക്കാനാണ് കോടതി വിധിക്ക് ശേഷം ചില പരമാർശങ്ങൾ ജസ്റ്റീസ് കോടതി മുറിയിൽ വ്യക്തമാക്കിയതും. അതുകൊണ്ട് തന്നെ മാണിക്ക് ധനമന്ത്രിയായി തുടരാൻ ധാർമികമായി കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനെ അതിജീവിക്കാനുള്ള സാങ്കേതികത ഉയർത്തിയുള്ള മാണിയുടെ വാദങ്ങൾ അദ്ദേഹത്തിന് പ്രതിച്ഛായ നഷ്ടം മാത്രമേ ഉണ്ടാക്കൂ. ഇത് തിരിച്ചറിഞ്ഞാണ് ശക്തമായ സമരത്തിന് പ്രതിപക്ഷം കോപ്പ് കൂട്ടുന്നതും.

വിജിലൻസ് ഡയറക്ടറുടെ പരമാർശങ്ങൾ നീക്കിയെങ്കിലും തുടരന്വേഷണം സ്റ്റേ ചെയ്തില്ല. തുടരന്വേഷണം സ്റ്റേ ചെയ്തില്ല എന്നതു മാത്രമല്ല മാണിയെ കുടുക്കിലാക്കിയത്. വിജിലൻസ് കോടതിയുടെ ചില നിരീക്ഷണങ്ങൾ ഒഴിവാക്കിയെങ്കിലും ഹൈക്കോടതിയുടെ മറ്റു ചില പരാമർശങ്ങൾ സ്ഥിതി സങ്കീർണമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ പരാമർശങ്ങൾ നീക്കാൻ കോടതിയെ സമീപിക്കണമെന്ന വാദവുണ്ട്. എന്നാൽ മേൽകോടതിയും എതിർവിധി പുറപ്പെടുവിക്കുമോ എന്ന സംശയം മാണി ക്യാമ്പിൽ സജീവമാണ്. ജസ്റ്റീസ് കമാൽപാഷയുടെ വിധിയുടെ വിശദാംശങ്ങൾ തന്നെയാണ് ഇതിന് കാരണം. ബാർ കോഴയിൽ മാണി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നായിരുന്നു വിജിലൻസ് കോടതിയുടെ വിലയിരുത്തൽ. ഇത് ഹൈക്കോടതി അംഗീകരിക്കുന്നത് പോലെയായി തുടരന്വേഷണം എന്ന ആവശ്യത്തിനുള്ള അംഗീകാരം. ഇതും അധികാര സ്ഥാനത്ത് തുടരാൻ മാണിക്ക് തിരിച്ചടിയാണ്.

ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി ഹൈക്കോടതി ശരിവച്ചു. തുടരന്വേഷണം വേണ്ടെന്നാണ് വിജിലൻസ് ഡയറക്ടർ നിർദ്ദേശിച്ചതെങ്കിലും കീഴ്‌ക്കോടതി അതിന് ഉത്തരവിട്ടതിൽ തെറ്റില്ലെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറാക്കിയ വസ്തുതാ റിപ്പോർട്ടും അത് പരിശോധിച്ച് വിജിലൻസ് ഡയറക്ടർ തയ്യാറാക്കിയ സൂക്ഷ്മ പരിശോധനാ റിപ്പോർട്ടും വിജിലൻസ് കോടതി വിളിച്ചുവരുത്തി പരിശോധിച്ചതിൽ അപാകമില്ല. അവയെല്ലാം കേസ് രേഖകളുടെ ഭാഗമാണ്. എന്നാൽ അവ പരിശോധിച്ച വിജിലൻസ് കോടതി അതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയത് ശരിയായില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. കോഴ ആവശ്യപ്പെട്ടിരുന്നോ, വാങ്ങിയതിന് തെളിവുണ്ടോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ കേസിലെ തുടരന്വേഷണത്തെയോ വിചാരണയെയോ ബാധിക്കരുതെന്നാണ് കോടതി ഉത്തരവ്.

ഇവിടെയാണ് കോൺഗ്രസിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്. വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും പരാമർശങ്ങളിൽ കഴമ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തേക്കാൾ വ്യക്തിപരമായ നൈതികതയും രാഷ്ട്രീയ സത്യസന്ധ്യതയുമാണ് ഇക്കാര്യത്തിൽ പ്രധാനമെന്ന് കോൺഗ്രസ് പത്രമായ വീക്ഷണം മുഖപ്രസംഗം എഴുതിയതും ഈ പശ്ചാത്തലത്തിലാണ്. നിയമവിശാരദൻ കൂടിയായ കെ.എം. മാണിക്ക് നിയമവഴികളോ കോടതി വിധിയോയുള്ള ബഹുമാനമോ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ പരിണിതപ്രജ്ഞ ഏറ്റവും ഉയർന്ന നിലയിൽ പ്രവർത്തിക്കേണ്ടത് ഇപ്പോഴാണ്. മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടത് കെ.എം. മാണിയുടെ വിശുദ്ധിക്കും രാഷ്ട്രീയഭാവിക്കും അനിവാര്യമാണ്. നിയമത്തോടും നീതിപീഠങ്ങളോടും എക്കാലത്തും ആദരവ് പ്രകടിപ്പിച്ച കോൺഗ്രസിന് ഇക്കാര്യത്തിലുള്ള അഭിപ്രായം ഭിന്നമല്ലെന്നും വീക്ഷണം പറയുന്നു. ഈ ചർച്ച പുരോഗമിക്കുമ്പോൾ രാജി വയ്ക്കാതിരിക്കുന്നത് മാണിയുടെ വിശ്വാസ്യതയെ ബാധിക്കും.

ഏതായാലും ഈ കേസിൽ ഇനി സർക്കാർ ഖജനാവിൽ നിന്ന് കാശ് കളയാൻ മുഖ്യമന്ത്രിയും തയ്യാറല്ല. അതിനാൽ പരമാർശങ്ങൾ മാറ്റണമെങ്കിൽ മാണി തന്നെ കോടതിയെ സമീപിക്കേണ്ടി വരും. സുപ്രീംകോടതിയിലെ ചില അഭിഭാഷകരെ അദ്ദേഹം ബന്ധപ്പെട്ടു കഴിഞ്ഞു. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഹർജി കൊടുത്ത് പരമാർശങ്ങൾ ഒഴിവാക്കാനാണ് നീക്കം. എന്നാൽ അത് തരിച്ചടിയാകുമോ എന്ന ആശങ്കയും ഉണ്ട്. കോടതി വിധികൾ ഇനിയും എതിരായാൽ ഗൂഢാലോചന തിയറിയും പൊളിയും. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിസന്ധിയിലേക്ക് മാണി ഗ്രൂപ്പ് എത്തുന്നത്. വിഷയത്തിൽ ഇനി കോൺഗ്രസിന്റെ പിന്തുണ കിട്ടില്ലെന്നും് ഉറപ്പാണ്. ഇതാണ് മാണിയെ ആലോചിപ്പിക്കുന്നതും.

തീക്ഷ്ണമായ നിയമ പോരാട്ടങ്ങളിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചു അഗ്‌നിവിശുദ്ധി വരുത്തിയ കോൺഗ്രസ് നേതാക്കളുടെ മാതൃക ഏവർക്കും സ്വീകാര്യമാണെന്നാണ് കെപിസിസിയുടേയും നിലപാട്. എല്ലാ വഴികളും അടഞ്ഞശേഷം രാജി എന്ന തീരുമാനത്തിലെത്തുന്നത് ആത്മഹത്യാപരമായിരിക്കും. ഇത്തരം കാര്യങ്ങളിൽ വൈകാരികതയേക്കാൾ വിവേകമാണ് മുന്നിൽ നിൽക്കേണ്ടത്. ഭരണതലത്തിലിരിക്കുന്നവർക്കെതിരെ കോടതി പരാമർശങ്ങളുണ്ടാകുമ്പോൾ രാജിവയ്ക്കുക എന്നത് പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിലെ നടപ്പ് രീതിയാണ്. കച്ചിത്തുരുമ്പുകൾക്കോ മുടന്തൻ ന്യായങ്ങൾക്കോ അവിടെ പ്രസക്തിയില്ല. അനിവാര്യമായത് അനിവാര്യമായ ഘട്ടത്തിൽ ചെയ്യാത്തവരെയാണ് ചരിത്രം കുറ്റക്കാരെന്ന് വിളിക്കുന്നതെന്നും കോൺഗ്രസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP