Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിയുടെ സിനിമാസുഹൃത്തുക്കൾ ഗണേശിനെ നോട്ടമിടുന്നു; പാർട്ടിയിലെത്തിയാൽ പത്തനാപുരം എംഎൽഎയെ ദേശീയ ഭാരവാഹിയാക്കും: അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ കുറുക്കുവഴി; പരിവാർ തന്ത്രം പൊളിക്കാൻ സിപിഎമ്മും

ബിജെപിയുടെ സിനിമാസുഹൃത്തുക്കൾ ഗണേശിനെ നോട്ടമിടുന്നു; പാർട്ടിയിലെത്തിയാൽ പത്തനാപുരം എംഎൽഎയെ ദേശീയ ഭാരവാഹിയാക്കും: അക്കൗണ്ട് തുറക്കാൻ ബിജെപിയുടെ കുറുക്കുവഴി; പരിവാർ തന്ത്രം പൊളിക്കാൻ സിപിഎമ്മും

ബി രഘുരാജ്‌

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച യുഡിഎഫ് എംഎൽഎ കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൈവിട്ടു. ഇതോടെ സിപിഎമ്മും ബിജെപിയും ഗണേശിന്റെ നീക്കങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ഗണേശിനെ സ്വന്തം ക്യാമ്പിലെത്തിക്കാൻ ഇരുവരും കരുക്കൾ നീക്കുന്നുണ്ട്. ബിജെപിയാണ് കൂടുൽ സജീവമായി രംഗത്തുള്ളത്. ഗണേശിലൂടെ കേരളാ നിയമസഭയിൽ അക്കൗണ്ട് തുറക്കുകയാണ് ലക്ഷ്യം.

തന്ത്രപരമായ നിലപാടുകളിലൂടെ ജനങ്ങളെ കൈയിലെടുത്തേ മതിയാകൂ എന്നാൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പാർട്ടിയുടെ സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. ജനപിന്തുണ വോട്ടാക്കി മാറ്റി, ജയമുറപ്പിക്കാൻ കഴിയുന്ന നേതാക്കൾ സംസ്ഥാനത്തുണ്ടാകണം. ക്ലീൻ ഇമേജുള്ള ഒ രാജഗോപാലിന് പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ അറിയില്ല. രാജഗോപാലിന്റെയത്ര പോലും സ്വാധീനമുള്ള വേറൊരു നേതാവും പാർട്ടിയിലുമില്ല. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിന് കാരണം. മറ്റ് പാർട്ടികളിലെ ജനകീയ മുഖങ്ങളെ ബിജെപിയോട് അടുപ്പിച്ച് ഈ കുറവ് പരിഹരിക്കുകയാണ് തന്ത്രം.

ജമ്മു-കാശ്മീരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മിഷൻ കേരളയാകും അമിത് ഷായുടെ മനസ്സിൽ. യുഡിഫിൽ പൊട്ടിത്തെറിച്ച് അക്ഷോഭ്യനായി നിൽക്കുന്ന ഗണേശ് കുമാറിനെ വലവിരിക്കാനാണ് ബിജെപി ലക്ഷ്യം. ഇതിനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കൊട്ടാരക്കരയിലും പത്തനാപുരത്തും സ്വാധീനമുള്ള പാർട്ടിയാണ് ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രസ്. രണ്ട് മണ്ഡലങ്ങളിൽ ഗണേശിനും ജനപിന്തുണയുണ്ട്. ഇതുകൊണ്ട് കൂടിയാണ് പത്തനാപുരത്ത് ഹാട്രിക് തികയ്ക്കാൻ ഗണേശിനായത്. യുഡിഎഫ് സംവിധാനത്തിനപ്പുറം വോട്ടർമാരുടെ മനസ്സ് തന്റേതാക്കാൻ ഗണേശിന് കഴിഞ്ഞിട്ടുണ്ടെന്ന യാഥാർത്ഥ്യവും ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ യുഡിഎഫ് വിട്ടാൽ ബിജെപി പാളയത്തിൽ ഗണേശിനെ എത്തിക്കാനാണ് നീക്കം.

സിനിമാ മേഖലയിൽ സുരേഷ് ഗോപി മുതലുള്ളവർ ബിജെപിയുമായി അടുക്കുന്നുണ്ട്. മേജർ രവിയും പ്രിയദർശനും നിർമ്മതാവ് സുരേഷ് കുമാറുമെല്ലാം ബിജെപിയോടും സംഘപരിവാറിനോടും അടുപ്പം പുലർത്തുന്നവരാണ്. ഈ ബന്ധങ്ങൾ ഉപയോഗിച്ച് ഗണേശിനെ സ്വാധീനിക്കാൻ ബിജെപി ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഗണേശ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ബിജെപിയോട് അയിത്തമൊന്നുമില്ലെന്നു തന്നെയാണ് നിലപാട്. എന്നാൽ മറ്റ് സാധ്യതകൾ കൂടി ഗണേശ് തേടുന്നുണ്ട്. ഇടതുമുന്നണിയുടെ ഭാഗമായാൽ പത്തനാപുരത്ത് ആശങ്കയൊന്നുമില്ലാതെ ജയിക്കാമെന്നാണ് ഗണേശിന്റെ കണക്കുകൂട്ടൽ.

അതിനിടെ ഗണേശിനെ പൂർണ്ണമായു തള്ളേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചിട്ടുണ്ട്. സർക്കാരിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ ഗണേശൻ ഉറച്ചു നിന്നാൽ ഇടതുപക്ഷം എല്ലാ പിന്തുണയും നൽകും. ഇക്കാര്യത്തിൽ ധാരണകളുമായിട്ടുണ്ട്. ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ട് ഗണേശൻ ഉയർത്തിക്കാട്ടിയ കത്ത് വി എസ് സുനിൽകുമാർ അടിയന്തര പ്രമേയ നോട്ടീസ് അവതരണ സമയത്ത് ഉയർത്തിക്കാട്ടിയത് ഇതിന്റെ സൂചനയാണ്. യുഡിഎഫിൽ നിന്ന് പുറത്തുവരുന്ന ഗണേശിനെ തള്ളിക്കളഞ്ഞാൽ ബിജെപി പാളയത്തിന് കരുത്താകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗണേശിനെ തള്ളിക്കളയാതെ ഒപ്പം നിർത്താനുള്ള നീക്കം.

നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിൽ കേരളത്തിലും ബിജെപി വോട്ടിങ്ങ് ശതമാനം കൂട്ടുകയാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നുണ്ട്. സിപിഐ(എം) മേഖലകളിലേക്കാണ് ബിജെപിയുടെ നുഴഞ്ഞുകയറ്റമെന്നതും വ്യക്തമാണ്. അതിനാൽ ഗണേശിനെ പോലൊരു നേതാവിനെ ബിജെപിക്ക് കിട്ടുന്നത് സിപിഎമ്മിനും വെല്ലുവിളിയാകും. ചില കുടുംബ പ്രശ്‌നങ്ങളിൽ പെട്ട് വിവാദത്തിൽ ആയിട്ടുണ്ടെങ്കിലും ഗണേശിന്റെ പ്രവർത്തന രീതിയെ കുറിച്ച് കേരളത്തിൽ ഉടനീളം മതിപ്പുണ്ടെന്ന് സിപിഎമ്മിറിയാം. ഗതാഗത-വനം-കായിക മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്തി കൈയടിയും നേടിയുട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളെല്ലാം തീർന്ന സാഹചര്യത്തിൽ ഗണേശിനെ ഒപ്പം കൂട്ടുന്നതിൽ തെറ്റില്ലെന്നാണ് സിപിഐ(എം) നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഗണേശിനെ ഒപ്പം കൂട്ടുന്നതിൽ സിപിഎമ്മോ ബിജെപിയോ പ്രതികരണത്തിന് പോലും ഈ ഘട്ടത്തിൽ തയ്യാറല്ല. ഈ സാധ്യത തള്ളിക്കളയേണ്ടെന്ന് പ്രമുഖ ബിജെപി നേതാവ് മറുനാടൻ മലയാളിയോട് പറയുകയും ചെയ്തു. സിപിഎമ്മോ ബിജെപിയോ? അത് ഗണേശന് തീരുമാനിക്കാം. സിപിഎമ്മിൽ പോയാൽ സ്വന്തമായി പാർട്ടിയുണ്ടാക്കേണ്ടിവരും. ബിജെപിയിൽ വന്നാൽ ആ ബുദ്ധിമുട്ട് ഒഴിവാകുമെന്നായിരുന്നു നേതാവിന്റെ പ്രതികരണം. ഗണേശിനെ പോലൊരു നേതാവ് ബിജെപി സംസ്ഥാന ഘടകത്തിന് മുതൽക്കൂട്ട് തന്നെയാണ്. പക്ഷേ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അനുമതിയോടെ മാത്രമേ എന്തും നടക്കൂ.

ബിജെപിയോട് ഏറ്റവും അടുത്തു നിൽക്കുന്ന സിനിമാ നിർമ്മാതാവിന്റെ മധ്യസ്ഥതയിലാണ് ഗണേശുമായുള്ള ചർച്ചകൾ നടക്കുന്നതെന്നാണ് സൂചന. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പാർട്ടി ഭാരവാഹിത്വവും ഗണേശിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം സ്വന്തം മണ്ഡലത്തിന്റെ വികസനത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP