Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ വാക്കിനല്ല, പാർട്ടി കോടതിയുടെ തീർപ്പിനാണ് വിലയെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കൾ; കേന്ദ്രഭരണം കൊണ്ട് പകരം വീട്ടണമെന്ന് സൈബർ അണികളുടെ വികാരം; സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാൻ ദേശീയതലത്തിൽ പ്രചരണം ശക്തമാക്കും; കൊലയ്ക്കു മറുപടി കൊലയുമായി കണ്ണൂർ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ സമാധാന ചർച്ചകളെല്ലാം പ്രഹസനം

പിണറായിയുടെ വാക്കിനല്ല, പാർട്ടി കോടതിയുടെ തീർപ്പിനാണ് വിലയെന്ന് പറഞ്ഞ് ആർഎസ്എസ് നേതാക്കൾ; കേന്ദ്രഭരണം കൊണ്ട് പകരം വീട്ടണമെന്ന് സൈബർ അണികളുടെ വികാരം; സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാൻ ദേശീയതലത്തിൽ പ്രചരണം ശക്തമാക്കും; കൊലയ്ക്കു മറുപടി കൊലയുമായി കണ്ണൂർ രാഷ്ട്രീയം വീണ്ടും കലുഷിതമാകുമ്പോൾ സമാധാന ചർച്ചകളെല്ലാം പ്രഹസനം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഈ വാർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ കലുഷിതമായപ്പോൾ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിന്റേതാണ്. ബിജെപി - സി.പി.എം നേതാക്കൾ ഒരുമിച്ചിരുന്നു ചിരിച്ചു കൊണ്ട് കണ്ണൂരിലെ കൊലപാത രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്തു. ഇനി സമാധാനം എന്ന് പറഞ്ഞുറപ്പിച്ച് ചായയും കഴിച്ച് കൈകൊടുത്തു പിരിഞ്ഞു. എന്നാൽ, ഈ സമാധാന യോഗം നടന്ന് മാസങ്ങൾ പിന്നിടവേ കണ്ണൂരിൽ വീണ്ടും ചോരവീണു. ആർഎസ്എസ് മണ്ഡലം കാര്യവാഹകായ ബിജുവാണ് ഇന്നലെ കൊലചെയ്യപ്പെട്ടത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന കാര്യം വ്യക്തം. ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിനെ തന്നെയാണ് ഈ രാഷ്ട്രീയ കൊലപാതകം ഏറ്റവും അധികം ക്ഷീണിപ്പിക്കുന്നത് എന്നതാണ് മറ്റൊരു വാസ്തവം.

സി.പി.എം പ്രാദേശിക നേതാക്കൾ പോലും അറിവില്ലാതെയാണ് ഈ കൊലപാതകം നടന്നിരിക്കുന്നതെന്നാണ് കണ്ണൂരിലെ നേതാക്കൾ പറയുന്നത്. അതേസമയം സിപിഎമ്മിന്റെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന പ്രചരണം ബിജെപിയും ശക്തമാക്കിക്കഴിഞ്ഞു. ഇതോടെ ദേശീയ തലത്തിൽ സിപിഎമ്മിനെ 'കൊലയാളി പാർട്ടി'യാക്കാനുള്ള ശ്രമങ്ങൾ ബിജെപി ശക്തമാക്കുമെന്നത് ഉറപ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന ഉറപ്പുകളല്ല, സി.പി.എം പാർട്ടിക്കോടതികളുടെ തീർപ്പുകൾക്കാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വിലയെന്ന് തെളിയിക്കുന്നതാണ് ബിജുവിന്റെ കൊലപാതകം എന്ന വിധത്തിൽ പ്രചരണങ്ങൾ ശക്തമാക്കി കഴിഞ്ഞു സംഘപരിവാർ നേതാക്കൾ.

കണ്ണൂരിൽ ഇപ്പോഴത്തെ കൊലപാതകത്തിന് പിന്നിൽ ആരായാലും ഈ നാട്ടിൽ വിതച്ചിരിക്കുന്നത് അശാന്തി തന്നെ. അടുത്തിടെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സമാധാന യോഗത്തിലെ പ്രഖ്യാപനങ്ങളിലെ മഷി ഉണങ്ങുന്നതിന് മുൻപ് നടന്ന കൊലപാതകം സർക്കാരിന് തീരാകളങ്കമാകുമെന്നതിൽ തർക്കമില്ല. ആർഎസ്എസ് നേതാവായ ബിജു ഇന്നലെ പട്ടാപ്പകൽ കൊല ചെയ്യപ്പെട്ടതോടെ കണ്ണൂരിലെ അക്രമ രാഷ്ട്രീയം വീണ്ടും തലപൊക്കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യം തിരുവനന്തപുരത്ത് ബിജെപി-ആർഎസ്എസ് നേതാക്കളുമായി ചർച്ച. തൊട്ടടുത്ത ദിവസം കണ്ണൂരിൽ നടന്ന സമാധാനചർച്ച. അതുകഴിഞ്ഞ് കണ്ണൂരിനെ സമാധാന ജില്ലയാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എല്ലാം ഇന്നലെയോടെ വെറുതേയായി. പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്കപ്പുറം കാര്യങ്ങൾ തീരുമാനിക്കാൻ കണ്ണൂരിൽ മറ്റ് പലരുമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇന്നലെ നടന്നത്.

പയ്യന്നൂരിലെ സി.പി.എം പ്രവർത്തകനായിരുന്ന ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് മാപ്പില്ലെന്ന് സി പി എമ്മിന്റെ സൈബർപോരാളികൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രഖ്യാപനത്തിന്റെ അനന്തരഫലമാണോ ഇന്നലെ നടന്ന കൊലപാതകമെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ കേസിൽപ്പെട്ട് ജാമ്യത്തിലിറങ്ങിയ പ്രതികളുടെയെല്ലാം ജീവൻ ഭീഷണിയിലാണെന്ന് പൊലീസിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ വീടുകൾക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസം മുമ്പ് പൊലീസ് കാവൽ പിൻവലിച്ചിരുന്നു. ഇതിനി പാന്നാലെയാണ് ബിജു കൊല്ലപ്പെട്ടത്. ധനരാജ് കൊലക്കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്നു ബിജു.

പട്ടാപ്പകൽ ഇന്നോവ കാറിലെത്തിയ സംഘം ബിജുവിനെ ഇടിച്ചുവീഴ്‌ത്തിയശേഷം മാരകായുധങ്ങൾകൊണ്ട് വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ ബിജു സംഭവസ്ഥലത്ത് തന്നെ രക്തം വാർന്ന് മരിക്കുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ അധികാരത്തിലെത്തിയശേഷം കണ്ണൂരിൽ നടക്കുന്ന ഏഴാമത്തെ കൊലപാതകമായിരുന്നു ബിജുവിന്റേത്. ജനുവരിയിൽ സംസ്ഥാന സ്‌കൂൾ കലോൽസവം കണ്ണൂരിൽ നടക്കുമ്പോഴായിരുന്നു കലോൽസവ നഗരി പോലും വിലാപയാത്രയ്ക്കു വേദിയാക്കുന്ന രീതിയിൽ അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകൻ സന്തോഷിനെ കൊലപ്പെടുത്തിയിരുന്നു.

എല്ലാ രാഷ്ട്രീയ വൈരങ്ങളും മാറ്റിവെച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനടക്കം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ വീട്ടിൽ കുടുംബത്തെ ആശ്വസിപ്പിച്ചപ്പോൾ കണ്ണൂരിന്റെ ചിത്രം മാറുകയാണെന്ന പ്രതീക്ഷ ഉയർന്നതാണ്. പിന്നീട് സമാധാനയോഗത്തിലെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പ്രഖ്യാപനങ്ങൾ കുറേക്കൂടി പ്രതീക്ഷ പകർന്നു. എന്നാൽ എല്ലാം അഭിനയങ്ങളാണെന്ന് വ്യക്തമായി. പാർട്ടിയിലെ ക്രിമിനൽ സംഘങ്ങൾക്കു മേലെ ഒരു നിയന്ത്രണവും കേരളത്തിലെ മുഖ്യമന്ത്രിക്കില്ലെന്ന് ഒന്നുകിൽ കരുതണം. അതല്ലെങ്കിൽ കൊലയാളി സംഘങ്ങൾക്ക് കണക്കുതീർക്കാൻ കേരളത്തിന്റെ മുഖ്യമന്ത്രി മൗനാനുവാദം നൽകുന്നുവെന്ന് കരുതണം. രണ്ടിലേതായാലും അത് കേരളത്തിന്റെ ശാപം തന്നെ.

2016 ജൂലൈയിലാണ് രാമന്തളി കുന്നരുവിൽ സി പി എം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കകം ഇതിന്റെ പ്രതികാരമായി അന്നൂരിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായ രാമചന്ദ്രനെ സി പി എമ്മുകാർ വെട്ടിക്കൊലപ്പെടുത്തി. ധൻരാജിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണു പ്രാഥമിക വിവരം. ബിജു കൊല്ലപ്പെടുമ്പോൾ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് രാജേഷിന്റെ മൊഴിയിൽ ഏഴുപേർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ധൻരാജ് വധത്തിനു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം ചൂരക്കാട്ട് ബിജുവാണെന്ന നിലയിൽ പൊലീസ് കേസന്വേഷണം നടന്നുവരവെയാണ് കൊലപാതകം നടന്നിരിക്കുന്നത്. കണ്ണൂരിലെ സമാനമായ കൊലപാതകങ്ങളുടെ സ്വഭാവവും സൂചിപ്പിക്കുന്നത് ഇപ്പോൾ നടന്നിരിക്കുന്നത് പ്രതികാരക്കൊലയാണെന്നാണ്.

പിണറായി സർക്കാർ അധികാരത്തിലെത്തിയതിന്റെ ഒന്നാം വാർഷികമാണ് അടുത്തു വരുന്നത്. അതിനിടയിൽ കണ്ണൂർ ജില്ലയിൽ മാത്രം എട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സി.പി.എം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടു. പിന്നീട് പടുവിലായിയിലെ കള്ളുഷാപ്പ് തൊഴിലാളി മോഹനൻ കൊല്ലപ്പെട്ടു. തില്ലങ്കേരിയിൽ ബിജെപി പ്രവർത്തകൻ വിനീഷും പിണറായിയിൽ ബിജെപി പ്രവർത്തകൻ രമിത്തും വെട്ടേറ്റു മരിച്ചു. പയ്യന്നൂരിൽ സി പി എം പ്രവർത്തകൻ ധനരാജും തൊട്ടു പിന്നാലെ ബിജെപി പ്രവർത്തകൻ രാമചന്ദ്രനും കൊല്ലപ്പെട്ടു. കഴിഞ്ഞ ജനുവരിയിൽ ബിജെപി പ്രവർത്തകൻ അണ്ടല്ലൂരിലെ സന്തോഷ് കൊല്ലപ്പെട്ടു. ഇന്നലെ ബിജെപി പ്രവർത്തകൻ ബിജുവും.

ഇപ്പോഴത്തെ കൊലപാതകത്തോടെ ജില്ലയിൽ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമായിരിക്കയാണ്. കണ്ണൂരിൽ സർക്കാരിന്റെ സമാധാന ശ്രമങ്ങൾ ആത്മാർത്ഥമല്ലെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പൊലീസിന്റെ ഒത്താശയോടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം നടന്നിരിക്കുന്നത്. ആർഎസ്എസ് പുലർത്തുന്ന സംയമനം ദൗർബല്യമായി കാണരുതെന്നും ഗോപാലൻകുട്ടി മാസ്റ്റർ പ്രതികരിച്ചു. അതേസമയം, കണ്ണൂരിലെ സംഘർഷ മേഖലകളിൽ അഫ്സ്പ പ്രയോഗിക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് കണ്ണൂരിലെ സി.പി.എം നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ കൊലപാതകത്തോടെ കേന്ദ്രഭരണം ഉപയോഗിച്ച് സിപിഎമ്മിനോട് പ്രതികാരം ചെയ്യണമെന്ന ആവശ്യവും സൈബർ ലോകത്ത് ബിജെപി അണികൾ ഉയർത്തിക്കഴിഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി അമിത്ഷായുടെ നേതൃത്വത്തിൽ രംഗത്തിറങ്ങുമ്പോൾ രാഷ്ട്രീയ കൊലപാതകങ്ങൾ പാർട്ടിക്ക് പങ്കില്ലെങ്കിൽ കൂടി മുഖ്യമന്ത്രിക്കും സിപിഎമ്മിനും അത് തിരിച്ചടിയാകുമെന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP