Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയമുറപ്പിച്ചു രാജഗോപാൽ; ആത്മവിശ്വാസത്തിൽ സുരേന്ദ്രൻ; പ്രതീക്ഷ കൈവിടാതെ കുമ്മനവും മുരളീധരനും രവീശ തന്ത്രിയും; ആവേശം ചോരാതെ ശ്രീശാന്ത്; ക്രോസ് വോട്ടിൽ ഭയന്നു കൃഷ്ണദാസും പി എസ് ശ്രീധരൻപിള്ളയും; അക്കൗണ്ട് തുറക്കുമെന്ന് ഉറച്ചു ബിജെപി

ജയമുറപ്പിച്ചു രാജഗോപാൽ; ആത്മവിശ്വാസത്തിൽ സുരേന്ദ്രൻ; പ്രതീക്ഷ കൈവിടാതെ കുമ്മനവും മുരളീധരനും രവീശ തന്ത്രിയും; ആവേശം ചോരാതെ ശ്രീശാന്ത്; ക്രോസ് വോട്ടിൽ ഭയന്നു കൃഷ്ണദാസും പി എസ് ശ്രീധരൻപിള്ളയും; അക്കൗണ്ട് തുറക്കുമെന്ന് ഉറച്ചു ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയെ അക്കൗണ്ട് തുറപ്പിക്കാതിരിക്കാനുള്ള അണിയറ തന്ത്രങ്ങളെല്ലാം സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് നടത്തിയെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാലും രണ്ട് സീറ്റിൽ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. നേമത്ത് ഒ രാജഗോപാലും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും ജയിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മത്സരിച്ച മണ്ഡലത്തിൽ അടിയൊഴുക്കുണ്ടായില്ലെന്നും അതുകൊണ്ട് ജയസാധ്യത കുറവാണെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. കഴക്കൂട്ടത്ത് അതിശക്തമായ മത്സരം നടന്നു. വിജയ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാടും ചെങ്ങന്നൂരും കാട്ടക്കടയിലും ക്രോസ് വോട്ടുകൾ ബിജെപി സാധ്യതകളെ ബാധിച്ചിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായ ശ്രീശാന്ത് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, മണലൂർ, മഞ്ചേശ്വരം, കാസർഗോഡ്, ഉടുമ്പൻചോല, കുട്ടനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബിജെപി ജയപ്രതീക്ഷ പുലർത്തിയത്. ഇതിൽ കുട്ടനാടും ഉടുമ്പൻചോലയിലും ബിഡിജെഎസ് സ്ഥാനാർത്ഥികളായിരുന്നു. ഇതിൽ കുട്ടനാട് ഉശിരൻ പോരാട്ടമാണ് നടന്നത്. എന്താകും ഫലമെന്ന് പ്രവചിക്കാൻ കഴിയുന്നില്ല. സുൽത്താൻ ബത്തേരി, പാലക്കാട്, കുന്നമംഗലം, ആറന്മുള, റാന്നി, കോവളം, കാട്ടാക്കട, നെടുമങ്ങാട്, പാറശാല, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, പുതുക്കാട്, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലും ബിജെപി നിർണ്ണായക ശക്തിയായി മാറും. പത്ത് സീറ്റിൽ ജയിക്കുകയെന്ന ലക്ഷ്യമാണ് ബിജെപി സഖ്യം മുന്നോട്ട് വച്ചിരുന്നത്. എന്നാൽ കാട്ടക്കട പോലെ വോട്ട് മറിയില്ലെന്ന് കരുതിയയിടത്തും ബിജെപിയെ തോൽപ്പിക്കാൻ അതിശക്തമായ നീക്കമുണ്ടായി. ചെങ്ങന്നൂരും ഇതാണ് സംഭവിച്ചത്. കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് തർക്കം ഇടതുപക്ഷത്തിന് തുണയായെന്നും ബിജെപി വിലയിരുത്തുന്നു.

നേമത്ത് രാജഗോപാലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 74 ശതമാനത്തിലധികം പോളിങ്ങാണ് ഇവിടെ നടന്നത്. ഇത് രാജഗോപാലിന് അനുകലമാണെന്ന് തന്നെയാണ് വിലയിരുത്തൽ. കേരളത്തിലെ മുതിർന്ന നേതാവിനെ ഇനിയും തോൽപ്പിക്കരുതെന്ന മാനസികാവസ്ഥയിലായിരുന്നു നേമത്തെ വോട്ടർമാർ. യുഡിഎഫിന്റെ സ്ഥാനാർത്ഥി തീർത്തും ദുർബലനുമായി. ഈ സാഹചര്യത്തിൽ രാജഗോപാൽ അൻപത്തി അയ്യായിരത്തിന് മുകളിൽ വോട്ട് നേടുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ന്യൂനപക്ഷ മതവിഭാഗത്തിന്റെ ഏകീകരണം ഉണ്ടായാലും രാജഗോപാൽ ജയിക്കുമെന്ന് ബിജെപി പറയുന്നു. ഭൂരിപക്ഷ വോട്ടുകൾ അത്രമേൽ രാജഗോപാലിന് ലഭിച്ചെന്നാണ് സംഘപരിവാറും കരുതുന്നത്. അതുകൊണ്ട് തന്നെ തലസ്ഥാന ജില്ലയിൽ ഇത്തവണ താമര വിരിയുമെന്ന് അവർ പറയുന്നു.

എന്നാൽ വട്ടിയൂർകാവിൽ കുമ്മനത്തെ നിർത്തിയ തന്ത്രം പാളിയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ 13000വോട്ടുകൾ മാത്രമാണ് ബിജെപി നേടിയത്. ഇവിടെ വന്മുന്നേറ്റം കുമ്മനം ഉണ്ടാകും. എന്നാൽ അത് വിജയത്തിലേക്ക് എത്തുമോ എന്നതാണ് സംശയം. ഭൂരിപക്ഷ വോട്ടർമാരിൽ വലിയൊരു വിഭാഗം കെ മുരളീധരനെ പിന്തുണച്ചു. ഇതാണ് കുമ്മനത്തിന് വിനയാകുന്നത്. സിപിഎമ്മിന്റെ പാർട്ടി വോട്ടുകൾ കൃത്യമായി ടിഎൻ സീമ നേടുകയും ചെയ്തു. അങ്ങനെ മുരളീധരനൊപ്പമുള്ള മത്സരം കുമ്മനത്തിന് വിനയാകുമെന്നാണ് കണക്ക് കൂട്ടൽ. കഴക്കൂട്ടത്ത് ആയിരം വോട്ടിന് വി മുരളീധരൻ ജയിക്കുമെന്നാണ് വിലയിരുത്തൽ. കടകംപള്ളി സുരേന്ദ്രനെതിരെ ശക്തമായ മത്സരമാണ് മുരളി നടത്തിയത്. യുവ വോട്ടർമാരുടെ കരുത്തിൽ ജയിക്കാൻ കഴിയുമെന്നും ബിജെപി കരുതുന്നു. കാട്ടാക്കടയിൽ കോൺഗ്രസുകാരെല്ലാം സിപിഎമ്മിനാണ് വോട്ട് ചെയ്തത്. ഇതോടെ പികെ കൃഷ്ണദാസിന്റെ സാധ്യത അടഞ്ഞെന്നും വിലയിരുത്തലുണ്ട്.

തിരുവനന്തപുരത്ത് ശ്രീശാന്ത് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കിയെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. നാൽപ്പതിനായിരത്തിൽ മുകളിൽ വോട്ട് ശ്രീശാന്ത് നേടും. ഇടതുപക്ഷ സ്ഥാനാർത്ഥിയായ ആന്റണി രാജുവുമായാണ് മത്സരമെന്നാണ് വിലയിരുത്തൽ. മന്ത്രി വി എസ് ശിവകുമാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ശ്രീശാന്തിന് ഗുണകരമായി. ക്രിക്കറ്റ് താരത്തെ വർഗ്ഗീയവാദിയായി ന്യൂനപക്ഷം കണ്ടതുമില്ല. ന്യൂനപക്ഷം കൂടി ശ്രീശാന്തിനെ പിന്തുണച്ചാൽ തിരുവനന്തപുരത്ത് താമര വിരിയുമെന്ന് ബിജെപി കരുതുന്നു. ചില ദേശീയ ചാനലുകളുടെ എക്‌സിറ്റ് പോളുകളും ശ്രീശാന്തിന് മികച്ച സാധ്യത നൽകുന്നുണ്ട്. അതു സംഭവിച്ചാൽ കേരളത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമാകും ശ്രീശാന്ത് നേടുകയെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം ജയിക്കാനുള്ള എല്ലാ സാധ്യതയും മുൻകൂട്ടി ആർഎസ്എസ് തിരിച്ചറിഞ്ഞിരുന്നു. ആർഎസ്എസിന്റെ പ്രാന്തപ്രചാരക് ഹരികൃഷ്ണൻ തന്നെ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് അവസാന ദിവസങ്ങളിൽ പ്രചരണത്തിന് നേതൃത്വം നൽകിയതും ശ്രീശാന്തിന് ഗുണം ചെയ്തിട്ടുണ്ടെന്ന് ബിജെപി പറയുന്നു.

വിജയം മാത്രം ലക്ഷ്യമിട്ടാണ് ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ള എത്തിയത്. ശോഭനാ ജോർജ് കോൺഗ്രസ് വോട്ടുകൾ മറിച്ചാൽ ജയിക്കാമെന്നായിരുന്നു കണക്ക് കൂട്ടൽ. എന്നാൽ അവസാന നിമിഷത്തിൽ ശോഭനാ ജോർജുമായി പിസി വിഷ്ണുനാഥ് നീക്കു പോക്കുണ്ടാക്കിയെന്നാണ് സൂചന. ഇതിനൊപ്പം കോൺഗ്രസിലെ ഐ വിഭാഗം ഇടതുപക്ഷത്തേക്ക് ചായുകയും ചെയ്തു. ഇതോടെ ശ്രീധരൻ പിള്ളയുടെ വിജയ പ്രതീക്ഷ തീർന്നുവെന്നാണ് വിലിയുരത്തൽ. കുട്ടനാടും ബിഡിജെഎസിന്റെ മുന്നേറ്റം വിജയത്തിലേക്ക് എത്തുമോ എന്ന ആശയക്കുഴപ്പം സജീവമാണ്. എന്നാൽ സുഭാഷ് വാസു ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലുമാണ്. ഉടുമ്പൻചോലയിലും ബിഡിജെഎസിന് ജയത്തിലേക്ക് എത്താനാകുമോ എന്നതിലും ഉറപ്പില്ല. പാലക്കാട്ടെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ശോഭാ സുരേന്ദ്രന് വിനായകുമെന്നാണ് സൂചന.

കാസർഗോഡ് ബിജെപി രണ്ടിടത്ത് ശുഭാപ്തി വിശ്വാസത്തിലാണ്. മഞ്ചേശ്വരത്ത് ക്രോസ് വോട്ട് നടന്നിട്ടില്ലെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. കാസർഗോഡ് രവീശ തന്ത്രിയും മുന്നേറ്റം ഉണ്ടാക്കിയെന്നും കരുതുന്നു. നെടുമങ്ങാട് വിവി രാജേഷും വലിയ തോതിൽ വോട്ട് പിടിക്കും. മലമ്പുഴയിൽ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. വി എസ് അച്യൂതാനന്ദന്റെ വ്യക്തി പ്രഭാവം തന്നെ മലമ്പുഴയുടെ മനസ്സ് കീഴടക്കുമെന്നാണ് കണക്ക് കൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP