Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജു പറഞ്ഞത് ജയിൽ സൂപ്രണ്ട് പഠിപ്പിച്ച കഥകൾ; അടൂർ പ്രകാശ് ലിസ്റ്റിൽ നിന്നും ഒഴിവായത് തിരക്കഥയുടെ ഭാഗമായി; പൊലീസ് നിയമന അഴിമതിയും ഡിജിപി ട്രാൻസ്ഫർ വിവാദവും മുക്കി സോളാർ ആരോപണം: മുഖ്യമന്ത്രിയാവാനുള്ള ചെന്നിത്തലയുടെ അവസാന നീക്കം വിജയിക്കുമോ?

ബിജു പറഞ്ഞത് ജയിൽ സൂപ്രണ്ട് പഠിപ്പിച്ച കഥകൾ; അടൂർ പ്രകാശ് ലിസ്റ്റിൽ നിന്നും ഒഴിവായത് തിരക്കഥയുടെ ഭാഗമായി; പൊലീസ് നിയമന അഴിമതിയും ഡിജിപി ട്രാൻസ്ഫർ വിവാദവും മുക്കി സോളാർ ആരോപണം: മുഖ്യമന്ത്രിയാവാനുള്ള ചെന്നിത്തലയുടെ അവസാന നീക്കം വിജയിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സരിതയുടെ ലിസ്റ്റിൽ ഇന്നലെ വരെ പറഞ്ഞു കേട്ട പ്രധാന പേരുകൾ എല്ലാം പെട്ടെന്ന് അപ്രതീക്ഷിതമായിരിക്കുന്നു. ബിജു രാധാകൃഷ്ണൻ പുതിയ ലിസ്റ്റ് വെളിയിൽ വിട്ടപ്പോൾ പേരുകൾ എല്ലാം എ ഗ്രൂപ്പുകാരുടെ.

ഒഴിവാക്കാൻ ഒരു നിവർത്തിയുമില്ലാത്ത ഹൈബി ഈഡന്റെയും മറ്റും പേരുകൾ ഉണ്ടെങ്കിലും അടൂർ പ്രകാശ് അടക്കമുള്ള പേരുകൾ മാഞ്ഞു പോയിരിക്കുന്നു. സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെ പുതിയ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നു.

സരിത പറഞ്ഞതിനേക്കാളും വിശ്വാസത്തോടെ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ബിജു രാധാകൃഷ്ണന്റെ മൊഴികൾ ആഘോഷമാക്കുന്നു. ആരും ഇതിന്റെ പിന്നാമ്പുറ കഥകൾ ചികയുന്നില്ല. സാമാന്യബുദ്ധിയേക്കാൾ അവർക്ക് താല്പര്യം കൊടുംകുറ്റവാളിയുടെ ഇഷ്ടം തന്നെ.

ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ശരണ്യ ഉയർത്തിയ പൊലീസ് നിയമന അഴിമതിയും ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടവയാണ്. ഈ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ മാറ്റുക എന്ന ഉത്തകവാദിത്വം കൂടി ഇല്ലാതില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ജയിൽ സൂപ്രണ്ടുമായുള്ള ബിജു രാധാകൃഷ്ണന്റെ നിരവധി കൂടിക്കാഴ്ചകൾ ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.

ആഭ്യന്തര മന്ത്രിയുമായി അടുപ്പമുള്ള സൂപ്രണ്ട് എഴുതി കൊടുത്ത തിരക്കഥയാണ് ബിജു പ്രഖ്യാപിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയെ വീഴ്‌ത്താനുള്ള അവസാന അടവായാണ് വജ്രായുധം തന്നെ കൈയിൽ എടുത്തത്. മുഖ്യമന്ത്രിക്ക് എതിരെ നിലപാട് എടുത്താൽ എല്ലാ പിന്തുണയും ബിജു രാധാകൃഷ്ണന് ഐ വിഭാഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സോളാർ കമ്മീഷന് മുന്നിൽ പറഞ്ഞ സിഡി പുറത്തുവരുമോ എന്നതാണ് നിർണ്ണായകം. സിഡി പുറത്തുവന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി കഴിഞ്ഞു.

ഒക്ടോബർ 17 മുതൽ ഇക്കഴിഞ്ഞ 13 വരെ ഇരുപതോളം തവണ ബിജു രാധാകൃഷ്ണനുമായി തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് നടത്തിയ കൂടിക്കാഴ്ചകൾ ഇത്തരം സാഹചര്യത്തിലായിരുന്നില്ല. ബിജുവിനെ സർക്കാരിന് അനുകൂലമായി മൊഴി നൽകാനാണ് ജയിൽ സൂപ്രണ്ട് ഇടപെടൽ നടത്തിയതെന്നായിരുന്നു പറുത്തുവന്ന വാർത്തകൾ. എന്നാൽ മുഖ്യമന്ത്രിക്ക് എതിരെ മൊഴി കൊടുപ്പിക്കാനുള്ള ഐ ഗ്രൂപ്പ് തന്ത്രമാണ് സൂപ്രണ്ട് നടപ്പാക്കിയതെന്നാണ് പുതിയ സൂചന. ബാറുടമാ നേതാവ് ബിജു രമേശും സൂപ്രണ്ടും തമ്മിൽ ചർച്ച നടന്നതായും സൂചനയുണ്ട്. വൈകിട്ട് ആറേകാലോടെയാണു ലോക്കപ് ഓഫിസറുടെ മേൽനോട്ടത്തിൽ തടവുകാരെ സെല്ലിൽ അടയ്ക്കുന്നത്. തുടർന്ന്, ഇന്റർകോം വഴി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണു സൂപ്രണ്ട് ഓരോ തവണയും ബിജുവിനെ തന്റെ മുറിയിലേക്കു വിളിച്ചുവരുത്തിയത്.

ഉമ്മൻ ചാണ്ടിയെ സോളാറിൽ കുടുക്കാൻ ഐ ഗ്രൂപ്പുതന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ കളികളെല്ലാം. പൊലീസ് നിയമനതട്ടിപ്പിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കുടുക്കാൻ നീക്കം സജീവമാകുന്നതിനിടെ തിരിച്ചടി നൽകാനാണ് സോളാറിൽ പിടിച്ചുള്ള കളി തുടങ്ങിയത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ജയിൽ സൂപ്രണ്ട് ശ്രമിച്ചുവെന്ന വ്യാഖ്യാനവുമായാണ് രേഖകൾ സഹിതം വാർത്ത വന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണ് ഇത് സംഭവിച്ചത്. ഇതിനൊപ്പമാണ് ബിജു രമേശ് മാണിക്കെതിരെ ആഞ്ഞടിച്ച് ടിവി ചാനലുകളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതും. ഇതും ഐ ഗ്രൂപ്പിലെ പ്രമുഖനായ മന്ത്രി അടൂർ പ്രകാശിന്റെ കരുനീക്കങ്ങളുടെ ഭാഗമാണെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

രമേശ് ചെന്നിത്തലയ്ക്ക് എതിരെ എന്തെങ്കിലും തെളിവുകൾ പുറത്തുവന്നാൽ തിരിച്ചടിയുറപ്പെന്നാണ് ഐ ഗ്രൂപ്പ് ഇതിലൂടെ നൽകിയ സൂചന. ഇതിലുപരിയുള്ള മാനങ്ങൾ ജയിൽ സൂപ്രണ്ടിന്റെ കൂടിക്കാഴ്ചയ്ക്കുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമാണ് സോളാർ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകൾ. സോളാർ കമ്മീഷനെ സ്വാധീനിക്കും തരത്തിലാണ് വാർത്ത വന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന സോളാർ തട്ടിപ്പ് കേസ് മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി കഴിഞ്ഞ ഒരു മാസത്തിനിടെ ജയിൽ സൂപ്രണ്ട് നടത്തിയത് ഇരുപതോളം സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരവും അങ്ങനെ പുറത്തുവന്നു. ഈ കൂടിക്കാഴ്ചകളിൽ മിക്കതും ലോക്കപ്പ് സമയം കഴിഞ്ഞ് നടത്തിയതും ഒരു മണിക്കൂർ വരെ നീണ്ടതുമായിരുന്നെന്നു പൂജപ്പുര സെൻട്രൽ ജയിലിലെ ഗേറ്റ് രജിസ്റ്റർ വ്യക്തമാക്കുന്നു.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്ന ദിവസങ്ങളിലും സോളാർ കമ്മിഷനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിലുമായിരുന്നു തുടർച്ചയായ കൂടിക്കാഴ്ചകൾ. ബിജു രാധാകൃഷ്ണനു പുറമേ പ്രധാന കേസുകളിൽ ഉൾപ്പെട്ട വിവാദ സന്ന്യാസി സന്തോഷ് മാധവൻ, മുൻ ഡിവൈഎസ്‌പി ആർ ഷാജി തുടങ്ങിയവരുമായും സൂപ്രണ്ടിനു ലോക്കപ്പ് സമയം കഴിഞ്ഞുള്ള ഒട്ടേറെ സ്വകാര്യ കൂടിക്കാഴ്ചകളുണ്ടായിരുന്നതായി ഗേറ്റ് രജിസ്റ്ററിലുണ്ട്. സോളാർ കേസിലെ പ്രധാനിയാണ് ബിജു രാധാകൃഷ്ണൻ. ആദ്യ ഭാര്യയുടെ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിനകത്തുള്ള കുറ്റവാളിയെ സോളാർ കേസിൽ സ്വാധീനിക്കാൻ പല കോണുകളിൽ നിന്നും ശ്രമമുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി കൊച്ചിയിൽ ബിജു നടത്തിയ ഒന്നരമണിക്കൂർ കൂടിക്കാഴ്ചയുടെ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

പലതും കോടതിയിൽ തുറന്നു പറയുമെന്നാണ് ബിജുവിന്റെ ആദ്യം മുതലേയുള്ള നിലപാട്. ഈ സാഹചര്യത്തിലാണ് ജയിൽ സൂപ്രണ്ടിന്റെ കൂടിക്കാഴ്ചകൾ വിവാദമായത്. സെൻട്രൽ ജയിലിൽ സാധാരണ ഓരോ മാസവും രണ്ടു തവണ ബ്ലോക്കുകളിലെത്തി സൂപ്രണ്ടുമാർ തടവുകാരെ കാണാറുണ്ട്. തടവുകാരുടെ പരാതി കേൾക്കാനാണ് പരേഡ് എന്ന പേരിൽ ഈ കൂടിക്കാഴ്ച. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ, ലോക്കപ്പ് സമയത്തിനു ശേഷം സൂപ്രണ്ടിന്റെ മുറിയിലേക്കു തടവുകാരെ വിളിപ്പിക്കാറുള്ളൂ. ആഭ്യന്തര മന്ത്രിക്ക് വേണ്ടിയുള്ള ഈ നീക്കങ്ങളിൽ ജയിൽ ഡിജിപി ലോക്‌നാഥ് ബഹ്‌റയും അസംതൃപ്തനായിരുന്നു. ഇക്കാര്യം ബഹ്‌റ സൂപ്രണ്ടിനെ ശാസനാ രൂപത്തിൽ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബഹ്‌റയെ അവിടെ നിന്നും മാറ്റിയതും.

കഴിഞ്ഞ 12ന് ബിജുവിനെ ഹാജരാക്കണമെന്ന സോളർ കമ്മിഷന്റെ നിർദ്ദേശവും ജയിൽ സൂപ്രണ്ട് പാലിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സൂപ്രണ്ടിനെ കമ്മിഷൻ രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് സൂപ്രണ്ട് പ്രവർത്തിച്ചതെന്ന ധാരണ ബോധപൂർവം പരത്താനുള്ള നീക്കമായിരുന്നു ഇതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP