Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലിദാനികളേയും ജിഹാദി ഭീകരതയും ഉയർത്തിയുള്ള പ്രചരണം ഏശിയില്ല; ന്യൂനപക്ഷങ്ങൾക്ക് മോദിയുടെ പാർട്ടിയോട് ഇപ്പോഴും താൽപ്പര്യക്കുറവ്; വേങ്ങരയിലെ നാലാം സ്ഥാനം ഗ്രൂപ്പ് പോര് ആളിക്കത്തിക്കും; കുമ്മനത്തിന് നേരിടേണ്ടി വരിക കടുത്ത വിമർശനങ്ങൾ; ജനരക്ഷായാത്രയുടെ ശോഭ പോയെന്ന തിരിച്ചറിവിൽ ബിജെപി

ബലിദാനികളേയും ജിഹാദി ഭീകരതയും ഉയർത്തിയുള്ള പ്രചരണം ഏശിയില്ല; ന്യൂനപക്ഷങ്ങൾക്ക് മോദിയുടെ പാർട്ടിയോട് ഇപ്പോഴും താൽപ്പര്യക്കുറവ്; വേങ്ങരയിലെ നാലാം സ്ഥാനം ഗ്രൂപ്പ് പോര് ആളിക്കത്തിക്കും; കുമ്മനത്തിന് നേരിടേണ്ടി വരിക കടുത്ത വിമർശനങ്ങൾ; ജനരക്ഷായാത്രയുടെ ശോഭ പോയെന്ന തിരിച്ചറിവിൽ ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: വേങ്ങരയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി കണ്ടത് ശോഭാ സുരേന്ദ്രനെയാണ്. പക്ഷേ ബിജെപിയുടെ വനിതാ നേതാവ് തന്ത്രപരമായി ഒഴിഞ്ഞു മാറി. മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആയിരം വോട്ടിന്റെ മാത്രം മുൻതൂക്കം കിട്ടിയ ബിജെപിക്ക് വേങ്ങരയിൽ അൽഭുതമുണ്ടാക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു. ചർച്ചകൾക്കൊടുവിൽ ക്ലീൻ ഇമേജുള്ള ജിനചന്ദ്രൻ മാസ്റ്റർ സ്ഥാനാർത്ഥിയായി. അൽഭുതം കാട്ടിയില്ലെങ്കിലും ന്യൂനപക്ഷ മണ്ഡലത്തിൽ വോട്ട് കൂട്ടുമെന്ന് ബിജെപി വീമ്പു പറഞ്ഞു. കേരളമാകെ ഇളക്കി മറിച്ച ജനരക്ഷാ യാത്രയുമായി കുമ്മനം കേരളം ചുറ്റുമ്പോഴായിരുന്നു വോട്ടെടുപ്പ്. പക്ഷേ ഒരു മുന്നേറ്റവും ബിജെപിക്ക് മലപ്പുറത്തുണ്ടായില്ല. ന്യൂനപക്ഷത്തെ പിടിക്കാൻ കേരളത്തിൽ ബിജെപിക്ക് യാത്രകൾ കൊണ്ട് മാത്രമാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വേങ്ങരയിലെ ഫലം.

വേങ്ങരയിൽ ബിജെരിക്ക് കിട്ടിയത് 5728 വോട്ടാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താമചിഹ്നത്തിൽ മത്സരിച്ചത് പിടി അലി ഹാജിയായിരുന്നു. അന്ന് അലി ഹാജിക്ക് 7055 വോട്ട് ലഭിച്ചു. ഇതാണ് ഇത്തവണ കുറയുന്നത്. ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള മുദ്രാവാക്യമൊന്നും ബിജെപിക്ക് ഉയർത്താനായില്ല. മോദിയുടെ കേന്ദ്രസർക്കാരിന്റെ ഭരണ മികവെന്ന വാദവും വേങ്ങരയിൽ ഏശിയില്ല. ജനരക്ഷാ യാത്രയുമായി കുമ്മനം വേറൊരു വഴിക്ക് പോയതോടെ വേങ്ങരയിൽ പാർട്ടി ഏകോപനവും പാളി. ഇതൊക്കെയാണ് ബിജെപിയുടെ തോൽവിയുടെ ആഘാതം കൂട്ടിയത്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കൂടുമെന്ന് ജിനചന്ദ്രൻ മാസ്റ്റർക്ക് വേണ്ടി പലരും വീമ്പും പറഞ്ഞു. ഇതും പാഴായി. ജനരക്ഷാ യാത്രയ്ക്കിടെ നടന്ന തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വോട്ട് കൂടാനായില്ലെന്നതും കുമ്മനത്തിന് തിരിച്ചടിയാണ്.

21,000 ഹിന്ദു വോട്ടുകൾ മാത്രമാണ് വേങ്ങരയിൽ ഉള്ളത്. അതുകൊണ്ട് തന്നെ വോട്ട് കുറഞ്ഞതിൽ പ്രശ്‌നമില്ലെന്ന് ബിജെപി നേതാക്കൾ വാദിക്കുന്നുണ്ട് മലപ്പുറത്ത് ജനരക്ഷാ യാത്രയെത്തുമ്പോൾ കുമ്മനം നടത്തിയ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. മലബാർ ലഹള എന്നറിയപ്പെടുന്ന 1921 ലെ കലാപം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്ന് കുമ്മനം പറഞ്ഞിരുന്നു. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ്. ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങൾ തച്ചുതകർത്തതുമെന്ന് വ്യക്തമാക്കണമെന്നായിരുന്നു കുമ്മനത്തിന്റെ ആവശ്യം. ഇതും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അറിയാത്ത കുമ്മനത്തിന്റെ വെടിയില്ല ഉണ്ടയായെന്ന് ബിജെപിയിലെ മറുവിഭാഗം പറയുന്നു. മുസ്ലിം സമുദായത്തെ ഒപ്പം നിർത്തേണ്ടതിന് പകരം ഇത്തരം പ്രസ്താവനയിലൂടെ ന്യൂനപക്ഷത്തെ എതിരാക്കിയെന്നാണ് വിലയിരുത്തൽ.

സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരിൽ ആർക്കെങ്കിലും ആശ്രിത പെൻഷൻ നൽകുന്നുണ്ടെങ്കിൽ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവർക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവർക്കുമാണ് നൽകേണ്ടത്. ഇഎംഎസിന്റെ കുടുംബം ഉൾപ്പടെ ആയിരക്കണക്കിന് കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരന്മാരും സർക്കാരും തയ്യാറാകണം. 2019 ൽ ഖിലാഫത്തിന്റെ നൂറാം വാർഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സഹകരിക്കരുതെന്നും കുമ്മനം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന വലിയ ചർച്ചയായി. ബിജെപിക്ക് അനുകൂലമായിരുന്ന മുസ്ലീങ്ങൾ പോലും മറുപക്ഷത്ത് വോട്ട് ചെയ്തുവെന്നാണ് ബിജെപിയിലെ വിമതർ വിലയിരുത്തുന്നത്.

വേങ്ങരയിലെ ബിജെപിയുടെ നാലാംസ്ഥാനം ദേശീയ അധ്യക്ഷൻ അമിത് ഷായേയും വെട്ടിലാക്കിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ മോദി ഇഫക്ടുണ്ടാക്കാനാവാത്തത് ദേശീയ തലത്തിൽ തന്നെ ചർച്ചായകും. കേരളത്തിൽ സിപിഎമ്മിനും കോൺഗ്രസിനും ബദലാകാനുള്ള കരുത്ത് ബിജെപിക്കില്ലെന്ന് അമിത് ഷാ തിരിച്ചറിയുന്നു. നെയ്യാറ്റിൻകരയിലേയും അരുവിക്കരയിലേയും ഉപതെരഞ്ഞെടുപ്പിന് സമാനമായ നേട്ടം വേങ്ങരയിൽ ഉണ്ടാകാത്തത് നേതാക്കളുടെ ഏകോപനക്കുറവാണ്. മെഡിക്കൽ കോഴയിൽ ഇമേജ് നശിച്ച ബിജെപിക്ക് കടുത്ത തിരിച്ചടിയായി വേങ്ങര മാറുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. ജനരക്ഷാ യാത്രയുടെ സമാപിനത്തിൽ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നാണ് സൂചന. വേങ്ങരയിലെ വോട്ട് കുറവിനെ കുറിച്ച് സംസ്ഥാന നേതാക്കളുമായി അമിത് ഷാ ചർച്ച ചെയ്യും. ഇങ്ങനെ പോയാൽ ശരിയാവില്ലെന്നും വിശദീകരിക്കും. കുമ്മനത്തിന്റെ നേതൃത്വ പാടവമില്ലായ്മ ചർച്ചയാക്കാൻ വി മുരളീധര പക്ഷവും രംഗത്തുണ്ട്.

പുതിയ നേതൃത്വം ഇല്ലെങ്കിൽ മുന്നോട്ട് പോകാനാകില്ലെന്നാണ് മുരളീധര പക്ഷം ഉയർത്തുന്നത്. മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ ഒരു ഘട്ടത്തിലും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ മെഡിക്കൽ കോഴയിലൂടെ നേതാക്കളുടെ കീശ വീർക്കുന്നു. വോട്ട് കൂടുന്നുമില്ല. ഇത്തരത്തിലൊരു വിമർശനം ദേശീയ നേതൃത്വത്തെ അറിയിക്കാനാകും മുരളീധര പക്ഷം ശ്രമിക്കുക. നേതൃത്വത്തിലെ പോരായ്മകൾ ബിഡിജെഎസും അമിത് ഷായെ അറിയിച്ചിട്ടുണ്ട്. അത് അടിവരയിടുന്ന ഫലമാണ് വേങ്ങരയിലുണ്ടായത്. ഈ സാഹചര്യത്തിൽ കുമ്മനം വലിയ പ്രതിസന്ധിയിലേക്ക് കടക്കും. അതിനിടെ പുതിയൊരു ന്യായം ബിജെപിക്ക് കണ്ടെത്തുന്നുണ്ട്.

വേങ്ങര മണ്ഡലം രൂപകൊണ്ട തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിച്ച സുബ്രഹമണ്യത്തിന് 3000 വോട്ടേ കിട്ടിയിരുന്നുള്ളൂ. കഴിഞ്ഞ തവണ മുസ്ലിം സ്ഥാനാർത്ഥി താമര ചിഹ്നത്തിൽ മത്സരിച്ചതു കൊണ്ട് 7000 കടന്നു. അതുകൊണ്ട് തന്നെ ഹിന്ദു സ്ഥാനാർത്ഥിക്ക് കിട്ടി 5728 വോട്ട് വലിയ നേട്ടമാണെന്നാണ് കുമ്മനം പക്ഷത്തിന്റെ വിലിയിരുത്തൽ. കെഎൻഎ ഖാദറിന് 65227 വോട്ട് ലഭിച്ചപ്പോൾ,എൽഡിഎഫിന്റെ പിപി ബഷീർ 41917 വോട്ട് ആണ് നേടിയത്. 8648 വോട്ടുകൾ നേടി എസ്ഡിപിഐ സ്ഥാനാർത്ഥി കെ സി നസീർ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കേന്ദ്രനേതാക്കൾ വന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്തായത് ഇടത് വലതു മുന്നണികൾക്ക് ആശ്വാസമാണ്. ബിജെപിക്ക് കേരളത്തിൽ കാലുറപ്പിക്കാനാവില്ലെന്നതിന് തെളിവായി അവർ വേങ്ങരയെ ഉയർത്തിക്കാട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP