Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തനിക്കും സുഭാഷ് വാസുവിനും ചെയർമാൻ സ്ഥാനം വേണമെന്നു ബിജെപിയോടു തുഷാർ വെള്ളാപ്പള്ളി; ആവശ്യങ്ങളെല്ലാം നിറവേറ്റരുതെന്നു കുമ്മനവും മുരളീധരനും; ആവശ്യങ്ങൾ അതിരു കടന്നതെന്നു വിലയിരുത്തി അമിത് ഷായും; ബിഡിജെഎസിന്റെ സ്ഥാനമാനങ്ങളെ ചൊല്ലി തർക്കം തീരുന്നില്ല

തനിക്കും സുഭാഷ് വാസുവിനും ചെയർമാൻ സ്ഥാനം വേണമെന്നു ബിജെപിയോടു തുഷാർ വെള്ളാപ്പള്ളി; ആവശ്യങ്ങളെല്ലാം നിറവേറ്റരുതെന്നു കുമ്മനവും മുരളീധരനും; ആവശ്യങ്ങൾ അതിരു കടന്നതെന്നു വിലയിരുത്തി അമിത് ഷായും; ബിഡിജെഎസിന്റെ സ്ഥാനമാനങ്ങളെ ചൊല്ലി തർക്കം തീരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബി.ഡി.ജെ.എസ്സിന് കേന്ദ്രസർക്കാരിന് കീഴിലുള്ള രണ്ട് ബോർഡുകളുടെ ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ തുഷാർ വെള്ളാപ്പള്ളി കണ്ടു. എന്നാൽ രണ്ട് ബോർഡ് നൽകാനുള്ള ശക്തി ബിഡിജെഎസിനുണ്ടോയെന്ന സംശയമാണ് അമിത് ഷാ പ്രകടിപ്പിച്ചത്. ഒരു കോർപ്പറേഷൻ സ്ഥാനം നൽകാമെന്ന സൂചനയും നൽകി. ബോർഡ്, കോർപ്പറേഷനുകളിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമിത് ഷായെ കാണാൻ തുഷാർ എത്തിയത്.

നാളികേര ബോർഡ്, സ്‌പൈസസ് ബോർഡ് എന്നിവയുടെ ചെയർമാൻ സ്ഥാനങ്ങൾ വേണമെന്നായിരുന്നു ബി.ഡി.ജെ.സ്സിന്റെ ആവശ്യം. ഇത് രണ്ടും ബിജെപിയിലെ മുതിർന്ന നേതാക്കൾ കണ്ണുവച്ചിരിക്കുന്ന സ്ഥാനങ്ങളുമാണ്. പിന്നോക്ക കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനം തുഷാറിന് നൽകിയാൽ മതിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാൽ കേന്ദ്ര സഹമന്ത്രിയുടെ സ്ഥാനമുള്ള ഈ പദവി തുഷാറിന് നൽകുന്നതിനെ അമിത് ഷാ അനുകൂലിക്കുന്നുമില്ല. അതിനിടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ ജാനുവിനെ ട്രൈബൽ വെൽഫെയർ ബോർഡ് അംഗമാക്കാൻ ബിജെപി തീരുമാനമായിട്ടുണ്ട്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് തുഷാർ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുന്നത്. കേരളത്തിൽ എൻ.ഡി.എയുടെ പ്രകടനം വിലയിരുത്തിയ അമിത് ഷാ ബി.ഡി.ജെ.എസ്സിനെ കൂടുതൽ ശക്തമാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തുവെന്നാണ് സൂചന. ബിഡിജെഎസിന് നിയമസഭയിൽ അക്കൗണ്ട് തുറക്കാനായില്ല. മുന്നണി ബന്ധത്തിലൂടെ നേമത്ത് മാത്രമേ ബിജെപി ജയിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ബിഡിജെഎസിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കേണ്ടെന്നാണ് ബിജെപി നിലപാട്. വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തെ പിന്തുണച്ച് നിരന്തരം പ്രസ്താവനകൾ നടത്തുന്നുമുണ്ട്. ഇതും ബിജെപിയെ ആലോസരപ്പെടുത്തുന്നു. അതിനാലാണ് സികെ ജാനുവിന്റെ കാര്യത്തിൽ മാത്രം അന്തിമ തീരുമാനം എടുത്തത്.

എല്ലാ ഘടകങ്ങളും പരിശോധിച്ച് ബിഡിജെഎസിന് അർഹമായ സ്ഥാനം നൽകാമെന്നാണ് അമിത് ഷാ നൽകിയിരിക്കുന്ന ഉറപ്പ്. തനിക്കും സുഭാഷ് വാസുവിനും ചെർമാൻ സ്ഥാനം കിട്ടിയേ പറ്റൂവെന്ന് അറിയിക്കാനാണ് തുഷാർ ഡൽഹിയിൽ എത്തിയത്. ഇതും ബിജെപി നേതൃത്വം ഭീഷണിയുടെ സ്വരമായാണ് കാണുന്നത്. ബിഡിജെഎസ് വിട്ടുപോയാലും കുഴപ്പമില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ. നായർ മേഖലയിൽ നിന്ന് മാത്രമേ ബിജെപിക്ക് വോട്ട് കിട്ടുന്നുള്ളൂ. ഈ സാഹചര്യത്തിൽ ബിഡിജെഎസിനെ കൈവിട്ട് എൻഎസ്എസുമായി അടുക്കണമെന്നാണ് നിർദ്ദേശം. ബിജെപിയുടെ പരമ്പരാഗത വോട്ട് നായർ സമുദായമാണെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ ബിഡിജെഎസിന്റെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് നായർ സമുദായത്തെ പാർട്ടിയിൽ നിന്ന് അകറ്റും.

സ്ഥാനമാനങ്ങളുടെ കാര്യത്തിൽ ബിഡിജെഎസിന് ആരും ഒരു ഉറപ്പും നൽകിയിട്ടില്ല. കേന്ദ്ര സഹമന്ത്രിസ്ഥാനത്തിന് തുല്യമായ പദവിയും നൽകില്ലെന്നാണ് സൂചനയെന്ന് ബിജെപി വൃത്തങ്ങൾ മറുനാടനോട് പറഞ്ഞു. അടുത്തയാഴ്ച ഇരു പാർട്ടികളിലെയും നേതാക്കൾ ചർച്ച നടത്തി അന്തിമ തീരുമാനത്തിലെത്തുമെന്ന ധാരണയാണ് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായും നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനമെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞതും മൊത്തം പതിനഞ്ചു ശതമാനം വോട്ട് വിഹിതം നേടാനായതും ബി. ഡി. ജെ. എസിന്റെ പിന്തുണകൊണ്ടാണെന്ന് തുഷാർ അവകാശപ്പെടുന്നുണ്ട്.

മുൻ തെരഞ്ഞെടുപ്പുകളിൽ കെട്ടിവച്ച കാശുപോലും കിട്ടാതിരുന്ന ബി. ജെ. പി മുന്നണി ഇക്കുറി നാല്പതോളം മണ്ഡലങ്ങളിൽ ഇരുപത്തയ്യായിരത്തിലേറെ വോട്ട് പിടിച്ചിരുന്നു. ആറു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് രണ്ടു ബോർഡ് സ്ഥാനങ്ങൾ നൽകിയേ മതിയാകൂവെന്നാണ് തുഷാറിന്റെ നിലപാട്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള ബിജെപിക്ക് സ്വാഭാവിക വളർച്ചയാണ് കേരളത്തിലുണ്ടായതെന്ന് ബിജെപി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. എന്നാലും കേരളത്തിൽ ആദ്യമായി കിട്ടിയ പ്രധാന കൂട്ടാളിയെ പിണക്കി വിടേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. ഏതെങ്കിലും ഒരു ചെർമാൻ സ്ഥാനവും ഒരു ബോർഡ് അംഗവും നൽകി ബിഡിജെഎസിനെ തൃപ്തിപ്പെടുത്താനാണ് നീക്കം.

ബിഡിജെഎസിന് അമിത പ്രാധാന്യം നൽകുന്നതിനെ വി മുരളീധരനാണ് പ്രധാനമായും എതിർക്കുന്നത്. താൻ മത്സരിച്ച കഴക്കൂട്ടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിഡിജെഎസ് സഹായം കിട്ടിയില്ലെന്നാണ് മുരളി പറയുന്നത്. അതിനാൽ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കരുതെന്ന് മുരളീധരൻ പറയുന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഇതേ നിലപാടാണ്. അതുകൊണ്ട് കൂടിയാണ് സ്ഥാനമാനങ്ങൾ നിശ്ചയിക്കുന്നതിൽ അന്തിമതീരുമാനം നീളുന്നത്. ഇതിൽ തുഷാർ അതൃപ്തിയും പ്രകടിപ്പിച്ചതായാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP