Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചായത്തിൽ നിന്നും പാഠം പഠിച്ച വെള്ളാപ്പള്ളി നടത്തുന്നത് നിശബ്ദ മുന്നേറ്റം; മൈക്രോ ഫിനാൻസ് വികാരം അണികളിൽ സജീവം; സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ യൂണിയൻ നേതാക്കൾ; ബിഡിജെഎസ് ഇക്കുറി പത്തിടങ്ങളിൽ എങ്കിലും വമ്പൻ നേട്ടം ഉണ്ടാക്കും; ആശങ്ക ഇടതുപക്ഷത്ത്

പഞ്ചായത്തിൽ നിന്നും പാഠം പഠിച്ച വെള്ളാപ്പള്ളി നടത്തുന്നത് നിശബ്ദ മുന്നേറ്റം; മൈക്രോ ഫിനാൻസ് വികാരം അണികളിൽ സജീവം; സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ യൂണിയൻ നേതാക്കൾ; ബിഡിജെഎസ് ഇക്കുറി പത്തിടങ്ങളിൽ എങ്കിലും വമ്പൻ നേട്ടം ഉണ്ടാക്കും; ആശങ്ക ഇടതുപക്ഷത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്കുപാലിക്കുമോ എന്ന സംശയം വെള്ളാപ്പള്ളി നടേശനുണ്ടായിരുന്നു. സൂപ്പർ താരം സുരേഷ് ഗോപിക്ക് ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപിക്ക് നൽകാത്തതായിരുന്നു ഈ ആശങ്കയ്ക്ക് കാരണം. അതിനിടെയിൽ എംപി സ്ഥാനം സുരേഷ് ഗോപിക്ക് കിട്ടി. അതായത് മോദിയുടെ വാക്ക് പാഴാകില്ല. ഇത്തവണ നിയസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് കരുത്തു കാട്ടിയാൽ തുഷാർ വെള്ളാപ്പള്ളിക്ക് അർഹമായ സ്ഥാനം മോദി നൽകുമെന്ന പ്രതീക്ഷ എത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വെള്ളാപ്പള്ളിക്ക് ഹെലികോപ്ടർ അനുവദിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നടപടിയും വെള്ളാപ്പള്ളി സന്തോഷത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ പ്രധാന പ്രചരണ നേതാവ് തനാണെന്ന് വെള്ളാപ്പള്ളി പറയുന്നു. പറന്നു നടന്ന് വെള്ളാപ്പള്ളിയും തുഷാറും കളം നിറയുമ്പോൾ ബിജിഡിഎസിന്റെ സാധ്യത കൂടുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം തുടങ്ങിയതാണ് എസ്എൻഡിപി. എന്നാൽ അന്ന് രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം ഉണ്ടായില്ല. സമത്വമുന്നേറ്റ  യാത്രയ്‌ക്കൊടുവിൽ ബിഡിജെഎസ് പിറന്നു. അങ്ങനെ എൻഡിഎയിൽ ഘടകകക്ഷിയായി. തദ്ദേശത്തിൽ എസ്എൻഡിപി മുന്നോട്ട് വച്ച സ്ഥാനാർത്ഥികളുടെ  പ്രകടനം അത്ര മെച്ചമായിരുന്നില്ല. ബിജെപിക്ക് ഈ കൂട്ടുകെട്ടിന്റെ ഫലം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് നർത്തിയത്. കുട്ടനാട്‌ സുഭാഷ് വാസു, നാട്ടികയിൽ ടിവി ബാബു, തിരുവല്ലയിൽ അക്കീരൺ കാളിദാസ ഭട്ടതിരിപ്പാട്. ഇതിനൊപ്പം ബാക്കി സീറ്റുകളിലും കരുത്തരെ തന്നെ മത്സരിച്ചു. ഇതിൽ ബഹുഭൂരിപക്ഷവും എസ്എൻഡിയുടെ താലൂക് യൂണിയൻ പ്രസിഡന്റുമാർ. ഇതോടെ താഴെതട്ടിലെ എസ്എൻഡിപി യൂണിയൻ അനുഭാവികളുടെ വോട്ട് ഉറപ്പിക്കുകയാണ് ബിഡിജെസ്.

ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള തിരുവനന്തപുരത്ത് ബിഡിജെഎസിന് കിട്ടിയത് കോവളവും വാമനപുരവും വർക്കലയുമാണ്. ഇതിൽ കോവളത്ത് താലൂക് യൂണിയൻ പ്രസിഡന്റ് ടിഎൻ സുരേഷ്, വർക്കലയിൽ എസ്എൻഡിപി ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ് ആർ എം, വാമനപുരത്ത് ആർവി നിഖിൽ. ഗ്ലോബൽ നായർ സമാജത്തിന്റെ നേതാവായിരുന്നു. ഒപ്പം സമത്വ മുന്നേറ്റ യാത്രയിലെ സജീവ സാന്നിധ്യവും. ഇതിൽ കോവളവും വർക്കലയുമാണ് ബിഡിജെഎസ് വാശിയോടെ നിറയുന്ന മണ്ഡലങ്ങൾ. ഇവിടെ ശക്തമായ ത്രികോണമൊരുക്കാൻ ടിഎൻ സുരേഷിനും അജിക്കും കഴിയുന്നുണ്ട്. ഇതിൽ കോവളത്ത് വിജയപ്രതീക്ഷ പോലും പങ്കുവയ്ക്കുന്നു. കോവളത്ത് ഈഴവ വോട്ടുകൾ പരമ്പരാഗതമായി സഹായിക്കുന്നത് ഇടതുപക്ഷത്തേയാണ്. വർക്കലയിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ ഈ രണ്ടിടത്തും ബിഡിജെഎസ് വോട്ടുകൾ ഇടതുപക്ഷത്തിന്റെ സാധ്യതകളെ സ്വാധീനിക്കും. ഇത് തന്നെയാണ് സംസ്ഥാനത്തെ പൊതു ചിത്രവും.

ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ എല്ലാം ഇതു തന്നെയാണ് അവസ്ഥ. ബിഡിജെഎസ് വോട്ട് പിടിച്ചാൽ അത് കൂടുതൽ സ്വാധീനിക്കുക ഇടതുപക്ഷത്തെ തന്നെയാകും. ഇത് മനസ്സിലാക്കിയാണ് കൂടുതൽ വോട്ടുകൾ പെട്ടിയിലാക്കി ഇടതുപക്ഷത്തെ തോൽപ്പിക്കാൻ മികച്ച സ്ഥാനാർത്ഥികളെ ബിഡിജെഎസ് പരീക്ഷിക്കുന്നത്. കുട്ടനാട്, ഇടുക്കി, കയ്പമംഗലം, കോവളം എന്നിവിടങ്ങളിൽ ജയപ്രതീക്ഷയുണ്ടെന്ന് ബിഡിജെഎസും പറയുന്നു. കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കായംകുളം മണ്ഡലങ്ങളിലും ബിഡിജെഎസ് സാന്നിധ്യം ശക്തമാണ്. ഇതിൽ ഇരവിപുരത്തും കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും കായംകുളത്തും ബിഡിജെഎസ് വോട്ടുകൾ കോൺഗ്രസ് മുന്നണിക്ക് തന്നെയാകും ഗുണം ചെയ്യുക. കൊല്ലത്ത് മുകേഷിനെതിരെ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയെ നിർത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പ്രവചനാതീതമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

ഏറ്റുമാനൂർ, ഇടുക്കി, ഉടുമ്പൻചോല, പൂഞ്ഞാർ, തൊടുപുഴ എന്നിവിടങ്ങളിലും വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥികൾ നിർണ്ണായകമാണ്. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാറിൽ ശക്തമായ മത്സരമാണ് നടത്തുന്നത്. ഇടതുപക്ഷത്തിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന ഈഴവ വോട്ടുകൾ പൂഞ്ഞാറിൽ ബിഡിജെഎസ് സ്വന്തമാക്കുമെന്നാണ് സൂചന. ഇതോടെ ഇവിടെ ഫല പ്രവചനം അസാധ്യമാകും. പിസി ജോർജും ജോർജ് കുട്ടി അഗസ്തിയുമെല്ലാം പൂഞ്ഞാറിലെ വിജയം ബിഡിജെഎസ് നിശ്ചയിക്കുമെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇടുക്കിയിലും തൊടുപുഴയിലും ഈഴവ വോട്ടുകൾ നിർണ്ണായകമാണ്. ഈ മേഖലയിൽ ഇടുപക്ഷത്തിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ബിഡിജെഎസിന്റെ പ്രവർത്തനം. കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷോർണൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലും ഇടത് പക്ഷത്തോടാണ് ഈഴവരുടെ ചായ് വ്. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ ശക്തമായ സ്വാധീനം ഇടത് സാധ്യതകളെ ബാധിക്കും. എന്നാൽ പറവൂരിൽ സ്ഥിതി മറിച്ചാണ്. ഇവിടെ കോൺഗ്രസിന്റെ വിഡി സതീഷനോടാണ് താൽപ്പര്യക്കുറവ്.

മലബാറിൽ എസ്എൻഡിപി യൂണിയൻ വലിയ ശക്തിയില്ല. എന്നാൽ ചെറിയ ചലനങ്ങൾ നിലമ്പൂര്, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂർ, കാഞ്ഞങ്ങാട് മേഖലകളിലുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ മേഖലയിൽ ഇടതുപക്ഷത്തിന് മുൻതൂക്കം കിട്ടുന്നതും എസ്എൻഡിപിയുടെ സാന്നിധ്യക്കുറവ് മൂലമാണെന്നാണ് വിലയിരുത്തൽ. മലമ്പുഴയിൽ വി എസ് അച്യൂതാനന്ദന്റെ തോൽവിയുറപ്പാക്കാൻ വെള്ളാപ്പള്ളി അവിടെ ക്യാമ്പ് ചെയ്താണ് പ്രവർത്തനം. മൈക്രോ ഫിനാൻസിൽ തനിക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ വി എസ് ഉന്നിയച്ചെന്നാണ് വെള്ളാപ്പള്ളിയുടെ പ്രചരണം. ഈഴവരെ സാമ്പത്തികമായി മുന്നേറ്റത്തിലെത്തിക്കാൻ താൻ നടത്തിയ നീക്കങ്ങളാണ് ഇതിലൂടെ പ്രതിസന്ധിയിലായത്. ബിഡിജെഎസിന് ശക്തി തെളിയിക്കാനുള്ള ഒരവസരമായി കാണേണ മെന്നുള്ള രീതിയിലാണ് വോട്ടു പിടുത്തം ഇതിൽ സ്ത്രീ വോട്ടർമാർ പ്രതേകിച്ചും മനസുകൊണ്ട് മാറി തുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിവിവാദമുണ്ടാക്കിയ ചർച്ചകളുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകൾ ഉയർന്ന് വന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്തിൽ അധികാര കേന്ദ്രങ്ങളിൽ എത്തിയാൽ മാത്രമേ ഭൂരിപക്ഷത്തിന് മുന്നോട്ട് പോകാനാകൂവെന്നാണ് ബിഡിജെഎസിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ പരമാവധി വോട്ടുകൾ പതിനഞ്ചിടത്തിലെങ്കിലും നേടണമെന്നാണ് വെള്ളാപ്പള്ളി എസ്എൻഡിപി നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതുൾക്കൊണ്ട് ബിഡിജെഎസ് സ്ഥാനാർത്ഥികൾ വോട്ട് പിടിത്തം നടത്തുമ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. അന്തിമഫലത്തെ ഈ വോട്ടുകൾ നിർണ്ണയിക്കുമെന്ന് കേരളത്തിലെ ഇടത്-വലത് മുന്നണികളും തിരിച്ചറിയുന്നു. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കും വോട്ടുയർത്താൻ വെള്ളാപ്പള്ളിയുടെ സാന്നിധ്യം ഗുണം ചെയ്യും. അതുകൊണ്ട് തന്നെയാണ് എൻഡിഎ മുന്നണിയും കേരളത്തിൽ ശ്രദ്ധിക്കപ്പെടേണ്ട രാഷ്ട്രീയ കൂട്ടുകെട്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP