Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ചെക്കുകേസിൽ കുടുങ്ങിയ തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ കത്തിൽ മനംനിറഞ്ഞ് വെള്ളാപ്പള്ളി! പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളിയുടെ മോഹം നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനോ? വിജയ സാധ്യതയുള്ള വട്ടിയൂർക്കാവിനെയും മഞ്ചേശ്വരത്തെയും ഓർത്ത് ആശങ്കയിൽ ബിജെപിയും; നവോത്ഥാന സംരക്ഷണ സമിതിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന എസ്എൻഡിപി നേതാവിന്റെ വാക്കുകളിലും നിറയുന്നത് രാഷ്ട്രീയ ചുവടുമാറ്റ സൂചനകൾ

യുഎഇയിൽ ചെക്കുകേസിൽ കുടുങ്ങിയ തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി എഴുതിയ കത്തിൽ മനംനിറഞ്ഞ് വെള്ളാപ്പള്ളി! പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപിന്തുണ പ്രഖ്യാപിച്ച വെള്ളാപ്പള്ളിയുടെ മോഹം നിയമസഭാ തെരഞ്ഞെടുപ്പോടെ ബിഡിജെഎസിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനോ? വിജയ സാധ്യതയുള്ള വട്ടിയൂർക്കാവിനെയും മഞ്ചേശ്വരത്തെയും ഓർത്ത് ആശങ്കയിൽ ബിജെപിയും; നവോത്ഥാന സംരക്ഷണ സമിതിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന എസ്എൻഡിപി നേതാവിന്റെ വാക്കുകളിലും നിറയുന്നത് രാഷ്ട്രീയ ചുവടുമാറ്റ സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പന് വിജയസാധ്യതയാണെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ നയിക്കുന്ന ബിഡിജെഎസിനെ ഇടതു പാളയത്തിൽ എത്തിക്കുമോ? വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശയക്കുഴപ്പങ്ങൾ നിറയുകയാണ്. യുഎഇയിൽ ചെക്കുകേസിൽ കുടുങ്ങിയ തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്തിൽ രാഷ്ട്രീയവും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നാണ് ബിജെപി നേതാക്കൾ അടക്കം സംശയിക്കുന്നത്. എൻഡിഎയുടെ കൺവീനർ സ്ഥാനത്തുള്ള നേതാവാണ് തുഷാർ വെള്ളാപ്പള്ളി.

മകന് വേണ്ടി നടത്തിയ ഇടപെടലിന്റെ ഭാഗമായി രാഷ്ട്രീയ നീക്കങ്ങളും ചർച്ചകളും വല്ലതും നടന്നിട്ടുണ്ടോ എന്നാണ് ഇതോടെ ഉയരുന്ന ചോദ്യം. വെള്ളാപ്പള്ളിയുടെ പ്രസ്താവന തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിന്റെ മനസുമാറ്റുമോ എന്നതാണ് ബിജെപിയെ ആശങ്കയിലാഴ്‌ത്തുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന മുഖ്യമന്ത്രിയെ നന്ദി അറിയിക്കലാണ് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ബിജെപി തട്ടിക്കൂട്ടിയ മുന്നണി സംവിധാനത്തെ തകർക്കുമോ എന്ന ആശങ്കയ്ക്ക് ഇടനൽകുന്നത്. പാലയിൽ വെള്ളാപ്പള്ളിയുടെ നിപാട് ബിജെപിയെ കാര്യമായി ബാധിക്കില്ല. ഇതിന് കാരണം, അവിടെ അവർക്ക് വിജയപ്രതീക്ഷയില്ല എന്നതാണ്. എന്നാൽ, ബിജെപി വിജയം പ്തീക്ഷിക്കുന്ന വട്ടിയൂർക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ കാര്യത്തിൽ ഇതേ നിലപാട് വെള്ളാപ്പള്ളി സ്വീകരിച്ചാൽ അത് ബിജെപിക്ക് തിരിച്ചടിയായി മാറുമെന്നത് ഉറപ്പാണ്.

പാലായിൽ വോട്ട് ഉയർത്താമെന്നും പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് ഇടതുമുന്നണിക്ക് അനുകൂലമായി വെള്ളാപ്പള്ളിയുടെ പ്രതികരണം. വെള്ളാപ്പള്ളിയുടെത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള പ്രതികരണമാണെന്നും അത് ബിഡിജെഎസിനെ ബാധിക്കില്ലെന്നുമുള്ള അഭിപ്രായം നേതാക്കൾക്കുണ്ട്. സമാനവിലയിരുത്തൽ ബിഡിജെഎസ് നേതാക്കളും പങ്കുവെക്കുന്നു. പക്ഷെ പാലായെ പറ്റി പറഞ്ഞത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബാധിക്കുമോ എന്ന ആശങ്ക ബിജെപിയെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന്റെ അസ്വസ്തത പരസ്യമാക്കുന്നില്ലേന്നെയുള്ളു.

എസ്എൻഡിപി യോഗത്തിന് കീഴിലുള്ള സംഘടനയല്ല ബിഡിജെഎസ് എന്നുപറയുമ്പോഴും കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ തുഷാറിന് ആദ്യം തൃശൂരിലും പിന്നീട് രാഹുൽ ഗാന്ധി മത്സരിക്കുമെന്നുറപ്പായപ്പോൾ വയനാട്ടിലും സീറ്റുകിട്ടാൻ വെള്ളാപ്പള്ളിയുടെ ഇടപെടുലുണ്ടായി. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ പ്രതികരണം തുഷാറിനെയും സ്വാധിനിക്കാൻ ഇടയുണ്ട്. ചെക്കുകേസിൽ നിന്നു രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സജീവമായി ഇടപെടുകയും ചെയ്തതോടെ ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് ചായുന്നോ എന്നാണ് ബിജെപിയുടെ സംശയം.

നവോത്ഥാന സംരക്ഷണസമിതിയിൽ നിന്നും പുറത്തുപോയ ഹിന്ദുപാർലമെന്റിലെ സിപി സുഗതനെ രൂക്ഷമായി വിമർശിച്ചും സർക്കാരിനെയും സമിതിയെയും പിന്തുണച്ചും വെള്ളാപ്പള്ളി രംഗത്തുണ്ട്. 54 സമുദായ സംഘടനകൾ നവോത്ഥാന സംരക്ഷണസമിതി വിടുന്നതായി ഹിന്ദു പാർലമെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ സുഗതൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ച വെള്ളാപ്പള്ളി സമിതിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചതിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കുമൊപ്പം താനും സമുദായവും ഉണ്ടെന്ന് വ്യക്തമാക്കുകയാണ്.

പിണറായി മുന്നോട്ടു വെക്കുന്ന നവോത്ഥാനത്തെ തുറന്നെതിർക്കുന്നവരാണ് ബിജെപിക്കാർ. എന്നാൽ, നവോത്ഥാന സമിതിക്കൊപ്പം അടിയുറച്ചു നിൽക്കുകയാണ് വെള്ളാപ്പള്ളി. ഇതെല്ലാം ബിജെപിക്കാരെ ചൊടിപ്പിക്കുന്ന ഘടകമാണ്. നവോത്ഥാന സംരക്ഷണ സമിതി വിടുന്ന കാര്യത്തിൽ സുഗതനെതിരെ ശക്തമായ വിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നത്. ഒരു സുഗതൻ പോയതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമിതിയിൽ നിന്നും പിന്മാറാനുള്ള തീരുമാനം അറിയിച്ച ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽസെക്രട്ടറിയും നവോത്ഥാനസമിതി വൈസ് ചെയർമാനുമായ സി.പി. സുഗതനെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സുഗതൻ കടലാസ് പുലിയാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹത്തിന് പാർലമെന്ററി വ്യോമോഹങ്ങളാണെന്നും കൂട്ടിച്ചേർത്തു. ഒരു സുഗതൻ പോയതുകൊണ്ട് ഒന്നുമാകില്ല. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടുകളില്ല. രാഷ്ട്രീയമില്ലാത്തതിന്റെ പേരിലാണ് നിലപാടുകളില്ലെന്ന വിമർശനം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിലൊക്കെയുള്ള വെള്ളാപ്പള്ളിയുടെ നിലപാട് രാഷ്ട്രീയ ചുവടുമാറ്റത്തിന്റെ സൂചനയാണോ എന്ന വിധത്തിലാണ് വ്യാഖ്യാനങ്ങൾ വരുന്നത്. എന്തായാലും ബിഡിജെഎസിന്റെ കാര്യത്തിൽ കൂടുതൽ കരുതൽ സ്വീകരിക്കുകയാണ് ബിജെപി നേതൃത്വവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP